Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
ജനകീയാസൂത്രണപ്രസ്ഥാനം

പ്രാദേശിക വികസനവും ആരോഗ്യപരിപാലനപദ്ധതികളും - ആയുർവേദത്തിന്റെ ജനകീയാസൂത്രണ വഴികൾ

Published on August 16, 2026

ഡോ.വി.ജി.ഉദയകുമാർ
കൺവീനർ
ആരോഗ്യമേഖല (ആയുർവേദം)
ജനകീയാസൂത്രണ പ്രസ്ഥാനം 
ഒമ്പതാം പഞ്ചവത്സര പദ്ധതി

കേരളത്തിലെ  ആയുർവേദ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ വികസന സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത് ജനകീയാസൂത്രണ കാലഘട്ടം മുതലാണ്. ജനകീയാസൂത്രണത്തിന് കീഴിൽ  ആരോഗ്യമേഖലയിൽ ആദ്യ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും ആയുർവേദ വകുപ്പ് തന്നെയാണ്. അതിന് കാരണം അലോപ്പതി വിഭാഗത്തിന് ആവശ്യമുള്ള വികസന പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം സംസ്ഥാന ബജറ്റിൽ നിന്നു തന്നെ യഥേഷ്ടം ലഭ്യമാവുമ്പോൾ ആയുർവേദത്തിന് കേവലം ശമ്പള വിതരണവും പരിമിതമായ ഔഷധവിതരണത്തിനുമുള്ള ബജറ്റ് വിഹിതം മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതാണ്. ആ സാഹചര്യത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിനും വിവിധ പദ്ധതികളിലൂടെ ഔഷധ ലഭ്യതയും ജനകീയാസൂത്രണത്തിലൂടെ ഉറപ്പാക്കാനാവും എന്ന ആശയം വലിയ ആവേശത്തോടെയാണ് ഭൂരിഭാഗം മെഡിക്കൽ ഓഫീസർമാരും സ്വീകരിച്ചത്. അതിന് അവരെ സജ്ജരാക്കുന്നതിന് അന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡിനു കീഴിൽ പ്രവർത്തിച്ചിരുന്ന ജനകീയാസൂത്രണ സെല്ലിലെ ആയുർവേദ സബ് കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്. അതിനെക്കാൾ പ്രതീക്ഷ നൽകിയത് പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയ്യാറാവുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു വന്നു എന്നതാണ്. കൃത്യം പത്തു വർഷങ്ങൾക്കു ശേഷം പകർച്ചവ്യാധി പ്രതിരോധത്തിന് ഇമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ വിന്യാസത്തിന് പ്രചോദനമായതും പഴയ ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളുടെ അനുഭവമായിരുന്നു.

