ഗ്രാമസഭകളിലെ ചര്‍ച്ചകളില്‍ മുന്നിട്ടു നിന്നിരുന്നത് തദ്ദേശവാസികളുടെ വ്യക്തിനിഷ്ഠമായ അഭിലാഷങ്ങളും അവരുടെ മുന്നിലുള്ള ആവശ്യങ്ങളും പ്രശ്നങ്ങളുമായിരുന്നു. പ്രസ്തുത ആവശ്യങ്ങള്‍ പരിഹരിക്കുന്നതിലേക്കുള്ള പദ്ധതി തയ്യാറാക്കുന്നതിനു മുന്നേ ഭൗതിക മാനവ വിഭവങ്ങളെ സംബന്ധിച്ച വസ്തുനിഷ്ഠമായ വിലയിരുത്തല്‍ നടത്തേണ്ടത് അത്യാവശ്യമായിരുന്നു.
അതിനായി ഏറ്റെടുക്കേണ്ട കർത്തവ്യങ്ങൾ ഇതൊക്കെയായിരുന്നു.
1. ഒരു സമഗ്ര പ്രാദേശിക വികസന രേഖ തയ്യാറാക്കുന്നതിലേക്ക് ഓരോ പ്രദേശത്തെയും ഭൗതിക മാനവ വിഭവങ്ങളിന്മേലും വികസന പ്രശ്നങ്ങളിന്മേലും പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയാന്വേഷണങ്ങള്‍ ഏറ്റെടുക്കുക.
2. ഓരോ ഗ്രാമപഞ്ചായത്തിലും നഗരസഭയിലും വികസന രേഖ ചര്‍ച്ച ചെയ്യുന്നതിനായി വികസന സെമിനാറുകള്‍ സംഘടിപ്പിച്ച് അതിലൂടെ ഗ്രാമസഭാതലത്തില്‍ തുടക്കം കുറിച്ച വികസന ചര്‍ച്ചകള്‍ വില്ലേജ് തല (ഗ്രാമപഞ്ചായത്ത്/നഗരസഭ) ചര്‍ച്ചകളാക്കി ഉയര്‍ത്തുക.
3. വികസന പദ്ധതിയില്‍ പരിഗണിക്കുന്നതിനു വേണ്ടി മുന്‍ഗണന നിശ്ചയിക്കപ്പെട്ട മേഖലാതല ശുപാര്‍ശകള്‍ കൂട്ടായി രൂപപ്പെടുത്തുക.
തൊഴില്‍ സൃഷ്ടിക്കുന്നതിനോ അല്ലെങ്കില്‍ ദാരിദ്ര്യമില്ലാതാക്കുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമായ പരമ്പരാഗത ഗ്രാമവികസന കര്‍മപദ്ധതികളില്‍നിന്നും വ്യത്യസ്തമായി ജനകീയാസൂത്രണ കാമ്പയിന്‍ വിശദമായ പ്രാദേശിക പദ്ധതികള്‍ വികസിപ്പിക്കുന്നതിനാണ് ശ്രമിച്ചിരുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട വികേന്ദ്രീകരണമാകട്ടെ കൃഷി, മത്സ്യ ബന്ധനം, മൃഗസംരക്ഷണം, ഗ്രാമീണ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിലെ വികസന പരിപാടികളുടെ വലിയ പങ്കും പ്രാദേശികമായി ആസൂത്രണം ചെയ്യപ്പെടുന്നതും ഏറെ വ്യാപ്തിയുള്ളതുമായിരുന്നു.
1. പ്രാദേശികാസൂത്രണത്തിന് വേണ്ടിയിരുന്ന വിവരങ്ങള്‍ എന്തെല്ലാമായിരുന്നു? അവ എങ്ങനെയാണ് കണ്ടെത്താന്‍ കഴിയുക? പ്രാഥമികവിവരശേഖരണം പ്രായോഗികമല്ലാതിരുന്നാല്‍ ദ്വിതീയ വിവരശേഖരണത്തിനുള്ള സാധ്യതകള്‍ എന്തൊക്കെയായിരുന്നു? ഇതെങ്ങനെ പങ്കാളിത്ത രീതിയില്‍ നടത്താന്‍ കഴിയും?
2. പഞ്ചായത്ത്/മുനിസിപ്പല്‍ വികസന രേഖയുടെ ഘടനയും ഉള്ളടക്കവും എന്തായിരിക്കണം? അവ പ്രാഥമികമായും സാമ്പത്തികശാസ്ത്രപരമോ, സാമൂഹ്യശാസ്ത്രപരമോ, ചരിത്രപരമോ ആയിരിക്കേണ്ടതാണോ? പ്രാദേശിക സ്വയം പഠനങ്ങള്‍ക്ക് ഒറ്റ സമീപനം നിര്‍ദ്ദേശിക്കേണ്ടതില്ലായിരുന്നോ?
4. പരിപാടികളെല്ലാം പരിസ്ഥിതി സൗഹൃദമാക്കാനെങ്ങനെയാണ് കഴിയുക?
