വിവിധ രാഷ്ട്രീയ കക്ഷികള്‍, രാഷ്ട്രീയേതര സംഘടനകള്‍, വിദഗ്ദ്ധര്‍, പണ്ഡിതര്‍, വിഭിന്ന ബോധ്യങ്ങളുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഒക്കെ അണിചേരുന്ന ഒരു മുന്നേറ്റമായി ജനകീയാസൂത്രണം മാറേണ്ടതുണ്ടായിരുന്നു.
ഇത് സാധ്യമാകണമെങ്കില്‍ മേല്‍സൂചിപ്പിച്ച വൈവിധ്യം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പ്രശസ്തര്‍ പ്രതിനിധാനം ചെയ്യുന്നതാവണം ഉന്നതതല ഉപദേശകസമിതി. സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ കാമ്പയിനിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായും ഉന്നതതല ഉപദേശകസമിതിയെ മേല്‍നോട്ട സമിതിയായും തീരുമാനിച്ചുകൊണ്ടു 1996 ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഉപദേശകസമിതിയില്‍ 140 നിയമസഭാ സമാജികരും കേരളത്തില്‍നിന്നുള്ള 20 പാര്‍ലമെന്‍റംഗങ്ങളും കൂടാതെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥര്‍, ബഹുജനസംഘടനകളുടെ നേതാക്കള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, സാംസ്കാരിക നായകര്‍, എന്നിവരും ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. കേരളത്തിന്‍റെ ആദ്യമുഖ്യമന്ത്രി (1957-59) ഈ എം എസ് നമ്പൂതിരിപ്പാടായിരുന്നു ഉപദേശകസമിതിയെ നയിച്ചത്. കെ കരുണാകരന്‍, എ.കെ ആന്‍റണി (രണ്ടുപേരും കോണ്‍ഗ്രസ്), പി. കെ.വാസുദേവന്‍ നായര്‍ (സി പി ഐ) എന്നീ മുന്‍ മുഖ്യമന്ത്രിമാരും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.എന്‍.രാജ്, നിയമരംഗത്തെ അതികായന്‍മാരിലൊരാളായ വി.ആര്‍.കൃഷ്ണയ്യര്‍, സംസ്കാരിക കേരളത്തിന്‍റെ മുന്‍നിര വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെടുന്ന സുകുമാര്‍ അഴീക്കോട് എന്നിവരും അടങ്ങുന്ന പാനലായിരുന്നു ഉപദ്ധ്യാക്ഷന്‍മാരുടേത്. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി സമിതിയുടെ കണ്‍വീനറായിരുന്നു. മുതിര്‍ന്നവരുള്‍പ്പെട്ട ഈ ഉപദേശകസമിതിയാണ് സംസ്ഥാന ആസൂത്രണബോര്‍ഡിന് കാമ്പയിന്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കിയത്. പിന്നീട് ഈ സമിതിക്ക് ഒരു എക്സിക്യൂട്ടീവ് സമിതി കൂടി രൂപീകരിച്ചു.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ചെറുസമിതിക്ക് രൂപം കൊടുത്തിരുന്നു. ആസൂത്രണബോര്‍ഡ് പ്രതിനിധികളും തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും ഒരുമിച്ചുള്ള യോഗങ്ങള്‍ എല്ലാ ആഴ്ചകളിലും സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കിയത് ഈ സമിതിയാണ്. തദ്ദേശ വകുപ്പുമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു സമിതി അദ്ധ്യക്ഷന്‍. പിന്നീട് ഈ സമിതി എംപവേര്‍ഡ് കമ്മിറ്റിയായി ഉരുത്തിരിഞ്ഞ് കാമ്പയിനിന്‍റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്തു. എല്ലാ ബുധനാഴ്ചകളിലും എംപവേര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ചുവപ്പുനാടകള്‍ ഒഴിവാക്കി കാമ്പയിന്‍ ആവശ്യപ്പെടുന്ന വേഗതയില്‍ തീരുമാനങ്ങളെടുക്കാന്‍ ഉരുത്തിരിഞ്ഞ ഭരണപരമായ ഒരു നൂതനാശയമായിരുന്നു എംപവേര്‍ഡ് കമ്മിറ്റിയെന്ന് അത് തെളിയിച്ചു.
പ്ലാനിംഗ് ബോര്‍ഡ് ആസ്ഥാനത്ത് പ്രത്യേക കാമ്പയിന്‍ സെല്‍ രൂപീകരിക്കപ്പെട്ടു. പ്ലാനിംഗ് ബോര്‍ഡിലെ സാങ്കേതിക ഉദ്യോഗസ്ഥരാവട്ടെ പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പുകളുമായി സാധാരണപോലെ തന്നെ തിരക്കിലും. ഏതാണ്ട് 65 ഓളം സ്റ്റിയറിംഗ് കമ്മിറ്റികളും കര്‍മ്മസമിതികളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവര്‍ക്കൊക്കെ കാര്യനിര്‍വ്വഹണ പിന്തുണ ആവശ്യമായിരുന്നു. സമാന്തരമായി സംസ്ഥാന പദ്ധതി രൂപീകരണവും നടക്കണം. പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പ്ലാനിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുവാന്‍ കഴിയുമായിരുന്നില്ല. മറിച്ച് ആ ഘട്ടത്തില്‍ കാമ്പയിനാവശ്യം സംഘാടനാപരവും പ്രചോദനപരവുമായ പിന്തുണയായിരുന്നു. വിവിധ വകുപ്പുകളില്‍നിന്നും 30 പേര്‍ പ്രത്യേക കാമ്പയിന്‍ സെന്‍ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990-91 കാലത്തെ സാക്ഷരതായജ്ഞവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു ഏതാണ്ട് എല്ലാവരും. ഇതില്‍ 14 പേരെ ജില്ലാതല പരിശീലനത്തിന് പിന്തുണ നല്‍കുവാന്‍ ചുമതലപ്പെടുത്തി. 15 പേരുടെ സേവനം കാമ്പയിന്‍ സെല്ലിലും ലഭ്യമാക്കി. പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പരിശീലന സാമഗ്രികള്‍ അച്ചടിക്കുന്നതിനും കത്തിടപാടുകള്‍ നടത്തുന്നതിനുമൊക്കെ ചുക്കാന്‍ പിടിച്ചത് ഇവരാണ്. രണ്ടുലക്ഷത്തിലധികം കത്തുകള്‍ കാമ്പയിന്‍റെ ആദ്യ വര്‍ഷം പ്ലാനിംഗ് ബോര്‍ഡില്‍ നിന്നയച്ചു. ഇത്രയും കുറച്ചുപേര്‍ ഇത്രയധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളു.
1996 ആഗസ്റ്റ് 17 ന് മലയാള പുതുവര്‍ഷാരംഭത്തില്‍ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. സമാന്തരമായി എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റികളും ഉദ്‌ഘാടനാഘോഷങ്ങള്‍ നടത്തുകയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ജനങ്ങള്‍ക്കിടയിലും ശ്രദ്ധിക്കപ്പെട്ടു.