Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
ജനകീയാസൂത്രണപ്രസ്ഥാനം

ആ ചരിത്രമുഹൂർത്തം

Published on August 12, 2026

1996-ലെ ചിങ്ങപ്പുലരി. അക്കൊല്ലം ചിങ്ങം 1 ആഗസ്റ്റ് 17-ന് ആയിരുന്നു. അന്നായിരുന്നു ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഔപചാരിക ഉദ്ഘാടനം.

അഞ്ചു തിരിയിട്ട പുഷ്പാലംകൃതമായ നിലവിളക്ക്. മുഖ്യമന്ത്രി ഇ. കെ. നായനാർ ആദ്യതിരി തെളിച്ചശേഷം മുൻ മുഖ്യമന്ത്രിമാർക്കു കൈവിളക്കു കൈമാറി. ആദ്യം എ. കെ. ആന്റണിക്കാണു ദീപം കൈമാറിയത്. പിന്നീട് പി. കെ. വാസുദേവൻ നായ‍ർ. അതിനുശേഷമാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചിരുന്ന കേരളത്തിന്റെ പ്രഥമമുഖ്യമന്ത്രിയായ സഖാവ് ഇഎംഎസ് തിരി കൊളുത്തിയത്. മന്ത്രി പി. ജെ. ജോസഫും ദീപം തെളിച്ചു. പിന്നാലെ ഐശ്വര്യപൂർണമായ വരും നാളുകളുടെ പ്രതീകംപോലെ വേദിയിൽ നൂറ്റിയൊന്നു മൺചെരാതുകൾ മിഴിതുറന്നു. ഇതായിരുന്നു ആ ചരിത്രമുഹൂർത്തം. ജനകീയാസൂത്രണത്തിന് ഉജ്വലതുടക്കമായി! മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും ആശംസകൾ എഴുതിയറിയിച്ചു. ചടങ്ങിനു സ്വാഗതം ആശംസിച്ചത് തദ്ദേശഭരണമന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയാണ്.

ഉദ്ഘാടനപ്രസംഗത്തിൽ ഇ. കെ. നായനാർ കേരളസമൂഹത്തോടു പറഞ്ഞത് ഇപ്രകാരമായിരുന്നു: “ആസൂത്രണപ്രക്രിയയിൽ ഒരു കേരളീയനും പങ്കില്ലാതെപോകരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ജനകീയാസൂത്രണപരിപാടി നടപ്പാക്കുന്നത്. അധികാരത്തിലുള്ളവരും അധികാരമില്ലാത്തവരും എന്ന വ്യത്യാസമെന്യേ വിശാലമനസ്സോടെ ഈ പരിപാടി വിജയിപ്പിക്കണം. അതിനായി ഭരണത്തിലുള്ളവരും ഇല്ലാത്തവരും പരസ്പരം സഹകരിക്കണം.”

തിരികൊളുത്തിയ പ്രമുഖരുടെ പ്രഭാഷണങ്ങൾക്കുശേഷം ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, മേയർ വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി സി. പി. നായർ, ഡോ. കെ. എൻ. രാജ്, വനിതാക്കമ്മിഷൻ ചെയർപേഴ്സൺ സുഗതകുമാരി എന്നിവരും ആശംസയർപ്പിച്ചു. സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർപേഴ്സൺ ഐ. എസ്. ഗുലാത്തി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. ആസൂത്രണബോർഡ് സെക്രട്ടറി പി. കെ. ശിവാനന്ദൻ നന്ദി പറഞ്ഞു.

മന്ത്രിമാർ, ആസൂത്രണബോർഡ് അംഗങ്ങൾ, തലസ്ഥാനത്തെ എംഎൽഎമാർ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ പ്രമുഖരുടെ വലിയൊരു സംഘവും വേദിയിൽ ഉപവിഷ്ടരായിരുന്നു.

ഉദ്ഘാടനസമ്മേളനത്തിനുശേഷം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽത്തന്നെ ഉന്നതതലമാർഗനിർദേശകസമിതിയുടെ ആദ്യത്തെ യോഗം ചേർന്നു. യോഗം വൈകുന്നേരംവരെ നീണ്ടുനിന്നു. വരുംവർഷങ്ങളിലേക്കുള്ള ജനകീയാസൂത്രണപ്രവർത്തനത്തിന്റെ രൂപരേഖ അംഗീകരിച്ചു. പിന്നെ സംഭവബഹുലമായ നാളുകൾ... നിസ്തുലമായ ആ കഥ അതിൽ പങ്കാളികളായവരിലൂടെ ഇനിയുള്ള താളുകളിൽ ഇതൾവിരിയുന്നു.