അന്ന് ആസൂത്രണ ബോർഡ് അംഗമായിരുന്ന ഡോ. ബി. ഇക്ബാൽ സാർ ആവശ്യപ്പെട്ട പ്രകാരമാണ് ജനകീയാസൂത്രണ സെല്ലിലെ ആയുർവേദ സബ് കമ്മിറ്റിയുടെ ചുമതല 1998-ൽ  ഞാൻ ഏറ്റെടുക്കുന്നത്. തികച്ചും ഒരു സന്നദ്ധ പ്രവർത്തനം. അപ്പോഴേക്കും അലോപ്പതി മേഖലയിൽ പ്രവർത്തനങ്ങൾ ഏറെ പുരോഗമിച്ചിരുന്നു. ആ മാതൃകയിൽ ആയുർവേദ മേഖലയിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു ദൗത്യം.  ആദ്യമായി ആയുർവേദ ഡോക്ടർമാർക്ക് ജനകീയാസൂത്രണത്തിൻ്റെ  സാധ്യതകളും പ്രയോഗവും പരിചയപ്പെടുത്തുന്ന ഒരു കൈപുസ്തകം തയ്യാറാക്കുക എന്നതായിരുന്നു പരിപാടി . അതിനായി ഉടൻ തന്നെ  ആയുർവേദ മേഖലയിലെ വിദഗ്ദ്ധരെ തിരുവനന്തപുരത്ത്  വിളിച്ച് ചേർത്ത് ഒരു ശില്പശാല സംഘടിപ്പിച്ചു.ഡോ. ബി. ഇക്ബാൽ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ശിൽപശാലയിൽ ഡോ. ജോയി ഇളമൺ, ശ്രീ.ജഗജീവൻ എന്നിവരാണ് ജനകീയാസൂത്രണത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച് വിഷയം അവതരിപ്പിച്ചത്. ആയുർവേദ മേഖലയിൽ നിന്നും ഡോ. ടി.ഗോപിനാഥൻ, ഡോ.എ.പി.ശ്രീകുമാർ ,  എ.എം.എ .ഐ . ജനറൽ സെക്രട്ടറി ഡോ. എസ്‌.ദിലീപ് കുമാർ, മുൻ ജനറൽ സെക്രട്ടറി ഡോ.എം.കെ.ബേബി , മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഡോ. എസ്‌.ശശികുമാർ ,ഡോ. മാധവൻ, മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഡോ.രത്നകുമാർ, ഡോ. മുഹമ്മദ് ബിൻ അഹമ്മദ് തുടങ്ങിയവർ ശില്പശാലയിൽ സജീവമായി പങ്കെടുത്തു. വിശദമായ ചർച്ചയിൽ ശ്രദ്ധിക്കേണ്ട മേഖലകളെ സംബന്ധിച്ച് ഏകദേശ രൂപം ഉണ്ടാക്കി.  തുടർന്ന്  ജനകീയാസൂത്രണം സംബന്ധിച്ച് ഡോക്ടർമാർക്ക് ജനകീയാസൂത്രണത്തിൽ പരിശീലനം  നൽകുന്നതിന് ഒരു ആസൂത്രണ സഹായി തയ്യാറാക്കുന്നതിന് എന്നെ ചുമതലപ്പെടുത്തുകയുണ്ടായി.

ആസൂത്രണ സഹായി

അലോപ്പതി സമ്പ്രദായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രശ്നങ്ങളും സമീപന രീതികളും ആയതിനാൽ വളരെ ശ്രമകരമായ ജോലിയായിരുന്നു അത്. അതിൽ ഏറ്റവും പ്രധാനം കേരളത്തിൻ്റെ ആരോഗ്യരക്ഷാ വിതരണ സംവിധാനത്തിൽ ആയുർവേദത്തെ കൃത്യമായ സ്ഥാനത്ത് അവതരിപ്പിക്കുക എന്നതായിരുന്നു. അത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികൃതരെ ബോധ്യപ്പെടുത്തേണ്ടതും ആവശ്യമായിരുന്നു. അതിന് അസൂത്രണ സഹായിയുടെ ആമുഖമായി ദേശീയ ആരോഗ്യനയത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയത് സമീപനങ്ങളിൽ വലിയ മാറ്റം വരുത്തി. അതോടൊപ്പം തന്നെ കേരളത്തിൻ്റെ ആരോഗ്യരക്ഷാ സംവിധാനത്തിൽ ആയുർവേദം വഹിച്ചു വന്ന പങ്ക് കൃത്യമായി അതിൽ രേഖപ്പെടുത്തുന്നതിനും ശ്രമിച്ചു. ഇവിടെ അലോപ്പതി സപ്രദായത്തിൻ്റെ ആവിർഭാവത്തിനു മുമ്പ് തന്നെ കേരളം ആരോഗ്യസൂചകങ്ങളിൽ അഖിലേന്ത്യാ ശരാശരിയേക്കാൾ മുന്നിലായിരുന്നു എന്ന ഡോ. രാമൻകുട്ടിയുടെ പഠനത്തിലെ വിവരങ്ങൾ  കേരളത്തിൻ്റെ നിലവിലെ ആരോഗ്യ പ്രശ്നങ്ങളിൽ  ആയുർവേദത്തെ എപ്രകാരം പ്രയോജനപ്പെടുത്താം എന്നതിലേക്കുള്ള ചൂണ്ടു പലകയായി. ആയുർവേദ രംഗത്തെ വികസന പ്രശ്നങ്ങൾ, അവ പരിഹരിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശങ്ങൾ, മാതൃകാ പ്രോജക്ടുകൾ തുടങ്ങി വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണ സഹായി തയ്യാറാക്കിയത്. മാതൃകാ പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് ഡോ.ടി.ഗോപിനാഥൻ, ഡോ. എ.പി.ശ്രീകുമാർ എന്നിവർ സജീവ പങ്കാളിയായി. വിവിധ മേഖലകളിൽ ആസൂത്രണ സഹായികൾ പിന്നീട് തയ്യാറാക്കപ്പെട്ടുവെങ്കിലും മൂന്നാമത് ആസൂത്രണ സഹായിയായി ആയുർവേദം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണ്.

