സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട സാക്ഷരതാ പരിപാടികളില്‍നിന്നും വിഭിന്നമായിരുന്നു കേരളത്തിൽ നടന്ന സമ്പൂര്‍ണ്ണസാക്ഷരതാ യജ്ഞം.
ഇന്ത്യയിലെ സാക്ഷരതാ പരിപാടി തുലോം ചെറിയതോതിലുള്ളതും ഒരു പ്രത്യേക ഗ്രാമപ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതുമായിരുന്നു. എന്നാല്‍ കേരളത്തിന്‍റെ സാക്ഷരതാ യജ്ഞം ജനകീയ ഭാവനകള്‍ സ്വാംശീകരിച്ചും തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം നല്കിക്കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള സമൂഹത്തെ പ്രവര്‍ത്തനോന്മുഖമാക്കുന്ന ഒന്നായിരുന്നു. തുടക്കത്തില്‍ ഈ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു എന്നതും അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാലാവധിയുടെ പ്രാഥമിക ലക്ഷ്യം സാക്ഷരതാ പ്രവര്‍ത്തനമായി ഉള്‍ക്കൊള്ളാനുള്ള താല്പര്യവുമാണ് എറണാകുളം ജില്ല തിരഞ്ഞെടുക്കാനുള്ള കാരണം.
1988 ഡിസംബറിലാണ് സാക്ഷരതാ യജ്ഞം ആരംഭിച്ചത്. ഇതിനാവശ്യമായ പ്രവര്‍ത്തകരുടെ പ്രധാന പങ്കും കെ എസ് എസ് പിയാണ് നല്കിയത്. ജില്ലയിലെ എല്ലാ മുനിസിപ്പല്‍ വാര്‍ഡുകളിലും 860 പഞ്ചായത്തു വാര്‍ഡുകളിലും ഉത്സാഹവും സന്നദ്ധതയും ഉറപ്പാക്കിയുള്ള ജനകീയ സമിതികള്‍ ഉണ്ടാക്കി. സാക്ഷരതാ ജാഥകളിലൂടെയും മറ്റു പൊതു പ്രചാരണ പരിപാടികളിലൂടെയും നിരക്ഷരരെ ഈ പരിപാടിയിലേക്ക് ആകര്‍ഷിച്ചു. സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ച ശേഷം അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭ്യമാക്കുന്നതിനായി സാക്ഷരതാ ചുമരുകള്‍ സ്ഥാപിച്ചു. മത്സരാടിസ്ഥാനത്തില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സാക്ഷരതാ ബാനറുകള്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. താല്പര്യപൂര്‍വ്വം മുന്നോട്ടുവന്ന് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരക്ഷരരായ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. പലര്‍ക്കും പാട്ടുപാടുന്നതിനും നൃത്തം വയ്ക്കുന്നതിനും കവിത ചൊല്ലുന്നതിനുമുള്ള അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് അവസരമൊരുക്കി. പഠിതാക്കളുടെ ആത്മബോധവും ആത്മാഭിമാനവും ഉത്തേജിപ്പിക്കുന്നതിനുള്ള പ്രോത്സാഹനവും ലക്ഷ്യമാക്കി.
നാലു ഭാഗങ്ങളുള്ള സാക്ഷരതാ പാഠ്യപദ്ധതിക്കൊപ്പം അദ്ധ്യാപകര്‍ക്ക് നമുക്കുചുറ്റുമുള്ള ലോകം, ഒരു നല്ല നാളെ (പൊതുജനാരോഗ്യത്തെ സംബന്ധിച്ച്), മനുഷ്യന്‍ എങ്ങനെ മനുഷ്യനായി, വികസനവും ജനങ്ങളും എന്ന പുസ്തകങ്ങളും ലഭ്യമാക്കി. 1989 മെയ് മാസം ക്ലാസുകള്‍ ആരംഭിച്ചു.
മലയാളത്തില്‍ വായിക്കുന്നതിനും എഴുതുന്നുതിനുമുള്ള ശേഷി ഉണ്ടാക്കിക്കൊടുക്കുന്നതിനോടൊപ്പം ആരോഗ്യം, രോഗപ്രതിരോധം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബോധനക്രമം എന്ന പരിമിതമായ ലക്ഷ്യം അവര്‍ തെരഞ്ഞെടുത്തു. രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഒരു ക്യാമ്പയിനായി സംഘടിപ്പിക്കപ്പെട്ടതിന്‍റെ ഫലമായി അഞ്ചാംപനി, ക്ഷയം, ഡിഫ്ത്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ രോഗപ്രതിരോധ ശേഷി വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിലേക്കു നയിച്ചു.
1990 ഫെബ്രുവരി മാസം എറണാകുളത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജില്ലയില്‍ കണക്കാക്കിയിട്ടുള്ള 1,74,000 നിരക്ഷരരില്‍ 1.35,000 ആളുകള്‍ വായിക്കുന്നതിനും എഴുതുന്നതിനും പഠിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ പരീക്ഷയില്‍ 1,35,000 നവസാക്ഷരര്‍ 80 ശതമാനത്തിലധികം മാര്‍ക്കു നേടുകയുണ്ടായി. പരാജയപ്പെട്ട 39000 പേര്‍ക്ക് തുടര്‍പരിപാടികളിലൂടെ അവര്‍ പ്രാപ്തമാക്കിയ സാക്ഷരതാ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യമൊരുക്കി.
എറണാകുളം പദ്ധതിയുടെ വിജയം സംസ്ഥാനം മുഴുവന്‍ സമ്പൂര്‍ണ്ണസാക്ഷരതയിലെത്തിക്കുന്നതിനുള്ള പദ്ധതി ദേശീയ സാക്ഷരതാ മിഷന് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചു. പദ്ധതി നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം സാക്ഷരതാ മാതൃക അതേ പ്രഭാവത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു.