Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
പ്രാദേശിക പരീക്ഷണങ്ങൾ

വിദ്യാഭ്യാസം: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരീക്ഷണങ്ങൾ

Published on August 14, 2026

കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരത്തിന്‍റെ അപചയം 1980 കളില്‍ ഒരു പ്രധാന പ്രശ്നമായി ഉയര്‍ന്നു വരികയുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍നിരയിലുണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള മാസികകളുടെ പ്രസിദ്ധീകരണം, സയന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കല്‍, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ശാസ്ത്രാഭിരുചി ക്യാമ്പുകൾ  നടത്തുക, കുട്ടികള്‍ക്കായുള്ള ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുക, പ്രാദേശിക ജില്ലാതലങ്ങളില്‍ 'പഠനോത്സവങ്ങള്‍' സംഘടിപ്പിക്കുന്നതിന് സഹായിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നാടന്‍ കലകളിലൂടെ ശാസ്ത്രകാര്യങ്ങള്‍, വികസന പ്രശ്നങ്ങളുടെ ആശയ വിനിമയം, ജേര്‍ണലുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ ഇവയുടെ പ്രസിദ്ധീകരണം തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസ സങ്കേതങ്ങള്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിചയപ്പെടുത്തി.

ഒരു ദശാബ്ദകാലത്തെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കെ എസ് എസ് പിയെ പഞ്ചായത്ത് സ്കൂള്‍ കോംപ്ലക്സ് എന്ന ആശയത്തിലെത്തിച്ചു. ഒരു ഹൈസ്ക്കൂളിനെയും അതിലേക്ക് കുട്ടികളെ എത്തിക്കുന്ന പ്രൈമറി സ്കൂളുകളെയും ഒറ്റ കോംപ്ലക്സ് ആയി പരിഗണിക്കുകയും ഹൈസ്ക്കൂളിലെ വിഭവങ്ങളെ പ്രൈമറിസ്കൂളുകളിലെ വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രയോജനപ്പെടുത്തുക എന്നതുമാണ് സ്കൂള്‍ കോംപ്ലസിന്‍റെ തന്ത്രം. 1992-93-ല്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സിലിന്‍റെ സഹായത്തോടെ ശിവപുരം ഹൈസ്കൂളിനെ കേന്ദ്ര സ്കൂളായി പരിഗണിച്ചുകൊണ്ട് സമീപത്തെ പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമുള്ള നിരവധി പ്രൈമറി സ്കൂളുകളെ ഫീഡര്‍ സ്കൂളുകളാക്കിയും ശാസ്ത്രപരിഷത്ത് ഒരു സ്കൂള്‍ സമുച്ചയം സജ്ജമാക്കുകയുണ്ടായി. സമുച്ചയം ചെറുതായാല്‍ മാത്രമേ കാര്യക്ഷമമാകുകയുള്ളൂ എന്നതാണ് ഈ പരീക്ഷണം തെളിയിച്ചത്. ഈ പരിമിതികള്‍ മറികടക്കുന്നതിനാണ് ഏക പഞ്ചായത്ത് സ്കൂള്‍ സമുച്ചയമെന്ന ആശയം വികസിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ, കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി എന്നീ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചായത്ത് സ്കൂള്‍ സമുച്ചയപരീക്ഷണം കെ എസ് എസ് പി വിജയകരമായി സംഘടിപ്പിച്ചു.

വൈവിധ്യമാര്‍ന്ന പാഠ്യപദ്ധതിയും പാഠ്യേതര പദ്ധതിയും തുടര്‍ന്ന് നടപ്പിലാക്കുകയുണ്ടായി. ഓരോ സ്കൂളിലും സ്കൂള്‍ സമുച്ചയ സമിതികളും രൂപീകരിച്ചു. ഈ സമിതിയില്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സംഘടന, പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗദ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്കൂള്‍കുട്ടികളുടെ വിദ്യാഭ്യാസപരവും, മനഃശാസ്ത്രപരവുമായ പ്രശ്നങ്ങളും പോഷകാഹാര നിലയും കണ്ടെത്തുന്നതിന് സ്കൂളില്‍ അമ്മമാരുടെ ഫോറം സംഘടിപ്പിച്ചു. അക്കാദമിക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി വിരമിച്ചവരും മുതിര്‍ന്നവരുമായ അദ്ധ്യാപകരേയും വിദ്യാഭ്യാസ വിദഗ്ധരെയും ഉള്‍പ്പെടുത്തി പഞ്ചായത്ത് അക്കാദമിക് സമിതി സജ്ജമാക്കി.