കേരളത്തിലെ വൈദ്യുതീകരിക്കാത്ത ഗ്രാമീണ വാസസ്ഥലങ്ങള്‍ മിക്കതും വിദൂരമായ കുന്നിന്‍ പ്രദേശങ്ങളിലാണ്. അതിനാല്‍ ചെറുകിട ജലവൈദ്യുത പദ്ധതി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വികേന്ദ്രീകൃത വിദ്യുച്ഛക്തി ഉത്പാദനം ഒരു പ്രായോഗിക ബദലാകുന്നു.
പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിനൊപ്പം ചേര്‍ന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഗവേഷണ സ്ഥാപനമായ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റര്‍ നടത്തിയ മീന്‍വല്ലം പദ്ധതി സംബന്ധിച്ച പഠനം ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയുടെ മാതൃക വികസിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു.
ചെറുകിട വൈദ്യുത പദ്ധതിയുടെ സാധ്യത മനസ്സിലാക്കുന്നതിനായി ഭാരതപ്പുഴ നദീതടത്തിലെ തുപ്പനാട്ട് പുഴയിലെ മീന്‍വല്ലം വെള്ളച്ചാട്ടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയുണ്ടായി. പ്രാദേശിക സമൂഹത്തിലെ അംഗങ്ങള്‍ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും, നീരൊഴുക്കുസംബന്ധമായും സാമൂഹ്യ-സാമ്പത്തിക പരവുമായ വിവരങ്ങള്‍ ശേഖരിച്ചു. ജലവിഭവ വികസന പരിപാലന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സാങ്കേതിക സഹായത്തിലും മേല്‍നോട്ടത്തിലും ഐആര്‍റ്റിസിയിലെ പ്രോജക്ട് ടീം കൃത്യമായ ഇടവേളകളില്‍ വിവരശേഖരണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഭൗമശാസ്ത്ര പഠന കേന്ദ്രം, കേരള സംസ്ഥാന വിദ്യുച്ഛക്തിബോര്‍ഡ്, ഭൂവിനിയോഗബോര്‍ഡ്, സര്‍വേ ഓഫ് ഇന്ത്യ, വനം വകുപ്പ് ഇവരുടെ സഹായത്തോടെ കാര്യശേഷിയുള്ളതും ചെലവു കുറഞ്ഞതുമായ രൂപകല്പന തയ്യാറാക്കി.
വിദ്യുച്ഛക്തി ബോര്‍ഡിന്‍റെ ഗ്രിഡ്ഡ് പദ്ധതി പ്രദേശത്തിന്‍റെ സമീപത്തായതിനാല്‍ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ആ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്കുക എന്നതായിരുന്നു പ്രാദേശിക സമൂഹത്തിന്‍റെ ലക്ഷ്യം. വൈദ്യുതി ഉപയോഗം കൂടുതലുള്ള സന്ധ്യാസമയത്തെ നാലു മണിക്കൂര്‍ സമയം നീരൊഴുക്ക് തടസ്സപ്പെടുത്താതെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്പന.
പ്രാദേശിക പ്രത്യേകതകള്‍ പ്രയോജനപ്രദമായി രൂപകല്പനയില്‍ ഉപയോഗപ്പെടുത്തുക, പ്രാദേശികവസ്തുക്കളുടെ ഉപയോഗം, യന്ത്രോപകരണങ്ങളുടെ ലളിതമായ രൂപകല്പന തുടങ്ങിയ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള മൊത്ത മൂലധന അടങ്കല്‍ 30000 രൂപയില്‍ പരിമിതപ്പെടുത്തുന്നതിന് സാധിച്ചു.
പദ്ധതി നടത്തിപ്പിനായി ഗുണഭോക്തൃ പഞ്ചായത്തുകള്‍ക്കും, ബ്ലോക്കിനും ജില്ലാപഞ്ചായത്തിനും ഷെയറുള്ള കമ്പനി സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് പദ്ധതിരേഖ അംഗീകരിച്ചു. പദ്ധതി നിര്‍ദ്ദേശത്തോട് കേരള വിദ്യുച്ഛക്തി ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കുകയും ഈ പദ്ധതി മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക് മാതൃകയാക്കുകയുമുണ്ടായി.