Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
ആലുവ

അനന്തപുരി മുതൽ കുട്ടിവനം വരെ

ചിന്നൻ റ്റി പൈനാടത്ത്
1995 ൽ ആണ് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഒരു ശില്പശാലയിൽ പങ്കെടുക്കുവാൻ ആലുവ നഗരസഭയിൽ നിന്ന് ഞാൻ നിയോഗിതനായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ ജനപങ്കളിത്തം ഉണ്ടാകണമെന്ന ആശയം അന്ന് വളരെ പുതുമ ഉണർത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷകളോടെയാണ് സംസ്ഥാന തലസ്ഥാന നഗരിയിലേക്ക് യാത്രയായത്. രണ്ടോ മൂന്നോ (വ്യക്തമായി ഓർക്കുന്നില്ല) ദിവസങ്ങളിലായി, ഡോ തോമസ് ഐ സെക് സാറിൻ്റെ നേതൃത്വത്തിൽ, ശ്രീകാര്യത്തെ ലയോള കോളെജിൽ വച്ച് (എന്നാണ് എൻ്റെ ഓർമ്മ) നടത്തപ്പെട്ട പഠന ശില്പശാലയിൽ അതീവ താല്പ്പര്യത്തോടെയാണ് ഞാൻ പങ്കെടുത്തത്. കേരളത്തിലെ മറ്റ് പല നഗരസഭകളിൽ നിന്ന് മുപ്പത്തഞ്ചോളം പേരാണ് അതിൽ സംബന്ധിച്ചത്. പ്രാദേശിക ആവശ്യങ്ങളെ കണ്ടെത്തി മുൻഗണന നിർണ്ണയിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുക എന്ന പുതുമയാർന്ന ആശയത്തിൻ്റെ വിവിധ വശങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞു. ശില്പശാലയിൽ പങ്കെടുത്ത്, ജനകീയാസൂത്രണത്തെ നെഞ്ചിലേറ്റിയാണ് ഞാൻ മടങ്ങിയത്. വന്ന ശേഷം അന്നത്തെ ആലുവ നഗരസഭ അദ്ധ്യക്ഷനായിരുന്ന ശ്രീ എം ഒ ജോണുമായി ജനകീയാസൂത്രണമെന്ന പുതിയ ആശയത്തിൻ്റെ മാഹാത്മ്യത്തെയും, പ്രാധാന്യത്തെയും, പ്രയോജനത്തേയും കുറിച്ചു സംസാരിച്ചു. ശ്രദ്ധാപൂർവ്വം ശ്രവിച്ചിരുന്ന അദ്ദേഹം പറഞ്ഞ മറുപടി 'ഇത് രാഷ്‌ട്രീയമാണ് ചിന്നാ' എന്നായിരുന്നു. 'രാഷ്ട്രീയമാണെങ്കിലും ഭരിക്കുന്ന പാർട്ടിക്ക് ഈ ആശയം ഫലപ്രദമായി പ്രയോജനപ്പെടുത്താം' എന്ന് ഞാൻ മറുപടിയായി പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കിയ അദ്ദേഹം ജനകീയാസൂത്രണ പ്രവർത്തനങ്ങളോടുള്ള തൻ്റെ കാഴ്ചപ്പാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തിയത് ഞാൻ മനസിലാക്കി. അദ്ദേഹം ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് ശക്തമായി കൈത്താങ്ങാണ് പിന്നീട് നൽകി പോന്നത്. 