കോഴിക്കോടു നഗരത്തിനു സമീപത്തുള്ള കുന്നിന്‍ പ്രദേശത്താണ് ഒളവണ്ണ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ മേയ് മാസം വരെയുള്ള വരള്‍ച്ചാ കാലത്ത് പഞ്ചായത്തിലെ 10,098 കുടുംബങ്ങളില്‍ 70 ശതമാനവും കഠിനമായ കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്നു. വേനല്‍ക്കാലത്ത് പഞ്ചായത്തിന്‍റ 30 കുന്നിന്‍പുറങ്ങളില്‍ വെള്ളമില്ല. ആ അവസ്ഥയും താഴ്വരകളിലെ ജലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ നുഴഞ്ഞുകയറ്റവും സാധാരണമായിരുന്നു. സംസ്ഥാനതല പദ്ധതികള്‍ ഒന്നുംതന്നെ ഫലവത്തായില്ല. നിവേദനം നല്‍കിയും പരാതി പറഞ്ഞും ക്ഷീണിച്ച ജനങ്ങള്‍ അവസാനം സ്വന്തം നിലയില്‍ ചെറിയ ജലവിതരണ പദ്ധതികള്‍ക്ക് പണം മുടക്കുന്നതിനു തയ്യാറായി
കുന്നിന്‍ചരുവിലോ താഴ്വരയിലോ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് കിണറുകള്‍ കുഴിച്ച് കുന്നിന്‍ മുകളിലുള്ള ചെറുജലസംഭരണ ടാങ്കുകളിലേക്ക് ജലം പമ്പ് ചെയ്യുകയും അനുബന്ധമായി സ്ഥാപിക്കപ്പെട്ട ചെറുവിതരണ ശൃഖലയില്‍നിന്ന് കുടുംബങ്ങളുടെ കൂട്ടായ്മകള്‍ക്ക് ജലമെടുക്കാമെന്ന സ്ഥിതിയിലെത്തിച്ചു. ഓരോ ചെറുപദ്ധതിയും അതിന്‍റെ ഗുണഭോക്താക്കള്‍ തന്നെ പണംമുടക്കി പരിപാലിക്കുന്ന രീതിയായിരുന്നു. ഇതിനാല്‍ കുടുംബങ്ങള്‍ ചേര്‍ന്ന് സംഘം രജിസ്റ്റര്‍ ചെയ്യുകയും പ്രാരംഭ ചെലവുകള്‍ക്കുള്ള തുക മൊത്തമായോ മാസഗഡുക്കളായോ ലഭ്യമാക്കുകയും ചെയ്തു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് സബ്സിഡി നല്‍കി സഹായിച്ചു.
23 കുടുംബങ്ങള്‍ പങ്കെടുത്ത ആദ്യസംഘം 1990-ല്‍ രൂപീകരിച്ചു. 1996 ആയപ്പോഴേക്ക് 22 സംഘങ്ങള്‍ രൂപീകൃതമായി. ഇവയില്‍ 16 എണ്ണം ഗുണഭോക്താക്കള്‍ മുതല്‍ മുടക്കിയും 6 എണ്ണം ബ്ലോക്ക് പഞ്ചായത്തോ ഗ്രാമപഞ്ചായത്തോ സ്ഥാപിച്ചവയുമാണ്. ഓരോ സംഘത്തിലും 10-82 വരെ കുടുംബങ്ങള്‍ അംഗങ്ങളായി. ഓരോ കുടുംബത്തിനും പ്രതിദിനം 400-500 ലിറ്റര്‍ ജലം ലഭ്യമാകുന്നതിന് മിക്ക ജലസംഘങ്ങള്‍ക്കും സാധിച്ചു. 1996 ആയപ്പോഴേക്ക് കുടിവെള്ളക്ഷാമം നേരിട്ട 7000 കുടുംബങ്ങളില്‍ 1500 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമായി.