1996- 2000 വർഷങ്ങളിൽ തിരുവനന്തപുരം നഗരസഭ വട്ടിയൂർക്കാവ് വാർഡിൽ . എൽ.ഡി.എഫ് ഭരണകാലത്ത് നഗരസഭയുടെ വട്ടിയൂർക്കാവ് വാർഡിലെ കൗൺസിലർ ആയിരുന്ന ശ്രീ കെ. സി. വിക്രമൻ നേതൃത്വത്തിൽ .വികസനം എന്നാൽ എന്തെന്നും അത് ജനങ്ങളിൽ എത്രമാത്രം പ്രയോജനപ്പെടുത്തത്തക്ക രീതിയിൽ കുറ്റമറ്റതായി നടത്തി വിജയിപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ നേട്ടമാണ്. വിവിധ ഘടകങ്ങൾ കൂട്ടിയിണക്കിയുള്ള പ്രവർത്തനം അതിൻറെ ശൈലി ഇവയെല്ലാം ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പ്രദേശത്തെ ജനങ്ങൾ 100% വിശ്വസിച്ചു കൊണ്ട് അതിന് ആവശ്യമായ സകല പിന്തുണയും നൽകിക്കൊണ്ട് വൻ വിജയത്തിലെത്തിച്ച ഒരു പദ്ധതിയായിരുന്നു . കരിമൺകുളം റോഡ് അന്നത്തെ തിരുവനന്തപുരം നഗരസഭയുടെ മേയർ ആയിരുന്ന ശ്രീ. വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തതു.
വട്ടിയൂർക്കാവിൻ്റെ ഹൃദയഭാഗത്തുള്ള കരിമൺകുളം ഏലായിലൂടെ കുണ്ടമൺഭാഗത്ത് എത്തിചേരുന്ന പ്രദേശത്തിൻ്റെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങളുടെ വർഷങ്ങളായുള്ള യാത്രാക്ലേശങ്ങൾ മനസ്സിലാക്കി ആ പ്രദേശത്തുള്ള ജനങ്ങളെ എല്ലാം പെയ് വിളാകം എന്ന സ്ഥലത്ത് വിളിച്ചു കൂട്ടി ഒരു ജനകീയസമതിക്ക് രൂപം നല്കി. ഈ പദ്ധതിയുടെ നടത്തിപ്പിൻ്റെ എല്ലാ വശങ്ങളും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരിൽ നിന്നും പണികൾ ചെയ്യിപ്പിക്കുവാൻ യോഗ്യരായ 15 പേരെ ഉൾപ്പെടുത്തി കക്ഷിരാഷ്ട്രീയം ഒന്നും ഇല്ലാതെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപികരിച്ചു .ചെയർമാനായി ശ്രീ. മധുസുദനൻ നായരെയും കൺവീനർ ആയി ശ്രീ. കെ വിശ്വകുമാറിനെയും തിരഞ്ഞെടുത്ത് കരിമൺകുളം ഏലാറോഡ് ജനകീയ ആസൂത്രണ കമ്മറ്റി എന്ന് പേരു നല്കി
തുടർന്ന് കൗൺസിലർ ശ്രീ കെ.സി.വിക്രമൻ്റെ നേതൃത്വത്തിൽ പ്രദേശത്തുള്ള ആൾക്കാരിൽ നിന്നും സൗജന്യമായി സ്ഥലം വിട്ടുതരികയും, വിട്ടുതന്ന സ്ഥല൦ അളന്ന് തിട്ടപ്പെടുത്തി സറണ്ടർ ഫാം ഒപ്പിട്ട് വാങ്ങി ,എല്ലാ സറണ്ടർ ഫാമുകളും കൃത്യമായിത്തന്നെ മൂന്നു മാസത്തിനകം നഗരസഭയിൽ ഏൽപ്പിക്കുകയും ചെയ്തു.
തുടർന്ന് ഈ സ്ഥലങ്ങളെല്ലാം തന്നെ ഈ സമിതിയുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി , നഗരസഭാ എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലും എസ്റ്റിമേറ്റ് എടുത്ത് അത് കമ്മിറ്റിയിൽ അവതരിപ്പിച്ച് ആ എസ്റ്റിമേറ്റിന്റെ ഒരു പകർപ്പ് കൗൺസിലറെ ഏൽപ്പിക്കുകയും പണികൾക്കുള്ള അംഗീകാരം വാങ്ങുകയും ചെയ്തു . ഒരു മാസത്തെ കഠിനാധ്വാനം ചെയ്താണ് ഈ ഡൊക്കുമെൻ്റുകൾ പൂർത്തിയാക്കിയത്.
