ലഭ്യമായ ഫണ്ട് വിനിയോഗിക്കുന്നതിന് മുൻപ് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സമഗ്രമായ പ്രാദേശിക പദ്ധതി തയ്യാറാക്കി അതിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങേണ്ടിയിരുന്നു.
ഇതിനായി ജനപങ്കാളിത്തം, സുതാര്യത, ശാസ്ത്രീയത എന്നിവ ഉറപ്പാക്കിക്കൊണ്ടു പദ്ധതികള്‍ തയ്യാറാക്കുന്നതിന് തദ്ദേശസര്‍ക്കാരുകളെ പ്രാപ്തമാക്കുന്നതിനാണ് ജനകീയാസൂത്രണ കാമ്പയിന്‍ ആരംഭിച്ചത്.
അതിന്‍റെ ഭാഗമായി ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആസൂത്രണപ്രക്രിയയില്‍ പ്രാദേശിക പദ്ധതികള്‍ തയ്യാറാക്കുന്നതിനു മുമ്പുള്ള അനൗപചാരിക വിദ്യാഭ്യാസ പരിപാടി ആറുഘട്ടങ്ങളിലായി സംഘടിപ്പിക്കുകയുണ്ടായി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ ഘടകങ്ങള്‍ സവിസ്തരം ചിട്ടപ്പെടുത്തിയാണ് ഈ പരിപാടി ഫലപ്രാപ്തിയിലെത്തിച്ചത്. ചടുലമായി സംഘടിപ്പിച്ച ഈ പ്രവര്‍ത്തനത്തെ അതിശയത്തോടെയാണ് നിരീക്ഷകര്‍ വീക്ഷിച്ചത്.
പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനും കൈപുസ്തകങ്ങളും വിശദീകരണക്കുറിപ്പുകളും തയ്യാറാക്കുന്നതിനും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ചിട്ടയായ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ കാമ്പയിന്‍റെ ഓരോ ഘട്ടത്തിലും ആവശ്യമായിരുന്നു.
കാമ്പയിന്‍ തുടങ്ങിയ വേളയില്‍ പൊടുന്നനവെ ഇവയൊക്കെ സൃഷ്ടിക്കുക എന്നത് അസാദ്ധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദശകങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത നിരവധി സൂക്ഷ്മതല വികസന പദ്ധതികളില്‍നിന്ന് ആസൂത്രണവിദ്യകളും അനുയോജ്യസങ്കേതങ്ങളും സംഘടനാരീതികളും സ്വായത്തമാക്കാനായതുകൊണ്ടു മാത്രമാണ് ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്.
ജനകീയ ശാസ്ത്രീയ പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യപരിഷത്, മറ്റ് സര്‍ക്കാരിതരസംഘടനകള്‍, സഹകരണ പ്രസ്ഥാനം, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ സംഘടിപ്പിച്ച പരീക്ഷണങ്ങളില്‍ നിന്നുമുള്ള പാഠങ്ങള്‍ ജനകീയാസൂത്രണ കാമ്പയിന്‍ ഉള്‍ക്കൊള്ളുകയുണ്ടായി.
കാമ്പയിന്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേരളത്തില്‍ ഊര്‍ജസ്വലമായി നടന്നതും കേരളത്തിന്‍റെ സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമായ ചില പ്രാദേശിക സമരങ്ങളേയും ഈ ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെടുത്തി.