ശ്രീമതി. അന്നമ്മ കെ.വി.
ഒമ്പതാം പദ്ധതി കാലത്ത് ഇരിട്ടി ബ്ലോക്കിലെ ആറളം പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. രണ്ടു വർഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു.
ഒരു സാധാരണ വീട്ടമ്മയിൽ നിന്നാണ് അവർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസണായി ഭരണസമിതിയിലേക്ക് എത്തിച്ചേരുന്നത്. അവരുടെ ജീവിത പങ്കാളിയായ ബേബി ജോൺ മാസ്റ്റർ സി..പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു എന്നത് മാത്രമാണ് അന്നമ്മയുടെ സാമൂഹ്യ ബന്ധം. അവർ സ്വയം വിലയിരുത്തിയ ഒരു കുറിപ്പ് പഴയ ശേഖരത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വയം വിശദീകരണാത്മകമായ ആ കുറിപ്പ് ഇവിടെ ചേർക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. നോമിനേഷൻ കൊടുക്കുമ്പോൾ അല്ലാതെ പഞ്ചായത്ത് ഓഫീസിൽ മുൻപ് പോയിട്ടില്ല. എനിക്ക് കണ്ണൂർ ജില്ലക്കപ്പുറത്തുള്ള ലോകം പത്രങ്ങളിലൂടെയും കഥ, സിനിമ, ചരിത്ര പുസ്തകങ്ങൾ എന്നിവയിലൂടെയും മാത്രം പരിചിതമായവ.
പ്രസംഗിക്കുവാൻ എന്നല്ല , സംസാരിക്കാൻ പോലും സാമർത്ഥ്യം ഉണ്ടായിരുന്നില്ല. നന്നായി സംസാരിക്കുന്ന സ്ത്രീകളോടും എല്ലാ ദിവസവും വീട്ടിൽ നിന്നും പുറത്തു ജോലിക്ക് പോയി വരുന്ന സ്ത്രീകളോടും ഒക്കെ ഒരുതരം ആരാധനയായിരുന്നു. കിട്ടുന്നതെന്തും വായിക്കും, അതുമാത്രമായിരുന്നു എന്റേതായി എനിക്കിഷ്ടപ്പെട്ട ഗുണം.
തെരഞ്ഞെടുപ്പ് പ്രചരണ വേളയിലൊന്നും തന്നെ രണ്ടു വാക്ക് സംസാരിക്കേണ്ടി വന്നതേയില്ല. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്ക് നൽകുന്ന സ്വീകരണ ചടങ്ങുകളിൽ സംസാരിച്ചേ പറ്റൂ എന്ന് വന്നപ്പോൾ ആദ്യം ആകെ വിഷമിച്ചു പോയിരുന്നു. പറയേണ്ട കാര്യങ്ങൾ എഴുതി കാണാതെ പഠിച്ച് അവതരിപ്പിച്ചു.
ഏതാണ്ട് പതിനഞ്ചോളം വേദികളിൽ വിജയലഹരിയിൽ ആയതുകൊണ്ട് ജനങ്ങൾ അതത്ര കാര്യമാക്കിയും ഇല്ല. ആളുകളെ ആഭിമുഖീകരിച്ചു സംസാരിക്കാനുള്ള വിറയൽ അന്നത്തോടെ മാറിക്കിട്ടി. ഇന്ന് അറിയാവുന്ന ഒരു വിഷയത്തെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കാനോ സംവാദം നടത്തുവാനോ യാതൊരു വിഷമവുമില്ല . ഇത് ജനകീയാസൂത്രണത്തിൻ്റെ വിജയമാണ്.