എട്ട് അധ്യയങ്ങളായി തയ്യാറാക്കിയ ആസുത്രണ സഹായിയിൽ 22 ആരോഗ്യ പരിപാടികൾ 8 മാതൃകാ പ്രോജക്ടുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. പ്രോജക്ടുകൾ ശാസ്ത്രീയമായി തയ്യാറാക്കേണ്ട വിധം, അതിലെ വിവിധ ഘടകങ്ങളായ ആമുഖം , ലക്ഷ്യങ്ങൾ, ഗുണഭോക്താക്കൾ, പ്രവർത്തനങ്ങൾ, സംഘാടനം, ധനകാര്യ വിശകലനം, നേട്ടങ്ങൾ, വിലയിരുത്തൽ തുടങ്ങി എല്ലാ ഘടകങ്ങളും ഏതു തരത്തിൽ തയ്യാറാക്കണം എന്ന് മാതൃകാ പ്രോജക്ടുകളിൽ വിശദീകരിച്ചിരുന്നു. അതു കൊണ്ട് തന്നെ പദ്ധതികൾ അവതരിപ്പിക്കുന്നത് വളരെ അനായാസമാക്കാൻ ആസൂത്രണ സഹായിക്ക് കഴിഞ്ഞു. അതിൽ അവതരിപ്പിക്കപ്പെട്ട ചില പ്രോജക്ടുകൾ ഇപ്പോഴും നടപ്പാക്കി വരുന്നുണ്ട്.

മേഖലാ പരിശീലന പരിപാടികൾ

ആസൂത്രണ സഹായി തയ്യാറായ ഉടൻ തന്നെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കുമായി ഏകദിന പരിശീലന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രൊ.സി.രവീന്ദ്രനാഥ്, പ്രൊ. ടി.പി. കുഞ്ഞിക്കണ്ണൻ, ശ്രീ.ജഗജീവൻ, ഡോ. ജോയ് ഇളമൺ എന്നിവർ ജനകീയാസൂത്രണ സെല്ലിൻ്റെ ഭാഗത്ത് നിന്നും ഡോ. ടി.ഗോപിനാഥൻ, ഡോ.വി.ജി.ഉദയകുമാർ, ഡോ.കെ.ജി.വിശ്വനാഥൻ എന്നിവർ ആയുർവേദ രംഗത്തു നിന്നും വിഷയം അവതരിപ്പിച്ചു.  സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പരിശിലനം ഡോക്ടർമാർക്ക് നൽകപ്പെടുന്നത്. അതാകട്ടെ നിലവിലെ കേന്ദ്രീകൃത സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി. ആരോഗ്യ പദ്ധതികൾ താഴെ തട്ടിൽ ആവിഷ്കരിച്ച് നടപ്പാക്കാമെന്ന ആശയം ആദ്യം ഉട്ടോപ്യനാണ് എന്ന് തോന്നിയിരുന്നു എങ്കിലും സദൃശമായ പദ്ധതികൾ അലോപ്പതി മേഖലയിൽ നടപ്പായി തുടങ്ങിയത് പരീക്ഷണ അടിസ്ഥാനത്തിലെങ്കിലും അവ ഏറ്റെടുക്കുന്നതിനുള്ള മനോഭാവം ഡോക്ടർമാരിൽ സൃഷ്ടിച്ചു. സ്ഥാപനങ്ങളിലെ വികസന പ്രശ്നങ്ങൾ, പശ്ചാത്തല സൗകര്യ വികസനം, ഔഷധ ലഭ്യത  എന്നിവ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഈ പരിശീലന പരിപാടിയിലൂടെ മെഡിക്കൽ ഓഫീസർമാർക്ക് ഉണ്ടായി. അതു കൊണ്ട് വലിയ ആവേശത്തോടെയാണ് ജനകീയാസൂത്രണ പരിപാടിയെ ഒരു വിഭാഗം ഡോക്ടർമാർ സമീപിച്ചത്. എന്നാൽ കുറെ പേർ ഇത് ജോലി ഭാരം കൂട്ടും എന്നതിനാൽ പഴയ ശൈലി തന്നെ തുടർന്നു. എന്നാൽ ഇത് പ്രയോജനപ്പെടുത്തിയ ഇടങ്ങളിൽ ഉണ്ടായ പുരോഗതി ഭൂരിഭാഗം സ്ഥാപനങ്ങളേയും പുതിയ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചു എന്നു മാത്രമല്ല ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സമ്മർദ്ദവും  അതിന് ആക്കം കൂട്ടി എന്നു കാണാം. ഇത് ജനകീയാസൂത്രണ പദ്ധതികളുടെ ആരംഭത്തിൽ തന്നെ ആയുർവേദ മേഖലക്ക്  ത്രിതല പഞ്ചായത്തുകൾ മാറ്റിവച്ച പദ്ധതി വിഹിതം പരിശോധിച്ചാൽ വ്യക്തമാകും.

