Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
peoplesplanning

ഗ്രാമസഭകളുടെ രൂപീകരണം

Published on August 12, 2026

ഗ്രാമസഭകളുടെയും  വാര്‍ഡുസഭകളുടെയും രൂപീകരണം ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ട ആദ്യ ചുവട് ഏതാണ്ട് 20 ലക്ഷത്തിലധികം പേരാണ് ഗ്രാമസഭകളില്‍ പങ്കെടുത്തത്. 14,149 ഗ്രാമ/വാര്‍ഡ് സഭകളുടെ സംഘാടനവും നടത്തിപ്പും എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച്, 40 ശതമാനം നിയമസഭാമണ്ഡലങ്ങളും പഞ്ചായത്ത്-മുനിസിപ്പാലിറ്റികളും പ്രതിപക്ഷ മുന്നണിയുടെ അധീനതയിലുള്ളപ്പോള്‍. 

കാമ്പയിനെ ദുര്‍ബ്ബലമാക്കുവാനുള്ള വിഭവശേഷിയും പിന്തുണയും പ്രതിപക്ഷത്തിനുണ്ടെന്ന് വ്യക്തമായിരുന്നു. കാമ്പയിനുള്ള പ്രതിപക്ഷ പിന്തുണ, ചുരുങ്ങിയ പക്ഷം സാധ്യത തെളിയിക്കുന്നതിനുള്ള അവസരം എങ്ങനെയാണ് സൃഷ്ടിക്കുന്നത്? പ്രതിപക്ഷത്തെ ഇതെങ്ങനെയാണ് ബോധ്യപ്പെടുത്തുക? ഉന്നതല ഉപദേശസമിതി രൂപീകരിച്ച് എളുപ്പത്തില്‍ തിരസ്കരിക്കുവാനാകാത്ത ചുമതലകളും വേദികളും നല്‍കി പ്രതിപക്ഷ നേതാക്കളെ കാമ്പയിനിലേക്കെത്തിച്ചാണ് സംഘാടകര്‍ ഇതിന് പരിഹാരം കണ്ടത്.

പ്രശ്നങ്ങള്‍ പലതും പിന്നെയും ബാക്കിയായിരുന്നു. ഗ്രാമസഭകളില്‍ ജനങ്ങളെത്തുമെന്ന് എന്താണുറപ്പ്? കുറേ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഗ്രാമസഭകളില്‍ കാര്യമായ പങ്കാളിത്തം ഉണ്ടായില്ല, ഫലപ്രാപ്തിയും ഉണ്ടായില്ല. വ്യക്തമായ പരിഹാരം പുതിയ ഗ്രാമ/വാര്‍ഡു സഭകള്‍ വ്യത്യസ്തമാക്കുക എന്നത് മാത്രമായിരുന്നു. പക്ഷേ, അതെങ്ങനെ? വ്യത്യസ്തമാക്കുവാന്‍ തീരുമാനിച്ചാല്‍ തന്നെ ജനങ്ങളെങ്ങനെ അറിയും? വിപുലമായ സമ്പര്‍ക്ക പരിപാടികള്‍ ആവിഷ്കരിച്ച് സംഘാടകര്‍ ഇതിനു പരിഹാരം കണ്ടു. ആളുകള്‍ എത്തിയാല്‍ മൈതാന പ്രാസംഗകര്‍ വേദികള്‍ കൈയടക്കുവാനിടയുണ്ട്. അല്ലെങ്കില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ വിരസ പ്രഭാഷണങ്ങള്‍ ജനങ്ങളെ മുഷിപ്പിക്കുവാനിടയുണ്ട്. ഇതെങ്ങനെ ഒഴിവാക്കും? അതിനു പരിഹാരം കണ്ടെത്തി. ഗ്രാമസഭകളുടെ നടത്തിപ്പിന് ഒരു ഘടനയുണ്ടാക്കുക; അതില്‍ ആമുഖ പ്രസംഗങ്ങള്‍ക്ക് കൃത്യമായ സമയം നിഷ്കര്‍ഷിക്കുക; ജനങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുതകുന്ന സ്വതന്ത്രവും ചിട്ടയായതും ലക്ഷ്യനിബന്ധമായതുമായ ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിക്കുവാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ പരിശീലിപ്പിക്കുക എന്നിവയായിരുന്നു പരിഹാരമാര്‍ഗ്ഗങ്ങള്‍. മാര്‍ഗ നിര്‍ദ്ദേശക രേഖകള്‍ തയ്യാറാക്കുവാനെളുപ്പമാണ്. എന്നാല്‍, ആയിരക്കണക്കിന് പ്രവര്‍ത്തകരെ ആര് പരിശീലിപ്പിക്കും? എന്താണ് പരിശീലന സാമഗ്രികള്‍? സംശയങ്ങള്‍ നിരവധിപേര്‍ക്കുണ്ടായി. അതില്‍ അത്ഭുതപ്പെടാനില്ല. എന്തിന്, കാര്യങ്ങള്‍ മുന്‍പോട്ട് ചലിപ്പിക്കുമ്പോഴും മുന്‍നിര പ്രവര്‍ത്തകരിലും ചില ആശങ്കകള്‍ നിലനിന്നിരുന്നു: താഴെത്തട്ടിലാരംഭിച്ച് മുകളിലേക്ക് പോകുന്ന ആസൂത്രണ പ്രക്രിയയ്ക്കായി ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കുവാന്‍ പ്രവര്‍ത്തകര്‍ക്കാകുമോ? പരിശ്രമിച്ചു നോക്കാനെങ്കിലും ആളുകളെ ലഭിക്കുമോ? കാമ്പയിന്‍ ഉത്ഘാടനവും ഉന്നതതല ഉപദേശകസമിതി രൂപീകരണവുമൊക്കെയായി പ്രത്യക്ഷത്തില്‍ കാര്യങ്ങള്‍ ആരംഭിക്കാന്‍ തന്നെ അണിയറയില്‍ ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ പരിശീലന പരിപാടികളിലൊന്നിന് തുടക്കമാവുകയായിരുന്നു. 

ഗൗരവമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും മുന്‍പ് ഗ്രാമസഭകളെകുറിച്ച് കേരളമനസ്സുകളില്‍ ഘനീഭവിച്ചുകിടന്ന പരമ്പരാഗത സങ്കല്‍പ്പത്തെ സംഘാടകര്‍ അതിജീവിക്കേണ്ടതുണ്ടായിരുന്നു. ഗ്രാമസഭകളെക്കുറിച്ചുള്ള കാല്‍പ്പനിക ചിന്തകളുടെയും ഫലപ്രാപ്തി കുറഞ്ഞ നിര്‍വഹണനത്തിന്‍റെയും സമ്മിശ്രണമായിരുന്നു ഈ പരാമ്പരാഗത സങ്കല്‍പ്പങ്ങള്‍. ഗ്രാമസഭയെന്ന വാക്കുതന്നെ മിക്ക കേരളീയരിലും സംശയമോ നിഷ്ക്രിയത്വമോ ഒക്കെ സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരുന്നു. അതിന് കാരണവുമുണ്ടായിരുന്നു.