എങ്ങനെയാണ് ഉത്പാദന മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുക?
അപ്പോഴാണ് വില്ലേജ് തലത്തില്‍ നിലവില്‍ ലഭ്യമായിരുന്ന ദ്വിതീയ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്ക് ശ്രദ്ധ മാറ്റിയത്.
വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചയ്ക്കുശേഷം, 12 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രാദേശിക ഓഫീസുകളില്‍നിന്നുമുള്ള ഡാറ്റാ ശേഖരിക്കുന്നതിനുള്ള ഒരു ഫോര്‍മാറ്റ് രൂപകല്പന ചെയ്യപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത് സ്പോണ്‍സര്‍ ചെയ്ത് പ്രാദേശികതല ആസൂത്രണ ആക്ഷന്‍ റിസര്‍ച്ച് പരിപാടി സംഘടിപ്പിച്ചിരുന്ന ചില പഞ്ചായത്തുകളില്‍ പ്രസ്തുത ഫോര്‍മാറ്റ് ഫീല്‍ഡ് തലത്തില്‍ പരീക്ഷണം നടത്തി.
1996 ഒക്ടോബര്‍ 14 ന് കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയില്‍ വച്ച് ദ്വിതീയ വിവരശേഖരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. വിവരശേഖരണമെന്ന തികച്ചും മുഷിപ്പനായ ഉദ്യമം, എങ്ങനെയൊരു ബഹുജനപങ്കാളിത്ത പ്രവര്‍ത്തനവും ബഹുജന വിദ്യാഭ്യാസത്തിനുള്ള അവസരവുമാക്കാമെന്നത് കുറിച്ചിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ കാണിച്ചു കൊടുത്തു.
എവിടെയെല്ലാം ഡാറ്റ ചിട്ടയായി ശേഖരിക്കപ്പെട്ടുവോ, അവ പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നതിനു വിപുലമായ അടിത്തറ നല്‍കി.
നിലവിലുണ്ടായിരുന്ന കാര്‍ഷിക വികസന പ്രവര്‍ത്തനം വിളകള്‍ കേന്ദ്രീകരിച്ചുള്ള ഇടപെടലിന് അനുകൂലമായിരുന്നു. എന്നാല്‍ പുതിയ സമീപനം, വിളാധിഷ്ഠിതത്തേക്കാളും ഓരോ തുണ്ട് ഭൂമിയെയും കേന്ദ്രീകരിച്ചു കൊണ്ടുള്ളതാകണം എന്നായിരുന്നു. പഞ്ചായത്ത് തല കാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ കേരളത്തിലെ പല വില്ലേജുകളിലും നിലനില്‍ക്കുന്ന വ്യക്തമായ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവിധം വളരെ സാമാന്യമായിരുന്നു. കേരളസംസ്ഥാനം നിമ്നോന്നത ഭൂപ്രദേശമായിരിക്കെ, ഒരു മാതൃകാവില്ലേജില്‍ അതിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നാലു മുതല്‍ അഞ്ചു വരെ സൂക്ഷ്മ പാരിസ്ഥിതിക മേഖലകള്‍ ഉണ്ടാകാം: കുന്നിന്‍ മുകളും സമതലവും, വ്യത്യസ്ത ചരിവുകളിലുള്ള ചരിഞ്ഞ പ്രദേശം, താഴ്വാരങ്ങള്‍, സമതലങ്ങള്‍, ചതുപ്പുകള്‍, തീരദേശം. എങ്ങനെയാണ് ഓരോ സൂക്ഷ്മ പാരിസ്ഥിതിക പ്രദേശത്തിനും അനുയോജ്യമായ ഒരു സംയോജിത ഇടപെടല്‍ പാക്കേജ് എന്ന വ്യവസ്ഥാ സമീപനത്തിലേക്ക് കാമ്പയിനിന് കടക്കാന്‍ കഴിയുക?
പഞ്ചായത്ത് തല വിഭവ ഭൂപടം തയ്യാറാക്കല്‍ പരിപാടി (റിസോഴ്സ് മാപ്പിങ് പ്രോഗ്രാം) ഏതാണ്ട് 100 പഞ്ചായത്തുകളില്‍ മാത്രമേ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. പ്രാഥമിക സാമ്പത്തിക സെന്‍സസിന്‍റെ കാര്യത്തിലെന്നപോലെ, ജനകീയ കാമ്പയിനിന്‍റെ സമയപരിധിക്കുള്ളില്‍, എല്ലായിടത്തും വിഭവഭൂപടം തയ്യാറാക്കാന്‍ ശ്രമിക്കുകയെന്നത് സാഹസികമായിരിക്കും. അപ്പോള്‍ സാധ്യമായ ഇതര മാര്‍ഗമെന്ത്?
