Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
V G Manmohan

വി ജി മനമോഹൻ സ്മൃതി

Published on August 8, 2026

വി. ജി. മനമോഹൻ (16.04.1961 - 12.01.2026)

വി. ജി. മനമോഹൻ - അദൃശ്യതയിലൂടെ ദൃശ്യത സൃഷ്ടിച്ച വ്യക്തിത്വം

ഇടതുപക്ഷ - പുരോഗമന പ്രവർത്തകൻ എന്ന നിലയിൽ അഞ്ചു ദശാബ്ദക്കാലത്തെ സമർപ്പിത പ്രവർത്തനം.   ശാസ്ത്രസാഹിത്യ    പരിഷത്ത്  പ്രവർത്തനങ്ങൾ, ജനകീയാസൂത്രണ പ്രവർത്തനങ്ങൾ,  സമ്പൂർണ സാക്ഷരത, വിവിധ കേരളപഠന കോൺഗ്രസ്സുകൾ,    ഡോ. തോമസ് ഐസക് ധനമന്ത്രിയായ വേളയിൽ  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നീ  നിലകളിലൊക്കെ  മനമോഹൻ നടത്തിയ നിശ്ശബ്ദവും അതേസമയം ചടുലവുമായ  പ്രവർത്തനങ്ങൾ സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും നല്കിയ ഊർജം അളവറ്റതാണ്.

മനമോഹൻ  പ്രഭാഷകനല്ല, ക്ലാസ്സെടുത്ത് സദസ്സിനെ ആവേശം കൊള്ളിക്കുന്ന അധ്യാപകനുമല്ല, ജനങ്ങളുടെ മനസ്സിൽ തറക്കുന്ന എഴുത്തുകാരനും അല്ല. പക്ഷെ മറ്റുള്ളവരെ സ്വാധീനിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു.

എന്തായിരുന്നു സ്വാധീനഘടകങ്ങൾ ? 
ഏറ്റെടുക്കുന്ന ജോലിയോടുള്ള അർപ്പണ ബോധം , ചിട്ടയായ പ്രവർത്തന രീതി, ചെയ്യുന്ന ഓരോ പ്രവർത്തനത്തെ കുറിച്ചുമുള്ള ആശയ വ്യക്തത, ചെയ്യുന്ന പ്രവർത്തനം / ജോലി മറ്റുളളവരെ ലളിതമായ ഭാഷയിൽ ബോധ്യപ്പെടുത്താനുള്ള കഴിവ് , വിയോജിപ്പുകൾ ഒരു മടിയും മുഖവുരയും ഇല്ലാതെ നേരിട്ടു പറയുന്ന ശൈലി, ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വളച്ചു കെട്ടില്ലാതെ , സോപ്പിട്ട് പറയാതെ കൃത്യവും വ്യക്തവും ലളിതവുമായി പറയുന്ന ശൈലി , സ്നേഹം, കരുതൽ, ആർദ്രത ഇവയൊക്കെ മനമോഹൻ്റെ വ്യക്തിത്വത്തിൻ്റെ ഭാഗമായിരുന്നു. ഈ ഗുണങ്ങൾ അനുഭവിച്ചവരുടെ മനസ്സിൽ നിന്നും മനമോഹൻ മാഞ്ഞു പോകില്ല . അതാണ് ഇത്രയും ശക്തമായ സുഹൃത്ത് വലയത്തിൻ്റെ മുഖ്യകാരണങ്ങളും.

ജീവിത രേഖ

സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരായി നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് , മാറ്റത്തിനുവേണ്ടി നടക്കേണ്ട ഓരോ പ്രവർത്തനത്തിലും തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കൃത്യമായ ധാരണ . മനമോഹനന് ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും നിശബ്ദമായി ഏറ്റെടുക്കുക , അതിൻ്റെ പൂർത്തീകരണം ഉറപ്പാക്കുക .  തടസ്സങ്ങളോ വെല്ലുവിളികളോ ഉണ്ടായാൽ അതിവേഗം അവ മറികടക്കുക. ലക്ഷ്യമിട്ട സമയത്തു തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക . പറയേണ്ട കാര്യങ്ങൾ ആരോടായാലും കൃത്യവും വ്യക്തവുമായി പറയുക.  ഒപ്പം വ്യക്തി ബന്ധത്തിന് ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുക. പൊതുപ്രവർത്തനത്തിനായി ജീവിതം മാറ്റിവച്ചപ്പോഴും തൻ്റെ കുടുംബ ഉത്തരവാദിത്വങ്ങളും കുടുംബാംഗങ്ങൾക്ക് നൽകേണ്ട സ്‌നേഹം , കരുതൽ, വാത്സല്യം എല്ലാം അല്പംപോലും ചോർന്നുപോകാതെ നൽകാനും ശ്രദ്ധിച്ച സവിശേഷ വ്യക്തിത്വം . തൻ്റെ കുടുംബത്തിനോടു കാണിച്ച അതേ ഉത്തരവാദിത്വവും കരുതലും മനമോഹൻ്റെ ജീവിതയാത്രയിൽ ഓരോ ഘട്ടത്തിലും ഒപ്പം പ്രവർത്തിച്ച വരോടും അവരുടെ കുടുംബത്തോടും പുലർത്തിയിരുന്നു . കുട്ടിക്കാലം എന്നത് മനമോഹനന് ഉത്തരവാദിത്വങ്ങൾ നിറഞ്ഞ കാലഘട്ട മായിരുന്നു. കുടുംബത്തിൻ്റെ സർവ്വ ചുമതലകളും ഏറ്റെടുത്ത് യഥാസമയം അവ നിർവ്വഹിക്കേണ്ട   ഉത്തരവാദിത്വം മനമോഹനന് ആയിരുന്നു. ആ ചുമതലാബോധവും കൃത്യനിഷ്ഠയും പൊതു പ്രവർത്തനത്തിലും അതേപടി തുടർന്നു. ഈ സവിശേഷ പ്രകൃതം മനമോഹനന് ഉണ്ടായി വന്നത് ബാല്യം നൽകിയ അനുഭവങ്ങളാകാം.

വിദ്യാഭ്യാസവും ഇതര പ്രവർത്തനങ്ങളും

പഠനത്തിൽ മികവ് പുലർത്തിയിരുന്ന മനമോഹൻ പഠനത്തോടൊപ്പം ഇതര പ്രവർത്തനങ്ങളിലും ഒരേപോലെ ഉത്സാഹിയായിരുന്നു  . സ്‌കൂളിൽ സജീവ സ്‌കൗട്ട് അംഗമായിരുന്നു. അതോടൊപ്പം തന്നെ യുറീക്ക വിജ്ഞാന പരീക്ഷ, ശാസ്ത്രകേരളം ക്വിസ് മത്സരങ്ങളിലെ   വിജയി ആയത് പരിഷത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നാട്ടിലെ വിജ്ഞാനദായിനി ഗ്രന്ഥശാല യിൽ പോവുന്ന ശീലം പതിവായിരുന്നു. തുടർന്ന് ഗ്രന്ഥശാലാ  പ്രവർത്തനത്തിൽ സജീവമാവുന്നതിന് ഇത് വഴിതെളിച്ചു. കോളേജ് വിദ്യാഭ്യാസം ചെമ്പഴന്തി എസ്. എൻ. കോളേജിലായിരുന്നു. ചെമ്പഴന്തി കോളേജിൽ  വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും തുടക്കം കുറിച്ചു . കോളേജിൽ  എൻ.സി.സി യിൽ സജീവ അംഗമായിരുന്നു.. ആ പരിശീലനം  പിൽക്കാലത്ത് ജീവിതത്തിൽ ചില ചിട്ടകൾ കൊണ്ടുവരുന്നതിന് സഹായിച്ചു. പഠന കാര്യത്തിലും മികവ് പുലർത്തിയിരുന്നു . എന്നാൽ പ്രീഡിഗ്രി പഠനത്തിനു ശേഷം കുടുംബത്തെ സംരക്ഷിക്കുന്നതിനായി സഹകരണ വകുപ്പിൽ  അച്ഛൻ്റെ ആശ്രിതനിയമനത്തിന് ശ്രമിക്കുകയാണ് ചെയ്തത്. ജോലി ലഭിക്കുന്നതിനിടയിലുള്ള കാലം  കെ.എസ്. വൈ എഫിൻ്റെ ആറ്റിപ്ര യൂണിറ്റിലും , പുരോഗമന കലാ സാഹിത്യ സംഘത്തിലും സജീവ പ്രവർത്തകനായിരുന്നു. 

വീടിനു സമീപത്തെ  ദേവി സ്പോർട്സ്  & ആർട്സ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ഈ കാലയളവിലാണ് വെട്ടൂർ പി രാജൻ ആറ്റിപ്ര ഗ്രാമശാസ്ത്ര സമിതി രൂപീകരണത്തിനായി കിഴക്കുംകര ലൈബ്രറിയിൽ ഒരു പ്രത്യേക യോഗം വിളിക്കുന്നത് . ലൈബ്രറി പ്രവർത്തകൻ കെ.എസ്. വൈ എഫിൻ്റെ പ്രവർത്തകൻ തുടങ്ങി വിവിധ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനത്തിൽ നിറഞ്ഞു നിന്ന മനമോഹൻ  സ്വാഭാവികമായി ഗ്രാമശാസ്‌ത്ര സമിതി യോഗത്തിലേക്കും എത്തി . വെട്ടൂർ പി രാജൻ്റേയും എൻ . സദാശിവൻ നായരുടേയും നേതൃത്വത്തിൽ മനമോഹനേയും പരിഷത്തിൻ്റെ ഭാഗമാക്കി. തുടർന്ന  പരിഷത്തിൻ്റെ കിഴക്കുംകരയൂണിറ്റിൻ്റെ സെക്രട്ടറിയും സജീവ പ്രവർത്തകനുമായി മാറി.  തുടർന്ന്  പരിഷത് പ്രവർത്തനം ഒരു പ്രധാന മേഖലയായി സ്വീകരിച്ചു. ആറ്റിപ്ര ഗ്രാമ ശാസ്‌ത്ര സമിതിയുടേയും  പരിഷത്ത് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ പ്രാദേശികമായി നിരവധി നൂതന പ്രവർത്തനങ്ങൾക്ക് മനമോഹൻ നേതൃത്വം നൽകി കൊണ്ടാണ് ശാസ്‌ത്രസാഹിത്യ പരിഷത്തിൽ സജീവമാകുന്നത് .

