Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
പ്രാദേശിക പരീക്ഷണങ്ങൾ

താനാളൂര്‍ ജനകീയ ആരോഗ്യപദ്ധതി

Published on August 14, 2026

കേരളത്തിലെ ആരോഗ്യരക്ഷാ പരിവര്‍ത്തനത്തില്‍ മുഖ്യ പങ്കു വഹിച്ചതും വ്യാപകമായതുമായ പൊതുജനാരോഗ്യ സംവിധാന ശൃംഖലകളുടെ ഗുണനിലവാരം കേരളത്തിൽ കുറഞ്ഞുവരുകയായിരുന്നു. വരേണ്യവര്‍ഗ്ഗത്തിനുവേണ്ടിയുള്ള സ്വകാര്യ ആരോഗ്യരക്ഷാസംവിധാനം വളരെ വേഗത്തില്‍ വളരുന്നതിന് ഇത് കാരണമായി.  എങ്ങനെയാണ് പൊതുജനാരോഗ്യവും ആരോഗ്യരക്ഷാസംവിധാനവും മെച്ചപ്പെടുത്താനാവുക എന്ന ചോദ്യത്തിന് ഉയര്‍ന്നുവന്ന ഏറ്റവും ഉത്തമമായ സംരംഭമാണ് മലപ്പുറം ജില്ലയിലെ താനാളൂര്‍ പഞ്ചായത്ത്.

1993 ആഗസ്റ്റില്‍ സാക്ഷരതാകമ്മിറ്റി, ആരോഗ്യവകുപ്പ്, ശാസ്ത്ര സാഹിത്യപരിഷത്ത്, വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ഒരു സംയോജിത ആരോഗ്യ രക്ഷാപരിപാടി താനാളൂരില്‍ ആരംഭിക്കുകയുണ്ടായി. പ്രദേശത്തെ ആരോഗ്യരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരായ 200 ഡോക്ടര്‍മാരുടെ സംഘത്തെ പരിശീലിപ്പിച്ചു. ക്യാന്‍സറും ചര്‍മ്മരോഗങ്ങളും തിരിച്ചറിയുന്നതിനുള്ള ഡയഗ്നോസ്റ്റിക് ക്യാമ്പുകളിലൂടെയാണ് പരിപാടി ആരംഭിക്കപ്പെട്ടത്. 

അയല്‍ക്കൂട്ടങ്ങളില്‍ പ്രാദേശിക ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യുന്നതിനുള്ള കൈപ്പുസ്തകങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാക്കുകയുണ്ടായി. അദ്ധ്യാപകര്‍ കണ്ടെത്തിയ, പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് സ്പെഷ്യല്‍ ക്യാമ്പുകളില്‍ വിശദമായ മെഡിക്കല്‍ പരിശോധന ലഭ്യമാക്കി. പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകളിലും ഹെല്‍ത്ത് ക്ലാസുകള്‍ രൂപീകരിച്ചു. എല്ലാ കുട്ടികള്‍ക്കും സമ്പൂര്‍ണ്ണ രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന പരിപാടി നടപ്പിലാക്കി. ജനപങ്കാളിത്തത്തോടെ പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായിരുന്നു താനാളൂരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.

കുടിവെള്ള ലഭ്യതയുടെ കുറവും, അവശ്യം വേണ്ട ശുചിത്വ സൗകര്യങ്ങളുടെ അപര്യാപ്തതയും, പോഷകാഹാരക്കുറവുംമൂലം ഉണ്ടാവുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളെ തിരിച്ചറിയുന്നതിന് എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഒരു പൊതുആരോഗ്യ സര്‍വെ നടത്തുന്നതിനും താനാളൂരിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഇടയില്‍നടന്ന ചര്‍ച്ച കാരണമായി. ആരോഗ്യത്തെ വെറും ഡോക്ടര്‍-രോഗി ബന്ധമെന്നതിലുപരിയായി അതിനെ ചികില്‍സയും ചികില്‍സേതരഘടകങ്ങളും ഉള്‍പ്പെടുന്ന വികസന പ്രശ്നമായാണ് താനാളൂര്‍ പരീക്ഷണ പ്രവര്‍ത്തനം കണ്ടത്. രോഗ ചികിത്സയേയും രോഗപ്രതിരോധത്തേയും അവഗണിക്കാതെ ചികിത്സയ്ക്കുപരിയായി രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കണമെന്ന അവബോധം രൂപപ്പെടാനിടയായി.