1997-ൽ തന്നെ സംസ്ഥാനത്താകെ 189 പ്രോജക്ടുകൾ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതിന് സംസ്ഥാവിഹിതമായി 167,93,375 രൂപയും പഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും 47, 1351 രൂപയും സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതമായി 25,05757 രൂപയുംകേന്ദ്രാവിഷ്കൃത പദ്ധതി വിഹിതമായി 1694000 രൂപയും സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയായി  200000 രൂപയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയായി 800000 രൂപയും 4406417 രൂപ മൂല്യമുള്ള സന്നദ്ധ പ്രവർത്തനവും ഗുണഭോക്തൃ വിഹിതമായി 1019081 രൂപയും മറ്റിനങ്ങളിലായി 810875 രൂപയും   ചേർന്ന് ആകെ 329,67656 രൂപ വകയിരുത്തപ്പെട്ടു. ഇതിൽ  133 പ്രോജക്ടുകൾ ഔഷധസസ്യകൃഷിക്ക് വേണ്ടി മാത്രമായിരുന്നു എന്നതാണ് ഏറെ കൗതുകകരം.  അതായത് ജനങ്ങൾ സ്വയം തന്നെ ആയുർവേദ പദ്ധതികളുമായി മുന്നോട്ടു വരുകയായിരുന്നു. അവർക്ക് പരിചിതമായ മേഖല എന്ന നിലയിൽ ഔഷധ സസ്യകൃഷിയാണ് അവർ തെരഞ്ഞെടുത്തത് എന്നു മാത്രം. എന്നാൽ വിളവെടുപ്പ്  വില്പന തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താടെ തുടങ്ങിയതിനാൽ ഉല്പന്നങ്ങളുടെ വില്പന പ്രശ്നമായി. അത് കൃത്യമായി പരിഹരിക്കുന്നതിനുള്ള ഇടപെടൽ വൈകിയതിനാൻ വരും  വർഷങ്ങളിൽ അത് പച്ചക്കറി കൃഷിയായി രൂപാന്തരം പ്രാപിക്കുകയുണ്ടായി എന്നതായിരുന്നു അനുഭവം. ഇന്ന് നിലവിലുള്ള ഔഷധസസ്യബോർഡുപോലുള്ള സംവിധാനം അന്ന് ഉണ്ടായിരുന്നില്ല എന്നതും വലിയ പരിമിതിയായിരുന്നു.