ഔദ്യോഗിക ജീവിതം

1981 ലാണ് മനമോഹൻ കോ ഓപ്പറേറ്റീവ് രജിസ്ട്രാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ അച്ഛൻ്റെ ആശ്രിതനയമനം വഴി ജോലിയിൽ പ്രവേശിക്കുന്നത്.  തുടർന്ന് JDC യും ഡിപ്പാർട്മെന്റ് ടെസ്റ്റും  പാസ്സായി ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടറായി. അധികം വൈകാതെ തന്നെ സീനിയർ  കോ  ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ജൂനിയർ  ഓഡിറ്റർ, സീനിയർ  ഓഡിറ്റർ, അസിസ്റ്റന്റ് രജിസ്ട്രാർ തുടങ്ങിയ തസ്തികകളിൽ  വളരെ കൃത്യനിഷ്ഠയോടെ മനമോഹൻ പ്രവർത്തിച്ചു. ദിവസവും തൻ്റെ മുന്നിലെത്തുന്ന ഫയലുകൾ അന്നുതന്നെ തീർപ്പാക്കുക എന്നത് മനമോഹൻ ഒരു നിഷ്ഠയായിത്തന്നെ പാലിച്ചിരുന്നു.  ഇതിനിടയിൽ രണ്ടു തവണ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സാക്ഷരതാ പ്രസ്ഥാനം, ആരോഗ്യ സർവ്വേ എന്നിവക്കു വേണ്ടിയും പിന്നെ ജനകീയാസൂത്രണ കാലഘട്ടത്തിലും ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു.   രണ്ട് ടേമിലും ധനവകുപ്പുമന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നപ്പോഴും ഡെപ്യൂട്ടേഷനിലായിരുന്നു. സഹകരണവകുപ്പിൽ അഡിഷണൽ ഡയറക്ടർ  സ്ഥാനത്തിരുന്നാണ് വിരമിച്ചത്.

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും മനമോഹനും

1978 -79  കാലയളവിലായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് കിഴക്കുംകര യൂണിറ്റ് രൂപീകരിച്ചത്. മനമോഹൻ ആയിരുന്നു ആദ്യ യൂണിറ്റ് സെക്രട്ടറി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി  , ജില്ലാ   ട്രെഷറർ,   സംസ്ഥാന ട്രെഷറർ, സംസ്ഥാന സെക്രട്ടറി, ശാസ്‌ത്ര ഗതി മാനേജിംഗ് എഡിറ്റർ  തുടങ്ങി പരിഷത്തിൻ്റെ  വിവിധ ചുമതലകളിൽ പ്രവർത്തിച്ചു.  1984 ഗ്രാമ ശാസ്ത്ര ജാഥ യുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. വെട്ടൂർ രാജൻ സാറിന് ഒപ്പം ഗ്രാമശാസ്‌ത്ര സമിതി പ്രവർത്തനത്തിൽ സജീവമായിരുന്നു. ഗ്രാമപഠനം , അധികാരം ജനങ്ങൾക്ക് -വികസന ക്യാമ്പയിൻ തുടങ്ങി ഗ്രാമ തല പ്രവർത്തനങ്ങളിലും പ്രാദേശിക പഠനങ്ങളിലും ആസൂത്രണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു . 1985- 86 ൽ തിരുവന്തപുരം ജില്ലയിൽ വ്യാപകമായി പുകശല്യമില്ലാത്തതും ദക്ഷത കൂടിയതുമായ പരിഷത്ത് അടുപ്പുകളുടെ വ്യാപനം മനമോഹൻ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് . അന്ന് ജില്ലാ ട്രഷററായിരുന്ന ശ്രീ.ആറ്റിങ്ങൽ രാധാകൃഷ്ണൻ പരിഷത്ത് അടുപ്പ് വ്യാപന ചുമതലക്കാരൻ ജഗജീവൻ എന്നിവർ ഉൾക്കൊളളുന്ന ഒരു ടീമിൻ്റെ പ്രവർത്തന ഫലമായി എല്ലാ മേഖലകളിലും  അടപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഗ്രാമോത്സവങ്ങൾ സംഘടിപ്പിച്ചു.

ഊർജജക്ലാസ്സുകൾ , സ്ത്രീകളും ആരോഗ്യം , നാടൻ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ചേർന്നതായിരുന്നു ഗ്രമോത്സവങ്ങൾ . ആ കാലഘട്ടത്തിൽ ഏകദേശം 10000 അടുപ്പുകളാണ് ഇതിലൂടെ സ്ഥാപിച്ചത് . ഈ ഗ്രാമോത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അമ്പൂരി ട്രൈബൽ സെൻ്റിൽ മെൻ്റൽ നടന്ന അടുപ്പ് വ്യാപന പരിപാടി. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമായിരുന്നു. ഈ ക്യാമ്പയിൽ മിക്ക ദിവസങ്ങളിലും മനമോഹൻ താമസിച്ചു അടുപ്പ്  വ്യാപന ക്യാമ്പുകളെ സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളാക്കി മാറ്റാൻ മനമോഹനന് കഴിഞ്ഞിരുന്നു. സംഘടനാ വ്യാപനവും സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഈ ഊർജജ ക്യാമ്പയിൻ വഴി സാധിച്ചു.  മനമോഹൻ്റെ ഔദ്യോഗിക ജോലി   സമയം കഴിഞ്ഞാൽ നേരെ അടുപ്പ് ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് എത്തുകയും അടുപ്പ വ്യാപന പ്രവർത്തനത്തിൽ പങ്കാളിയാകുന്ന പ്രവർത്തകർക്ക് ഒപ്പം വിനിയോഗിക്കുകയും ചെയ്യുമായിരുന്നു. പ്രവർത്തകരുമായി കൂടുതൽ വ്യക്തി ബന്ധം സ്ഥാപിക്കാൻ ഇത്തരം അവസരങ്ങൾ മനമോഹൻ നന്നായി വിനിയോഗിച്ചിരുന്നു.
ഭോപ്പാൽ ദുരന്തത്തിൻ്റെ തുടർച്ചയായി യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ വിപുലമായ പ്രതിഷേധ പരിപാടി തിരുവനന്തപുരം ജില്ലയിൽ നടക്കുന്നതിന് നേതൃത്വം നൽകിയത് മനമോഹൻ ജില്ലാ സെക്രട്ടറി ആയിരിക്കുന്ന കാലഘട്ടത്തിലാണ് . കിഴക്കേക്കോട്ടയിലെ എവറെഡ്ഡി ബാറ്ററിയുടെ ഗോഡൗണിലേക്കും അവരുടെ പരസ്യങ്ങൾ തടസ്സപ്പെടുത്തുന്നതിനും തിരുവന്തപുരം ജില്ലയിൽ പ്രത്യേക ക്യാമ്പലിൻ പരിപാടിക്ക നേതൃത്വം നൽകാൻ മനമോഹന് കഴിഞ്ഞിരുന്നു. എവറെഡി  ബഹിഷ്ക്കരണം, ബഹുരാഷ്ട്രകുത്തകൾക്കെതിരെ എന്ന പ്രത്യേക ബഹുജന ക്ലാസ്സുകൾ ജില്ലയിൽ വ്യാപകമായി സംഘടിപ്പിക്കാൻ മനമോഹനന് കഴിഞ്ഞിരുന്നു.