അളവുകളനുസരിച്ച് എസ്റ്റിമേറ്റ് എടുത്ത പ്രകാരം ഏകദേശം മൂന്നര ഏക്കർ സ്ഥലo നടപ്പാതയും വരമ്പും കൂടാതെ ഈ പ്രദേശത്തെ സ്ഥലമുടമകൾ സൗജന്യമായിട്ടാണ് തന്നിട്ടുള്ളത് .ആകെ എസ്റ്റിമേറ്റ് അടങ്കൽ തുകയിൽ അന്ന് സ്ഥലവില ഗുണഭോക്തൃ വിഹിതം കണക്കാക്കി 78 ലക്ഷം രൂപയാണ് അനുവദിച്ചത്.
1996 ഡിസംബർ മാസം അഞ്ചാം തീയതി കൗൺസിലർ ശ്രീ കെ.സി വിക്രമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ശ്രീ എം. വിജയകുമാർ പണികളുടെ ഉദ്ഘാടനം നിർവഹിക്കുകയും പണികൾ തുടങ്ങുകയും ചെയ്തു. കമ്മറ്റി തീരുമാനപ്രകാരം പണികൾക്ക് ആവശ്യമായ മെറ്റീരിയലുകൾ പ്രാദേശികമായി ലോറി ഉടമകളിൽ നിന്നും മറ്റുള്ളവരിൽ നിന്നും കൊട്ടേഷനുകൾ വാങ്ങി അതിൽ ഏറ്റവും കുറഞ്ഞ റേറ്റ് തരുന്ന ആൾക്ക് അത് നൽകണമെന്നും പണികൾ 15 എക്സിക്യൂട്ടീവ് അംഗങ്ങളും നഗരസഭയുടെ വർക്ക് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലും ചെയ്യണമെന്നും തീരുമാനിച്ചു. അത് പ്രകാരം കൊട്ടേഷൻ നൽകുകയും ഏകദേശം 15 ഓളം കൊട്ടേഷൻ കിട്ടുകയും അത് കമ്മറ്റിയുടെ സാന്നിധ്യത്തിൽ പൊട്ടിച്ച് അതിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആൾക്ക് അത് നൽകുവാനും തീരുമാനിച്ചു. ഓരോ ഏരിയകളിലും കമ്മറ്റിയുടെ നിർദ്ദേശപ്രകാരം സാധനങ്ങൾ സപ്ലൈ ചെയ്യുകയും അനുയോജ്യമായ ആത്മാർത്ഥതയുള്ള പണിക്കാരെ തിരഞ്ഞെടുത്ത്, പണികൾ ചെയ്തു അന്നന്ന് വൈകുന്നേരം അത്യാവശ്യം അവരുടെ ചിലവ് കാശുകൾ കൊടുക്കുകയും ബാക്കി ശനിയാഴ്ച കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പണികൾ എത്ര ദിവസം ചെയ്തു എന്നതിൻറെ കണക്കുകൾ ബോധ്യപ്പെടുത്തി ബാക്കി പൈസ കൃത്യമായി നൽകി അവരവരിൽ നിന്നും വൗച്ചറുകൾ വാങ്ങി കണക്ക് സൂക്ഷിച്ച് അത് കമ്മറ്റികളിൽ അവതരിപ്പിച്ച് പാസാക്കാറുണ്ടായിരുന്നു. റോഡിന്റെ ഗുണം അനുഭവിക്കുന്നവർ ചെറിയതോതിൽ ഉള്ള സഹായങ്ങൾ ചെയ്യുകയും ബാക്കി അവർ മനുഷ്യാധ്വാനമായി വിനിയോഗിച്ച് പണികൾക്ക് സ്പീഡ് കൂട്ടുകയും ആ പണികൾ അളക്കുമ്പോൾ കണക്കാക്കുകയും ചെയ്തു.
