Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
പ്രാദേശിക പരീക്ഷണങ്ങൾ

മൃഗസംരക്ഷണം: പെരിങ്ങോം-വയക്കര സംയോജിത പദ്ധതി

Published on August 14, 2026

തെക്കന്‍ കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വടക്കന്‍ കേരളത്തില്‍ മൃഗസംരക്ഷണം അവികസിതമായിരുന്നു. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പെരിങ്ങോം-വയക്കര പഞ്ചായത്ത് മൃഗസംരക്ഷണത്തിനായി ഒരു സമഗ്രപദ്ധതി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. 

കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദധാരികള്‍ ധാരാളമുള്ള കേരള വെറ്ററിനറി സര്‍ജന്‍സ് സര്‍വീസ് അസോസിയേഷനില്‍  നിന്നാണ് പദ്ധതിക്കുവേണ്ട പ്രാരംഭ ഊര്‍ജ്ജവും സാങ്കേതിക മേല്‍നോട്ടവും ലഭിച്ചത്. 56000 ജനങ്ങള്‍ അധിവസിക്കുന്നതും 152.62 ച.കി.മി. വിസ്തീര്‍ണ്ണവുമുള്ള കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് പെരിങ്ങോം-വയക്കര.

പദ്ധതിനിര്‍വ്വഹണത്തിനായി സാമൂഹ്യ-പാരിസ്ഥിതിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനെ 75 സാമീപ്യ യൂണിറ്റുകളായി വിഭജിക്കുകയുണ്ടായി. ഓരോ യൂണിറ്റിലും 40-50 കുടുംബങ്ങള്‍ അടങ്ങുന്ന അയല്‍ക്കൂട്ട സമിതികള്‍ രൂപീകരിച്ചു. ഇവരുടെ പ്രതിനിധികള്‍ കര്‍ഷക കൂട്ടായ്മ ഘടകത്തില്‍ ഒരുമിച്ചു സമ്മേളിച്ചു. അതോടൊപ്പം 140 അംഗ പഞ്ചായത്തുതല പ്രവര്‍ത്തക സമിതിയുമുണ്ടായിരുന്നു.
ഭൂപ്രദേശത്തെ കുടുംബങ്ങളുടെ സര്‍വെ നടത്തി സമഗ്രമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ 15 ഇന പരിപാടി തയ്യാറാക്കുകയായിരുന്നു ആദ്യപ്രവര്‍ത്തനം. ആദ്യപടിയായി 'റാബീസ്മുക്ത പ്രവര്‍ത്തനം'  എന്ന ആദ്യ ഘടകം നടപ്പിലാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1995 ഒക്ടോബറില്‍ പെരിങ്ങോം-വയക്കര കേരളത്തിലെ ആദ്യറാബിസ് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
വലുപ്പമേറിയ പഞ്ചായത്തില്‍ ഒരു മൂലയിലാണ് മൃഗാശുപത്രി സ്ഥിതിചെയ്തിരുന്നത്. ആയതിനാല്‍ പാല്‍ക്കറവയുള്ള മൃഗങ്ങള്‍ ധാരാളമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ചു ഫീല്‍ഡുതല ക്ലിനിക്കുകള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. മൃഗചികില്‍സ, മൃഗപരിപാലനവുമായി ബന്ധപ്പെട്ട ക്ലാസുകള്‍, മെച്ചപ്പെട്ട മൃഗസംരക്ഷണ സാങ്കേതിക വിദ്യകളുടെ പ്രയോഗ പ്രദര്‍ശനം എന്നിവ ഫീല്‍ഡുതല ക്ലിനിക്കുകളുടെ ഭാഗമായി നടത്തുകയുണ്ടായി.

ബ്രോയിലര്‍ ആടുകൃഷി പെരിങ്ങോം-വയക്കരയിലെ നൂതന സംരംഭമായി മാറി. ആടുകളെ മേയ്ക്കാന്‍ വിടുന്നതിനുപകരം കൂടുകളില്‍ വളര്‍ത്തുന്ന രീതി നടപ്പിലാക്കുന്നതിനു ശ്രമിച്ചു. കോഴി, പന്നി, മുയല്‍ ഫാമുകള്‍ എന്നിവയ്ക്കൊപ്പം പുതിയ ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ വ്യാപകമായതോടെ വിപണന സൗകര്യങ്ങള്‍ സ്ഥാപിക്കേണ്ടതായി വന്നു. പ്രധാന കൃഷിക്കാരുടേയും സഹകാരികളുടേയും സഹായത്തോടെ ഒരു മാംസോത്പാദക സഹകരണസംഘം സ്ഥാപിതമായി.

മൃഗങ്ങള്‍ വര്‍ദ്ധിച്ചതോടെ തീറ്റപ്പുല്ലുകള്‍ക്ക് ക്ഷാമമായി. 5-40 ഏക്കര്‍ വരെ വിസ്തൃതിയുള്ള തരിശുഭൂമി കണ്ടെത്തി അവിടെ കര്‍ഷകയൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍കൃഷി നടപ്പിലാക്കിയതോടെ പദ്ധതിയില്‍ അംഗങ്ങളായ കൃഷിക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് തീറ്റപ്പുല്‍ ലഭ്യമായി തുടങ്ങി. ബയോഗ്യാസ് ഉല്‍പാദന യൂണിറ്റുകളുടെ ഒരു ശൃംഖലയാണ് പദ്ധതിയുടെ മറ്റൊരു സാദ്ധ്യത.