Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
മട്ടന്നൂര്‍

മുപ്പത് വർഷം മുമ്പ് നടന്ന ജനകീയ ആസൂത്രണ ക്യാമ്പയിൻ, 9 -ാം ജനകീയ പദ്ധതി

എം വിജയകുമാർ
മുപ്പത് വർഷം മുമ്പ് നടന്ന ജനകീയ ആസൂത്രണ ക്യാമ്പയിൻ, 9 -ാം ജനകീയ പദ്ധതി അന്ന് ഞാൻ ജല വിഭവ വകുപ്പിൽ ഡിവിഷണൽ അക്കൗണ്ടൻ്റ് ആയി ജോലി ചെയ്തുവരികയിരുന്നു. ക്യാമ്പയിന്റെ തുടക്കം മുതൽ - ആദ്യത്തെ കെ. ആർ.പി. സപ്തദിന ക്യാമ്പ് തൊട്ട് ,തുടർച്ചയായ പ്രവർത്തനത്തിലായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കാം ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ മട്ടന്നൂർ മുൻസിപ്പാലിറ്റിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും എൻ്റെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് പുരസ്കാരങ്ങൾ നൽകിയത്. സ്റ്റേറ്റ് റിസോർസ് പേർസൺ, ഇരിട്ടി ബ്ലോക്ക് കോ ഓർഡിനേറ്റർ, കണ്ണൂർ ജില്ലാ പഞ്ചാ: കോ ഓർഡിനേറ്റർ, KILA എക്സ്ടൻഷൻ ഫാക്കൽട്ടി.തുടങ്ങി പല സ്ഥാനങ്ങളിലും ചുമതലകളിലും കഴിവിനനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ഇപ്പോൾ, ഈ എഴുപത്തിയേഴാം വയസ്സിലും മട്ടന്നു ർ മുനിസിപ്പാലിറ്റിയുടെ വികസന പ്രവർത്തനങ്ങളിൽ സജീവമായിത്തന്നെ പങ്കെടുത്തു വരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രതിനിധിയായാണ് ഞാൻ ജനകീയാസൂത്രണ കാമ്പയിനിലേക്ക് വരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിലെ ദീർഘ കാലത്തെ പ്രവർത്തന പരിചയവും കേരള സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പ്രവർത്തിച്ചതിലൂടെ ലഭിച്ച വികസന ദിശാബോധവുമാണ് ജനകീയാസൂത്രണ ക്യാമ്പയിനിലും തൃപ്തികരമായ പ്രകടനം കാഴ്ചവെക്കുന്നതിന് സാധ്യമാക്കിയത്. വികസന ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായും കേരള പുരോഗതിയിലെ സുപ്രധാന നാഴിക കല്ലായും വിശേഷിപ്പിക്കപ്പെടുന്ന ജനകീയാസൂത്രണ പ്രസ്ഥാനം മുപ്പത് വർഷം പിന്നിട്ടിരിക്കയാണെല്ലൊ. 'ഒമ്പതാം പദ്ധതി ജനകീയ പദ്ധതി' കാമ്പയിൻ മുതൽ കഴിഞ്ഞ രണ്ടര ദശാബ്ദത്തിലധികമായി മേൽ സൂചിച്ച പ്രകാരം വിവിധ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ടു. ഈ പ്രവർത്തന കാലഘട്ടത്തിലുണ്ടായ അനേകമനേകം ഉജ്ജ്വലമായ, ത്രസിപ്പിക്കുന്ന അനുഭവങ്ങൾ രേഖപ്പെടുത്താൻ വാള്യങ്ങൾ തന്നെ വേണ്ടി വരും. ഏതാനും