അമിത മത്സ്യബന്ധനം, വിഭവക്ഷാമം, വിപണന നിയന്ത്രണം, വിനാശകരമായ ആധുനികരീതികള്‍, പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ ദരിദ്രവല്‍ക്കരണം തുടങ്ങിയ കാരണങ്ങളാല്‍ കേരളത്തിലെ മത്സ്യമേഖല കഷ്ടപ്പെടുന്ന കാലമായിരുന്നു.
പള്ളിയുടെ പിന്തുണയോടെ നടത്തിവരുന്ന മരിയനാട് മത്സ്യത്തൊഴിലാളി സഹകരണ പ്രസ്ഥാനത്തിന്‍റേയും മഹിളാസമാജത്തിന്‍റേയും ആഭിമുഖ്യത്തില്‍ 1977 ല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച സംവിധാനമാണ് പ്രോഗ്രാം ഫോര്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍.
മത്സ്യത്തൊഴിലാളി സഹകരണ പ്രസ്ഥാനത്തിന്‍റെയും തെക്കേ ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെയും കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസ് രൂപീകരിക്കുന്നതില്‍ പിസിഒ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട്. 1980 കളില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിലെ യൂണിയനുകളേയും വനിതകളുടെ സ്വയംതൊഴില്‍ സംരംഭമായ സെല്‍ഫ് എംപ്ലോയ്സ് വുമന്‍സ് അസോസിയേഷനേയും പിസിഒ പിന്‍തുണയ്ക്കുകയുണ്ടായി.
മത്സ്യ സമാഹരണ ഉപകരണമയി പ്രവര്‍ത്തിക്കാനാകുന്ന ജനകീയ കൃത്രിമ പാരുകള്‍ കടലിലുള്ള സ്വാഭാവികമോ മനുഷ്യനിര്‍മ്മിതമോ ആയ വസ്തുക്കളാല്‍ നിര്‍മ്മിതമാണ്. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവില്‍ വേരൂന്നിയ ആശയമാണ് ഇത്തരം കൃത്രിമ പാരുകൾ.
1984 നും 1991 നുമിടയില്‍ തിരുവനന്തപുരം- കന്യാകുമാരി ജില്ലകളില്‍ 21 കൃത്രിമ പാരുകൾ നിര്‍മ്മിക്കുകയുണ്ടായി. അനിയന്ത്രിതവും ഹാനികരവുമായ പ്രവൃത്തികളാല്‍ നശിപ്പിക്കപ്പെട്ട തീരവിഭവങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള സമൂഹത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഈ പദ്ധതി.