കേരളത്തിലെ പഞ്ചായത്തുകളുടെ വലുപ്പം പരിഗണിച്ച് കേരളത്തിലെ നിയമം ഗ്രാമസഭകളെ ഒരു വാര്‍ഡിലെ സമ്മതിദായകര്‍ എന്ന നിലയിലേക്ക് ചുരുക്കി. സാധാരണ ഒരു പഞ്ചായത്തില്‍ ഏതാണ്ട് 10 മുതല്‍ 12 വാര്‍ഡുകളാണ് വരിക. വാര്‍ഡുതലത്തില്‍ കണക്കാക്കിയാല്‍ തന്നെ ഏതാണ്ട് 1500-2000 അംഗങ്ങളാണ് വരിക. അത് വാര്‍ഡുതല ഗ്രാമസഭാ നടത്തിപ്പ് പോലും ക്ലേശകരമാക്കി.
പ്രാദേശിക ആസൂത്രണത്തിനായി ജനകീയാടിത്തറ ഒരുക്കുവാന്‍ ഏറ്റവും ഉചിതമായ വേദി ഗ്രാമസഭകളാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും സുതാര്യത ഉറപ്പാക്കാന്‍ ഗ്രാമസഭകളുടെ പ്രവര്‍ത്തന കാര്യക്ഷമത മര്‍മ്മപ്രധാനമാണ്.
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒട്ടേറെ അധികാരങ്ങളും ചുമതലകളും ഗ്രാമസഭയ്ക്ക് ലഭിച്ചു. ഗ്രാമസഭകള്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടുതവണയെങ്കിലും കൂടേണ്ടതുണ്ടായിരുന്നു. ഗ്രാമസഭകളില്‍ ധനകാര്യ വിശദാംശങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏറ്റെടുക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ജനപ്രതിനിധികള്‍ അവതരിപ്പിക്കണം. ഗ്രാമസഭകളുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ കഴിയാതെ വന്നാല്‍ അതിന്‍റെ കാരണങ്ങള്‍ നിര്‍ബന്ധമായും അടുത്ത ഗ്രാമസഭകളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിലും മോണിട്ടര്‍ ചെയ്യുന്നതിലും പങ്കാളിയാകുക, സന്നദ്ധസേവനത്തിലൂടെ വിഭവസമാഹരണം നടത്തുക, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നിവ ഗ്രാമസഭകളുടെ ചുമതലയായിരുന്നു.
എന്നാൽ പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ മറികടക്കേണ്ടതുണ്ടായിരുന്നു.
ഗ്രാമസഭകളില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ എങ്ങനെയാണ് ഉത്സാഹഭരിതരാക്കുക?
സാധാരണക്കാരുടെ ക്രിയാത്മക പങ്കാളിത്തം എങ്ങനെയാണ് ഗ്രാമസഭയില്‍ കൊണ്ടുവരിക?
ചര്‍ച്ചയ്ക്കുള്ള അജണ്ട എങ്ങനെയായിരിക്കണം? ചുറ്റുപാടിലെ പ്രശ്നങ്ങള്‍ കണ്ടെത്തുവാന്‍ നിര്‍ദ്ദേശിച്ചാല്‍ മതിയോ? അതോ പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്തി മുന്‍ഗണനാക്രമം നിശ്ചയിക്കുവാന്‍ നിര്‍ദ്ദേശിക്കണമോ?
എങ്ങനെയാണ് ചര്‍ച്ചകള്‍ ചിട്ടപ്പെടുത്തുന്നത്? നൈസര്‍ഗികമായ പ്രതികരണത്തിന് അവസരം സൃഷ്ടിച്ചാല്‍ മതിയോ?
ഗ്രാമസഭകളില്‍ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ പ്രധാനമായും മാധ്യമങ്ങളിലൂടെയായിരുന്നു. പത്രപ്പരസ്യങ്ങള്‍, ലേഖനങ്ങള്‍, റേഡിയോ പ്രഭാഷണങ്ങള്‍, ടെലിവിഷന്‍, ഫ്ളോട്ടുകള്‍ തുടങ്ങിയവ.
ഒപ്പം ഗ്രാമസഭകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹ്യസംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെയത്രയും തുല്യ പ്രാതിനിധ്യമുള്ള സംഘാടക സമിതിയുടെ രൂപീകരണം.