ചിലത് സൂചിപ്പിക്കട്ടെ. അനുഭവങ്ങൾ. ------ 1. ഒമ്പതാം പദ്ധതി കാലത്ത് അല്പം അഹങ്കാരത്തോടെ തന്നെ പറയാൻ കഴിയുന്ന ,എൻ്റെ നേതൃത്വത്തിലും പങ്കാളിത്തത്തിലും നടന്ന ഒരു പ്രവർത്തനമായിരുന്നു വനിതാ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം. കുടുംബശ്രീ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വരുന്നത് 1998 മെയ് 17 ന് ആണല്ലൊ.എന്നാൽ 1996ൽ തന്നെ എൻ്റെ ചുമതലയിലുള്ള ഇരിട്ടി ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ ആറിലും (കീഴല്ലൂർ, കൂടാളി, തില്ലങ്കേരി, കീഴൂർ- ചാവശ്ശേരി, ആറളം, അയ്യങ്കുന്ന് എന്നിവ. പായം പഞ്ചായത്ത് അന്ന് സഹകരിച്ചിരുന്നില്ല) വനിത സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചിരുന്നു. ആറളം പഞ്ചായത്തിലെ മെമ്പർ ആയിരുന്ന പരേതയായ ശ്രീമതി അന്നമ്മ പൈനാപ്പിള്ളി ആയിരുന്നു ഒരു പ്രചോദന വ്യക്തി.ക്രിസ്ത്യൻ സ്വാധീനം കൂടുതലുള്ള ആറളം, അയ്യങ്കുന്ന് തുടങ്ങിയ മലയോര പഞ്ചായത്തുകളിൽ തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്ന പേരിലുള്ള ഒരു പ്രസ്ഥാനം ഈ പഞ്ചായത്തുകളിൽ വനിതാ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിച്ചു വന്നിരുന്നു. സമാന മാതൃകയിൽ ഒരു ഭരണഘടന തയ്യാറാക്കി,, ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പഞ്ചായത്തുകളിൽ നടപ്പാക്കിയത്. ക്രിസ്ത്യൻ പുരോഹിതന്മാരിൽ നിന്ന് ശക്തമായ എതിർപ്പും നിരുത്സാഹപ്പെടുത്തലും ഉണ്ടായിരുന്നു.കാരണം ഒരുതരത്തിൽ ഇവർ സ്ത്രീകളെ ചൂഷണം ചെയ്യുകയായിരുന്നു. (ബാങ്കിൽ നിന്നും ഈ സംഘങ്ങളുടെ പേരിൽ ആറ് ശതമാനം പലിശയ്ക്ക് സൊസൈറ്റി കടം വാങ്ങി സ്വയംസഹായ സംഘങ്ങൾക്ക് 12ശതമാനം പലിശ വസൂലാക്കി മറിച്ചു കൊടുകയായിരുന്നു). പഞ്ചായത്ത് രൂപീകരിച്ച വനിതാ സ്വയം സഹായ സംഘങ്ങളിലേക്ക് ഇവരെ അംഗങ്ങളാക്കിയപ്പോൾ ടി. എസ്. എസ് എസ്സിൽ നിന്നും എടുത്തിട്ടുള്ള കടം തിരിച്ചടച്ച ശേഷമേ അവരെ ഒഴിവാക്കൂ എന്ന് അതിന്റെ ഭാരവാഹികൾ ശഠിച്ചു. എന്നാൽ സ്ത്രീകൾ അതിന് തയ്യാറായപ്പോൾ, ലോൺ ഒന്നിച്ചു ഒറ്റ ഗഡുവായി അടക്കാൻ പറ്റില്ലെന്നും ലോൺ പാസ്സാക്കുമ്പോൾ നിർദ്ദേശിച്ച മൂന്നുകൊല്ലം, ആറുകൊല്ലം തുടങ്ങിയ കാലാവധിയും തവണകളും പാലിക്കണമെന്നും അത്രയും പലിശയും അടക്കണമെന്നും അതുവരെ സംഘത്തിൽ നിന്നും ഒഴിവാക്കില്ല എന്നും അവർ വിചിത്രവാദങ്ങളുയർത്തി ഭീഷണിപ്പെടുത്തിയിരുന്നു ! എങ്കിലും നിരന്തരമായ ഇടപെടലിലൂടെ ഏതാണ്ട് 250 ൽ പരം വനിതാ സ്വായംസഹായ സംഘങ്ങൾ ഈ ആറു പഞ്ചായത്തുകളിലായി രൂപീകരിക്കാൻ കഴിഞ്ഞു. പിന്നീട് 1998 ൽ കുടുംബശ്രീ നിലവിൽ വന്നപ്പോൾ ഈ സംഘങ്ങൾ എല്ലാം കുടുംബശ്രീയിൽ ലയിച്ചു 1.