മനമോഹൻ്റെ സംഘാടന മികവ് തെളിയിച്ച മറ്റൊരു പ്രധാന പ്രവർത്തനമായിരുന്നു തിരുവനന്തപുരത്ത് നിന്നും ഭോപ്പാലിലേക്ക് നടന്ന  സയൻസ് ട്രെയിൻ യാത്ര. ഭാരത് ജനവിജ്ഞാൻ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി. ഒരു ട്രയിനിലേക്കുളള 1000 പ്രവർത്തകരെ ജില്ലകളിൽ നിന്നും കണ്ടെത്തുക , രജിസ്റ്റർ ചെയ്യുക, അവരെ ഏകോപിപ്പിക്കുകയും യാത്രക്കുള്ള ഭക്ഷണം ഓരോ സ്‌റ്റേഷനിലും ക്രമീകരിക്കുക  തുടങ്ങി എല്ലാ കാര്യങ്ങളുടെയും സംഘാടന ചുമതല മനമോഹനായിരുന്നു . മനമോഹനനെ സഹായിക്കാൻ ശ്രീ കെ.പി. ശ്രീനിവാസനും . മികച്ച രീതിയിൽ സയൻസ് ട്രെയിൻ സംഘാടനത്തിന് മനമോഹൻ നേതൃത്വം നൽകി.    ഈ പ്രവർത്തനത്തിലുടെ ചുരുങ്ങിയ കാലത്തിനുള്ളിൽ  മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകരുമായി നല്ല സൗഹൃദം  ഉണ്ടാകുന്നതിനും മനമോഹന് കഴിഞ്ഞിരുന്നു . യുറിക്കാ , ശാസ്ത്രകേരളം വിജ്ഞാന പരീക്ഷകളുടെ നടത്തിപ്പിൽ കാതലായ മാറ്റം കൊണ്ടുവന്ന ഘട്ടത്തിൽ പരിഷത്തിൻ്റെ മുന്നിലേക്ക വന്ന പ്രധാന പ്രശ്‌നം ഓരോ വിഭാഗത്തിലേക്കും വേണ്ട വിജ്ഞാനോത്സവ പാക്കറ്റുകൾ തയ്യാറാക്കി കേരളത്തിലെ എല്ലാ മേഖലകളിലുടെയും പഞ്ചായത്ത് , നഗരസഭകളിലെത്തിക്കുക എന്നതായിരുന്നു. ഈ ചുമതല സ്വയം ഏറ്റെടുത്ത്  കോഴിക്കോട് കേന്ദ്രീകരിച്ച് നിന്ന്  നല്ലൊരു സംഘപ്രവർത്തനത്തിലുടെ സമയബന്ധിതമായി പൂർത്തിയാക്കി. ഇതിലൂടെ വിജ്ഞാനോത്സവത്തിൻ്റെ ചോദ്യാവലി വിതരണത്തിന് ഒരു രീതി രൂപ്പെടുത്തുകയും ചെയ്തു. 1987 ൽ പരിഷത്ത് നടത്തിയ ആരോഗ്യ സർവ്വേയിൽ ഏറ്റവും ഒരു പ്രധാനഘടകമായിരുന്നു  സംഘാടനം, സാമ്പിൾ വീട്ടുകൾ കണ്ടെത്തൽ, എന്യൂമറേറ്റന്മാരുടെ പരിശീലനം, സർവ്വേ ഫോമുകളുടെ വിതരണം, ശേഖരണം തുടങ്ങി വളരെ വിപുലവുംസങ്കീർണവുമായ സംഘടന ഘടകങ്ങളുണ്ടായിരുന്നു. ഈ ചുമതലയും മനയോഹൻ ഏറ്റെടുത്ത് വളരെ ഭംഗിയായും സയബന്ധിതമായും പൂർത്തിയാക്കിയിരുന്നു. 1986 ൽ ഹാലി ധൂമഹേതുവിൻ്റെ വരവോടെ സംഘടന ആവിഷ്ക്കരിച്ച വിപുലമായ വിദ്യാഭ്യാസ പരിപാടി തിരുവനന്തപുരം ജില്ലയിൽ വളരെ വ്യത്യാസമായി സംഘടിപ്പിക്കാൻ കഴിഞ്ഞതും സംഘാടനത്തിലെ സർഗ്ഗാത്മക കഴിവുകൾ കൊണ്ടായിരുന്നു. ക്ലാസ്സുകളും ക്വിസ്സും നക്ഷത്ര നിരീക്ഷണവും ടെലിക്കോപ്പ് നിർമ്മാണവും ഒക്കെയായി സംസ്ഥാനതലത്തിൽ നടന്ന പരിപാടി നക്ഷത്ര സഹവാസക്യാമ്പുകൾ എന്ന തലത്തിലേക്ക് മാറ്റാൻ സഹായിച്ചത് ജില്ലാ സെക്രട്ടറിയായി രുന്ന മനമോഹനനായിരുന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും 300-500 കുട്ടികളെ പങ്കെടുപ്പിച്ച് വിപുലമായ നക്ഷത്രോത്സവ സഹവാസ ക്യാമ്പുകളാക്കി  മാറ്റാൻ അന്തരീക്ഷം ഒരുക്കിയത് ജില്ലാ സെക്രട്ടറിയായ മനമോഹൻ ആയിരുന്നു. 1986 ൽ നമ്മുടെ തീര പ്രദേശങ്ങളിൽ വയറിളക്കരോഗം പടർന്നുപിടിച്ച സമയത്തും അടിയന്തിര ഇടപെടൽ നടത്തുന്നതിനുളള നേതൃത്വം ഉടൻ ഏറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് , നഴ്‌സിംഗ് കോളേജ് , ആയുർവേദ കോളേജ്, ഹോമിയോ കോളേജ് തുടങ്ങിയ എല്ലാ വിഭാഗം മെഡിക്കൽ കോളേജുകളിലേയും പരിഷത്ത് യൂണിറ്റുകളെ ബന്ധിപ്പിച്ച് പാറശാല മുതൽ അഞ്ചുതെങ്ങു വരെ യുളള തീരദേശ ഭവനങ്ങൾ സന്ദർശിച്ച് ORS ഉപയോഗ രീതി , വയറിളക്ക പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് ശക്തമായ ബോധവൽക്കരണം അടിയന്തിരമായി സംഘടിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക്  നേതൃത്വം നൽകി. മുണ്ടേരി മാർച്ച് , കലാജാഥകൾ, ബാലോത്സവജാഥകൾ തുടങ്ങിയ വിപുലമായ ബഹുജന വിദ്യാഭ്യാസ - പ്രക്ഷോഭ പരിപാടികളിൽ   മനമോഹൻ നൽകിയ നേതൃത്വപരമായ സംഭാവനകൾ വളരെ വലുതായിരുന്നു. ഈ പ്രവർത്തനങ്ങൾ സൂചിപ്പിക്കാൻ കാരണം മനമോഹൻ്റെ സംഘാടന കഴിവും ശൈലിയും മനസ്സിലാക്കുന്നതിനായിരുന്നു. സങ്കീർണതകളും വെല്ലുവിളികളും നിറഞ്ഞ പ്രവർത്തനങ്ങൾ ഏറ്റെടുക്കലും വിജയത്തിലെത്തിക്കലും മനമോഹന് ഹരം നൽകുന്ന പ്രവർത്തനമായിരുന്നു. ഓരോ പ്രവർത്തനത്തിലും വരാവുന്ന വെല്ലുവിളികൾ, തടസ്സങ്ങൾ മുൻകുട്ടി പരമാവധി പട്ടികപ്പെടുത്തുക, അവ പരിഹരിക്കാൻ കഴിവുള്ള പ്രവർത്തകരെ സംസ്ഥാനത്തിൻ്റെ ഏത ഭാഗത്തായിരുന്നാലും കണ്ടെത്തുക, അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവർക്ക് പ്രസ്തുത പ്രവർത്തനം സ്വതന്ത്രന്മായി ചെയ്യാൻ നല്ല സൗകര്യങ്ങൾ ചെയ്തു കൊടുക്കക, ചെയ്യേണ്ടതും ചെയ്തതുമായ എല്ലാ കാര്യങ്ങളും കൈവശമുള്ള കുഞ്ഞ് ഡയറയിൽ വ്യത്യസ്ഥ നിറത്തിലുള്ള മഷികളാൽ രേഖപ്പെടുത്തിവയക്കുക, അവയുടെ സഹായത്തോടെ നിരന്തരം മോണിട്ടർ ചെയ്യുക, തുടങ്ങി വളരെ ചിട്ടയാർന്ന സംഘാടന രീതിയായിരുന്നു മനമോഹൻ്റെ സവിശേഷത. മാത്രമല്ല ഓരോ പ്രവർത്തനത്തിലും മനമോഹൻ കണ്ടെത്തിയ പ്രവർത്തകരുടെ മേൽവിലാസവും, ഫോൺ നമ്പറുകളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കും. മാത്രമല്ല തുടർന്ന് അവരുമായി നിരന്തരം ബന്ധം സ്ഥാപിയുകയും ചെയ്യും. കൂടാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ സഹായിയും പങ്കാളിയുമായി മനമോഹൻ മാറുമായിരുന്നു. അതു കൊണ്ടു തന്നെ ഒരു പ്രവർത്തനത്തിൽ പങ്കാളിയായ ഒരാൾ തുടർന്ന്  മനമോഹൻ നേതൃത്വം നൽകുന്ന ഓരോ പ്രവർത്തനത്തിലും  അവരും ഉണ്ടാകും .

സാക്ഷരതാ പരിപാടി

എറണാകുളം സാക്ഷരതാ പരിപാടിയിൽ ഏറ്റവും സങ്കീർണ്ണമായിരുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു പ്രോജക്ട് ഓഫീസറന്മാറരും അസി: പ്രോജക് ഓഫീസറന്മാരുമായി വന്ന വരുടെ ഡെപ്യുട്ടേഷൻ  പേപ്പറുകൾ അനവദിച്ചു വാങ്ങൽ. പരിഷത്തിൻ്റെ അനൗപചാരിക ശൈലികളിലൂടെ പരിഹരിക്കാൻ പറ്റുന്നതായിരുന്നില്ല സർക്കാതിൻ്റെ നടപടിക്രമങ്ങൾ. എന്നാൽ അത്തരം കാര്യങ്ങളുടെ ചുമതല കൈകാര്യം ചെയ്തത് മനമോഹനമായിരുന്നു . തുടർന്ന് കേരള സാക്ഷരതാ പരിപാടി ആരംഭിയുമ്പോഴും ഔദ്യോഗിക സംവിധാനവുമായി ബന്ധപ്പെട്ട് നടക്കേണ്ട കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ മനമോഹനും ഉണ്ടായിരുന്നു.   പ്രോജക്‌ട് ഓഫീസറന്മാരും അസി. പ്രോജക്ട് ഓഫീസറന്മാരും മറ്റുള്ള വരുമായി 1000 ത്തിലധികം പേരുണ്ടായിരുന്നു. പ്രാരംഭഘട്ടത്തിൽ ഇതിൻ്റെ ഭരണപരമായ സംവിധാനം ഒരുക്കുന്നതിനളള തന്ത്രങ്ങളും രീതികളും വികസിപ്പിക്കൽ അല്പം സങ്കീർണമായിരുന്നു. ഇതിനായി നിയോഗിക്കപ്പെട്ടത് മനമോഹനായിരുന്നു. മറ്റൊരു കാര്യം സംസ്ഥാനസർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി, ഒരു സംഘടന എന്ന നിലയിൽ ശാസ്ത്രസാഹിത്യപരിഷത് പൂർണ്ണമായി അതിൽ പങ്കാളിയാകുന്നു. പ്രധാന പ്രവർത്തകരിൽ 90% കേരള സാക്ഷരതയുടെ ഔദ്യോഗിക സംവിധാനത്തിലുണ്ട്. മനമോഹൻ അതിൽ ഇല്ലതാനും . എന്നാൽ സംവിധാനത്തിന് പുറത്തു നിന്നുകൊണ്ടാണ് സർക്കാർ സംവിധാനത്തിൽ നിന്നു വേണ്ട എല്ലാ ക്രമീകരണങ്ങളും ഉണ്ടാക്കി എടുക്കാൻ മനമോഹൻ പ്രവർത്തിച്ചത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട് നിയമപരമായി നടക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ ചെയ്യിക്കുന്നതിനും എന്നാൽ ബ്യൂറോക്രസ്സിയുടെ സ്വതസിദ്ധമായ തടസ്സങ്ങളെ തന്ത്രപരമായി മറികടക്കുന്നതിനും മനമോഹൻ്റെ സൗഹൃദ വലയവും ഭരണ പരമായ അറിവുമാണ് മുഖ്യ തുണയായി മാറിയത്.

പരിഷത്തിൽ മനമോഹനെ ആശയപരമായി  ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് ഡോ. എം പി പരമേശ്വരൻ ആയിരുന്നു. മനമോഹൻ സംസ്ഥാന ട്രഷറായിരുന്നപ്പോഴും ആരോഗ്യ സർവ്വേ , PLD P പ്രോജക്ടിൻ്റെ വേളകളിലും പരിഷത്തിൽ പൂർണ സമയ പ്രവർത്തകനായിരുന്നു. ഈ കാലഘട്ടങ്ങളിൽ കൂടുതൽ സമയവും ഡോ. എം പി. ക്ക് ഒപ്പം ചിലവിടാൻ അവസരം ലഭിച്ചത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള  മനമോഹനൻ്റെ പ്രാപ്തി കൂടുതൽ വികസിപ്പിക്കാനും ചിട്ടപ്പെടുത്താനും സഹായിച്ചിരുന്നു . ഇത് വികസനാസൂത്രണ രംഗത്തെ പ്രവർത്തനങ്ങളിലും കാഴ്പ്പാടുകളിലും നന്നായി സ്വാധീനിച്ചിരുന്നു.  

