രണ്ടാംഘട്ട കാമ്പയിനിന്‍റെ മുഖ്യ പ്രവര്‍ത്തനം വികസന സെമിനാറുകളായിരുന്നു. വികസന സെമിനാറുകളില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ വികസന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുകയും അവരുടെ വികസന നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കുകയും വേണം. ശരാശരി 231 പ്രതിനിധികള്‍ ഓരോ വികസന സെമിനാറിലും പങ്കെടുത്തതായാണ് കണക്ക്.
ബഹുഭൂരിപക്ഷം പേരും ഗ്രാമസഭകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍. വിഷയഗ്രൂപ്പുകളില്‍നിന്നും ഒരു പുരുഷനെയും ഒരു വനിതയെയും വീതം പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണമെന്ന ശുപാര്‍ശ നല്‍കി. ഗ്രാമസഭാ പ്രതിനിധികളെയും പ്രധാനപ്പെട്ട എല്ലാ പ്രാദേശിക തല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിക്കണമായിരുന്നു. അവര്‍ ആകെ പ്രതിനിധികളുടെ 14% ഉണ്ടായിരുന്നു. ചര്‍ച്ചകളില്‍ വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ബോധ്യമുള്ള, പഞ്ചായത്തിനകത്തോ പുറത്തോ നിന്നുമുള്ള വിദഗ്ധരെ ക്ഷണിക്കുവാനുള്ള അവകാശം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുണ്ടായിരുന്നു.
ഗ്രാമസഭകളുടെ കാര്യത്തിലെന്നപോലെ, വികസന സെമിനാറുകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും വളരെ ശ്രദ്ധ നല്‍കപ്പെട്ടു. 80% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വികസന സെമിനാര്‍ അറിയിച്ചു കൊണ്ട് ലീഫ് ലെറ്റുകള്‍ പ്രസിദ്ധീകരിച്ചു. 75% സ്ഥാപനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ പ്രചാരണം സംഘടിപ്പിച്ചിരുന്നു. 51% സ്ഥാപനങ്ങള്‍ പോസ്റ്ററുകള്‍ പതിച്ചു. ചില പഞ്ചായത്തുകള്‍ പദയാത്രകള്‍, കുട്ടികള്‍ക്ക് വേണ്ടി ക്വിസ്, എക്സിബിഷനുകള്‍ എന്നിവ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗങ്ങളും സെമിനാറുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ടു.
വികസന സെമിനാറുകളുടെ സംസ്ഥാന തല ഉദ്ഘാടനം 1996 ഒക്ടോബര്‍ 21 ന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് സംഘടിപ്പിക്കപ്പെട്ടത്. സംസ്ഥാന തല പരിശീലനം കഴിഞ്ഞ് രണ്ടാഴ്ചക്കകം തന്നെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അവരുടെ പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും അദ്ദേഹം കൂട്ടിയ വിശ്വസ്തരായ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരുടെയും തികഞ്ഞ പ്രതിബദ്ധതയും കൂട്ടായ അധ്വാനവുമാണിത് സാധ്യമാക്കിയത്. സെമിനാറിനുശേഷം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുക്കുകയുണ്ടായി. വള്ളിക്കുന്ന് പഞ്ചായത്തിലെ ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ അധികരിച്ച് ഒരു എക്സിബിഷന്‍ അടുത്തായി സംഘടിപ്പിച്ചിരുന്നു. അത് ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുകയുണ്ടായി.
75 മിനിട്ടോളം നീണ്ടുനിന്ന ഉദ്ഘാടന സെഷനും പഞ്ചായത്ത് വികസന റിപ്പോര്‍ട്ടിന്‍റെ അവതരണത്തിനും ശേഷം സെമിനാറിലെ പ്രതിനിധികള്‍, വികസന റിപ്പോര്‍ട്ടിന്‍റെ ആഴത്തിലുള്ള വിശകലനത്തിനായി, ചെറു വിഷയ ഗ്രൂപ്പുകളായി തിരിയും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ ഭവനവും സാമൂഹ്യ ക്ഷേമവും എന്ന വിഷയ ഗ്രൂപ്പ് തെരഞ്ഞെടുത്തത് അത്ഭുതകരമായി തോന്നി. കണക്കുകള്‍ പ്രകാരം 18% പേരാണ് ഈ ഗ്രൂപ്പ് തെരഞ്ഞെടുത്തിരുന്നത്. അതു കഴിഞ്ഞാല്‍ കൃഷി വിഷയ ഗ്രൂപ്പിലാണ് കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നത്; ഏതാണ്ട് 10% പ്രതിനിധികള്‍. ഏറ്റവും കുറച്ചു പ്രതിനിധികള്‍ പങ്കെടുത്തത് വിഭവസമാഹരണം വിഷയ ഗ്രൂപ്പിലായിരുന്നു, 5.5% പേര്‍ മാത്രം. വനിതാ വികസനം വിഷയ ഗ്രൂപ്പില്‍ 7.7% പ്രതിനിധികള്‍ പങ്കെടുത്തു. ഓരോ വിഷയ ഗ്രൂപ്പിലും നടക്കുന്ന വിശകലനമനുസരിച്ച് വികസന റിപ്പോര്‍ട്ടിലെ ശുപാര്‍ശയിന്‍മേലുള്ള ദേദഗതികള്‍ ഗ്രൂപ്പു കണ്‍വീനര്‍ കുറിച്ചെടുക്കുകയും അവ വൈകുന്നേരം പ്ളീനറി സെഷനില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രൂപ്പുകള്‍ അവതരിപ്പിച്ച ശുപാര്‍ശകള്‍ വികസന റിപ്പോര്‍ട്ടിന്‍റെ ഭേദഗതികളായി രേഖപ്പെടുത്തപ്പെട്ടു. സെമിനാര്‍ നിര്‍ദ്ദേശങ്ങളെ പ്രോജക്ടുകളായി എഴുതി തയ്യാറാക്കുന്നതിന് വിഷയാധിഷ്ഠിത ടാസ്ക് ഫോഴ്സുകളെ തെരഞ്ഞെടുക്കുക എന്നതായിരുന്നു വികസന സെമിനാറിന്‍റെ അവസാന നടപടി.