
കേരളത്തിലും ദേശീയതലത്തിലും ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ച ജനകീയാസൂത്രണത്തിൻ്റെ മുപ്പതാം വാർഷികം ആണല്ലോ ഈ വർഷം. കേരളത്തിൻ്റെ ഭരണ-വികസന പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച ഏറ്റവും നിർണായകമായ പ്രവർത്തനമായിരുന്നല്ലോ ജനകീയാസൂത്രണം.
1996 ഓഗസ്റ്റ് 17നാണ് ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മുപ്പതാം വാർഷികാചരണത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ വച്ച് കഴിഞ്ഞ മുപ്പതു വർഷങ്ങളിലെ ജനകീയാസൂത്രണ പ്രവർത്തകരുടെ വിപുലമായ ഒരു സംഗമം സംഘടിപ്പിക്കുകയാണ്. ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോൾ എന്ന പേരിലാണ് സംഗമം.
കഴിഞ്ഞ മുപ്പതു വർഷങ്ങളിലെ വിവിധ ഘട്ടങ്ങളിൽ ജനകീയാസൂത്രണവും തദ്ദേശഭരണ സംവിധാനവും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ച എല്ലാവരുടെയും കൂട്ടായ്മയാണ് ജനകീയാസൂത്രണ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ആസൂത്രണ ബോർഡ്- തദ്ദേശ സ്വയംഭരണ വകുപ്പ്- ഇതര വകുപ്പുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, വി ടി സി അംഗങ്ങൾ, ബി എൽ ഇ സി അംഗങ്ങൾ, ഫാക്കൽറ്റി അംഗങ്ങൾ, റിസോഴ്സ് പേഴ്സൺമാർ, കോർഡിനേറ്റർമാർ, ഫെസിലിറ്റെറ്റർമാർ, തീമാറ്റിക് എക്സ്പേർട്ടുമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഈ സംഗമത്തിൽ പങ്കെടുക്കും. ഒപ്പം പുതു തലമുറയിൽ നിന്നും ഈ മേഖലയിൽ താത്പര്യം പ്രകടിപ്പിക്കുന്ന വലിയൊരു വിഭാഗവും ഇതിൽ പങ്കാളികളാകും. ഈ പരിപാടി വൻ വിജയമാക്കാനായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും യോഗങ്ങൾ ചേർന്ന് വരികയാണ്.
സംഗമ പരിപാടി സംഘടിപ്പിക്കുന്നതിനായി ശ്രീ. പാലോളി മുഹമ്മദ്കുട്ടി മുഖ്യ രക്ഷാധികാരിയും ബഹു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി. പ്രിയദർശിനി അധ്യക്ഷയുമായുള്ള സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ശ്രീ. കെ. ശിവകുമാർ ആണ് ജനറൽ കൺവീനർ. സംഘാടന സമിതിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.
ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോൺ ജനകീയാസൂത്രണ പ്രസ്ഥാന ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ജനകീയാസൂത്രണ പ്രവർത്തകരുടെ മൂന്ന് വോളിയം ഡയറക്ടറിയുടെ പ്രചരണ ഉദ്ഘാടനം നിർവ്വഹിക്കും. ജനകായാസൂത്രണ സമഗ്ര വെബ്സൈറ്റിന്റെറെ ഉദ്ഘാടനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നതാണ്. വി.ജി മനമോഹനൻ്റെ ഓർമ്മയ്ക്കായും പ്രദേശികാസൂത്രണത്തിന് ആവശ്യമായ ദിശാബോധം നൽകുന്ന നിലയിലുമാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും ഇതുമായി ഉയർന്ന് വരുന്ന സംശയങ്ങൾക്കും, പുതിയ ആശയങ്ങൾക്കും വ്യക്തത നൽകുന്ന നിലയിലാണ് ആസൂത്രണം ചെയ്യുന്നത്. ജനകായാസൂത്രണത്തിൻ്റെ മുപ്പതാം വാർഷികാഘോഷത്തിന് ഇന്നുവരെയുള്ള എല്ലാ തദ്ദേശസ്വയംഭരണ വകുപ്പ് മുൻമന്ത്രിമാർ രക്ഷാധികാരികളായിട്ടുള്ള ഉന്നതതല മാർഗ്ഗ നിർദ്ദേശക സമിതി ആയിരിക്കും നേതൃത്വം നൽകുക.
ജനകീയാസൂത്രണത്തിൻ്റെ ഇക്കാലമത്രയുമുള്ള പ്രവർത്തനങ്ങളും ഇനി വരാൻ പോകുന്ന പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്ന ഒരു വെബ്സൈറ്റ് ഈ വേദിയിൽ അവതരിപ്പിക്കും. അതോടൊപ്പം ജനകീയാസൂത്രണത്തിനായി പ്രവർത്തിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, വിദഗ്‌ധർ തുടങ്ങിയവരുടെയെല്ലാം പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ അടങ്ങിയ മൂന്നു വാല്യങ്ങളുള്ള പുസ്തകസമാഹാരവും പ്രസിദ്ധീകരിക്കുകയാണ്. ആയതിന്റെ പ്രീ പബ്ലിക്കേഷൻ ആദ്യ വില്പനയും ഉണ്ടാകും.