ഗ്രാമസഭകൾ സമര പഥങ്ങളാവുമ്പോൾ. അധികാര വികേന്ദ്രീകരണത്തിലൂടെ പഞ്ചായത്തുകളെ പ്രാദേശിക ഭരണകൂടങ്ങളായും ജനകീയ സ്ഥാപനങ്ങളായും മാറ്റിയെടുക്കുക എന്നത് പ്രധാന ലക്ഷ്യമായിരുന്നുവല്ലൊ. സുതാര്യതയുടെയും ജനപങ്കാളിത്തത്തിന്റെയും കാവൽ ശക്തികളായിരുന്നു പലപ്പോഴും ഗ്രാമസഭകൾ. ജനസമൂഹത്തിന് ഭരണത്തിൽ എത്ര ശക്തമായി, ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്ന് പല ഗ്രാമസഭകളും തെളിയിച്ചുണ്ട്. അത്തരം ഒരനുഭവമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. കീഴല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമസഭ. മുന്നുറോളം ആളുകളുണ്ട്. പശ്ചാത്തല മേഖലയിലെ പദ്ധതി പുരോഗതി വിലയിരുത്തപ്പെടുന്നു.ഒരു ഗുണഭോക്തൃ കമ്മിറ്റിയുടെ കൺവീനർ പുരോഗതി റിപ്പോർട്ട് ചെയ്യുകയാണ്. അയാൾ അവസാനിപ്പിച്ച് കൊണ്ട് പറഞ്ഞു. "പ്രസിഡണ്ടേ ഒരു പ്രത്യേകകാര്യം പറയാനുണ്ട്. നിങ്ങൾ ചുമതലപ്പെടുത്തിയ എഞ്ചിനീയർ അഞ്ചു ചാക്ക് സിമന്റ് ആവശ്യപ്പെട്ടു.ഇത്തരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് ശരിയായില്ല" പ്രസിഡണ്ട് എം.വി. സരള രോഷാകുലയായി ചോദിച്ചു " എന്നിട്ട് നിങ്ങൾ കൊടുത്തുവോ?" കൺവീനർ - "കൊടുത്തു." പ്രസിഡണ്ട് - "നിങ്ങൾക്ക് കൊടുക്കാൻ ആരാണ് അധികാരം തന്നത്.? തത്സമയം എന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ല ? എല്ലാ ശനിയാഴ്ചയും കൺവീനർമാരുടെ യോഗം ചേരുന്നുണ്ടല്ലൊ, അപ്പോഴെങ്കിലും അറിയിച്ചുവോ '' കൺവീനർ - " അയാൾ ആവശ്യപ്പെട്ടു , ഞങ്ങൾ കൊടുത്തു. എന്തെങ്കിലും തടസ്സമുണ്ടാക്കിയാലോ എന്ന് ശങ്കിച്ചു. " പ്രസിഡണ്ട് - "നിങ്ങൾ ചെയ്തത് ഗുരുതരമായ കുറ്റമാണ്. നിങ്ങൾക്കങ്ങനെ നിർമാണ വസ്തുക്കൾ ബാക്കിയുണ്ടെങ്കിൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യാമായിരുന്നു. പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതിയുണ്ട്. അവർക്കെങ്കിലും പ്രയോജനപ്പെടുമായിരുന്നു." സമീപത്തിരിക്കുന്ന ബ്ലോക്ക് കോ-ഓർഡിനേറ്ററായ എന്നോട് "വിജയേട്ട നിങ്ങളല്ലെ ഈ എഞ്ചിനിയറെ ഞങ്ങളുടെ പഞ്ചായത്തിലേയ്ക്ക് നല്കിയത്.നിങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നു , ഇത്തരക്കാരെ ശുപാർശ ചെയ്യുമ്പോൾ " ഞാൻ ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വാധീനമുപയോഗിച്ച് എന്റെ ചുമതലയുള്ള എല്ലാ പഞ്ചായത്തിലും ആവശ്യാനുസരണം എഞ്ചിനിയർമരെ നല്കിയിരുന്നു. യഥാർത്ഥത്തിൽ എഞ്ചിനീയർമാർക്ക് താല്പര്യമില്ലായിരുന്നു. ഇതൊന്നും ഞങ്ങൾക്ക് ശരിയാവില്ല, പിന്നെ സാർ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം ചുമതല ഏല്ക്കുന്നു എന്ന സമീപനമായിരുന്നു അവർക്ക് . "പ്രസിഡണ്ടേ ഞാനിതൊക്കെ കൃത്യമായി എഞ്ചിനിയർമാരെ ബോധ്യപ്പെടുത്തി സമ്മതിപ്പിച്ചാണ്. ശരി ഞാൻ മറ്റൊരാളെ തരാം. ഇയാളോട് ഞാൻ ബന്ധപ്പെടട്ടെ. തുടർന്ന് ഞാൻ എഞ്ചിനീയറെ കാണുന്നു. - "ഇന്നലെ ഗ്രാമസഭയിൽ താങ്കളെ ക്കുറിച്ച് പരാതി വന്നുവല്ലോ.താങ്കൾ അഞ്ചു ചാക്ക് സിമന്റ് ആവശ്യപ്പെട്ടുവെന്നത് ശരിയാണോ " എഞ്ചിനിയർ ( ജാള്യതയോടെ) "ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ടോ. അത്ര വിചാരിച്ചില്ല ഞാൻ. വാങ്ങിയത് ശരിയാണ്." " നിങ്ങൾ എനിയ്ക്ക് ഉറപ്പ് തന്നതല്ലെ കൈക്കൂലി വാങ്ങിക്കില്ലെന്ന്. പിന്നെങ്ങനെ സംഭവച്ചു. " എഞ്ചിനീയർ -"ഞാൻ അമ്പതിലധികം പ്രവർത്തികൾ സൂപ്പർവൈസ് ചെയ്തില്ലേ. ഇതൊഴിച്ച് മറ്റൊന്നിലും ഞാൻ യാതൊന്നും ചോദിച്ചിട്ടില്ല. ഈ വർക്കിൽ ആവശ്യത്തിലധികം മെറ്റീരിയൽസ് അവർ വാങ്ങിച്ചിരുന്നു. ബാക്കിയുള്ളത് കൊണ്ടാണ് ഞാൻ ചോദിച്ചത്.അവർ യാതൊരു മുടക്കവും പറയാതെ സമ്മതിക്കുകയും ചെയ്തു. അല്ലാതെ ഞാൻ ഒരു തരത്തിലും നിർബന്ധിച്ചിട്ടില്ല" "ഇത് ജനകീയാസൂത്രണമാണ്. സുതാര്യമാണ് നടപടികൾ. ഒരു ഇല അനങ്ങിയാൽ ഗ്രാമസഭയിലറിയും എന്നത് ഓർക്കണമായിരുന്നു. ഇനിയേതായാലും നിങ്ങൾ അവിടെ ചുമതല വഹിക്കുന്നത് ശരിയല്ല." ഞാൻ നിർദ്ദേശിച്ചു. എഞ്ചിനീയർ - "അങ്ങനെയാവട്ടെ. മാത്രമല്ല അഞ്ചു ചാക്ക് സിമന്റിന്റെ വില ഞാൻ സമിതിയെ ഉടൻ ഏല്പിക്കുകയും ചെയ്യാം". ജനകീയാസൂത്രണത്തിന്റെ കരുത്ത് ജനപങ്കാളിത്തവും സുതാര്യതയുമാണ്. സക്രിയമായ ഗ്രാമസഭകൾ പ്രാദേശിക ഭരണകൂടങ്ങളിൽ അഴിമതിരഹിതവും കാര്യക്ഷമവുമായ സദ്ഭരണം ഉറപ്പു വരുത്തുവാൻ പര്യാപ്തമാണ് എന്നതിന് ഇത്തരം അനുഭവങ്ങൾ തന്നെ സാക്ഷ്യം. എം വിജയകുമാർ സൂര്യോദയം PO കോളാരി മട്ടന്നൂർ, കണ്ണൂർ ജില്ല