കുടിവെള്ള വിതരണവും ശുചിത്വവും ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃക്കുന്നപ്പുഴ. ആലപ്പുഴ ജില്ലയില്‍ 12.53.ച.കി.മി വിസ്തീര്‍ണ്ണം മാത്രമുള്ള വെള്ളക്കെടുതി നിറഞ്ഞ ഈ പഞ്ചായത്തിന്‍റെ ഇരുവശങ്ങളിലുമായി അറബിക്കടലും കായംകുളം കായലും സ്ഥിതി ചെയ്യുന്നു. കുടിക്കാനും കുളിക്കാനുമുള്ള പ്രധാന ജലസ്രോതസ്സായ കായലിലേക്കു തന്നെയാണ് കക്കൂസില്‍നിന്നുള്ള മലിന ജലവും ഒഴുകിയിരുന്നത്. കയര്‍ത്തൊഴിലാളികളുമായി ബന്ധപ്പെട്ട പഠനത്തിനെത്തിയ ഒരു ഡച്ച് ഗവേഷകന് കുടല്‍ സംബന്ധമായ രോഗം ബാധിച്ചത് പദ്ധതിപ്രവര്‍ത്തനത്തിന് ഒരു നിമിത്തമായി മാറുകയായിരുന്നു. ഒടുവില്‍ ഡച്ച് ഗവേഷകന്‍ പഞ്ചായത്തിന്‍റെ ഒട്ടുമിക്ക പ്രദേശത്തേക്കും കുടിവെള്ളവിതരണത്തിനായി 1,60,000 ലിറ്റര്‍ ശേഷിയുള്ള സംഭരണ ടാങ്കും വിതരണ പൈപ്പും സ്ഥാപിച്ചു നല്‍കുകയുണ്ടായി. ഈ ഘട്ടത്തിലാണ് സമൂഹപങ്കാളിത്തം വര്‍ദ്ധിപ്പിച്ച് കുടിവെള്ള മേഖല മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യവുമായി കേരള ജലഅതോറിറ്റിയുടെ സഹായത്തില്‍ സോഷ്യോ എക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ സ്ഥാപിതമാകുന്നത്.
പൊതുടാപ്പുകളുടെ ഗുണഭോക്താക്കളായവര്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ട സമിതിയില്‍ നിന്ന് 5 പേരുടെ ടീമിനെ കുടിവെള്ള ടാപ്പുകള്‍ പരിപാലിക്കുന്നതിനായി തെരഞ്ഞെടുത്തു. ഈ ടീമുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വാര്‍ഡ് ജലസമിതികള്‍ രൂപീകരിച്ചു. വാര്‍ഡ് ജലസമിതിയില്‍നിന്ന് അതിന്‍റെ സെക്രട്ടറിയേയും കുടിവെള്ള ടാപ്പ് പരിപാലിക്കുന്നയാളെയും ഉള്‍പ്പെടുത്തി 20 അംഗ കോര്‍ ഗ്രൂപ്പിന് രൂപം നല്‍കി. ചെറിയ സേവന ഫീസ് ഈടാക്കി കുടിവെള്ള ടാപ്പുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് 4 പേരടങ്ങുന്ന ഒരു ടീം സംഘടിപ്പിച്ച് അവര്‍ക്ക് പരിശീലനവും ടൂള്‍ കിറ്റും നല്‍കി. പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനും ടാപ്പിനുചുറ്റും വെള്ളം വാര്‍ന്നുപോകുന്നതിനുമുള്ള സൗകര്യമൊരുക്കി. ജലസംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന് ഒരു പൊതുജന കാമ്പയിന്‍ സംഘടിപ്പിച്ചു. ഏറ്റവും നന്നായി പരിപാലിക്കപ്പെട്ട കുടിവെള്ള ടാപ്പുള്ള അയല്‍ക്കൂട്ടത്തിന് ഓണാഘോഷ സമയത്ത് അവാര്‍ഡ് നല്‍കുന്ന രീതി പതിവായി.
കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുകുന്നത് തടയുന്നതിനും കടല്‍, കായല്‍, കരഭൂമി, തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം തുടങ്ങിയവ നിരുത്സാഹപ്പെടുത്തതിനും ഓരോ കുടുംബത്തിലും വാട്ടര്‍ സീല്‍ഡ് കക്കൂസുകള്‍ പണിയുന്നതിനുമുള്ള കാമ്പയിന്‍ സംഘാടകര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. ഗാര്‍ഹിക സര്‍വേയിലൂടെ വാട്ടര്‍ സീല്‍ഡ് കക്കൂസുകള്‍ ഇല്ലാത്ത കുടുംബങ്ങളെ കണ്ടെത്തി. കക്കൂസ് സംബന്ധമായ ഡിസൈന്‍ തയ്യാറാക്കുന്നതിന് ഗണ്യമായ ആലോചനയുണ്ടായി. രണ്ട് റിംഗ്സുള്ള ഇരട്ടക്കുഴികളും ടൈലിട്ട തറയും പ്ലാസ്റ്റര്‍ ചെയ്ത ഭിത്തിയുമുള്ള മാതൃകയാണ് തെരഞ്ഞെടുത്തത്. മൂന്നുവര്‍ഷം ഉപയോഗിക്കാവുന്ന വിധമാണ് ടാങ്കുകളുടെ ഡിസൈന്‍ ഒരുക്കിയത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഭൂനിരപ്പില്‍നിന്ന് 1.5 അടി ഉയര്‍ത്തിയാണ് ടാങ്കുകള്‍ നിര്‍മ്മിച്ചത്. തന്മൂലം ജലനിരപ്പുയരുമ്പോഴും നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന സ്ഥിതിയുണ്ടാവില്ല. 2000 ലധികം കക്കൂസുകളാണ് ഇങ്ങനെ നിര്‍മിച്ചത്. ആകെ തുകയായ 65 ലക്ഷം രൂപയില്‍ 12 ലക്ഷം രൂപ ഗുണഭോക്താക്കളുടെ വിഹിതമായിരുന്നു. കക്കൂസുകളുടെ പരിപാലനത്തിനായി വീടുവീടാന്തരമുള്ള കാമ്പയിനോടുകൂടി പദ്ധതി തുടര്‍ന്നു.
പദ്ധതിയുടെ ഫലമായി കനാലിലേക്കു തുറന്നിരുന്ന കക്കൂസുകളില്‍ 90 ശതമാനവും പൊളിച്ചു മാറ്റപ്പെട്ടു. കടല്‍ത്തീരത്ത് തുറസായസ്ഥലത്ത് വിസര്‍ജനം ഗണ്യമായി കുറഞ്ഞു. 1995 ല്‍ ആലപ്പുഴ ജില്ലയില്‍ കുടല്‍രോഗ ബാധയെതുടര്‍ന്ന് 33 മരണവും 1000 പേരെ ആശുപത്രിയിലാക്കുകയും ചെയ്യേണ്ടിവന്നപ്പോള്‍ ജില്ലയില്‍ ഏറ്റവുമധികം വെള്ളക്കെട്ടുള്ള പഞ്ചായത്തുകളില്‍ ഒന്നായ തൃക്കുന്നപ്പുഴയില്‍ ഒറ്റ കുടല്‍ രോഗബാധ പോലും ഉണ്ടായില്ല.