സംയോജിത ആയുർവേദ ആരോഗ്യ പദ്ധതി

പ്രാഥമിക ആരോഗ്യരംഗത്ത് ആയുർവേദത്തെ വിന്യസിപ്പിക്കുന്നതിന് വിവിധ മേഖലകളിലെ ആയുർവേദ ഇടപെടലുകൾക്ക് സാധ്യത തുറക്കുന്ന 22 പദ്ധതി നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഒരു സംയോജിത ആയുർവേദ ആരോഗ്യ പദ്ധതി ആസൂത്രണ സഹായിയിൽ അവതരിപ്പിച്ചത് പൊതുവേ പദ്ധതി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. അതോടൊപ്പം തന്നെ പശ്ചാത്തല സൗകര്യ വികസനവും വളരെ പ്രാധാന്യത്തോടെ ഈ പദ്ധതി നിർദ്ദേശങ്ങളിൽ  ഉൾപ്പെടുത്തപ്പെട്ടിരുന്നു.

1. പ്രാഥമിക ചികിത്സാ സൗകര്യം ലഭ്യമാക്കൽ
2. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
3. ആയുർവേദ ആരോഗ്യ പ്രവർത്തക ശൃംഖല
4. ഗർഭിണീ പരിചരണം.
5. പ്രസവാനന്തര ശുശ്രൂഷ
6. മാതൃ ശിശു സംരക്ഷണം.
7. കുട്ടികളുടെ ആരോഗ്യ സംരക്ഷണം.
8. വിദ്യാലയാരോഗ്യ പരിപാടി
9. കുമാരീ പരിചരണം.
10. വൃദ്ധജന പരിചരണം.
11. അസംഘടിത തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം
12. കാലിക രോഗങ്ങളുടെ നിവാരണം.
13. പ്രത്യേക രോഗങ്ങളുടെ നിവാരണം
14. മാനസിക ആരോഗ്യ പരിപാടി
15. ഔഷധ നിർമ്മാണം
16. ഗൃഹൗഷധികളുടെ പ്രചാരണം
17. തീരദേശ ആരോഗ്യ പരിപാടി
18. മലയോര ആരോഗ്യ പരിപാടി
19. ഔഷധസസ്യകൃഷി
20. ജില്ലാ - ബ്ലോക്ക് ഔഷധ സസ്യ നഴ്സറി
21. ജില്ലാ ആയുർവേദ വ്യവസായ കേന്ദ്രം
22. ഗവേഷണം.

ഇവയായിരുന്നു സംയോജിത ആയുർവേദ ആരോഗ്യ പദ്ധതിയിൽ ഉൾപെടുത്തപ്പെട്ട പരിപാടികൾ. ആയുർവേദ വികസനം സംബന്ധിച്ച് ആസൂത്രണ ബോർഡിൻ്റെ ഒരു രേഖ ഇപ്രകാരം പ്രസിദ്ധീകൃതമായത് വലിയ ഉണർവാണ് ഈ മേഖലയിൽ ഉണ്ടാക്കിയത്. അതോടൊപ്പം തന്നെ തെരഞ്ഞെടുത്ത 8 പദ്ധതി മാതൃകകളും ആസൂത്രണ സനാ വായിൽ ഉൾക്കൊള്ളിച്ചിരുന്നു. അതിൽ അവതരിപ്പിച്ച പല പ്രോജക്ടുകളും ഇന്നും നടപ്പാക്കാ വരുന്നു എന്നത് വലിയ ആവേശം നൽകുന്നു എങ്കിലും ആയുർവേദ ആരോഗ്യ പ്രവർത്തക ശൃംഖല, അസംഘടിത തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം, മലയോര ആരോഗ്യ പരിപാടി, ജില്ലാ ആയുർവേദ വ്യവസായ കേന്ദ്രം, ഗവേഷണ പദ്ധതികൾ എന്നിവ ഇനിയും നടപ്പാക്കേണ്ടതായിട്ടുണ്ട്.  എന്നാൽ പുതിയ ധാരാളം പദ്ധതികൾ ഇപ്പോൾ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നടപ്പാക്കി വരുന്നു എന്നു മാത്രമല്ല സംസ്ഥാന വിഹിതത്തിനേക്കാൾ കൂടുതൽ പദ്ധതി വിഹിതം ആയുർവേദത്തിന് നീക്കി വക്കാൻ പഞ്ചായത്തുകൾ തയാറാവുന്ന തരത്തിലേക്ക് സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. ഒരു കാലത്ത്  ലഭ്യമാക്കുന്ന ഔഷധങ്ങൾ കൊണ്ട് പരിമിതമായ ചികിത്സ നൽകി വന്ന ഈ സ്ഥാപനങ്ങളെ പ്രാദേശികമായി ആവശ്യമുള്ള ഔഷധങ്ങൾ ആവശ്യത്തിന് ലഭ്യമാക്കി ചികിത്സ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാൻ ജനകീയാസൂത്രണ പദ്ധതിയിലൂടെ കഴിഞ്ഞു എന്നതാണ് ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഉണ്ടായ ഏറ്റവും വലിയ നേട്ടം. അതോടൊപ്പം ആശുപത്രികളുടെ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.  ഇത്തരം നേട്ടങ്ങളുടെ പട്ടികയിലെ ഒരു പൊൻ തൂവലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിൽ നടപ്പാക്കി വരുന്ന സ്പന്ദനം പദ്ധതി. വളർച്ചാ വൈകല്യവും പഠന വൈകല്യവുമുള്ള കുട്ടികളുടെ ചികിത്സക്കായി ഒരു ചൈൽഡ് ആൻ്റ് അഡോളസെൻറ് ഇൻസ്റ്റിട്യൂട്ട് തന്നെ അവർക്ക് സ്ഥാപിക്കാനായി. ഇത്തരം അനവധി മാതൃകകൾ ജനകീയാസൂത്രണ പദ്ധതിയുടെ അനന്തമായ സാധ്യതകളാണ്. എന്നാൽ ഇത്തരം പദ്ധതികൾ വ്യക്ത്യധിഷ്ഠിതമായി വളരുകയും തളരുകയും ചെയ്യുന്ന പ്രതിഭാസം ഉണ്ടാകാതിരിക്കുന്നതിനും വേണ്ട കരുതൽ പ്രൊഫഷണൽ സമൂഹത്തിന് ഉണ്ടാകേണ്ടതാണ്.