ജനകീയാസൂത്രണ പരിപാടിയിൽ നിന്നും ജനകീയാസൂത്രണ പ്രസ്ഥാനത്തിലേക്ക്

ആരോഗ്യം , വികസനം എന്നീ മേഖലകളായിരുന്നു മനമോഹന് ഏറ്റവും ഇഷ്‌ടമുള്ള പ്രവർത്തന മേഖലകൾ . ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം , ഗ്രാമപഠനം, വികസന ജാഥകൾ, തുടങ്ങിയ പ്രവർത്തനങ്ങളിലുടെ ആരംഭിച്ച പ്രവർത്തനം വിഭവ ഭൂപട നിർമ്മാണ പ്രവർത്തനത്തിലേക്ക് ആകർഷിച്ചു. അവിടെ നിന്നും CESS മായി പ്രവർത്തനങ്ങളുടെ ഏകോപനം , സർവ്വേ ആരംഭിക്കുന്നതിനുളള പഞ്ചായത്ത് തെരഞ്ഞെടുക്കൽ ഏകോപനം എന്നിവ മുഖ്യമായി നടത്തിയതും മനമോഹനായിരുന്നു. വിഭവ ഭൂപട നിർമ്മാണത്തിൻ്റെ തുടർച്ചയായി രൂപപ്പെട്ടുവന്ന ജനകീയാസൂത്രണ പരിപാടിയുടെ ( PLDP പ്രോജക്ട) ഏകോപന ചുമതല മനമോഹനായിരുന്നു. ഡോ.എം. പി. യും ഡോ . തോമസ് ഐസ്കും മുഖ്യ ചുമതലക്കാരുമായി  ആരംഭിച്ച പ്രോജക്ടിൻ്റെ നടത്തിപ്പും  ഏകോപനവും നടത്തിയിരുന്നത് മനമോഹനായിരുന്നു. ജനകീയാസൂത്രണ പരിപാടിയിൽ പ്രവർത്തിച്ചു വരുമ്പോഴാണ് 1996 ൽ അധികാരത്തിൽ വന്ന സർക്കാർ  പദ്ധതി വിഹിതത്തിൻ്റെ 40% തദേശസ്ഥാപനങ്ങൾ വഴി വിനിയോഗിക്കാൾ തീരുമാനിക്കുന്ന വിപ്ലകരമായ തീരുമാനം എടുക്കുന്നത് . ഒപ്പം ഡോ. തോമസ് ഐസക്, ഇ. എം. ശ്രീധരൻ,  ഡോ. ബി ഇക്ബാൽ , ഡോ. ശ്യാമ സുന്ദരൻ നായർ തുടങ്ങിയവർ ഉൾക്കൊളളുന്ന സംസ്ഥാന ആസൂത്രണ ബോഡ് നിലവിൽ വരികയും ചെയ്തു . തദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി വിനിയോഗിക്കാൻ തീരുമാനിച്ച 40% പദ്ധതി വിഹിതത്തിൻ്റെ ഫലപ്രദമായ ആസൂത്രണ - നിർവ്വഹണത്തിനായി   ജനകീയാസൂത്രണപ്രസ്ഥാനത്തിന് രൂപം നൽകാനും സർക്കാർ തീരുമാനിക്കുന്നു. പ്രസ്തുത പ്രസ്ഥാനത്തിന് രൂപം നൽകുന്നതിനുളള ഓഫീസ സംവിധാനം സംസ്ഥാന ആസൂത്രണ ബോഡിൽ” ജനകീയാസൂത്രണ സെൽ  “ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് മനമോഹൻ്റെ നേതൃത്വത്തിലായിരുന്നു. തുടർന്നു സെല്ലിലേക്കുളള മറ്റ് അംഗങ്ങളെ കണ്ടെത്തുകയും ക്യാമ്പയിനുവേണ്ടി സംസ്ഥാനത്തും ജില്ലയിലും അനുയോജ്യരായ പ്രവർത്തകരെ കണ്ടെത്തുന്ന ദൗത്യം മനമോഹൻ്റേതായിരുന്നു. തുടർന്ന് അഞ്ചു വർഷക്കാലം എല്ലാം ഉപേക്ഷിച്ച് ജനകീയാസൂത്രണ സെല്ലിൻ്റെ മുഖ്യ നടത്തിപ്പുകാരനായി മാറി. 

ക്യാമ്പയിനുകൾ, ആയിരകണക്കിനു പേർക്ക് നിരന്തരം പരിശീലനം, സാങ്കേതിക ശില്പശാലകൾ നൂറുകണക്കിന് പുസ്തകങ്ങളും ലഘുലേഖകളും അചച്ചടിക്കൽ വിതരണം തുടങ്ങി ഓരോ പ്രവർത്തനത്തിൻ്റേയും മേൽനോട്ടം, നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു ള്ള ധനവിയോഗം ഉറപ്പാക്കൽ, പരിശീന പുസ്തങ്ങളും സംസ്ഥാനത്ത് ആകെ വിതരണം ചെയ്യൽ തുടങ്ങി എല്ലാ പ്രവർത്തനങ്ങളുടെയും മുഖ്യ കേന്ദ്രം മനമോഹനായിരുന്നു. ഒരു സർക്കാർ സംവിധാനത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ടും എന്നാൽ ചുരുങ്ങിയ സമയ പരിധിയിലും നിരവധി പ്രവർത്തനങ്ങൾ ഒരേ സമയം ചെയ്യുക എന്നത് വളരെ പ്രയാസകരവും സങ്കീർണതകൾ നിറഞ്ഞതുമായിരുന്നു. എന്നാൽ ആസൂത്രണ ബോഡിലെ ജീവനക്കാരെയും സെക്രട്ടറിയേറ്റിലെ  ധനകാര്യ - തദേശസ്വയംഭരണ വകുപ്പുകളേയും ഒരു മാലയിലെ കണ്ണിയാക്കി മാറ്റി നടപടികളും തീരുമാനങ്ങളും അതിവേഗം ഉണ്ടാക്കാൻ കഴിഞ്ഞത് മനമോഹൻ്റെ സംഘാടന - മാനേജ്മെൻ്റ് ശൈലി കൊണ്ടു കൂടിയാണ്. 

ജനകീയാസൂത്രണ ക്യാമ്പയിൻ തടസ്സങ്ങളില്ലാതെ നീങ്ങുന്നതിനും വിജയത്തിലേക്ക് എത്തിയതിലും മനമോഹൻ ജനകീയാസൂത്രണ സെല്ലുകേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമായിരുന്നു. 2001 ൽ സർക്കാർ മാറി, ജനകീയാസൂത്രണ വിവാദങ്ങൾ ഉണ്ടായപ്പോഴും ജനകീയാസൂത്രണ നടത്തിപ്പിൽ സാമ്പത്തികാരോപണം ഏശാതെ പോയതിൽ മനമോഹൻ കൃത്യമായി ചെയ്തിരുന്ന സാമ്പത്തിക മാനേജ്മെൻ്റ രീതികൾ കൊണ്ടു കൂടിയാണ്. ഔദ്യോഗിക ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് മനമോഹന് പ്രത്യേക ശൈലി ഉണ്ടായിരുന്നു. ഓരോ ഫയലിനും ഉണ്ടാകേണ്ട നിയമപരമായ വിശദീകരണങ്ങൾ, മുഖ്യനോട്ടുകൾക്ക് പുറമേ അനുബന്ധനോടുകൾ, ബന്ധപ്പെട്ട അനുബന്ധരേഖകൾ, അതും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന വിവിധ നിറത്തിലെ ഫ്ലാഗ് കൾ, വിവിധ മഷികൾ കൊണ്ടുള്ള തലക്കെട്ടുകളും, ഒപ്പം വെട്ടിതിരത്തലുകൾ ഇല്ലാതെ, മറ്റൊരാളുടെ സഹായവും വിശദീകരണവും ഇല്ലാതെ ആദ്യമായി ഫയൽ നോക്കുന്ന ഒരാളിനുപോലും അതിവേഗം മനസിലാക്കാൻ  പാകത്തിൽ ഫയൽ തയ്യാറക്കൽ മനമോഹന്റെ ഒരു ശൈലിയും നിർബന്ധവും ആയിരുന്നു. മാത്രമല്ല  sop കൾ വ്യവസ്ഥ ചെയ്യും പ്രകാരം തന്നെ ഫയലുകൾ ചിട്ടപ്പെടുത്തുക എന്നത് ശീലവും.

മനമോഹനനും ഡോ. തോമസ് ഐസക്കും

1980 കളുടെ തുടക്കത്തിലാണ് രണ്ടു  പേരും അടുക്കുന്നത്. ഗ്രാമ പഠനമായിരുന്നു മുഖ്യ സ്വാധീന ഘടകം. തുടർന്ന് അല്പം സമയം കിട്ടിയാൽ CDS ൽ ഡോ. ഐസക് ന് അടുത്ത് എത്തും. ഐസക് മായുള്ള ബന്ധം കൂടുതൽ പഠനവും വായനക്കും പ്രേരിപ്പിച്ചിരുന്നതായി പറയാറുണ്ടായിരുന്നു. ശാസ്ത്രീയസംഗീതാസ്വാദനവും ആ സഹവാസത്തിൽനിന്നും ഉണ്ടായതാണ് . അതിനിടയിൽ BA എക്കോണമിക്സി പഠിക്കാൻ ഒരു ശ്രമവും ഈ തിരക്കിന് ഇടയിൽ നടത്തിയിരുന്നു. പക്ഷേ മുന്നോട്ടു നീക്കാൻ തിരക്കുകൾ കൊണ്ട് കഴിഞ്ഞിരുന്നില്ല. എന്നാൽ മനമോഹൻ ബന്ധപ്പെട്ട ഓരോ പ്രവർത്തന മേഖലകളെ കുറിച്ചും വായിക്കാനും പഠിക്കാനും  ഡോ. ഐസക്കുമായി ആരംഭിച്ച ബന്ധം സഹായുമായിടുണ്ട്. ഐസകിൻ്റെ ചിന്തയും പ്രവർത്തനാവിഷ്‌ക്കാര രീതികളും വേഗം മനസ്സിലാക്കാൻ മനമോഹന് കഴിയുമായിരുന്നു. 

ഗ്രാമപഠനം, പഠന കോൺഗ്രസുകൾ ,  ജനകീയാസൂത്രണ പരിപാടി , ജനകീയാസൂത്രണ പ്രസ്ഥാനം , മാരാരിക്കുളം മണ്ഡലം  വികസന പരിപാടി , ധനകാര്യ വകുപ്പ് മന്ത്രി തുടങ്ങി ഡോ. ഐസക് നേതൃത്വം നൽകിയ ഓരോ പ്രവർത്തനത്തിൻ്റെയും പ്രായോഗിക സംഘാടനത്തിൽ മുഖ്യശക്തിയായിരുന്നു മനമോഹൻ. ഈ ബന്ധം സാമൂഹ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിന് പുറമേ കുടുംബാംഗമായി മാറിയിരുന്നു . മനമോഹൻ ഐസകിന് ഒപ്പം ആയതോടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുവരുന്ന ചുമതലുകൾ ആവശ്യങ്ങൾ എല്ലാം മാനേജ് ചെയ്യുന്ന ചുമതലയും മനമോഹനൻ ഏറ്റെടുത്തിരുന്നു . ഏകദേശം 1990 മുതൽ  ഡോ ഐസകിന് ഒപ്പം ആയിരുന്നു കൂടുതൽ സമയവും വിനിയോഗിച്ചിരുന്നത്. ഈ ചങ്ങാത്തം ഓരോ പുതിയ പ്രവർത്തനത്തിലും പ്രതിഫലിച്ചിരുന്നു. മനമോഹൻ്റെ സംഘാടന - മാനേജ്മെൻ്റ് നൈപുണ്യവും സൗഹൃദരീതിയും ധനമന്ത്രിയുടെ ഓഫീസിനെ വേറിട്ടതാക്കി മാറ്റി.  മന്ത്രി ഓഫീസിൽ ആവശ്യങ്ങളും സംശയങ്ങളുമായി എത്തുന്നവർക്ക് നിയമപരമായി ചെയ്യാൻ കഴിയുന്നവ അതിവേഗം ചെയ്തു നൽകും അല്ലാത്തവ കാര്യകാരണ സഹിതം വിശദീകരിച്ചു നൽകുമായിരുന്നു  .  2006 ൽ മന്ത്രി ആയ തോട്ടെ താമസവും ഒപ്പമായി.

AKG പഠന കോൺഗ്രസ്സുകളും മനമോഹനനും

ഒന്നാം AKG പഠന കോൺഗ്രസ്സ് മുതൽ ആസൂത്രണത്തിലും നടത്തിപ്പിലും മുഖ്യ പ്രവർത്തകരിൽ ഒരാളായിരുന്നു . പഠന കോൺഗ്രസ്സിൻ്റെ നടത്തിപ്പിന് വിപുലമായ കമ്മികൾ ഉണ്ടാകും . കമ്മിറ്റികൾ സംഘാടന ജോലികൾ ഫലപ്രദമായി ചെയ്യുകയും ചെയ്യും . എന്നാൽ മൊത്തം നടത്തിപ്പിൻ്റെ പൊതു മേൽനോട്ടം സ്വഭാവികമായി  മനമോഹൻ്റേതായിരുന്നു.  ഓരോ പഠന കോൺഗ്രസ്സിലേക്കും പേപ്പർ എഴുത്തുകാർ , അവതാരകർ, പാനൽ അംഗങ്ങൾ, തുടങ്ങി അക്കാഡമിക് കാര്യങ്ങളുടെ സംഘാടനം മുതൽ പ്രതിനിധികളുടെ രജിസ്‌ട്രേഷൻ പേപ്പറുകൾ ശേഖകരിച്ച് ചിട്ടപ്പെടുത്തി ച്ച് അച്ചടിക്കൽ , പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പാക്കൽ വരെയുള്ള എല്ലാ പ്രവർത്തനങ്ങളും സമയ ബന്ധിതമായി ഉറപ്പാക്കിയിരിക്കും. മനമോഹൻ്റെ സാന്നിധ്യവും യഥാസമയം ഫീഡ് ബാക്ക് ഡോ. തോമസ് ഐസക് ന് നൽകിയിരുന്നതും പഠന കോൺഗ്രസ്സുളുടെ വിജയത്തിന് അനിവാര്യമായിരുന്നു.

കുടുംബം

ആനയിറ മോക്കാട്ടിൽ വീട്ടിൽ വി.ഗോപിനാഥനാചാരിയുടേയും കുളത്തൂർ കിഴക്കുംകര രാമകൃഷ്ണ വിലാസം വീട്ടിൽ എം. ഇന്ദിരാമ്മാളുടേയും 6 മക്കളിൽ രണ്ടാമനായി  1961 ഏപ്രിൽ 16 ന് കുളത്തൂർ കിഴക്കുംകരയിലെ വീട്ടിൽ  ജനിച്ചു. അച്ഛൻ ചിറയിൻകീഴ് വേലു ആചാരിയുടേയും അമ്മ ആനയിറ മോക്കാട്ടിൽ പാച്ചിയമ്മാളിൻ്റെയും മകനാണ്. അമ്മ കിഴക്കും കരയിൽ കൊച്ചു കൃഷ്ണനാശാരിയുടേയും മാധവി അമ്മാളിൻ്റെയും മകളാണ്. മനമോഹന് സഹോദരങ്ങൾ 5 പേർ.  മൂത്ത സഹോദരി എം. ഐ.അനിത, ഇളയവർ വി.ജി.ഉദയകുമാർ, എം. ഐ. കല, എം. ഐ. രേഖ, എം. ഐ.ചിത്ര.

അച്ഛൻ ഗോപിനാഥൻ ആചാരി ഗ്രാമസേവകനായിട്ടാണ് സർക്കാർ സർവീസ് തുടങ്ങിയത്. അദ്ദേഹം പഴയ പാലക്കാട് ജില്ലയിലെ എരമംഗലത്ത് ജോലി ചെയ്ത നാളിലായിരുന്നു മനമോഹൻ്റെ സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. അച്ഛൻ സഹകരണ വകുപ്പിൽ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചതിനെ തുടർന്ന് അവിടെ നിന്നും   തിരുവനന്തപുരത്ത് ആനയിറയിൽ താമസമാക്കി.  അങ്ങനെ   ആനയിറ എൽ. പി. സ്‌കൂളിലായി തുടർ പഠനം. മൂന്നാം സ്റ്റാൻ്റേർഡ് അവധിക്കാലത്ത്  1970 ഏപ്രിൽ 27 ന്  അച്ഛൻ  ഗോപിനാഥനാചാരി തൻ്റെ 36-ാമത്തെ വയസിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. അച്ഛൻ്റെ അകാല വേർപാട് കുടുംബത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കി. അതിനു ശേഷം കുടുംബം കിഴക്കുംകരയിലെ അമ്മയുടെ വീട്ടിലേക്ക് മാറുകയും പഠനം കുഴിവിള യു. പി. സ്‌കൂളിലേക്ക് മാറുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം ഗവ: ഹൈസ്‌കൂൾ  കുളത്തൂരിലായിരുന്നു. അച്ഛൻ്റെ മരണശേഷം കുട്ടികളുടെ എല്ലാം പഠനം മനമോഹൻ മാമൻ എന്ന് വിളിക്കുന്ന അച്ഛൻ്റെ ആത്മസുഹൃത്തും ചെമ്പഴന്തി എസ് എൻ . സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനും ഏറെക്കാലം ആറ്റിപ്ര പഞ്ചായത്ത് പ്രസിഡൻ്റും കമ്മൂണിസ്റ്റ് നേതാവുമായിരുന്ന കെ. പ്രഭാകരൻ സാറിൻ്റെ മേൽനോട്ടത്തിലും മാർഗ്ഗ നിർദ്ദേശപ്രകാരവുമായിരുന്നു.  പ്രഭാകരൻ സാറിൻ്റെ ശുപാർശ പ്രകാരം  അരശുംമൂട് ദിന്യൂ ടൂട്ടോറിയൽ പ്രിൻസിപ്പൽ   ഗോപാലകൃഷ്ണൻ സാർ  എല്ലാവർക്കും സൗജന്യ ടൂഷൻ  നൽകിയിരുന്നു.  സാമൂഹ്യവർത്തകനും നാടക പ്രവർത്തകനുംകൂടി ആയിരുന്ന അച്ഛൻ ഗോപിനാഥൻ ആചാരിയുടെ  പൊതു സമ്മതിയും സാമൂഹ്യ ബന്ധങ്ങളും  കുടുംബത്തിന് വലിയ പിന്തുണയായിരുന്നു.

1981-ൽ ആണ് മനമോഹൻ  സഹകരണ വകുപ്പിൽ ക്ലർക്ക് ആയി ജോലിയിൽ പ്രവേശിക്കുന്നത്. അന്നുമുതൽ കുടുംബത്തെ ഒരു അച്ഛൻ്റെ സ്ഥാനത്ത് നിന്ന് മനമോഹൻ പരിപാലിച്ചു. ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കുഞ്ഞ് അനുജത്തിന്മാർക്ക് എന്തെങ്കിലും സ്വീറ്റ്സ് വാങ്ങി പോകുന്നത് ഒരു സ്വഭാവമാണ്. ഒരിക്കൽ ഇത്തരം സാധനങ്ങൾ വാങ്ങി പോകുന്ന മനമോഹനെ വെറുതെ ഒന്നു വിമർശിച്ചു. അതിന് നൽകിയ മറുമടി വല്ലാതെ മനസ്സിൽ തറച്ചു. “ അവർക്ക് അച്ഛനില്ല”, അതിൻ്റെ ഒരു ദു: ഖം അവർ അറിയാൻ പാടില്ല”  എല്ലാവരുടേയും ജീവിതം സുരക്ഷിതമാക്കാനും മനമോഹന് കഴിഞ്ഞു.

ജോലിയിൽ പ്രവേശിച്ചയുടൻ  ജെ ഡി സി പാസായി ജൂനിയർ കോ ഒപ്പറേറ്റീവ് ഇൻസ്പെകുറായും പിന്നെ സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടറായും വളരെ വേഗത്തിൽ അച്ഛൻ്റെ പദവിയിൽ എത്തിച്ചേർന്നു. ജോലിക്കിടയിലും ഭാഷയും മറ്റു വിഷയങ്ങളും ആഴത്തിൽ പഠിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത് തൊഴിലിൽ വലിയ തോതിൽ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ മനമോഹൻ്റെ വകുപ്പിലെ ഉയർന്ന എല്ലാ ഉദ്യോഗസ്ഥർക്കും മനമോഹനെ ഏല്പിക്കുന്ന ജോലികളിൽ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല . സഹകരണ വകുപ്പ് മുതൽ ധനവകുപ്പ് മന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറി വരെ ഉള്ള എല്ലാ ഔദ്യോഗിക ചുമതലകളിലും തൊഴിൽ മികവ് തെളിയിക്കാൻ മനമോഹന്  കഴിഞ്ഞിരുന്നു .

സഹോദരങ്ങളുടെ വിദ്യാഭ്യാസം തന്നെ യായിരുന്നു മനമോഹൻ്  മുഖ്യ ഊന്നൽ നൽകിയിരുന്നത് . മൂത്ത സഹോദരി അനിത ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി , ഇളയ സഹോദരൻ ഉദയകുമാർ തിരുവനന്തപുരം ആയുർവേദ കോളജിൽ പഠിച്ച് ഡോക്ടറായി. സഹോദരി കല  പ്രീഡിഗ്രിക്ക് ശേഷം  ITI,കമ്പ്യൂട്ടർ പരിശീലനം എന്നിവ നേടി സിഡിറ്റിൽ ജോലിനേടി.  രേഖ പ്രീഡിഗ്രിക്ക് ശേഷം  ITI,കമ്പ്യൂട്ടർ പരിശീലനവും ബി.കോം ഉം പാസ്സായി  ആദ്യം  Audio Visual and Reprographic Centre ലും ഇപ്പോൾ CCEK യിലും പ്രവർത്തിക്കുന്നു. ഇളയ സഹോദരി ചിത്ര ബോട്ടണിയിൽ ഡിഗ്രിയും ബി എഡും  നേടി അദ്ധ്യാപികയായി . ഓരോരുത്തരുടേയും താല്പര്യങ്ങൾ പരിഗണിച്ചും പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു തടസ്സും ഉണ്ടാകാതെ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. തുടർന്ന് നാല് സഹോദറിന്മാരുടേയും  വിവാഹവും യഥാസമയങ്ങളിൽ നടത്തുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു . മൂത്ത സഹോദരി അനിതയുടെ വിവാഹം വി.എസ്. എസ്. സി. ഉദ്യോഗസ്ഥനായ  ടി. സുകുമാരനുമായി 1986 മാർച്ച് 30 ന്  നടത്തി. അതിനു ശേഷം  ഉദയകുമാറിൻ്റെ വിവാഹം ഡോ. പി കെ. ബീനാ റോസുമായി 1991 സെപ്തംബർ 2 നു നടന്നു.  തുടർന്ന്  രണ്ടാമത്തെ  സഹോദരി കല യുടെ വിവാഹം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ സുരേന്ദ്രനുമായി 1992 സെപ്തംബർ 1 ന് നടത്തി. അതിനു ശേഷമാണ് മനമോഹൻ വിവാഹിതനാവുന്നത്.  1992 നവംബർ 29 ന് സഹകരണ വകുപ്പിൽ തന്നെ സഹപ്രവർത്തകയും സീനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടറുമായ എം.സി.രാജമ്മയായിരുന്നു വധു. കോട്ടയം കുമരനല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വിവാഹം നടന്നത്.