പണിൾ ചെയ്തുതന്നവരും, ഇരുകരകളിലുള്ള ആൾക്കാരും, റസിഡൻസ് അസോസിയേഷനുകളും , അതുപോലെ തന്നെ സന്നദ്ധ സംഘടനകളും നല്ല രീതിയിലുള്ള അധ്വാനങ്ങൾ ചെയ്തു തന്നിട്ടുണ്ട്. കൂടാതെ ഖാദി ബോർഡിലെ ഒരു സംഘടന അതിന്റെ ഒരു അംഗം നമ്മുടെ നേതാജി റോഡിൽ താമസിക്കുന്ന എം കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ അവധി ദിവസങ്ങളിലും പണി നടക്കുന്ന സ്ഥലങ്ങളിൽ വരികയും അവർ വൈകുന്നേരം വരെ ഏകദേശം 25 ആളുകൾ വീതം ശ്രമദാനമായി പണികൾ ചെയ്തു തന്നു. അവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഇരുകരയിലുമുള്ള ആളുകൾ ആ സ്ഥലത്ത് തന്നെ പാകപ്പെടുത്തി കൊടുത്തിട്ടുണ്ട്.അങ്ങനെ സ്ത്രീകളും കുട്ടികളും പരിവാരങ്ങൾ ഉൾപ്പെടെയുള്ള ഈ പണികൾ മുന്നോട്ടുപോയത് ഒരു ജനകീയ ചരിത്രത്തിലെ പുതിയ അനുഭവമായി .എല്ലാ കരക്കാരും ഓരോ പ്രാവശ്യം ഓരോ സ്ഥലങ്ങളിൽ ച്ചെന്ന് ആളുകളെ വിളിച്ചുകൂട്ടി അതാത് പ്രദേശത്ത് പണിക്ക് വരുമ്പോൾ എല്ലാ സഹായങ്ങളും ചെയ്യാനുള്ള ഒരു മനസ്സ് അവരിൽ ഉണ്ടാക്കിയെടുത്തത് കൗൺസിലർടെ മുൻ കയ്യിലായിരുന്നു.
പ്രവർത്തനങ്ങൾ അപ്പോഴപ്പോൾ നഗരസഭയുടെ ഉദ്യോഗസ്ഥരെ കമ്മിറ്റിക്കാർ അറിയി ക്കുകയും അവർ സ്ഥലത്ത് വന്ന് പണികൾ പരിശോധിച്ച് ബോധ്യപ്പെട്ട് അത് കൃത്യമായി അളന്ന് എംബുക്ക് എഴുതി , അതിനെ ബില്ലാക്കി കൃത്യമായി നൽകിയിട്ടുള്ളതും, അതിന് ചെക്ക് നഗരസഭയിൽ നിന്നും ലഭിച്ചിട്ടുള്ളതും ആ ചെക്ക് ഏറ്റുവാങ്ങി കമ്മറ്റി തീരുമാനപ്രകാരം സർവീസ് സഹകരണ ബാങ്കിന്റെ വട്ടിയൂർക്കാവ് ശാഖയിൽ നിക്ഷേപിക്കുകയും ,ആ തുക അളവുകൾ കമ്മറ്റി പരിശോധിച്ചു അവർക്ക് എത്ര രൂപയായോ അത് കൃത്യമായി തന്നെ ചെക്കുകൾ കൊടുത്തു. അവർ തന്നെ അവ പാസാക്കി മാറ്റിയെടുത്തിട്ടുണ്ട്. പൈസ ദൈനംദിനം കൊടുക്കാനില്ലാത്തതിനാൽ ഇരുകരകളിലും താമസിക്കുന്നവർ പലിശയില്ലാതെ വായ്പയായി തന്നിട്ടുള്ളതും ആ രൂപ കൺവീനറും ചെയർമാനും കമ്മറ്റിയുടെ അനുമതിയോടുകൂടി കണക്കെഴുതി ബാങ്കിൽ നിന്നും പിൻവലിച്ച് അത് അപ്പപ്പോൾ കൊടുത്തിട്ടുള്ളതുമാണ് , ഇങ്ങനെ ഒരു അനുഭവം ഉള്ളതിനാൽ പണികൾ തടസ്സപ്പെടാതെ മുന്നോട്ടു പോയിട്ടുണ്ട് . നഗരസഭയിൽ നിന്നും ചില കാലഘട്ടങ്ങളിൽ അളന്നു തിട്ടപ്പെടുത്തിയ വർക്കിന് ചെക്ക് കിട്ടുവാൻ കാല താമസങ്ങൾ ധാരാളമായി നേരിട്ടിട്ടുണ്ട്. ഈ പണിയുടെ ഉത്സാഹവും ചടുലതയും കണ്ട് കൗൺസിലറുടെ നേതൃത്വത്തിൽ തന്നെ ധാരാളം പൈസ സഹായിച്ചിട്ടുണ്ട്. അതെല്ലാം തന്നെ തിരിച്ചു കൊടുത്തിട്ടുണ്ട്. സാധനങ്ങൾ സപ്ലൈ ചെയ്തപ്പോൾ തന്നെ അവർക്ക് കൊടുക്കാനുള്ള കാശ് അത് കിട്ടുന്ന മുറയക്ക് തന്നെ കൊടുത്തിട്ടുണ്ട്.
