രണ്ടു മണ്‍സൂണുകള്‍കൊണ്ട് അനുഗൃഹീതമെങ്കിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ മഴ ലഭിക്കുന്നുവെങ്കിലും കേരളം ആവര്‍ത്തിച്ചുള്ള വരള്‍ച്ച നേരിട്ടുവരുന്നു എന്നതാണ് വിരോധാഭാസം.
ഈ രംഗത്ത് നവീനമായ മാതൃക സൃഷ്ടിക്കുകയായിരുന്നു കുന്നോത്തുപറമ്പ് പഞ്ചായത്ത് പരമ്പരാഗതമായ ജല ചക്രം പുനരുജ്ജീവിപ്പിക്കുന്നതും ജലപരിപാലനസംവിധാനം മെച്ചപ്പെടുത്തുന്നതും എപ്രകാരമാണെന്ന് കുന്നോത്തുപറമ്പു പഞ്ചായത്തിലെ ജലസംരക്ഷണ പദ്ധതി കാണിച്ചുതരുകയുണ്ടായി.
അയല്‍ക്കൂട്ടങ്ങളും വാര്‍ഡുതല സമിതികളും രൂപീകരിച്ചുകൊണ്ടു ഒരു ജലസംരക്ഷണസംഘം കുന്നോത്തു പറമ്പുഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചു.
സ്കൂളുകളില്‍ ജലസംരക്ഷണ ക്ലാസുകളും സംഘടിപ്പിച്ചു. സാഹിത്യമത്സരങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, നാടന്‍ കലകള്‍, നാടക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മണ്ണു-ജല പരിപാലനത്തില്‍ പൊതു ജനങ്ങളില്‍ അവബോധം വളത്തി.
പഞ്ചായത്തിലെ ജലസാക്ഷരത ഉറപ്പാക്കുന്നതിന് ഒരു നാടകസംഘം അവതരിപ്പിച്ച 'ജലപര്‍വ്വം' വലിയതോതിൽ ആളുകളെ സ്വാധീനിച്ചു. 2000-ലധികം ആളുകള്‍ പങ്കെടുത്ത ആ പൊതുയോഗത്തില്‍ ജല സംരക്ഷണ പ്രവര്‍ത്തനത്തില്‍ കുന്നോത്തുപറമ്പ് സംസ്ഥാനത്തിനാകെ ഒരു മാതൃകയായി മാറും എന്ന പ്രഖ്യാപനമുണ്ടായി.
1995 ജൂണ്‍മാസം കാലവര്‍ഷാരംഭത്തില്‍ പദ്ധതിക്ക് തുടക്കമായി. ആകാശത്തുനിന്നു പെയ്തിറങ്ങുന്ന ശുദ്ധജലം സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്ന 'മണ്‍സൂണിനെ വരവേല്‍ക്കാന്‍ തയ്യാറാകൂ' എന്ന ലഘുലേഖ എല്ലാ കുടുംബങ്ങളിലും വിതരണം ചെയ്തു. അതേ സമയംതന്നെ സസ്യാവരണം വര്‍ദ്ധിപ്പിക്കുന്നതിനായി 25000 വൃക്ഷത്തൈകളും 10000 നാടന്‍ വാഴവിത്തുകളും ആയിരക്കണക്കിന് പച്ചക്കറിപ്പാക്കറ്റുകള്‍ വിതരണം ചെയ്യുന്ന കാമ്പയിനും ആരംഭിച്ചു. ഔഷധസസ്യങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.
'ഓടുന്ന വെള്ളത്തെ നടത്തുക' എന്ന ലക്ഷ്യംവച്ച് അരുവികളെ പാകപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ജലസംരക്ഷണ സംഘം സജ്ജമാക്കുകയുണ്ടായി. ഗ്രാമത്തിലൂടെ ഒഴുകുന്ന രണ്ട് തോടുകളുടെ ഭൂപടം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കി അനുയോജ്യമായ 32 ഇടങ്ങളില്‍ പ്രാദേശികമായി ലഭ്യമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗപ്പെടുത്തി ചെക്ക്ഡാമുകള്‍ നിര്‍മ്മിച്ചു. 1996-ലെ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാലത്ത് 200 കിണറുകളില്‍ വര്‍ദ്ധിച്ച ജലനിരപ്പ് ചെക്ക്ഡാമുകളുടെ പ്രയോജനം സാക്ഷ്യപ്പെടുത്തി.