ഈ ചര്‍ച്ച, ഒരു ഗ്രാമത്തിന്‍റെ നിലവിലെ സ്ഥിതി എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന നടപടിക്രമമായ ദ്രുത ഗ്രാമ പഠനം തെരഞ്ഞെടുക്കുന്നതിന് വഴിവച്ചു. ഇവിടെ വിവിധ വികസന മേഖലകളിലെ ചെറു ടീമുകള്‍ തദ്ദേശവാസികളുടെ അറിവുകള്‍ ശേഖരിച്ച് അവ ആധുനിക ശാസ്ത്ര വൈദഗ്ധ്യവുമായി വിളക്കിച്ചേര്‍ത്ത് ഓരോ ഗ്രാമത്തിന്‍റെയും സ്ഥിതി മനസ്സിലാക്കുന്നു.
കേരളത്തിലെ ജനകീയ കാമ്പയിനിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍, പ്രാദേശിക ഭൂമിശാസ്തവും പ്രകൃതിവിഭവങ്ങളെയും പഠിക്കുന്നതിലേക്ക് ദ്രുത ഗ്രാമ പഠനത്തിലും പങ്കാളിത്ത ഗ്രാമ പഠനത്തിലും വ്യാപകമായി ഉപയോഗിക്കുന്ന ട്രാന്‍സെക്ട് വാക് (തെരഞ്ഞടുത്ത പാതയിലൂടെയുള്ള നടത്തം) എന്ന രീതി സ്വീകരിക്കുവാന്‍ തീരുമാനിക്കപ്പെട്ടു. ഇതിനുള്ള നടപടിക്രമങ്ങള്‍ ദ്രുതപഠന സങ്കേതങ്ങളില്‍ പരിചിതരായ വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ വച്ച് രൂപപ്പെടുത്തുകയും, ഒരിക്കല്‍ക്കൂടി കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകരാല്‍ ഫീല്‍ഡ് തല പരീക്ഷണം നടത്തിയ ശേഷം ചിട്ടപ്പെടുത്തപ്പെടുകയുമുണ്ടായി. അതില്‍ അഞ്ചു നടപടികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്:
1. കഴിയുന്നതും ഒരു കൃഷി വിദഗ്ദ്ധന്‍, അദ്ധ്യാപകന്‍, സിവില്‍ എഞ്ചിനീയര്‍, അറിവുള്ള കര്‍ഷകന്‍, ആരോഗ്യ പ്രവര്‍ത്തകനോ പഞ്ചായത്ത് അംഗമോ ഉള്‍ക്കൊള്ളുന്ന ആറുമുതല്‍ പന്ത്രണ്ടു പേരടങ്ങുന്ന പഠന ടീമുകളുടെ രൂപീകരണം.
2. ട്രാന്‍സെക്ട് നടത്തത്തിനുള്ള ലൈനുകള്‍ നിശ്ചയിക്കുക. ഇതിന് വലിയ തോതില്‍ തയ്യാറാക്കപ്പെട്ട പഞ്ചായത്തിന്‍റെ ഭൂപടം ആവശ്യമാണ്. ടീം അംഗങ്ങളുടെയും അറിവുള്ള മറ്റാളുകളുടെയും കൂട്ടായ ചര്‍ച്ചയിലൂടെ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്ര സവിശേഷതകള്‍, വിശിഷ്യാ ഭൂമിയുടെ തരം, ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെടണം. പ്രധാനപ്പെട്ട എല്ലാ തരം ഭൂപ്രദേശവും ഉള്‍ക്കൊള്ളുംവിധം ഒരു ട്രാന്‍സെക്ട് ലൈന്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ ട്രാന്‍സെക്ട് ലൈനുകള്‍ തെരഞ്ഞെടുക്കാം.
3. ട്രാന്‍സെക്ട് നടത്തത്തിനു മുന്നേ തന്നെ, നടത്തത്തിന്‍റെ ഭാഗമായി ശേഖരിക്കേണ്ട വിവിധതരം വിവരങ്ങള്‍ സംബന്ധിച്ച് ടീം തീരുമാനമെടുത്തിരിക്കണം. ടീമിലെ ഓരോ അംഗത്തിനും ഓരോ ഇനം വിവരശേഖരണച്ചുതല നല്‍കപ്പെടേണ്ടതുണ്ട്.
ടീം അംഗങ്ങളാല്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സംയോജിപ്പിച്ച് പഞ്ചായത്തിന്‍റെ ഭൂപടത്തില്‍ രേഖപ്പെടുത്തുകയെന്നതാണ് അവസാന നടപടി. ചരിവ്, താഴ്വര, ചതുപ്പ് തുടങ്ങി ഓരോ തരം ഭൂമിക്കുവേണ്ടിയും മണ്ണ് ജല വിഭവങ്ങളും അവയുടെ വിനിയോഗവും, വിളയുടെ മാതൃകകള്‍, ഉല്പാദനം, ഭൂമിയുടെയും ജലത്തിന്‍റെയും ഉപയോഗം സൃഷ്ടിച്ചിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം. ട്രാന്‍സെക്ട് നടത്തം 75 ശതമാനത്തോളം പഞ്ചായത്തുകളിലും ഏറ്റെടുക്കപ്പെട്ടിരുന്നു.