Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
പ്രാദേശിക പരീക്ഷണങ്ങൾ

ജനകീയ പച്ചക്കറികൃഷി പരിപാടി: കഞ്ഞിക്കുഴി

Published on August 14, 2026

ആലപ്പുഴ ജില്ലയിലെ തീരദേശമേഖലയില്‍ ഉത്പാദനക്ഷമത കുറഞ്ഞതും ജലാംശം നിലനിര്‍ത്തുന്നതിന് പരിമിതികളുള്ളതുമായ മണല്‍പ്രദേശത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി. 

ഭൂമി അങ്ങേയറ്റം തുണ്ടുവല്‍ക്കരിക്കപ്പെട്ടിരുന്നു.  പാരിസ്ഥിതിക അപചയം മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിച്ചിരുന്നു.  അനുയോജ്യമല്ലാത്ത കാര്‍ഷികരീതികളാൽ കർഷകരുടെ  വരുമാനം ഗണ്യമായി കുറഞ്ഞ് കാര്‍ഷികമേഖല സ്തംഭനാവസ്ഥയെ അഭിമുഖീകരിക്കുന്ന സ്ഥിതിയായിരുന്നു 

തുടര്‍ന്ന് ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ് പദ്ധതിയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് സജീവ പങ്കാളിയായി. 

1996-ല്‍ കൃഷിഭവന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക സൗകര്യങ്ങളും സ്വീകരിച്ചുകൊണ്ടു ജനകീയാസൂത്രണത്തിന് മുന്‍പുതന്നെ ഓരോ ഗാര്‍ഹിക പുരയിടത്തിലും പരമ്പരാഗതമായ പച്ചക്കറികൃഷി പുനഃരാംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കി. അതനുസരിച്ച് വിത്തും വളവും പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കി. പഞ്ചായത്തിലെ താല്‍പര്യമുള്ള ജനകീയ കൂട്ടായ്മകളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ത്രിതല സംഘാടനസംവിധാനം സജ്ജമാക്കി. ഓരോ വാര്‍ഡിലും 8-10 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ക്വാഡുകള്‍ രൂപീകരിച്ചു. 50 കുടുംബങ്ങളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടസമിതികളും സംഘടിപ്പിച്ചു. പദ്ധതി സമാരംഭിക്കുന്നതിനു മുന്‍പുതന്നെ സ്ക്വാഡുകള്‍ ഓരോ വീടും സന്ദര്‍ശിച്ച് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ബോധ്യപ്പെടുത്തി. വളരെ ചെറിയ പുരയിടമുള്ള കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പദ്ധതിയില്‍ പങ്കാളികളാകുന്നതിനു പ്രേരിപ്പിച്ചു. പരമ്പരാഗത പച്ചക്കറികള്‍, ജൈവകീടനാശിനികള്‍, കീടനിയന്ത്രണരീതികള്‍, തുടങ്ങിയവയ്ക്ക് കാമ്പയിന്‍ പ്രോത്സാഹനം നല്‍കി. കൃഷി ഓഫീസറുടെ സമര്‍പ്പിത മനോഭാവവും പഞ്ചായത്ത് പ്രസിഡന്‍റുമായുള്ള സഹകരണവും പ്രാദേശിക പ്രവര്‍ത്തകരുടെ വിശാലമായ സമീപനവും അയല്‍ക്കൂട്ട സമിതികളുടെ രൂപീകരണവും കാമ്പയിന്‍ രീതിക്കനുസൃതമായ നിര്‍വഹണവുമാണ് പദ്ധതിയുടെ വിജയത്തിന് കാരണമായത്. 

കാമ്പയിന്‍ രീതിയില്‍ ജനങ്ങളെ സംഘടിപ്പിച്ച് കാര്‍ഷിക സംസ്ക്കാരം പുനരുജ്ജീവിപ്പിക്കാമെന്ന സാധ്യതയാണ് ഈ പരീക്ഷണം ചൂണ്ടിക്കാട്ടിയത്. പച്ചക്കറികൃഷി കൂടൂതല്‍ വ്യാപകമാക്കുന്നതിനും കാര്യക്ഷമമായ വിപണന സംവിധാനം സ്ഥാപിക്കുന്നതിനും തുടര്‍ വര്‍ഷങ്ങളില്‍ സാധ്യമായി.