വിവാഹത്തിന് മുമ്പ് തന്നെ രാജമ്മക്ക് എപ്പിലപ്സി രോഗം ഉണ്ടായിരുന്നു.  എന്നാൽ അത് അത്ര വലിയ ഒരു പ്രശ്നമായി പരിഗണിച്ചിരുന്നില്ല .  വിവാഹ ശേഷം ഏതാനും മാസങ്ങൾക്കു കഴിഞ്ഞ്  രണ്ടു പേരും കൂടി ഇക്ബാൽ സാറിനെ കാണാൻ ചെന്നപ്പോൾ അവിടെ വച്ച്  വളരെ തീവ്രമായി അസുഖം ഉണ്ടാവുകയും തുടർ പരിശോധനയിലാണ് രാജമ്മക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് സ്ഥിരീകരിച്ചത്.  അടിയന്തിര ശസ്ത്രക്രിയ നടത്തി ട്യൂമർ നീക്കം ചെയ്തു.  ഇതിനിടയിൽ രാജമ്മ  ഗർഭിണി ആയിരുന്നതിനാൽ  റേഡിയേഷനും തുടർന്നുള്ള കീമോതെറാപ്പിയുമൊക്കെ കണക്കിലെടുത്ത്  എം. ടി. പി ചെയ്യുന്നതിനാണ് ഡോക്‌ടർമാർ ഉപദേശിച്ചത്. ശസ്ത്രക്രിയയും കീമോ തെറാപ്പിയും വിജയകരമായി നടത്തിയെങ്കിലും അതിന് വഴങ്ങാൻ ട്യൂമർ തയാറായില്ല. ഒരു വർഷത്തിനു ശേഷം  വീണ്ടും ഒരു സർജറി കൂടി വേണ്ടി വന്നു എങ്കിലും ആരോഗ്യത്തിലേക്ക് മടങ്ങാൻ രാജമ്മക്കായില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വീട്ടിൽ ഒരു ഹോം നഴ്‌സിനെ നിർത്തി ഭാര്യയെ വേണ്ടവിധം മനമോഹൻ പരിചരിച്ചു. ഒടുവിൽ 1996 ഡിസംബർ 6 ന് രാജമ്മ മരണപ്പെട്ടു. അങ്ങനെ 4 വർഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം അവസാനിച്ചു. കുറെ നാളുകൾക്കു ശേഷം പുനർവിവാഹത്തിന് വീട്ടുകാരും സുഹൃത്തുകളും  നിർബന്ധിച്ചുവെങ്കിലും മനമോഹൻ അതിന് വഴങ്ങിയില്ല.

സാമൂഹ്യ പ്രവർത്തനത്തിന് മനമോഹന് എല്ലാ പിന്തുണയും അമ്മ നൽകിയിരുന്നു. പുരോഗമന കാഴ്ചപ്പാടുള്ള അവർ എല്ലാ മക്കൾക്കും അതിനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. ഭർത്താവിൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകൾ അതിന് അവരെ പരുവപ്പെടുത്തിയിരുന്നു എന്നു വേണം കരുതാൻ. തൻ്റെ 27-ാമത്തെ വയസിൽ വിധവയായ അവർ ഫാമിലി പെൻഷനും വീടിനോട് ചേർന്നുള്ള  പുരയിടത്തിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുട്ടികളെ വളർത്തി വിദ്യാഭ്യാസം നൽകിയത്. അച്ഛൻ മരിക്കുമ്പോൾ ഏറ്റവും ഇളയ കുട്ടി ചിത്രക്ക് ഒരു വയസ് മാത്രമാണ് ഉണ്ടായിരുന്നത്. ആക്ലേശങ്ങൾ അമ്മയുടെ ആരോഗ്യം മോശമാക്കി. അമ്മക്ക് തുടർച്ചയായുണ്ടായിരുന്ന കിതപ്പ്  ഇക്‌ബാൽ സാറിൻ്റെ നിർദ്ദേശപ്രകാരം   മെഡിക്കൽ കോളേജിൽ പരിശോധിപ്പിച്ചപ്പോഴാണ് ഹൃദ്രോഗമാണെന്ന് തിരിച്ചറിയുന്നത്. ഡോ. ബാഹുലേയൻ്റെയും ഡോ കൃഷ്ണൻചെട്ടിയാരുടെയും  മേൽനോട്ടത്തിൽ  മെഡിക്കൽ കോളേജിൽ അമ്മയെ കിടത്തി ചികിത്സിച്ചപ്പോഴൊക്കെ  മനമോഹനായിരുന്നു അമ്മക്കൊപ്പം ബൈസ്റ്റാൻ്ററായി നിന്ന് പരിചരിച്ചത്. അന്നുമുതൽ പലകാരണങ്ങളാൽ മൻമോഹന് ആശുപത്രിവാസം പതിവായി.  ഹൃദയ വാൽവ് മാറ്റിവക്കലാണ് പരിഹാരം എന്ന് തീരുമാനിക്കപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നു. മനമോഹൻ്റെ ഭാര്യ മരിക്കുന്നതിന് മുമ്പ് 1995 ഏപ്രിൽ 5 ന് പ്രിയപ്പെട്ട അമ്മ വിടപറഞ്ഞു.  

അമ്മയുടെയും ഭാര്യയുടേയും വിയോഗങ്ങൾക്ക് ശേഷമാണ് ഏറ്റവും ഇളയ സഹോദരിമാരുടെ വിവാഹം  നടത്തിയത്. രേഖയുടെ വിവാഹം  1999 മാർച്ച് 18 ന് കെ.എസ് .ഇ.ബി ഉദ്യോഗസ്ഥനായ കെ . സുരേഷ്‌കുമാറുമായും ചിത്രയുടെ വിവാഹം ടാക്സസ് വകുപ്പ് ഉദ്യോഗസ്ഥനായ ബി ചന്ദ്രനുമായി    2001 നവംബർ 4 നുമാണ് നടന്നത്.  ജനകീയാസൂത്രണം പോലെ ക്ലേശകരമായ ദൗത്യം   നിർവഹിക്കുന്നതിനിടയിലാണ് കുടുംബപരമായ  ഉത്തരവവാദിത്വവും മനമോഹൻ പൂർത്തിയാക്കിയത്.

മനമോഹൻ്റെ ആരോഗ്യം

മനമോഹന് ഹൈസ്‌കൂൾ കാലം മുതൽ സ്ഥിരമായി മൈഗ്രെയിൻ വരുമായിരുന്നു. അതിനായി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നു. തുടർന്ന് അതിയായ രക്ത സമ്മർദ്ദവും  പ്രമേഹവും ചെറുപ്പത്തിൽ തന്നെ പിടിപെട്ടു. അതിന് മതിയായ കുടുംബ പാരമ്പര്യവുമുണ്ട്. 

ആശുപത്രി വാസം മനമോഹൻ്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു . ആദ്യം  അമ്മയുടെയും പിന്നെ ഭാര്യയുടേയും രോഗങ്ങളായിരുന്നുവെങ്കിൽ പിന്നീട്  സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്കു വേണ്ടിയായി. വിശ്രമമില്ലാതെയുള്ള പ്രവർത്തനങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തിൽ ആദ്യകാലങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. പ്രമേഹത്തിന് ഡോ.ജ്യോതിദേവിന്റെ  ചികിത്സ ഇടക്ക് പിന്തുടർന്നിരുന്നു.  പ്രമേഹം നിയന്ത്രണ വിധേയമായി   എങ്കിലും ശ്വാസം മുട്ടും ചുമയും മാറാതെ തുടർന്നപ്പോഴാണ്  മെഡിക്കൽ കോളേജിൽ  ബാഹുലേയൻ ഡോക്ടറുടെ ചികിത്സ തേടിയത്.  2002 മുതൽ  ഹൃദയ സംബന്ധമായ ചികിത്സ ആരംഭിച്ചിരുന്നു. 2003 ൽ മെഡിക്കൽ കോളേജിൽ ആഞ്ചിയോഗ്രാം ചെയ്തപ്പോഴാണ് ഹൃദയത്തിലെ ബ്ലോക്കുകൾ കണ്ടുപിടിക്കപ്പെട്ടത്. ബൈപ്പാസ്  ശസ്ത്രക്രിയയല്ലാതെ മറ്റ് പോംവഴികൾ ഇല്ലാത്തതിനാൽ  2004 മാർച്ചിൽ  ശ്രീ ചിത്ര മെഡിക്കൽ   സെന്ററിൽ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ  നടന്നു. കൂടുതൽ ബ്ലോക്കുകൾ ഉണ്ടായിരുന്നു എങ്കിലും രക്തക്കുഴലുകളുടെ സ്ഥിതി മോശമായിരുന്നതിനാൽ സാധ്യമായവ മാത്രമാണ് അന്ന് ബൈപ്പാസ് ചെയ്തത്. ആശുപത്രിവാസത്തിനിടയിൽ തന്നെ ചെറിയ തോതിൽ പക്ഷാഘാതം  ഉണ്ടായത് പിന്നീടുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും നിർഭാഗ്യാവശാൽ മുറിവ് ഉണങ്ങാതിരുന്നത്  കാരണം ശ്രീ ചിത്രയിൽ തന്നെ വീണ്ടും സർജറി ചെയ്തു. വീണ്ടും  അതു ഉണങ്ങാതിരുന്നതിനാൽ  അനന്തപുരി ഹോസ്പിറ്റലിൽ  വീണ്ടും 2 പ്രാവശ്യം കൂടി സർജറി നടത്തി. അങ്ങനെ 2004 മാർച്ച്‌ മുതൽ 2006 മെയ്‌  വരെ  നാലു തവണ ശസ്ത്രക്രിയ ചെയ്തുവെങ്കിലും മുറിവുണങ്ങിയില്ല. 2006 മെയ്‌ മാസം അനന്തപുരിയിലെ അവസാന സർജറി കഴിഞ്ഞു ഡിസ്ചാർജ് ചെയ്ത ഉടനെ തന്നെ  മന്ത്രി ഡോ.തോമസ് ഐസക്കിന്റെ  പ്രൈവറ്റ് സെക്രട്ടറി  സ്ഥാനം ഏറ്റെടുത്തു.  താമസം ധനകാര്യ മന്ത്രിയുടെ  ഔദ്യോഗിക വസതിയായ  Rose House ൽ ആയിരുന്നു   അവിടെ ഡോക തോമസ് ഐസക്ന്റെ അമ്മ മനമോഹന്റെ ആരോഗ്യത്തിലും ഭക്ഷണ കാര്യങ്ങളിലും പ്രത്യേക  ശ്രദ്ധ നൽകിയിരുന്നു. ഇതിനിടയിൽ മനമോഹനെ സന്ദർശിച്ച സീനിയർ ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർ ഡോ. പി.വെ . ജോൺ പ്രത്യേകമായി നിർമ്മിച്ച് നൽകിയ മഞ്ഞൾ ചൂർണ്ണം ഉപയോഗിച്ചപ്പോൾ  ശസ്ത്രക്രിയാ വ്രണം ഉണങ്ങി.  

2015 ൽ തിമിരത്തിനുള്ള ആദ്യത്തെ ഓപ്പറേഷൻ നടത്തി. തുടർന്ന് 2016-ൽ  ഇടതുപക്ഷ സർക്കാർ  ഭരണമേറ്റപ്പോൾ വീണ്ടും ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയെറ്റു. താമസം ധനകാര്യ മന്ത്രിയോടൊപ്പം മൻമോഹൻ ബംഗ്ലാവിൽ. അതിനിടയിലാണ് കോവിഡ് മഹാമാരി വന്നത്. മനമോഹന് 3 തവണ കോവിഡ് പിടിപെട്ടത് ആരോഗ്യ നില കൂടുതൽ മോശമാക്കി. കോവിഡ് ബാധ കഴിഞ്ഞാണ് രണ്ടാമത്തെ തിമിര ശസ്ത്രക്രിയ നടത്തിയത്. അതോടൊപ്പം ശ്വാസതടസ്സം കുറക്കാൻ രാത്രി ഉറങ്ങുന്ന സമയം C PAP (Continuous Positive Airway Pressure) നിർബന്ധമായും ഉപയോഗിക്കണമെന്ന്  ഡോക്ടർമാർ നിർദ്ദേശിച്ചു.

2021 മുതൽ   കുളത്തൂരിലെ സ്വന്തം വീട്ടിലായിരുന്നു മനമോഹന്റെ താമസം.  മറ്റ് ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്ല എങ്കിലും ഗുലാത്തി ഇൻസ്റ്റിട്യൂട്ടിൽ പോവുന്ന പതിവുണ്ടായിരുന്നു. ഡോ. കെ.വി. വിശ്വനാഥൻ, ഡോ. കൃഷ്ണകുമാർ, ഡോ. ഷാഹിർഷാ ബന്ധുവും ഫിസിക്കൽ മെഡിസിൻ  ഡോക്ടറുമായ  ആനന്ദ് രാജ തുടങ്ങിയവരുടെ നിർദ്ദേശപ്രകാരം ഔഷധങ്ങൾ, ഫിസിയോ തെറാപ്പി എന്നിവ മുറപോലെ ചെയ്തു വന്നു. ഒപ്പം സഹോദരൻ്റെ നിർദ്ദേശമനുസരിച്ച് സഞ്ജീവനി ആയുർവേദ ഹോസ്പിറ്റലിലെ ഡോ. സുനിൽ കുമാറിൻ്റെ ആയുർവേദ ചികിത്സയും   ആവശ്യാനുസരണം നടത്തിയിരുന്നു. എന്നാൽ  2024 ആയപ്പോഴേക്കും  രാത്രിയിൽ C PAP  ഉപയോഗിക്കുന്നതിലുള്ള കുറവ് കാരണം  ആരോഗ്യ നില മോശമായി. മാസ്ക് ഉപയോഗിച്ചു നേരെ നിവർന്നു കിടക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു  കാരണം.  ഇത് തുടർച്ചയായ ശ്വാസം മുട്ട്, ചുമ ഇവ കൂടുന്നതിനും  രക്തത്തിൻ ഓക്സിജൻ സാച്വറേഷൻ കുറയുന്നതിനും കാർബൺ ഡയോക്സൈഡിൻ്റെ അളവ്  കൂടുന്നതിനും ഇടയാക്കി. സ്ഥിതി അപകടകരമായ മയക്കത്തിലേക്ക് നയിച്ചപ്പോഴാണ് ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം  2024 മാർച്ച് എട്ടിന്  KIMS ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ഹൃദയത്തിൻ്റെ പ്രവർത്തനം ക്രമീകരിക്കാൻ  പെയ്സ് മേക്കർ  വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് പെയ്സ് മേക്കർ വക്കുകയും ശ്വസനം ക്രമീകരിക്കാൻ CPAP നുപകരം BIPAP നൽകുകയും ചെയ്തു. ആശുപത്രിയിൽ ശിവരാമകൃഷ്ണൻ, ജഗജ്ജീവൻ, സഞ്ജയൻ, അജിത്, കൃഷ്ണൻ മാഷ് തുടങ്ങി സുഹൃത്തുക്കൾ  സഹായത്തിനായി എപ്പോഴുമുണ്ടായിരുന്നു. 

കൃഷ്ണൻ മാഷിൻ്റെ മകൻ ഡോ. ഷാജി പാലങ്ങാടനാണ് കിംസിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ  BIPAP  ഉപയോഗത്തിൻ്റെ പോരായ്‌മ മൂലം  വീണ്ടും മൂന്ന് തവണ ആശുപതി വാസം വേണ്ടി വന്നു.   2025 ജൂലൈ മാസത്തിൽ രണ്ടു  കാലുകളിലും  സെല്ലുലൈറ്റിസ്  വന്ന് മുറിവുണ്ടായപ്പോൾ വീണ്ടും ആശുപത്രിവാസം വേണ്ടി വന്നു.  മുറിവ് ഉണങ്ങിയശേഷമാണ്. പഠന കോൺഗ്രസിൻ്റെ അണിയറ പ്രവർത്തനങ്ങൾക്കായി മനമോഹൻ എ. കെ. ജി സെന്ററിൽ പോയി തുടങ്ങിയത്. ശരീര ഭാരവും ശ്വാസം മുട്ടും കാരണം നടത്തം കുറഞ്ഞത് പേശികൾ ദുർബലമാക്കി. നിൽക്കുന്നതിനും  യാത്ര ചെയ്യുന്നതിനും  വളരെ ബുദ്ധിമുട്ടിയിരുന്നു എങ്കിലും അത് അവഗണിച്ചുകൊണ്ട് ദിവസവും  പോയിരുന്നു. മരണത്തിനു രണ്ടു ദിവസം മുൻപ് വരെയും അത്‌ തുടർന്നു.

സെപ്റ്റംബർ മാസം മുതൽ  മനമോഹന്   ബൈസ്റ്റാന്ററുടെ സേവനം  അത്യാവശ്യമായി.  പകലും രാത്രിയും ഒരുപോലെ കാര്യങ്ങൾ ചെയ്യാൻ സഹോദരി കലക്ക് കഴിയാതായി.  ഒരു ഏജൻസി വഴി  BSc Nursing കഴിഞ്ഞ കുട്ടികളായിരുന്നു  ഇതിനായി വന്നത് . ആൽജിൻ, ടിജോ , അമിത്. മനമോഹൻ ഡോക്‌ടർമാരുടെ  നിർദ്ദേശങ്ങൾ പാലിക്കുന്ന കാര്യത്തിലും  ആഹാര കാര്യത്തിലും കൃത്യത  കാണിക്കുമായിരുന്നു. അവസാന നാളുകളിൽ വെളുപ്പിന് ഷുഗർ ലെവൽ കുറയുന്നത് പതിവായിരുന്നു. അതിനായി ഒരു ഡയബറ്റോളജിസ്റ്റിനെ കാണാനിരിക്കുകയായിരുന്നു. രാത്രിയിലെ ഇൻസുലിൻ കുറക്കണം എന്ന് സഹോദരൻ പറഞ്ഞു വെങ്കിലും വീണ്ടും വ്രണം ഉണ്ടാകുമെന്ന് ഭയന്ന് മനമോഹൻ അതിന് തയാറായില്ല. മരിക്കുന്നതിൻ്റെ തലേദിവസം  പതിവുപോലെ ഷുഗർ കുറവായിരുന്നു . ഇൻസുലിൻ രാത്രി ഒഴിവാക്കാൻ പറഞ്ഞുവെങ്കിലും പതിവ് തെറ്റിച്ചില്ല.  വെളുപ്പിന് നാലുമണിക്ക്  എഴുന്നേറ്റു ടോയ്‌ലെറ്റിൽ  പോയി വന്നിരുന്നു. വീണ്ടും 5:30 ന് സഹോദരി കല പോയിനോക്കുമ്പോൾ  അനക്കമില്ല. അനന്തിരവൻ ബാലു ഷുഗർ ലെവൽ നോക്കുമ്പോൾ 10 അയി കുറഞ്ഞിരുന്നു . ഇടക്ക് കഴിക്കാനായി മധുരം ചേർത്ത കൂവരക് ഫ്ലാസ്കിൽ വച്ചിരുന്നത് കഴിച്ചിട്ടുമില്ല. കൈയ്യെത്തും ദൂരത്തു കിടന്നിരുന്ന സഹായി ആൽജിനെ വിളിച്ചതുമില്ല. അങ്ങനെ പല  ഗുരുതര ആരോഗ്യ പ്രശ്നങ്ങളേയും അതിജീവിച്ച മനമോഹൻ 2026 ജനുവരി പന്ത്രണ്ടാം തീയതി തിങ്കളാഴ്ച ദിവസം അതിരാവിലെ ഷുഗർ താണ് അബോധാവസ്ഥയിൽ യാത്രയായി. 

മരണശേഷം ശരീരം മെഡിക്കൽ കോളേജിന് നൽകാൻ തീരുമാനം

1990 കാലഘട്ടത്തിൽ കോഴിക്കോട് ജോലി ചെയ്യുന്ന അവസരത്തിൽ
സുഖമില്ലാതാവുകയും    കോഴിക്കോട് മെഡിക്കൽ കോളേജിൽ  ഡോ രാംദാസ് പിഷാരടി യുടെ കീഴിൽ  അഡ്മിറ്റ്  ചെയ്ത് ചികിത്സിക്കുകയുണ്ടായി. അക്കാലത്ത് ഡോ. ഇക്ബാൽ സാറും അവിടെ ഉണ്ടായിരുന്നു. 
അന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ  വിദ്യാർത്ഥികൾക്ക് പഠിക്കാൻ മൃതദേഹങ്ങൾ  കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. അതിനെ തുടർന്നാണ്  തന്റെ മരണശേഷം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായ് നൽകണമെന്ന് അവിടെ വച്ച് മനമോഹൻ തീരുമാനമെടുത്ത് അതിനായി സമ്മതപത്രം നൽകിയത്. ഇക്കാര്യം മനമോഹൻ വീട്ടുകാരോടും പറഞ്ഞിരുന്നു.