ഒരു കാര്യം കൂടി ഞാൻ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു ഈ പണികളെല്ലാം വളരെ ഉത്സാഹത്തോടെ നടന്നുകൊണ്ടിരിക്കുമ്പോഴും കൗൺസിലർ എന്ന നിലയിൽ ചുറ്റുവട്ടമുള്ള പ്രദേശങ്ങളിൽ യാത്ര ക്ലേശം പരിഹരിക്കുവാനും അവിടങ്ങളെ ഈ റോഡുമായി ബന്ധിപ്പിക്കുവാൻ അദ്ദേഹം മുൻകൈയെടുത്തു. നടുതല , കല്ലുവിളാകം, നല്ലിയൂർക്കോണം, കരിമൺകുളം ക്ഷേത്ര റോഡ്, പണ്ടാര കോണം, കൂത്ത റോഡ് പെയ്വിളാകം കരിമൺകുളം അവത്താങ്കോട്, റോഡുകളെ പുതിയ കരിമൻകുളം റോഡുമായി ബന്ധിപ്പിക്കുന്നതിന് തീരുമാനിച്ച് ആ പ്രദേശങ്ങളിലെല്ലാം പോഅവരെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് സൗജന്യമായി അവിടെ വേണ്ട സ്ഥലങ്ങളെല്ലാം ഒരു തടസ്സവും കൂടാതെ കൊടുക്കുകയും, അതെല്ലാം കൃത്യമായി നഗരസഭയിൽ നിന്നും ഉദ്യോഗസ്ഥരെ വിളിച്ചു കൊണ്ടുവന്ന് കുറ്റിയടിച്ച് അളവെടുത്ത് എസ്റ്റിമേറ്റ് എടുത്ത് കൃത്യമായി അത് പാസാക്കുകയും ചെയ്തു.
അങ്ങനെ ഏകദേശം നാല് വർഷക്കാലം വിശ്രമമില്ലാതെ ഈ പ്രദേശത്തെ ജനങ്ങളും, ഇതിൻറെ കമ്മറ്റികളും, കൗൺസിലറും എല്ലാം കൂട്ടായി അക്ഷീണം പ്രവർത്തിച്ചതിന്റെ ഫലമായി 2000 മെയ് മാസം പതിനാറാം തീയതി ,ആ പ്രദേശത്തുള്ള മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ ചടങ്ങിൽ ബഹുമാനപ്പെട്ടമേയർ ശ്രീ വി. ശിവൻകുട്ടി ഈ റോഡ് ഉദ്ഘാടനം ചെയ്തു.
ഈ റോഡ് ഉദ്ഘാടനം ചെയ്തതിന് ശേഷം 2000 മുതൽ 2005 വരെയും വന്ന കൗൺസിലർമാർ ഈ റോഡുകൾ എല്ലാം പൂർത്തീകരിച്ച് ജനങ്ങൾക്ക് യാത്രാസൗകര്യം ഉണ്ടാക്കി കൊടുത്തതും നന്ദിയോടെ ഓർക്കുന്നു
രണ്ടായിരത്തിൽ ഈറോഡ് ഉദ്ഘാടനം ചെയ്തപ്പോൾ നഗരസഭയുടെ വട്ടിയൂർക്കാവ് വാർഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഒരു പ്രോജക്ട് ആയി കരിമൺകുളം റോഡ് നാലര കിലോമീറ്റർ ഓളം സൗജന്യമായി ആളുകളുടെ സ്ഥലമെടുത്ത് ജനകീയ പങ്കാളിത്തത്തിൽ നിർമ്മിച്ചതിന്റെ ചാരിതാർത്ഥത്തിലാണ് ഇന്നും നമ്മൾ. .
ഇത്രയും വിജയകരമായി ഈ നിർമ്മാണം പൂർത്തിയാക്കിയ സമിതിയുടെ ചെർമാനായി നാലരവർഷം എന്നോപ്പം കഠിനാദ്ധ്വാനം ചെയ്യ ഇപ്പോൾ അന്തരിച്ചുപോ യ ശ്രീമാൻ മധുസൂധനൻ നായരെ ഞാൻ വേദനയോടെ സ്മരിക്കുന്നു.
കെ. വിശ്വകുമാർ, കൺവീനർ, നിർമ്മാണ സമിതി