എപ്രകാരമാണ് ഒരു പഞ്ചായത്ത് വിഭവ ഭൂപടനിര്‍മാണ പ്രക്രിയയില്‍നിന്ന് പ്രാദേശിക ആസൂത്രണത്തിലേക്ക് പോകുക? ഈ പരീക്ഷണം നടത്തുന്നതിനുള്ള പ്രദേശമായി വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ഗശേഷിയും അനുഭവജ്ഞാനവുമുള്ള പ്രവര്‍ത്തകരടങ്ങിയ ശക്തമായ ശാസ്ത്ര സാഹിത്യപരിഷത്ത് യൂണിറ്റ് കല്യാശേരിയില്‍ ഉണ്ടായിരുന്നു.
1993 ജൂണ്‍ മാസത്തില്‍ കല്യാശേരി വികസനസമിതി രജിസ്റ്റര്‍ ചെയ്തപ്പോഴാണ് കല്യാശേരി ആസൂത്രണ പരീക്ഷണം ഔപചാരികമായി സംഘടിപ്പിക്കപ്പെട്ടത്. 25 കുടുംബങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന 200 അയല്‍ക്കൂട്ടസമിതികളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് സമിതിയുടെ പൊതുസഭ. പൊതുസഭയുടെ യോഗത്തില്‍ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ദൈനംദിന പ്രവൃത്തികള്‍ കൈകാര്യം ചെയ്യുന്നതിന് എട്ട് വികസനമേഖലകള്‍ക്കും പ്രത്യേകം ഉപസമിതികള്‍. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അദ്ധ്യക്ഷതയില്‍ ഓരോ വാര്‍ഡിനും ഒരു കമ്മിറ്റിയുമുണ്ടായി. കല്യാശേരി ഗ്രാമവിസന പരിപാടിയുടെ കരട് തയ്യാറാക്കുന്നതിന് ഏകദേശം 3 വര്‍ഷം സമയമെടുത്തു.
പച്ചക്കറിയുടേയും മുട്ടയുടേയും ആവശ്യകത, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ, ഗാര്‍ഹിക ഊര്‍ജ്ജ ഉപയോഗം, ബന്ധപ്പെട്ട പ്രദേശത്തെ വൈദ്യുതി വിതരണം, നീരൊഴുക്ക്, ഭൂപടനിര്‍മാണം എന്നിവയാണ് പഞ്ചായത്ത് തുടക്കത്തിൽ ഏറ്റെടുത്തത്. ഒപ്പം പ്രദേശത്തിലെ മുഴുവന്‍ ഊര്‍ജ്ജ ഉപഭോഗക്രമം മനസ്സിലാക്കുന്നതിനും വൈദ്യുതിവിതരണശൃംഖല ചിത്രീകരിക്കുന്നതിനും ഉള്‍പ്പെടുന്നതായിരുന്നു ഊര്‍ജ്ജപരിപാടി.
കനാല്‍ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍, ഒരു ജനകീയ കനാലിന്‍റെ നിര്‍മ്മാണം, വെള്ളാന്‍ചിറ-പാറപ്പുറം റോഡിന്‍റെ നിര്‍മ്മാണം എന്നിങ്ങനെ 1993-ല്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ വലിയതോതില്‍ സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതില്‍ വിജയിക്കുകയും അത് വിപുലമായ അംഗീകാരം നേടുകയുമുണ്ടായി.
1995 സെപ്തംബര്‍ ആയപ്പോഴേക്കും കല്യാശേരിയിലെ പങ്കാളിത്ത ആസൂത്രണ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഇതില്‍ വിഭവ ഭൂപടത്തിന്‍റെ ഉപയോഗയോഗ്യതയും സമഗ്ര ഗ്രാമവികസന പദ്ധതി തയ്യാറാക്കുന്നതിന്‍റെ പ്രാധാന്യവും ചിത്രീകരിക്കപ്പെട്ടു. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ സാദ്ധ്യത, വികസനാവശ്യങ്ങള്‍ക്കായി പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ പ്രാധാന്യം, പൗരസമൂഹ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍സ്ഥാപനങ്ങളുമായി സമന്വയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, രാഷ്ട്രീയവും പ്രാദേശിക വികസനവുമായുള്ള ബന്ധം എന്നിവയും വിശദമാക്കി.
കല്യാശേരി ഒരു പ്രധാന രീതിശാസ്ത്രപരമായ പരീക്ഷണമായിരുന്നു. പ്രബുദ്ധമായ വിപ്ലവപശ്ചാത്തലമുള്ള പരമ്പരാഗത ഇടത് ശക്തികേന്ദ്രമായതിനാല്‍ ഇവിടെ നടന്ന പ്രവര്‍ത്തനം കേരളത്തിലെമ്പാടും താല്‍പ്പര്യമുണര്‍ത്തി. കല്യാശേരി പഞ്ചായത്ത് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 1995-ല്‍ സംഘടിപ്പിച്ച സെമിനാര്‍ ഇ എം എസ്സ് നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം ചെയ്തത്. കല്യാശേരിയിലെ പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സി പി ഐ (എം) മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതുകയുണ്ടായി.
തുടര്‍ന്ന് തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ കല്യാശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. കൂടുതല്‍ വിപുലവും വ്യത്യസ്തവുമായ സാഹചര്യത്തില്‍ കല്യാശേരി അനുഭവങ്ങള്‍ പരീക്ഷിക്കപ്പെടണം എന്ന് സെമിനാറില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ കല്യാശേരിപോലുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ഒരു പദ്ധതിക്ക് പ്രാരംഭസാമ്പത്തിക സഹായം സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസിലെ കേരളഗവേഷണ പരിപാടിയില്‍നിന്ന് ലഭ്യമാകുകയുണ്ടായി. 25 പഞ്ചായത്തുകളുടെ പഠനം എന്ന ലക്ഷ്യം അതിമോഹമാകുമെന്ന പരിഗണനയില്‍ അത് 5 പഞ്ചായത്തുകള്‍ എന്ന നിലയിലേക്ക് പദ്ധതി ചുരുക്കി.