ഓഗസ്റ്റ് 16 നു രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പന്ത്രണ്ടു സെഷനുകളിലായി ജനകീയാസൂത്രണം ഇനിയെങ്ങോട്ട് എന്നതിലൂന്നിയ പാനൽ ചർച്ചകളും ഉണ്ടാകും. തദ്ദേശസ്വയംഭരണവും ജനകീയാസൂത്രണവും ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമാഹരിക്കുവാനായാണ് വിവിധ വിഷയങ്ങളിലായുള്ള സമാന്തര സെഷനുകൾ. ഒപ്പം ഭാവി പ്രവർത്തനങ്ങൾ എങ്ങിനെ എന്നും ആലോചിക്കും. നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു കൊണ്ടുള്ള അവതരണത്തോടെ സംഗമം സമാപിക്കും.
സമാന്തര സെഷനുകൾ താഴെ പറയുന്നവയാണ്:
- തൊഴിലും പ്രാദേശിക സാമ്പത്തിക വികസനവും
- കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും
- മതനിരപേക്ഷത
- ലിംഗനീതി
- പാർശ്വവത്കരിക്കപ്പെട്ടവരുടെ തദ്ദേശ ഭരണം
- മാലിന്യ നിർമാർജനം
- പ്രായമേറുന്ന കേരളം - വയോജനങ്ങൾ
- പുത്തൻ സാങ്കേതിക വിദ്യകളും തദ്ദേശ ഭരണവും
- വിവരാധിഷ്ടിത ലക്ഷ്യാധിഷ്ഠിത ആസൂത്രണം
- കുടിവെള്ളം
- കൃഷിയും അനുബന്ധ മേഖലകളും
- ഈ കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാവാം
അധികാരവികേന്ദ്രീകരണം വലിയ വെല്ലുവിളികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്ന്. അവ കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. അതിനേക്കാൾ വലിയ മറ്റൊരു വെല്ലുവിളിയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് മതനിരപേക്ഷകത സംരക്ഷിക്കുന്നതും ആയി ബന്ധപ്പെട്ടതാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാൽ പുതിയ ബദൽ ശ്രമങ്ങൾക്കുള്ള സമയമാണിത്. ജനകീയാസൂത്രണം ആരംഭിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങൾ നിലനിന്നിരുന്നു. അന്ന് ആഗോളവൽക്കരണവും ഉദാരവൽക്കരണവും പുത്തൻ സാമ്പത്തിക നയങ്ങളും ഉയർത്തിയ വെല്ലുവിളികളും ആഘാതങ്ങൾക്കും എതിരെ മറ്റൊരു ബദലിന് സാധ്യതയുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ആവശ്യം. അതേ പോലെ ഒരു ഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തിലാണ് ജനകീയാസൂത്രണത്തിൻ്റെ മുപ്പതാം വാർഷികം. ആ കാര്യങ്ങൾ പരിഗണിച്ചു കൊണ്ട് കൂടുതൽ യുവജനങ്ങളെ ഒത്തു ചേർത്തു കൊണ്ടുള്ള ഭാവി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു മുന്നോട്ടു പോകും.
ഈ പ്രവർത്തനങ്ങളിൽ ഒക്കെ ഒപ്പം ഉണ്ടായിരുന്ന ശ്രീ വി. ജി. മനമോഹൻ ഈ വർഷം ജനുവരിയിൽ അന്തരിച്ചു. കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളിലും സന്നദ്ധപ്രവർത്തന രംഗത്തും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പാടിപുകഴ്ത്തപ്പെടാത്ത നായകന്മാരിൽ പ്രധാനിയായിരുന്നു ശ്രീ. മനമോഹൻ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചതിലൂടെയാണ് അദ്ദേഹത്തിന്റെ സന്നദ്ധതയും കഴിവും തെളിയിക്കപ്പെട്ടത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ പ്രവർത്തിച്ച വ്യക്തിയാണ് ശ്രീ മനമോഹൻ. പിൽക്കാലത്ത് അദ്ദേഹത്തെ അറിയുന്നത് ജനകീയാസൂത്രണത്തിന്റെ സംസ്ഥാന ആസൂത്രണ സെല്ലിൽ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന വ്യക്തി എന്ന നിലയിലാണ്. ശ്രീ മനമോഹന്റെ ഓർമ്മയ്ക്ക് സമർപ്പിച്ചുകൊണ്ടാണ് ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചവരുടെ അനുഭവക്കുറിപ്പുകൾ സമാഹരിച്ചുകൊണ്ടുള്ള പുസ്തക സഞ്ചിക തയ്യാറാക്കുന്നത്. ഒപ്പം മേൽ സൂചിപ്പിച്ച പീപ്പിൾസ് പ്ലാനിങ് എന്ന വെബ്സൈറ്റും. ഈ പരിപാടികൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയാസൂത്രണത്തിൽ നിന്നുയർന്ന ഗ്രാമീണ പഠനകേന്ദ്രം, ഡോ. സുഹൃത്ത് സ്മാരക ലൈബ്രറി എന്നീ സംഘടനകൾ സഹായ ഘടകങ്ങളായി പ്രവർത്തിച്ചു വരികയാണ്.
ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോൾ എന്ന പേരിൽ ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് കോട്ടൺ ഹിൽ സ്കൂളിൽ വച്ച് ചേരുന്ന വിപുലമായ സംഗമത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. താത്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനായി https://docs.google.com/forms/d/e/1FAIpQLSeK610sbePBGsJUbJZtbxun4JYThX8vuFBf2hkZvthkZOTZ4g/viewform?usp=header ലിങ്ക് ഉപയോഗിക്കാം.