Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
ജനകീയാസൂത്രണപ്രസ്ഥാനം

ജനകീയാസൂത്രണം – ഇന്നു തിരിഞ്ഞുനോക്കുമ്പോൾ

Published on August 12, 2026

ജനകീയാസൂത്രണം രജതജൂബിലി പിന്നിട്ട് മൂന്നു ദശകത്തിന്റെ നിറവിൽ നില്ക്കുമ്പോൾ ആ പ്രസ്ഥാനത്തിനു ചുക്കാൻ പിടിച്ച സംസ്ഥാന ആസൂത്രണബോർഡ് അംഗം എന്ന നിലയിൽ ഇന്നു തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയും അഭിമാനവും മനസ്സു നിറയ്ക്കുന്നു. ജീവിതത്തിലെ ഏറ്റവും സർഗ്ഗാത്മകമായ കാലഘട്ടമായിരുന്നു. എന്തെല്ലാം പുതിയ കാര്യങ്ങളാണ് ആവിഷ്കരിച്ചു നടപ്പാക്കിയത്!
എന്നാൽ എല്ലാം പൂർത്തിയാകുംമുമ്പ് ജനകീയാസൂത്രണപ്രസ്ഥാനം അവസാനിപ്പിക്കേണ്ടിവന്നു. അധികാരവികേന്ദ്രീകരണത്തെ യുഡിഎഫ് പൊളിച്ചില്ലെങ്കിലും ജനകീയാസൂത്രണം വേണ്ടെന്നുവച്ചു. ജനകീയാസൂത്രണത്തിനു പകരം ‘കേരളവികസനപദ്ധതി’ കൊണ്ടുവന്നു. ജനകീയത നഷ്ടപ്പെട്ടു. വിഎസ് സർക്കാരിന്റെ കാലത്ത് ജനകീയാസൂത്രണപ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമം നടത്തി. പ്രതീക്ഷിച്ചതുപോലെ നീങ്ങിയില്ല. പാലു പിരിഞ്ഞുപോയാൽ തിരിച്ചു പാലാക്കാൻ ആവില്ലല്ലോ എന്ന് അന്നു സങ്കടത്തോടെ ഞാൻ പറഞ്ഞത് പിന്നീടുപലരും ഉദ്ധരിച്ചു കേട്ടിട്ടുണ്ട്.

പക്ഷെ, പ്രളയവും കോവിഡും വന്നപ്പോൾ എത്ര നാടകീയമായാണു നാം തിരിച്ചറിഞ്ഞത്, എത്ര പരിമിതിയുണ്ടെങ്കിലും കേരളത്തിന്റെ കരുത്താണ് പ്രാദേശികസർക്കാരുകൾ എന്ന്! റിസർവ്വ് ബാങ്കുപോലും അവരുടെ വാർഷിക സംസ്ഥാനധനകാര്യറിപ്പോർട്ടിൽ കോവിഡ് പ്രതിരോധത്തിൽ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കു വിശദീകരിക്കാൻ ഒരു പേജ് മാറ്റിവച്ചിട്ടുണ്ട്.

ജനകീയാസൂത്രണം പ്രാദേശികസമൂഹത്തിന്റെ സർഗ്ഗാത്മകതയുടെ കെട്ടഴിച്ചുവിടുകയായിരുന്നു. സർക്കാർ നൽകുന്ന പദ്ധതിപ്പണത്തിന്റെ വിനിയോഗത്തിനപ്പുറം ജനങ്ങളുടെ ഭാവനയും അദ്ധ്വാനവും ഒട്ടനവധി പുതിയ പരിപാടികളും പ്രാദേശികവികസനത്തിനു സഹായകമായ നിരവധി സംഘടനാരൂപങ്ങളും ജന്മംകൊണ്ടു. മാത്രമല്ല, ജനകീയാസൂത്രണത്തിന്റെ ഊർജ്ജപ്രവാഹത്തിലൂടെ നിരവധി പുതിയ വികസനപരിപാടികളും ഉടലെടുത്തു. മിക്ക വികസനപരിപാടികളിലും ജനകീയാസൂത്രണത്തിലെ അനുഭവങ്ങളും പാഠങ്ങളും തുടർന്നു സ്വാധീനിക്കുകയും ചെയ്തു. കേരളത്തിന്റെ വികസന-ഭരണരീതികൾക്കും സംവിധാനങ്ങൾക്കും ആകെ മാറ്റം വരുത്താൻ കഴിയുന്നതായിരുന്നു ജനകീയാസൂത്രണം.

ഇഎംഎസ് പറഞ്ഞത് എത്ര ശരി! കേരളസംസ്ഥാനരൂപവത്ക്കരണത്തിനുശേഷം ഭൂപരിഷ്കരണം കഴിഞ്ഞാൽ കേരളത്തിന്റെ അടിത്തട്ടിലുണ്ടായ ഏറ്റവും വലിയ മാറ്റം ജനകീയാസൂത്രണമാണ്. ഇതിലൊരു പങ്കുവഹിക്കാൻ കഴിഞ്ഞത് എത്ര വലിയ ഭാഗ്യം!

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട എന്റെ എഴുത്തുകൾക്കു കണക്ക് ഉണ്ടാക്കുക പ്രയാസകരമാണ്. നല്ലൊരുപങ്കു കൈപ്പുസ്തകങ്ങളും ഞാൻതന്നെ എഴുതിയിട്ടുള്ളവയാണ്. ഞാൻ വായിച്ചുതിരുത്താത്ത ഒരു രേഖയും ജനകീയാസൂത്രണകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ, പേരുവച്ച് അക്കാലത്ത് എഴുതിയ മൂന്നു പുസ്തകങ്ങളേ ഉള്ളൂ. 1. ജനകീയാസൂത്രണം: ചോദ്യോത്തരം, 2. ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും, 3. റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്ന് എഴുതിയ People’s Planning: Kerala, Local Democracy & Development. മൂന്നിലും വ്യക്തിപരമായ അനുഭവവിശദീകരണം കുറവാണ്. അത് ഒരുപരിധിവരെ ‘ദേശാഭിമാനി’ വാരികയ്ക്കുവേണ്ടി മനോജ് കെ. പുതിയവിള നടത്തിയ അഭിമുഖം പരിഹരിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് ഈ ലിങ്കിൽ (http://puthiyavilakal.blogspot.com/2021/07/) അതു വായിക്കാം.

ആസൂത്രണബോർഡിൽ ജനകീയാസൂത്രണവുമായി സജീവമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ബോർഡംഗങ്ങളുടെ ചിത്രമാണ് ഇതോടൊപ്പം ചേർക്കുന്നത് - ഇ. എം. ശ്രീധരൻ, ഡോ. ബി. ഇക്ബാൽ, പിന്നെ ഞാനും. ജനകീയാസൂത്രണത്തിനു പ്രൊഫ. ഐ. എസ്. ഗുലാത്തി പൂർണ്ണപിന്തുണ മാത്രമല്ല, പൂർണ്ണസ്വാതന്ത്ര്യവും അനുവദിച്ചു.