1996 ൽ എന്നെ ആസൂത്രണസമിതിയുടെ വൈസ് ചെയർമാനായി നിയോഗിക്കുകയും 2025 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1996 ൽ ആരംഭിച്ച പദ്ധതിക്കാലയളവിൽ ഓർത്തെടുത്ത ഒരനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ശിവരാത്രി ഉത്സവം നടക്കുന്ന പെരിയറിൻ്റെ തീരഭാഗത്ത് ആദ്യത്തെ കുട്ടിവനം പിടിപ്പിച്ചത് പരേതനായ പ്രൊഫ എസ് സീതാരാമൻ്റെ നേതൃത്വത്തിലാണ്. പ്രൊഫ ഗോപാലകൃഷ്ണമൂർത്തിയും അതിൽ മുഖ്യ പങ്ക് വഹിക്കുകയുണ്ടായി. അതിൻ്റെ തുടർച്ചയായി രണ്ടുഘട്ടങ്ങളായി വനവൽക്കരണം നടന്നു. ജനകീയാസൂത്രണത്തിൻ്റെ ഭാഗമായാണ് ആദ്യ ഘട്ടം നടപ്പാക്കിയത്. ഞാൻ ചെയർമാനും പരേതനായ ശ്രീ എം കെ തമ്പി കൺവീനറും ആയ ഗുണഭോക്‌തൃ സമിതിയാണ് ഇരുന്നൂറ്റി അമ്പതോളം വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് വനമായി വളർത്തിയത്. അന്ന് എം എൽ ആയിരുന്ന ശ്രീ കെ മുഹമ്മദാലിയാണ് വൃക്ഷ തൈകൾ നടീലിൻ്റെ ഉൽഘാടനം നിർവ്വഹിച്ചത്. പരിസ്ഥിതിപ്രവർത്തകരായ പരേതനായ പ്രൊഫ സീതാരാമൻ, പ്രൊഫ ഗോപാലകൃഷ്ണമൂർത്തി, പരേതനായ ശ്രീ പി എസ് ഗോപിനാഥൻ നായർ, പരേതനായ ഡോ കെ കെ ഉസ്മാൻ, ശ്രീ എൻ രാമചന്ദ്രൻ, ശ്രീ വി ടി ചാർലി, ശ്രീമതി കല്യാണി കുട്ടി, പരേതനായ ശ്രീ കെ കുരുവിള, ശ്രീ ടി നാരായണൻ ശ്രീ എ പി മുരളീധരൻ, ശ്രീ കെ എം ഇസ്‌മയിൽ, ശ്രീ എം ഇ മുഹമ്മദ്, ശ്രീ ജബ്ബാർ മേത്തർ, ശ്രീ സുനിൽ മേനോൻ, ശ്രീ എം പി വർഗീസ്, ശ്രീ വി എ അലിക്കുഞ്ഞ്, ശ്രീ എം പി കൊച്ചുണ്ണി, ശ്രീ വർക്കി, ശ്രീ അബ്ദുൾ കലാം, ശ്രീ ഇ എ അബൂബേക്കർ തുടങ്ങി ഏറെ പേരുടെ പങ്കാളിത്തം ഗുണഭോക്തൃ സമിതി അംഗങ്ങൾ എന്ന നിലയിൽ ഈ പദ്ധതിയുടെ നിർവ്വഹകണത്തിൽ ഉണ്ടായിരുന്നു. വൃക്ഷ തൈകളുടെ ആദ്യകാലത്തെ പരിപാലനത്തിനായി ഇഷ്‌ടികകൊണ്ട് ഒരു ഷെഡ് നിർമ്മിച്ചതും അതിൽ വെള്ളം പമ്പു ചെയ്യുന്നതിന്നായി ഡീസൽ പമ്പ് സ്ഥാപിച്ചതും ഓർക്കുന്നു. കുറച്ചു കാലമെ പമ്പിൻ്റെ സേവനം ഞങ്ങൾക്ക് ലഭിച്ചുള്ളു. കെട്ടുറപ്പോടെ പണിത് പൂട്ടിയിട്ടിരുന്ന ഷെഡിൻ്റെ പൂട്ടു പൊളിച്ച് മോഷ്ടാക്കൾ ഡീസൽ പമ്പ് കൊണ്ടുപോയി. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. എങ്കിലും വൃക്ഷ തൈകളെ തളരാതെ പരിപാലിച്ച് വളർത്തുന്നതിൽ ഞങ്ങൾ വിജയിക്കുകതന്നെ ചെയ്തു. തുടർന്ന് മൂന്നാം ഘട്ട വനവൽക്കരണവും നടന്നു. മൂന്നു ഘട്ടങ്ങളിലായി പെരിയാർ തീരത്ത് നടത്തിയ വനവൽക്കരണ പ്രവർത്തനങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വൃക്ഷങ്ങളായി പെരിയാർ തീരത്തെ മനുഷ്യനിർമ്മിത വനങ്ങളായി ശോഭയാർന്ന് പരിലസിക്കുന്നു. തുടർന്നും ഈ പദ്ധതിയെ പരിപാലിച്ച് നിലനിർത്തിയാൽ ആലുവയിലെ മറ്റൊരു 'ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി' മാറ്റിയെടുക്കാം. ജനകീയാസൂത്രണം പെരിയാറിനും പ്രകൃതിക്കും നൽകിയ അമൂല്യ സംമ്പത്താണ് ഈ മനുഷ്യ നിർമ്മിത വനങ്ങൾ. ചിന്നൻ റ്റി പൈനാടത്ത് ആലുവ