ഡോ.രാംദാസ് പിഷാരടിയും മനമോഹനും

കോഴിക്കോട്ടെ ചികിത്സക്കു ശേഷം മനമോഹൻ ആരോഗ്യ കാര്യങ്ങളിൽ മുഖ്യമായും ആശ്രയിച്ചിരുന്നത് ഡോ.രാംദാസ് പിഷാരടിയെ ആയിരുന്നു. ഏത് ആശുപത്രിയിൽ പോയാലും    അദ്ദേഹത്തിൻ്റെ ഉപദേശം അനുസരിച്ചായിരുന്നു ഔഷധങ്ങൾ നൽകപ്പെട്ടത്. മനമോഹൻ്റെ ആരോഗ്യസ്ഥിതി കൃത്യമായി അറിയുന്ന അദ്ദേഹം അതിന് പ്രത്യേക പരിഗണന നൽകിയിരുന്നു.വളരെ സീനിയർ ആയ അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ എല്ലാവരും സ്വീകരിക്കുകയും ചെയ്തിരുന്നു. 2014 ജനുവരിയിൽ  ഓഫീസിലേക്ക്  എത്തുന്ന സമയം  കാറിൽ വച്ച് പരാലിസിസ് വന്ന പ്പോഴും   മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റി ന്യുറോളജി ICU ൽ ചികിത്സ കോ ഓഡിനേറ്റ് ചെയ്ത് അദ്ദേഹമായിരുന്നു. അദ്ദേഹം അവിടെ നിന്നു വിരമിച്ച ശേഷമാണ് മനമോഹന് രാത്രി ഉറക്കത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അന്ന് പരിശോധനക്കായി KIMS ഹോസ്പിറ്റലിൽ പരിശോധന നടത്തി C PAP  ഉപയോഗിക്കണമെന്ന്  നിർദ്ദേശിച്ചതും  അദ്ദേഹമായിരുന്നു. എന്നാൽ അകാലത്തിലുള്ള ഡോ. പിഷാരടിയുടെ വിയോഗം മനമോഹനെ വല്ലാതെ ബാധിച്ചു. ഒരേ സമയം വിവിധ സ്പെഷ്യലിസ്റ്റുകളെ കാണേണ്ടി വരുമ്പോൾ സിസ്റ്റം കോ ഓഡിനേഷൻ ഫലപ്രദമായി ചെയ്യാൻ ഒരാളില്ലാതെ പോയതായിരുന്നു മനമോഹൻ്റെ ആരോഗ്യ നില വഷളാക്കിയത്.

മനമോഹൻ്റെ വീട്, അഭിരുചികൾ

മനമോഹനെ പോലെയുള്ള ഒരാൾക്ക് താമസിക്കുന്നതിനും വായനക്കും യോജിച്ച  ആരേയും ആകർഷിക്കുന്ന  ചെറിയ വീടാണ് കിഴക്കുംകരയിലെ രാമകൃഷ്ണ വിലാസം. കുടുംബ വസ്തു ഭാഗം  ചെയ്ത  വേളയിൽ അഞ്ചായി ഭാഗം ചെയ്താൽ മതി എന്നും തനിക്കായി ഒന്നും വേണ്ട എന്നുമായിരുന്നു മനമോഹൻ്റെ തീരുമാനം.  അതിനെ സഹോദരങ്ങൾക്ക് എതിർക്കാനാവില്ല.  എന്നാൽ 2002 മുതൽ ആരോഗ്യ പ്രശ്നങ്ങൾ കൂടിയപ്പോൾ  സഹോദരി കലയുടെ വീട്ടിലായിരുന്നു താമസം.  മന്ത്രി ഓഫീസിലെ കാലാവധി  തീരാറായപ്പോൾ  സ്വന്തമായി ഒരു വീട് വേണമെന്ന  തോന്നലുണ്ടായി. പുതുതായി ഒരു വസ്തു വാങ്ങി വീട് വക്കാനുള്ള സാമ്പത്തികം ഇല്ലാതിരുന്നതിനാൽ  ഇളയ സഹോദരൻ തൻ്റെ ഭാഗത്തിലുള്ള വസ്തു മനമോഹന് ഇഷ്ടദാനമായി നൽകി. അവിടെ മനമോഹന്റെ  ഇഷ്ടത്തിനനുസരിച്ചു തനിച്ച് താമസിക്കാൻ പാകത്തിൻ ഒരു studio apartment നിർമ്മിച്ചു. മനമോഹന്റെ ആവശ്യപ്രകാരം  കോസ്റ്റ് ഫോർഡ് ആണ്  വീട് നിർമ്മിച്ച് നൽകിയത്. കോസ്റ്റ് ഫോർഡിലെ സാജൻ്റെ സംഘത്തിൻ്റെ  മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. വിശാലമായ ഒരു ഹാളിൻ്റെ ഒരുവശം തുറന്ന അടുക്കളയും എതിർവശത്ത് ഒരു അരമതിലിന് പുറകിൽ കിടക്കാനുള്ള സംവിധാനവും മുകളിൽ ഒരു വായനാമുറിയും ലൈബ്രറിയും മാത്രം ഉള്ള ചെറുതും മനോഹരവുമായ വീട്. 2011 ജൂൺ മാസത്തിലായിരുന്നു  വീടിൻ്റെ പാലുകാച്ചൽ. ചെറിയ വീട് ആയതിനാൽ ഒരു ഷെൽഫിൽ കൊളളുന്ന  പുസ്തകങ്ങൾ മാത്ര മാണ് എപ്പോഴും സൂക്ഷിക്കുക. വൈവിധ്യമുള്ള ആ പുസ്തക ശേഖരത്തിൽ  ബാക്കി വരുന്നവ സ്ഥിരമായി തൻ്റെ പ്രിയപ്പെട്ട വായനശാലക്ക് മനമോഹൻ നൽകിയിരുന്നു.

യാത്രകളോടും സംഗീതത്തോടും ഫോട്ടോഗ്രാഫിയോടുമെല്ലാം സവിശേഷമായ താല്പര്യം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു മനമോഹന്റേത്. എൺപതുകളുടെ അവസാന കാലഘട്ടത്തിൽ തന്നെ സ്വന്തമായി ഒരു എസ്.എൽ.ആർ ക്യാമറ അദ്ദേഹം വാങ്ങിയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ക്ലാസുകൾക്ക് മിഴിവേകുന്നതിനായി സ്ലൈഡുകളുടെ വിപുലമായ ഒരു ശേഖരം തന്നെ അദ്ദേഹം തയാറാക്കി സൂക്ഷിച്ചിരുന്നു. പന്ത്രണ്ടാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് മനമോഹൻ തയ്യാറാക്കിയ ഫോട്ടോ ആൽബം ശ്രദ്ധിച്ചാൽ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. തിരക്കുകൾക്കിടയിലും ലഭിക്കുന്ന ഓരോ അവസരങ്ങളിലും പ്രിയപ്പെട്ട സംഗീതക്കച്ചേരികൾ ആസ്വദിക്കാൻ പോകുന്ന ശീലം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു.

കുടുംബം  - മറ്റു വിശദാംശങ്ങൾ

അഞ്ചു സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും അടങ്ങുന്നതായിരുന്നു മനമോഹൻ്റെ കുടുംബം. 
മൂത്ത സഹോദരി എം. ഐ. അനിത, ഭർത്താവ് ടി. സുകുമാരൻ ,മക്കൾ ,എ.എസ്. ശ്രീജിത്ത്‌, എ.എസ്.ഷിജിത. മരുമകൻ വിഷ്ണു സുചേതൻ ,ചെറുമക്കൾ വൈഷ്ണവ് വൈഗ.  സഹോദരൻ ഡോ. വി.ജി.ഉദയകുമാർ, ഭാര്യ. ഡോ പി കെ.ബീന റോസ് മക്കൾ ആനന്ദ് വിഷ്ണു, ആനന്ദ് വരുൺ. രണ്ടാമത്തെ  സഹോദരി എം. ഐ.കല,ഭർത്താവ് വി.എൻ. സുരേന്ദ്രൻ,മകൻ എസ്. കെ.ബാലജിത്ത്.  മൂന്നാമത്തെ സഹോദരി എം.ഐ. രേഖ, ഭർത്താവ് കെ.സുരേഷ് കുമാർ. മക്കൾ അഞ്ജലി കൃഷ്ണ, ഗോപീ കൃഷ്ണ. നാലാമത്തെ സഹോദരി എം. ഐ.ചിത്ര, ഭർത്താവ്  ബി. ചന്ദ്രൻ , മക്കൾ  ചേതൻ ചന്ദ് ചരൺ ചന്ദ്.

കുടുംബ ബന്ധങ്ങൾക്കുപരി മനമോഹൻ വിലകല്പിക്കുന്ന ചില ചിരകാല കുടുംബ സൗഹൃദങ്ങളും വലിയ ഒരു സുഹൃദ് വലയവുമുണ്ട്. മനമോഹൻ മാമൻ എന്നു വിളിക്കുന്ന പ്രഭാകരൻ സാറും കുടുംബവും, സാറിൻ്റെ ഭാര്യ വത്സല (മാമി ) കുട്ടികൾ പ്രിയയും ആശയും അവരുടെ കുട്ടികളും കുടുംബാംഗങ്ങളെപ്പോലെ മനമോഹന് വളരെ പ്രിയപ്പെട്ടവരായിരുന്നു. പരസ്പരമുള്ള വാത്സല്യവും കരുതലും ജീവിതാവസാനം വരെ ഉണ്ടായിരുന്നു. മനമോഹന് സുഹൃത്തുക്കളുടെ കുട്ടികളോടുള്ള വാത്സല്യവും എടുത്തുപറയേണ്ടതാണ്. ഐസക് സഖാവിൻ്റെ മക്കൾ സേര, ഡോറ, പി.വി.ഉണ്ണികൃഷ്ണൻ്റെ മക്കൾ വിന്നിയും ജന്നിയും ഭർത്താവ് ടീം മോർഗനും, ശിവരാമകൃഷ്ണൻ്റെ മക്കൾ അനന്യ കൃഷ്ണനും ആതിര കൃഷ്ണനും, അവരുടെയൊക്കെ പ്രിയപ്പെട്ട മാമനായിരുന്നു മനമോഹൻ. ഇവർക്കൊപ്പമുള്ള യാത്രകളും മറ്റും മനമോഹന് പ്രീയപ്പെട്ടതായിരുന്നു.