Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
പ്രാദേശിക പരീക്ഷണങ്ങൾ

ജനകീയ വിഭവ ഭൂപടനിര്‍മ്മാണ പരിപാടി

Published on August 14, 2026

സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്‍റെ അടിസ്ഥാനത്തില്‍ ആ കാലത്ത് സംഘടിപ്പിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ ശേഷി ഉപയോഗപ്പെടുത്തി ഓരോ ഗ്രാമത്തിലും ഡാറ്റാബേസ് ഉണ്ടാക്കുന്നതിനായി ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഒരു പരിപാടിയാണ് ജനകീയ ഭൂപടപരിപാടി. 
പൊതുചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള വിവരശേഖരണത്തിന്‍റെ സ്ഥാനത്ത് ഗ്രാമത്തിലെ ഓരോ പുരയിടത്തിലുമുള്ള ഭൂമിയും ജലവും സസ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനാണ് ജനകീയ പരിപാടി ശ്രമിച്ചത്. രേഖപ്പെടുത്തി കഴിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വില്ലേജ് റവന്യൂ മാപ്പില്‍ പ്രസക്തമായ വിവരങ്ങളെല്ലാം ദൃശ്യമാക്കും. പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഭൂപടം തയ്യാറാക്കേണ്ടിയിരുന്നത്. അങ്ങനെയാകുമ്പോള്‍ ഭൂപടത്തിലേക്കുള്ള വിവരം ശേഖരിക്കുന്ന പ്രവര്‍ത്തനം പ്രാദേശിക പ്രകൃതി വിഭവങ്ങളെ സംബന്ധിച്ചും പ്രാദേശിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണരീതി കൂടിയായി മാറി.

കേരളത്തിലെ പ്രധാന ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രമായ സെസ്സിലെ (CESS) ലെ ശാസ്ത്രജ്ഞന്മാരും മുതിര്‍ന്ന ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവര്‍ത്തകരും തമ്മില്‍ നടന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നാണ് വിഭവഭൂപടം തയ്യാറാക്കുന്നതിനുള്ള മാതൃക ഉരുത്തിരിയുന്നത്.

ജനകീയ വിഭവഭൂപട നിര്‍മ്മാണപരിപാടിയില്‍ താഴെ പറയുന്ന 6 ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.
1.    സന്നദ്ധ പ്രവര്‍ത്തകരുടെ പരിശീലനം
2.    ഭൂവിനിയോഗ രീതിയും മനുഷ്യനിര്‍മ്മിത ആസ്തികളും സന്നദ്ധപ്രവര്‍ത്തകര്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു.
3.    സര്‍വേ ഓഫ് ഇന്ത്യ തയ്യാറാക്കിയ നിമ്നോന്നതരേഖകള്‍  ഉള്ള ഭൂപടത്തില്‍ ഭൂപ്രകൃതി,  ഭൂഗര്‍ഭ ജലശേഷി, മണ്ണിന്‍റെ ആഴം എന്നിവ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തി ഭൂപടങ്ങള്‍ തയ്യാറാക്കുന്നു.
4.    വിഷയഭൂപടങ്ങള്‍ ഒന്നിനുമേല്‍ ഒന്ന് എന്ന രീതിയില്‍ പരിശോധിച്ച് പാരിസ്ഥിതിക വിലയിരുത്തല്‍ ഭൂപടം തയ്യാറാക്കല്‍.
5.    കുടുംബതല വിവരശേഖരണം നടത്തി ഗാര്‍ഹികതലത്തില്‍ സാമൂഹ്യ-സാമ്പത്തിക വിവരണശേഖരണം നടത്തല്‍.
6.    വിഷയ ഭൂപടങ്ങള്‍ വ്യാഖ്യാനിച്ച് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കല്‍.

പ്രാരംഭമായി തെരഞ്ഞെടുത്ത 25 പഞ്ചായത്തില്‍ ജനകീയ ഭൂപട നിര്‍മാണ പരിപാടി വ്യത്യസ്ത അളവില്‍ വിജയപ്രദമായി നടപ്പിലാക്കി.