ചരിത്രത്തിൽ ആദ്യമായി  ആയുർവേദത്തിന് 100 ഡിസ്പെൻസറികൾ

ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുമ്പോൾ കേരളത്തിൽ ആകെ 614 പഞ്ചായത്തുകളിൽ മാത്രമേ ആയുർവേദ ഡിസ്പെൻസറികൾ ഉണ്ടായിരുന്നുള്ളൂ.  ആയുർവേദ സ്ഥാപനങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ആയുർവേദ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വരുന്ന അവസ്ഥ സംജാതമായി. അതുകൊണ്ട് ഒമ്പതാം പദ്ധതി കാലയളവിൽ തന്നെ മുഴുവൻ പഞ്ചായത്തിലും ആയുർവേദ ഡിസ്പെൻസറികൾ സ്ഥാപിക്കണം എന്ന ആവശ്യം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്ലാനിംഗ് ബോർഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ജനകീയാസൂത്രണം ആരംഭിച്ചതിനാൽ ഇനിമേൽ സംസ്ഥാന തലത്തിൽ ഡിസ്പെൻസറികൾ അനുവദിക്കുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യത്തിൻ്റെ ചുമതല വഹിച്ചിരുന്ന ഡോ.ഇക്ബാൽ അറിയിച്ചു. എന്നാൽ പഞ്ചായത്തുകൾ സ്ഥലവും കെട്ടിടവും നൽകാമെമെന്ന ഉറപ്പോടെ ആവശ്യം ഉന്നയിച്ചാൽ അത് ഘട്ടം ഘട്ടമായി പരിഗണിക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകി.

അതനസരിച്ച് ആയുർവേദ ഡിസ്പെൻസറികൾ ഇല്ലാത്ത മുഴുവൻ പഞ്ചായത്തുകളേയും അതിൻ്റെ ആവശ്യകത എ.എം.എ.ഐ. ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി ഭൂരിഭാഗം പഞ്ചായത്തു ഭരണ സമിതികളും ആയുർവേദ ഡിസ്പെൻസറികൾ ആവശ്യപ്പെട്ട് കേരള സർക്കാരിനും സംസ്ഥാന ആസൂത്രണ ബോർഡിനും കത്ത് നൽകി. അതിൻ്റെ അടിസ്ഥാനത്തിൻ 1998 ലെ സംസ്ഥാന ബജറ്റിൽ ചരിത്രത്തിൽ ആദ്യമായി 100 ഡിസ്പെൻസറികൾ പ്രഖ്യാപിക്കപ്പെട്ടു. അടുത്ത മൂന്നു വർഷം കൊണ്ട് മുഴുവൻ പഞ്ചായത്തുകളിലും സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ ആരംഭിച്ച് ജനകീയാസൂത്രണത്തിൽ ആയുർവേദ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അതിനെ അത്തരത്തിൽ ഒരു വിശാല കാഴ്ചപ്പാടോടെ സ്വീകരിക്കുവാൻ ആയുർവേദ മേഖലയിലെ അന്നത്തെ യുവ ഡോക്ടർമാർ തയ്യാറായില്ല. അത്തരത്തിൽ കൂടുതൽ സ്ഥാപനങ്ങൾ ഒരുമിച്ച് ആരംഭിക്കുന്നത് ഭാവിയിലെ തൊഴിൽ സാധ്യത കുറക്കും എന്ന് സംശയിച്ച് അവർ അതിന് തടസം നിന്നു.   100 ഡിസ്പെൻസറികൾക്കായി 400 തസ്തികൾ വരെ ധനകാര്യ വകുപ്പ് അനുവദിച്ച ഈ പദ്ധതി നടപ്പാക്കുന്നത്  ഇല്ലാതാക്കിയത് ചരിത്രപരമായ വിഢിത്തമായിരുന്നു. പിന്നീട് അതിൽ 50 സ്ഥാപനങ്ങൾ മാത്രമാണ് ഡിപ്പാർട്ട്മെൻ്റിന് തുടങ്ങാനായത് എന്നതും അന്നത്തെ കാര്യക്ഷമതയുടെ അളവുകോലാണ്. ജനകീയാസൂത്രണത്തിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും എല്ലാ പഞ്ചായത്തിലും സ്ഥിരം ആയുർവേദ ഡിസ്പെൻസറി എന്ന ലക്ഷ്യം കൈവരിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് അന്നത്തെ വീണ്ടുവിചാരമില്ലായ്മയുടെ വ്യാപ്തി നമ്മെ വീണ്ടും  ബോധ്യപ്പെടുത്തുമെന്നാണ് ഞാൻ കരുതുന്നത്.

ജനകീയാസൂത്രണ പ്രസ്ഥാനം  ആയുർവേദ മേഖലക്ക് ഒരു പുതുജീവൻ നൽകി എന്നത് അതിശയോക്തിയല്ല. ഓരോ ദേശത്തിൻ്റേയും ആരോഗ്യ ആവശ്യങ്ങൾക്ക് അനുസരിച്ച് തദ്ദേശീയമായി പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സ്വാതന്ത്യം പ്രാഥമിക ആരോഗ്യരംഗത്ത് ആയുർവേദത്തിൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒട്ടൊന്നുമല്ല സഹായിച്ചത്. വിഭവ ലഭ്യതയിൽ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ വികസന പ്രശ്നങ്ങൾക്ക് ഒരളവുവരെ പരിഹാരമാവുന്നതിനും ജനകീയാസൂത്രണം അവസരമൊരുക്കി. എന്നാൽ പരമ്പരാഗത വൈദ്യത്തിൻ്റെ സാന്നിദ്ധ്യം ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ തങ്ങളുടെ വ്യവസായ താല്പര്യങ്ങൾക്ക് വിഘാതമാകും എന്ന ബോധ്യത്തിൽ നിന്നുള്ള ചില ആസൂത്രിത ഇടപെടലുകൾ ജനകീയാസൂത്രണത്തിൻ്റെ ആദ്യ ഘട്ടത്തിൽ ആയുർവേദത്തിന് ലഭ്യമായ അവസരങ്ങളെ  ബോധപൂർവം പരിമിതപ്പെടുത്തുന്ന നയപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമാവുന്നു എന്നത് പുതിയ പരിണാമമാണ്. ഇത്തരം ഇടപെടലുകളെ ജനങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്.

Content Image
Content Image