കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡണ്ടായി 1995 ൽ ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സംവരണ വാർഡിലാണ് ആദ്യമായി മത്സരിച്ചതും പ്രസിഡണ്ട് ആയതും. അന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഏരിയ സെക്രട്ടറി എന്ന നിലയിലും സിപിഎമ്മിന്റെ ഒരംഗം എന്ന നിലയിലും പൊതുപ്രവർത്തനരംഗത്ത് ഉണ്ടായിരുന്നു. ഈ പരിചയം ഭരണ രംഗത്ത് മുതൽക്കൂട്ടായിട്ടുണ്ട്.
1995 കാലഘട്ടത്തിൽ പരിമിതമായ സാമ്പത്തിക നിലയായിരുന്നു പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്നത്. അധികാരങ്ങളും വളരെ പരിമിതമായിരുന്നു. ഇന്ന് കാണുന്ന അധികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 1996 ൽ സംസ്ഥാന സർക്കാർ പദ്ധതി ഫണ്ടും അധികാരവും വകുപ്പുകളും ത്രിതല പഞ്ചായത്തുകൾക്ക് നൽകിക്കൊണ്ട് ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കിയതോടുകൂടിയാണ് നാം ഇന്ന് കാണുന്ന വികസന മുന്നേറ്റങ്ങൾക്ക് തുടക്കമായത് .
ജനകീയസൂത്രണ പ്രസ്ഥാനം ആരംഭിച്ച തോടുകൂടി അതിവിപുലമായ ജനകീയ ഇടപെടലുകൾ ഉണ്ടായി പദ്ധതി രൂപീകരണത്തിന് വേണ്ടി ചേർന്ന ഗ്രാമസഭകളിലെ പങ്കാളിത്തവും പദ്ധതി നിർവഹണത്തിലെ ജനകീയ ഇടപെടലുകളും എടുത്തു പറയേണ്ടതാണ്. പശ്ചാത്തല മേഖലയിൽ റോഡുകളും നടപ്പാതകളും നടപ്പാലങ്ങളും ആവശ്യാനുസരണം ഇല്ലാതിരുന്ന ഈ കാലത്ത്, പഞ്ചായത്തിൻറെ വിവിധ പ്രദേശങ്ങളിൽ വികസന പദ്ധതിക്ക് മാറ്റിവെക്കുന്ന പദ്ധതി വിഹിതത്തോടൊപ്പം ഗുണഭോക്‌തൃ വീ ഹിതവും ചേർത്ത് വികസനമൂന്നേറ്റത്തിന് ആക്കം കൂട്ടുകയുണ്ടായി . ഈ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിൽ വരുത്തുന്നതിന് ഗുണഭോക്തൃ സമിതികൾ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.
നവംബർ ഒന്ന് പുനരർപ്പണ ദിനമായി പ്രഖ്യാപിക്കുകയും പഞ്ചായത്തിൽ ഒരു , പദ്ധതി മാതൃകാ പദ്ധതിയായി ജനകീയ പങ്കാളിത്തത്തോടുകൂടി നടത്താൻ തീരുമാനിച്ചപ്പോൾ, വെള്ളിയാംപറമ്പ് ക്ഷേത്രം- വാചാക്കിൽ നടപ്പാത നിർമ്മാണം തെരഞ്ഞെടുത്തു.
50,000 രൂപ പഞ്ചായത്ത് വകയിരുത്തിയപ്പോൾ ജനകീയ പങ്കാളിത്തത്തോടുകൂടി, മനുഷ്യാധ്വാനവും അസംസ്കൃത വസ്തുക്കളും ശേഖരിച്ചുകൊണ്ട്, മൂന്നു ലക്ഷം രൂപ മൂല്യമുള്ള പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞു. ഇത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഗുണഭോക്‌തൃ സമിതികൾക്ക് പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രചോദനമായി മാറി.
തുടക്കത്തിൽ നടപ്പാതകൾക്കുo നടപ്പാലങ്ങൾക്കും ആണ് നാം മുൻഗണന നൽകിയതെങ്കിൽ, തുടർന്ന് റോഡുകളുടെ നിർമ്മാണത്തിന് വേണ്ടിയും സമ്പൂർണ്ണ വൈദ്യുതീകരണത്തിനു വേണ്ടിയുമുള്ള പദ്ധതികൾ ഏറ്റെടുത്തു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്ത് ജനകീയ പങ്കാളിത്തത്തോടുകൂടി ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുന്നതിന് സാധിച്ചു. അങ്ങനെ സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയ പഞ്ചായത്തായി മാറാനും നമുക്ക് സാധിച്ചു.
പ്രവർത്തനങ്ങൾ എല്ലാം നൂറു ശതമാനവും ഗുണഭോക്തൃ സമിതികൾ മുഖാന്തിരമാണ് നടത്തിയത് എന്ന് അഭിമാനത്തോടുകൂടി തന്നെ നമുക്ക് പറയാൻ സാധിക്കും. അഭിമാനകരമായിട്ടുള്ള നേട്ടമാണ് ഇതിലൂടെ നമ്മുടെ പഞ്ചായത്തിന് കൈവരിക്കാൻ സാധിച്ചത്.
1997- 98 വർഷം ജനകീയസൂത്രണ പദ്ധതി നല്ലനിലയിൽ നടപ്പിലാക്കിയതിനും മാതൃകാപരമായ അയൽക്കൂട്ട പ്രവർത്തനങ്ങൾക്കുo ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ കീഴല്ലൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചു. പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ജനകീയസൂത്രണ പ്രവർത്തകരും ജീവനക്കാരും ജനങ്ങളും നൽകിയ പരിപൂർണ്ണ പിന്തുണയാണ് ഇത്തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചത്.
1995 മുതൽ 2000 വരെ വനിതാ സംവരണ സീറ്റിലാണ് ഞാൻ തെരഞ്ഞെടുക്കപ്പെട്ടതെങ്കിൽ 2000 മുതൽ 2005 വരെ ജനറൽ സീറ്റിൽ മത്സരിച്ചു വീണ്ടും പ്രസിഡണ്ടായി ചുമതലയേറ്റ്, പത്തു വർഷം തുടർച്ചയായി ഭരണം നടത്താൻ സാധിച്ചത് ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസമാണ്.
നിലവിൽ 2025 മുതൽ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്നു.
എം വി സരള
പുതുക്കുടിച്ചാലിൽ വീട്
നല്ലാണി
പി.ഒ എടയന്നൂർ
കണ്ണൂർ ജില്ല.