Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
ജനകീയാസൂത്രണപ്രസ്ഥാനം

ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി ആദ്യയോഗം

Published on August 12, 2026

ജനകീയാസൂത്രണ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയുടെ ഒന്നാമതു യോഗം പദ്ധതി ഉദ്ഘാടനം ചെയ്ത ചിങ്ങം 1-നുതന്നെ ആയിരുന്നു. സമിതിയിൽ 426 പേർ അംഗങ്ങളായിരുന്നു. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ, എല്ലാ പ്രമുഖ വർഗ്ഗബഹുജനസംഘടനകളുടെയും പ്രതിനിധികൾ, എംഎൽഎമാർ, എംപിമാർ, സാമൂഹിക-സാംസ്കാരികപ്രമുഖർ, അക്കാഡമീഷ്യൻമാർ, വിദഗ്ദ്ധർ ഇങ്ങനെ കേരളസമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഈ സമിതിയെന്നു പറയാം. കേരളത്തിൽനിന്നുള്ള എംപി അല്ലാതിരുന്നിട്ടും രാജ്യസഭാംഗമായിരുന്ന ഒ. രാജഗോപാലിനെപ്പോലും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 
426 പേരുടെ സമിതി ഒരുമിച്ചു ചേർന്നാൽ ഫലപ്രദമായ ചർച്ച നടക്കില്ലായെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് ആറു കമ്മിഷനുകളിലായാണു മാർഗ്ഗനിർദ്ദേശകസമിതി ആദ്യം സമ്മേളിച്ചത്. കമ്മിഷനുകളും അദ്ധ്യക്ഷരും ഇപ്രകാരമായിരുന്നു.

ബഹുജനപങ്കാളിത്തം (കെ. വി. സുരേന്ദ്രനാഥ് എംപി)
പ്രചാരണപ്രവർത്തനം (പി. ഗോവിന്ദപ്പിള്ള)
വിദഗ്ദ്ധപങ്കാളിത്തം (എൻ. ബാലകൃഷ്ണൻനായർ)
സ്ത്രീജനപങ്കാളിത്തം (അരുണ സുന്ദരരാജ്)
ഉദ്യോഗസ്ഥപങ്കാളിത്തം (എസ്. ആർ. ശങ്കരൻ)
പ്രദേശികാസൂത്രണം സംബന്ധിച്ച കമ്മിഷൻ (എം. എ. ഉമ്മൻ)

കൺവീനർമാരായി ഇ. എം. ശ്രീധരൻ, ചെറിയാൻ ഫിലിപ്പ്, ഡോ. ബി. ഇക്ബാൽ, ടി. രാധാമണി, എസ്. എം. വിജയാനന്ദ്, ശ്യാമസുന്ദരൻനായർ എന്നിവർ പ്രവർത്തിച്ചു. ഏതാണ്ടു രണ്ടുമണിക്കൂർ നേരം കമ്മിഷൻ ചർച്ചകൾ നടന്നു.

വൈകുന്നേരം ചേർന്ന സമാപനസമ്മേളനത്തിൽ കമ്മിഷൻ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അധ്യക്ഷത വഹിച്ച ഇഎംഎസ്, റിപ്പോർട്ട് അവതരണത്തിനുശേഷം പ്രതികരിച്ചു. റിപ്പോർട്ടുകൾ ക്രോഡീകരിച്ചു സംസാരിച്ച ഞാൻ നന്ദിയും പ്രകാശിപ്പിച്ചു.

ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയുടെ ഒന്നാമത്തെ യോഗത്തിന്റെ സദസ്സിന്റെ ഫോട്ടോ തെരയവേ കിട്ടിയ ചിത്രമാണിത്. കമ്മിഷനുകളുടെ ചർച്ചയും റിപ്പോർട്ടിങ്ങും കഴിഞ്ഞു. ചായ കുടിച്ചു. എല്ലാവരും ഇഎംഎസിന്റെ പ്രതികരണം കേൾക്കാൻ ഇരിക്കുകയാണ്. ഞങ്ങളും സദസ്സിലേക്ക് ഇറങ്ങിയിരുന്നു. ഒന്നാംനിരയിൽ ഡോ. എൻ. എ. കരീം, വർക്കല രാധാകൃഷ്ണൻ, ഇ. എം. ശ്രീധരൻ തുടങ്ങിയവർ. രണ്ടാംനിരയിലാണ് എന്റെ ഇരുപ്പ്. വലതുവശത്ത് കെ. എം. എബ്രഹാം. അതിനപ്പുറം എസ്. എം. വിജയാനന്ദ്. അതൊരു ഒന്നൊന്നര കോമ്പിനേഷനായിരുന്നു.