ബാങ്കിംഗ് സംഘടനാരംഗത്തും, സാംസ്‌കാരിക മേഖലയിലും ശാസ്ത്രസാഹിത്യ പരിഷത്തിലുമുള്ള സംഘാടന, പാഠനപരിചയമാണ് ഇൻഡ്യൻ ഓവർസീസ് ബാങ്കിലെ ഓഫീസറായ ആർ ഗിരീഷ് കുമാറിനെ സമ്പൂർണ സാക്ഷരത യജ്ഞത്തിലും ജനകീ യാസൂത്രണ പ്രസ്ഥാനത്തിലും സജീവ പ്രവർത്തകനാക്കിയത്. 1989-90 കാലത്തു നടന്ന സാക്ഷരതായജ്ഞത്തിൽ നെടുമങ്ങാട് താലൂക്ക് ജോയിൻ്റ് കോ-ഓർഡിനേറ്ററും മാസ്റ്റർ ട്രയിനറുമായിരുന്നു. ഐ ഒ ബി പാലോട് പ്രവർത്തിയെടുത്തിരുന്ന ആ കാലഘട്ടത്തിൽ നന്ദിയോട് പഞ്ചായത്തിലായിരുന്നു താമസം. സെൻ്റർ ഫോർ ഡവലപ്മെൻ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ 25 പഞ്ചായത്തുകളിൽ നടന്ന പി എൽ പി പ്രോഗ്രാം തിരുവനന്തപുരം ജില്ലയിൽ നന്ദിയോട് പഞ്ചായത്തിലാണ് നടന്നത്. അതിൽ നേതൃത്വപരമായ പങ്കു വഹിക്കുകയുണ്ടായി.
2006 ൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയപ്പോൾ പ്ലാനിംഗ് ബോർഡ് സെല്ലിൽ കീ - റിസോഴ്‌സ് പേഴ്‌സൻമാരിൽ ഒരാളായി പ്രവർത്തിച്ചു. കൈപ്പുസ്തകങ്ങൾ തയാറാക്കു ന്നതിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ നടന്ന സംസ്ഥാന - ജില്ലാതല പരിശീലനങ്ങളിലും പങ്കെടുക്കുകയുണ്ടായി. കിലയിൽ നടന്ന പരിശീലനങ്ങൾ, ഐ എം ജി യിലെ ട്രയിനിംഗ് ക്ലാസുകൾ എന്നിവയിലൊക്കെ ട്രയിനറായിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ അംഗങ്ങൾക്കും ഭരണാധികാരികൾക്കും സന്നദ്ധ പ്രവർത്തകർക്കും 'പ്രോജക്ട് തയാറാക്കുന്നതെങ്ങനെ?' എന്നു ശാസ്തീയമായി പഠിപ്പിച്ചവരിൽ ഒരാളായിരുന്നു ഗിരീഷ് കുമാർ. ബാങ്കുകളും മറ്റും കൈകാര്യം ചെയ്തിരുന്ന പ്രോജക്ടിൻ്റെ ഘടകങ്ങളും, സാങ്കേതിക സാമ്പത്തികകാര്യങ്ങളും ലളിതമായി മലയാളത്തിൽ പഠിപ്പിച്ച് പഞ്ചായത്തു - മുനിസിപ്പൽ കോർപ്പറേഷനുകളിൽ വിവിധ മേഖലകളിലെ പ്രോജക്ട് തയാറാക്കാൻ പ്രായോഗിക പരിശീലനം ക്ലാസുകളിൽ നൽകി.
തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രോജക്ടുകളിൽ ഒരു സ്രോതസായി ബാങ്കു വായ്പകൾ കൂടി ഉൾപ്പെടുത്തി കാർഷിക - ചെറുകിട വ്യവസായ മേഖലകളിൽ വായ്പാബന്ധിത പ്രോജക്ടുകൾക്ക് അന്ന് രൂപം നൽകിയിരുന്നു. അതിൻ്റെ വിശദാംശങ്ങൾ ലഭ്യമാക്കാനായി 'ബാങ്കുകളും ജനകീയാസൂത്രണവും' എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചപ്പോൾ അത് തയാറാക്കുന്ന ചുമതല ഗിരീഷ് കുമാറിനെയാണ് ഏല്പിച്ചത്. നബാർഡിലെ ജോസ് ടി എബ്രഹാം, കണ്ണൂരിലെ ടി കെ ദേവരാജൻ എന്നിവരുടെ സഹായത്തോടെ അദ്ദേഹം ആ പുസ്തകം തയാറാക്കുകയും പ്ലാനിംഗ് ബോർഡ് അത് അച്ചടിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.
പ്രോജക്ടുകൾ പരിശോധിച്ച് കുറ്റമറ്റതാക്കുന്നതിന് 'സന്നദ്ധ സാങ്കേതികസേന' രൂപീകരിച്ചപ്പോൾ അതിൽ ബാങ്കിംഗ് - സാങ്കേതിക, ധനകാര്യവിഷയങ്ങൾ നോക്കാൻ ബാങ്ക് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്നു കണ്ടു. ഔദ്യോഗികമായി ബാങ്കുകൾ സന്നദ്ധരായ ജീവനക്കാരെ വിട്ടുനൽകുന്നതിന് തയാറായിരുന്നില്ല. അപ്പോഴാണ് ബാങ്കിംഗ് മേഖലയിലെ പ്രമുഖസംഘടനകളുടെ നേതാക്കളുടെ യോഗം രണ്ടു തവണ പ്ലാനിംഗ് ബോർഡിൽ വിളിച്ചു ചേർത്ത് അവരുടെ സേവനം അഭ്യർത്ഥിച്ചത്. ആൾ ഇൻഡ്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇൻഡ്യ, നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയീസ്, ആൾ ഇൻഡ്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘ ടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. എല്ലാ സംഘടനകളും പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. തുടർന്ന് പ്രോജക്ട് പരിശോധനയെ സംബന്ധിച്ചും മറ്റും വിവിധ സംഘടനകളിൽ നിന്നു വന്ന ഇരുനൂറിലധികം സന്നദ്ധപ്രവർത്തകർക്ക് രണ്ടു ദിവസത്തെ പരിശീലനം രണ്ടു തവണ നടത്തുകയുണ്ടായി. ജോലിത്തിരക്കിനിടയിലും അവരിൽ നിരവധി പേർ വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രോജക്ട് പരിശോധനയിൽ പങ്കെടുത്തു. ഇതിൽ ചുക്കാൻ പിടിച്ചതിൽ പ്രധാനി ആർ ഗിരീഷ് കുമാറായിരുന്നു. ആദ്യ വർഷങ്ങളിലെ പദ്ധതികളിൽ ബാങ്കു വായ്പ ഉള്ള പ്രോജക്ടുകളും നിരവധി പഞ്ചായത്തുകളിലെ വാർഷികപദ്ധതിയിൽ ഇടം പിടിച്ചു. കാർഷിക - മൃഗസംരക്ഷണ മേഖലകളിൽ നിരവധി പേർക്ക് ഇതിലൂടെ വായ്പ ലഭ്യമാക്കാനായി. ജനകീയാസൂത്രണം പശു-ആട്-കോഴി വിതരണ പരിപാടിയാണെന്ന് ചിലർ ആക്ഷേപിച്ചുവെങ്കിലും അന്നത്തെ പദ്ധതികൾ നടപ്പിലാക്കിയതിലൂടെ കാർഷികോൽപാദന വർദ്ധനവും മൃഗ സംരക്ഷണ- മത്സ്യകൃഷി മേഖലകളിൽ വളർച്ചയും ഉണ്ടായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിൽ ജില്ലയിൽ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള അദ്ദേഹം 2004-2006 കാലയളവിൽ തിരു: ജില്ല പ്രസിഡൻ്റായിരുന്നു. സർക്കാർ അഭ്യർത്ഥിച്ചെങ്കിലും ജനകീയാസൂത്രണപരിപാടികളിൽ പങ്കെടുത്ത ദിവസങ്ങൾ ഡ്യൂട്ടി ലീവായി പരിഗണിക്കാൻ ബാങ്ക് തയാറായില്ല. ഒടുവിൽ സ്വന്തം പി എൽ ആക്കി അവ മാറ്റുകയാണ് ചെയ്തത്.
2006-10 ൽ തിരു : ജില്ലയിൽ ലീഡ് ബാങ്ക് മാനേജരായി പ്രവർത്തിച്ചു. വിവിധ ശാഖകളിൽ ഓഫീസറും, മാനേജരും ഒക്കെ ആയി സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. ഐ ഒ ബി തിരു: റീജിയണൽ ഓഫീസിൽ ചീഫ് മാനേജരായിരിക്കെ 2015 ൽ വിരമിച്ചു. അതിനുശേഷം 2017 മുതൽ തിരുവനന്തപുരം അർബൻ മേഖലയിലെ ധനകാര്യ സാക്ഷരത കൗൺസിലറായി പ്രവർത്തിക്കുന്നു. ഐ ഒ ബി ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റ്, പൂജപ്പുര, കേരള ബാങ്ക്, എ സി എസ് ടി ഐ, മൺവിള, കിക്മ തുടങ്ങിയ സ്ഥാപനങ്ങളിൽ ഗസ്റ്റ് ഫാക്കൾടിയാണ്.
എം എ, എം ഫിൽ, എം.ബി.എ , സി എ ഐ ഐ ബി ബിരുദധാരിയായ അദ്ദേഹം ഇപ്പോൾ ആൾ ഇൻഡ്യ ബാങ്ക് പെൻഷനേഴ്‌സ് ആൻ്റ് റിട്ടയറീസ് കോൺഫെഡറേഷൻ സംസ്ഥാന അസി: സെക്രട്ടറിയും, തിരു: ജില്ല സെക്രട്ടറിയും, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ വൈസ്പ്രസിഡൻ്റുമാണ്. ശാസ്ത്ര സാഹിത്യപരിഷത്തിലും സജീവമാണ്. ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ഉള്ള പരീക്ഷകൾക്ക് പരിശീലനം നൽകുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡീസ് ഒഫ് ഡവലപ്മെൻ്റ് ' എന്ന സ്വന്തം സ്ഥാപനത്തിൻ്റെ സംഘാടകനും ചീഫ് ഫാക്കൾട്ടിയും അദ്ദേഹമാണ്.
ധനകാര്യ സാക്ഷരത, Post Sankara Philosophers of Kerala, 'പ്രപഞ്ചം, മതം, വിശ്വാസം', 'ബാങ്ക് വായ്പാപദ്ധതികളും, പ്രോജക്ട് തയാറാക്കലും' തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകളെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചുമുളള പുസ്തകങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.
രണ്ടു വയസിൽ പോളിയോ ബാധിച്ചയാളാണ് ഗിരീഷ് കുമാർ. സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറിലും, കൈയിൽ ബ്രേക്കും ആക്സിലറേറ്ററുമുള്ള കാറിലുമാണ് ഇപ്പോൾ യാത്ര. കാറിൽ വീൽ ചെയറും ഉണ്ടാകും.ജനങ്ങൾക്കും ബാങ്കുകൾക്കും ഇടയിൽ പ്രവർത്തിക്കുന്ന ധനകാര്യ സാക്ഷരത കൗൺസിലർ എന്ന നിലയിലാണ് ഇപ്പോൾ കൂടുതൽ സജീവം. ജില്ലയിലെ ഏറ്റവും നല്ല ധനകാര്യസാക്ഷരത കൗൺസിലർമാരിൽ ഒരാളെന്ന നിലയിൽ ഈയിടെ ആർ ബി ഐ യുടെ സമ്മാനവും നേടുകയുണ്ടായി.