സ്ത്രീകളുടെ സംഘടനകളുടെയും അംഗന്‍വാടികളുടെയും പ്രത്യേകയോഗങ്ങള്‍. സമൂഹത്തിലെ ഇതര വിഭാഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ടുള്ള സമാന യോഗങ്ങള്‍.
ദളിത് പങ്കാളിത്തം ഉറപ്പാക്കുന്നതിന് ദളിത് നേതാക്കളുടെ പ്രത്യേക യോഗം.
അംഗന്‍വാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മൃഗാശുപത്രികള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍.
ഗ്രാമസഭയെ സംബന്ധിച്ച പോസ്റ്ററുകളും എക്സിബിഷനുകളും.
സ്കൂള്‍ അസംബ്ലികളിലുള്ള വിളംബരങ്ങള്‍, പ്രശ്നോത്തരി പോലുള്ള പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍.
പങ്കാളിത്തത്തിന്‍റെ അന്തഃസത്ത ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സംഗീത പരിപാടികള്‍, തെരുവുനാടകങ്ങള്‍, പഞ്ചായത്തുകളിലൂടെയുള്ള പദയാത്രകള്‍, പരമ്പരാഗത വാദ്യ വിളംബരങ്ങള്‍.
അധികാരം ജനങ്ങളിലേക്ക് എന്ന ആശയവുമായി നിരവധി കേന്ദ്രങ്ങളില്‍ കേരള ശാസ്ത്രപരിഷത്ത് ശാസ്ത്രകലാജാഥകള്‍ നടത്തി. നൂറ് ഗ്രൂപ്പുകളിലായി ആയിരത്തിലധികം കലാകാരന്മാര്‍ ഇതില്‍ പങ്കാളികളായി. നിലവിലുള്ള വികസന പ്രക്രിയയുടെ വിമര്‍ശനവും പുതിയ വികസനപാത സൃഷ്ടിക്കുവാന്‍ ഗ്രാമസഭകളില്‍ പങ്കെടുക്കുവാനുള്ള ആഹ്വാനവും ശാസ്ത്രകലാജാഥയുടെ ഭാഗമായിരുന്നു. കലാരൂപത്തിന്‍റെ കൈയെഴുത്തുപ്രതി പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് നല്‍കിക്കൊണ്ട് 1996 സെപ്തംബര്‍ 10 ന് സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ.രാമകൃഷ്ണനായിരുന്നു കലാജാഥ ഉത്ഘാടനം ചെയ്തത്.
ഗ്രാമസഭകള്‍ക്ക് ശേഷം പരമാവധിപ്പേര്‍ പങ്കെടുക്കുന്ന ഒരു പൊതു കൂട്ടായ്മ സംഘടിപ്പിക്കുകയും പങ്കെടുക്കുന്നവരെ വിവിധ വികസന മേഖലകളുടെ അടിസ്ഥാനത്തില്‍ ചെറുഗ്രൂപ്പുകളായി തിരിച്ച് വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്യുക എന്നതായിരുന്നു തീരുമാനം. പന്ത്രണ്ട് ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. കൃഷി-ജലസേചനം, മൃഗസംരക്ഷണം-മത്സ്യബന്ധനം, വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യം-ശുചിത്വം, വ്യവസായം, ഗതാഗതം-ഊര്‍ജ്ജം, പാര്‍പ്പിടം-സാമൂഹ്യക്ഷേമം, സംസ്കാരം, വനിതാ വികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം, വിഭവസമാഹരണം-സഹകരണം എന്നിങ്ങനെ.