വനിതാ മെമ്പർ എന്ന നിലക്ക് സ്ത്രീകളുടെ പ്രശ്നങ്ങളാണ് അധികവും കൈകാര്യം ചെയ്യേണ്ടി വന്നത്. ഒരു കുടിയേറ്റ പ്രദേശം എന്നതുകൊണ്ട് തന്നെ ഇവിടെയുള്ള സ്ത്രീകൾ ഇരട്ടിയല്ല നാലിരട്ടി ജീവിത ഭാരം ചുമക്കുന്നവരാണ്. ജനകീയ ആസൂത്രണ പ്രസ്ഥാനം നിലവിൽ വന്നപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഇവിടുത്തെ സ്ത്രീകളാണ്. ഗ്രാമസഭകളിൽ സ്ത്രീ പങ്കാളിത്തവും മോശമല്ല. കാലാകാലങ്ങളിലുള്ള അവഗണനയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് അത്യാകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സ്ത്രീകൾ. നാലു വനിതകൾ മെമ്പർമാരായത് എല്ലാവരിലും വളരെ പ്രതീക്ഷയുണ്ടാക്കി.
ഏറ്റവും വലിയ നേട്ടമായ് ഞങ്ങളുടെ പഞ്ചായത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സ്വയം സഹായ സംഘങ്ങളെ വിലയിരുത്തുന്നു. (1998 ൽ കുടുംബശ്രീ വരുന്നതിന് മുമ്പ് തന്നെ രൂപീകരിച്ചവ.) സ്ത്രീകളുടെ സ്വായം പര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ട്, സാംസ്കാരിക രംഗത്ത് അവരുടെ സാന്നിധ്യം ലോകത്തെ അറിയിക്കുന്ന വിധം, വിദ്യാഭ്യാസ രംഗത്ത് അവർക്ക് വളർച്ചയുണ്ടാകും വിധം, സംവിധാനം ചെയ്ത ഈ സംഘങ്ങളിൽ 2100 ഓളം പേർ അംഗങ്ങളാണ്. അവർ ഒരുപാട് പ്രതീക്ഷിക്കുന്നുമുണ്ട്.
ജനകീയ ആസൂത്രണത്തിലെ സ്ത്രീ പരിഗണന പലപ്പോഴും നാമമാത്രമായി മാറിപ്പോകുന്നു. അംഗൻവാടി കെട്ടിടങ്ങളായും വ്യവസായ കോംപ്ലക്സുകളായും റോഡുകളായും സ്ത്രീ പരിഗണന മാറുമ്പോൾ യാഥാർത്ഥ സ്ത്രീ താല്പര്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല. സ്ത്രീപരിഗണനകളെക്കുറിച്ച് എനിക്കുള്ള ധാരണകൾ വളരെ വ്യത്യസ്തമാണ് . സ്ത്രീ പരിഗണന ഉറപ്പുവരുത്തുന്ന പ്രോജക്ടുകൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇനിയും ഒരുപാട് മാറ്റങ്ങൾ വരും. അപ്പോൾ സ്ത്രീ പരിഗണനക്ക് നല്ല വ്യാഖ്യാനങ്ങളും ഉണ്ടാകും എന്ന് ആശിക്കുന്നു.
പഞ്ചായത്ത് മെമ്പർ എന്ന നിലക്ക് ധാരാളം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. അതിർത്തി പ്രശ്നങ്ങൾ, വഴി പ്രശ്നങ്ങൾ തുടങ്ങിയവ. ആദ്യകാലത്ത് ഒക്കെ ഈ വക പ്രശ്നങ്ങളിൽ ഇടപെടാൻ ഭയങ്കര ചമ്മലായിരുന്നു.എന്നാൽ ചമ്മലെല്ലാം മാറ്റി വെച്ച് പ്രശ്നങ്ങളെ നേരിടുന്നു.
ചിലപ്പോഴൊക്കെ വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി വളരെ വൈകും. ആദ്യം ഇത് മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ നാട്ടുകാരുടെ പിന്തുണ ഉള്ളതുകൊണ്ട് ഇപ്പോൾ ഇതൊരു വിഷമമല്ല. തീർത്തും വിഷമകരമായ സാഹചര്യങ്ങൾ വരുമ്പോൾ ജീവിതപങ്കാളി സഹായിക്കാറുണ്ട്, കൂടെ നിൽക്കാറുണ്ട്.
അന്നമ്മ കെ.വി., പൈനാപ്പള്ളി P.O., പായം, കണ്ണൂർ ജില്ല. ചരമം 2024 ൽ.
എം. വിജയകുമാർ,
മുൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ,
ഇരിട്ടി, കണ്ണൂർ ജില്ല.