പങ്കാളിത്ത ഗ്രാമപഠന തന്ത്രങ്ങള്‍ സ്വാംശീകരിച്ച് സാമാന്യേന ചിട്ടപ്പെടുത്തിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കണം ഗ്രൂപ്പുചര്‍ച്ചകള്‍ എന്നതായിരുന്നു സമീപനം. കാമ്പയിന്‍റെ വ്യാപ്തിയും സമയ പരിധിയും കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഓരോ വികസന മേഖലയ്ക്കും ഏതാണ്ട് രണ്ടുഡസണ്‍ ചോദ്യങ്ങള്‍ വെച്ച് പന്ത്രണ്ട് വികസനമേഖയ്ക്കുമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ഓരോ മേഖലയിലെയും പ്രശ്നങ്ങളും ആവശ്യങ്ങളും കണ്ടെത്തുവാനുതകുന്ന തരത്തിലായിരുന്നു ഈ ചോദ്യങ്ങള്‍. ഇവ ഗ്രൂപ്പുകളില്‍ വിതരണം ചെയ്യുവാനായിരുന്നില്ല. ഓരോ ഗ്രൂപ്പിനൊപ്പവും ഉണ്ടായിരുന്ന പരിശീലനം സിദ്ധിച്ച ഒന്നോ രണ്ടോ റിസോഴ്സ് പേഴ്സണ്‍മാര്‍ ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നയിക്കുകയായിരുന്നു വേണ്ടത്. പ്രാദേശിക സാഹചര്യങ്ങള്‍ക്കുചിതമായ തരത്തിലും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രശ്നങ്ങളെ വിശകലനം ചെയ്ത് കണ്ടെത്തുവാന്‍ പ്രചോദനം നല്‍കുന്ന തരത്തിലും ചോദ്യാവലികളില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടായിരുന്നു.
എങ്ങനെയാണ് ഭാഗികമായി ചിട്ടപ്പെടുത്തിയ ചര്‍ച്ചകള്‍ കാര്യക്ഷമമാക്കുന്നത്? കാര്‍ഷികമേഖല ഉദാഹരണമായി പരിശോധിക്കാം. നെല്‍ക്കൃഷിയില്‍നിന്ന് കര്‍ഷകന് കൃഷിച്ചെലവിനുള്ള വരുമാനം ലഭിക്കില്ലായെന്നാണ് ഗ്രാമപ്രദേശത്തെ പൊതുധാരണ. "നമ്മുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഈ ധാരണ ശരിയോ അല്ലയോ?" എന്ന ചോദ്യം ഉന്നയിച്ചാണ് റിസോഴ്സ് പേഴ്സണ്‍മാര്‍ ചര്‍ച്ച സജീവമാക്കുക. കൃഷിചര്‍ച്ചാഗ്രൂപ്പിലെ അംഗങ്ങള്‍ "അതെ" എന്നുത്തരം നല്‍കിയേക്കാം. "എന്തുകൊണ്ടാവും ഇങ്ങനെ?" എന്നാവും റിസോഴ്സ് പേഴ്സണ്‍ അടുത്തതായി ചോദിക്കുക. കാരണമായി സാധാരണ ചൂണ്ടിക്കാട്ടുക നെല്ലിന്‍റെ കുറഞ്ഞ വിലയാവും. ചര്‍ച്ച അവിടെ അവസാനിക്കുവാന്‍ റിസോഴ്സ് പേഴ്സണ്‍ അനുവദിക്കുവാന്‍ പാടില്ല. മറ്റു കാരണങ്ങളും സാധ്യമല്ലേ എന്നദ്ദേഹം ചോദിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് കിട്ടുന്ന വിലയെ മാത്രം ആശ്രയിച്ചാണോ വരുമാനം ഉണ്ടാകുക? അതോ മണ്ണിന്‍റേയും അദ്ധ്വാനത്തിന്‍റേയുംകൂടി ഫലമാണോ? എങ്കില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉത്പാദന ക്ഷമതയെ ബാധിക്കുക? ജലസേചനം, വിത്തുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, തൊഴില്‍ ബന്ധങ്ങള്‍, സ്ഥലജലമാനേജ്മെന്‍റ്, പ്രാദേശിക വേതന നിരക്ക്, മണ്ണിന്‍റെ ഫലഭൂയിഷ്ഠി, ജലസേചന സൗകര്യങ്ങള്‍, അതിന്‍റെ കേടുപാടുകള്‍, തുടങ്ങിയ വിവരങ്ങളും ചര്‍ച്ചയിലൂടെ കണ്ടെത്താന്‍ റിസോഴ്സ് പേഴ്സണും ഗ്രൂപ്പു കണ്‍വീനര്‍ക്കും കഴിയണം (ഗ്രൂപ്പു കണ്‍വീനറാണ് നോട്ടു തയ്യാറാക്കുന്നത്). ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന കുറിപ്പുകള്‍ വില്ലേജ് ഓഫീസുകളില്‍നിന്ന് പിന്നീട് ശേഖരിക്കുന്ന ഔദ്യോഗിക കണക്കുകളെ സമ്പുഷ്ടീകരിക്കുവാന്‍ സഹായകരമാകും