Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
മട്ടന്നൂര്‍

മട്ടന്നൂർ നഗരസഭ

കെ ടി ചന്ദ്രൻ
മട്ടന്നൂർ നഗരസഭ ഞാൻ 1992 ൽ ശിവപുരം ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. ഇപ്പോൾ സി.പി.എം.ഏരിയ കമ്മിറ്റി അംഗമായും കേരള കർഷക സംഘം കണ്ണൂർ ജില്ലാകമ്മിറ്റിയംഗമായും പ്രവർത്തിച്ചു വരുന്നു.bഒമ്പതാം പദ്ധതി കാലത്ത് മട്ടന്നൂർ നഗരസഭയുടെ ചെയർമാനായിരുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതി ആരംഭിക്കുന്ന 97- 98 തുടക്കത്തിൽ മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി നിലവിലുണ്ടായിരുന്നില്ല. എന്നിരുന്നാലും ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ അന്നത്തെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. 1997 ആഗസ്റ്റിലാണ് നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സപ്തംബറിൽ ഞാൻ ചെയർമാനായി പുതിയ ഭരണസമിതി അധികാരത്തിൽ വന്നു, ജനകീയാസൂത്രണ പദ്ധതിയിലൂടെ ഏറ്റവും ശ്രമകരമായി പരിഹരിച്ച് വിജയിച്ച പദ്ധതിയാണ് മട്ടന്നൂർ മാലിന്യ സംസ്കരണ പദ്ധതി. പുതിയ ഭരണസമിതി അധികാരമേൽക്കുന്നതിനു മുമ്പുള്ള അഞ്ചു വർഷം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഉദ്യോഗസ്ഥരോ ഇല്ലാത്തതു മൂലം ഒരു പ്രവർത്തനവും നടക്കാതെ മുരടിച്ചു നിന്നു പോയ പ്രദേശമായിരുന്നു . എൽ. ഡി. എഫ്. ഭരണകാലത്ത് മട്ടന്നൂർ പഞ്ചായത്ത്, മുൻസിപ്പാലിറ്റിയായി ഉയർത്തുകയും തുടർന്ന് യു.ഡി.എഫ്. ഭരണത്തിൽ വന്നപ്പോൾ വീണ്ടും പഞ്ചായത്തായി താഴ്ത്തുകയും, അതിൻ്റെ പേരിൽ തർക്കവും കോടതി കേസുകളും നടക്കുകയും ചെയ്തു. അക്കാരണം കൊണ്ടു തന്നെ തുടർച്ചയായി അഞ്ചുവർഷത്തോളം ഉണ്ടായ ഭരണ സ്തംഭനം 1997 ൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെയാണ് അവസാനിക്കുന്നത്. നഗരം മാലിന്യ കൂമ്പാരമായി മാറി. ഓടകൾ മലിനജല പൂരിതമായി. ദുർഗന്ധം സഹിക്കാൻ കഴിയാതെ പട്ടണത്തിൽ എത്തുന്നവർക്ക് മൂക്കു പൊത്തി നടക്കേണ്ട അവസ്ഥ. റോഡുകളും വഴികളും കെട്ടിട പരിസരങ്ങളും കാടുമൂടി കിടന്നു പുതിയ ഭരണസമിതി നിലവിൽ വരുമ്പോൾ നഗരത്തിലെ മാലിന്യം നീക്കം ചെയ്തു സംസ്കരിക്കാൻ ഒരു സെൻറ് ഭൂമി പോലും നഗരസഭയുടെ കയ്യിലുണ്ടായിരുന്നില്ല. നഗരത്തിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന മാലിന്യം കൊണ്ടുപോയി തള്ളാനും ഒരു ഇടമുണ്ടായിരുന്നില്ല. അതു പോലെ തന്നെ നഗരത്തിന് ഒരു സ്മശാനമില്ല. മരണം നടന്നാൽ സ്വന്തമായ സ്ഥലമില്ലത്തവർ പൊറോറ പുറമ്പോക്കിൽ കൊണ്ടുപോയി സംസ്കരിക്കും. ഈ രണ്ടാവശ്യങ്ങൾക്കായി പൊറോറ പ്രദേശത്ത് വിജനമായ സ്ഥലം കണ്ടെത്തി. ജനകീയാസൂത്രണത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി. ഭരണസമിതി അംഗങ്ങളും പദ്ധതി പ്രവർത്തകരും സ്ഥലം സന്ദർശിച്ചു. തദ്ദേശവാസികളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. നാട്ടുകാരുടെ എതിർപ്പിന് രണ്ട് കാരണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. പലസ്ഥലങ്ങളിലും നിന്നും മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നു തള്ളിയാൽ ഇവിടം ഒരു മാലിന്യക്കുന്നായി മാറും. രോഗങ്ങൾ പകരും. ജനങ്ങളുടെ ആരോഗ്യം നശിക്കും. ജനങ്ങളുടെ ഭീതി അകറ്റാനുള്ള വ്യാപകമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി.മാലിന്യം നിക്ഷേപിക്കുകയല്ല, മറിച്ച് സംസ്കരിച്ച് ജൈവവളമാക്കിയും മറ്റും വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. അവരുടെ ആശങ്കകൾ അകറ്റാൻ സാധിച്ചു. ജനകീയ മോണിട്ടറിംഗ് നടപ്പിലാക്കി. പൊതുശ്മശാനത്തിന് ചുറ്റും പൂന്തോട്ടങ്ങൾ വെച്ചു പിടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ നഗരസഭ വാങ്ങിയ പത്തേക്കർ ഭൂമിയിൽ നിർവഹണം പൂർത്തിയാക്കി. കേരളത്തിലെ ഏറ്റവും മികച്ച സംസ്കരണ പദ്ധതിക്കുള്ള കേന്ദ്ര- സംസ്ഥാന ഗവർമെന്റുകളുടെ ആറ് അവാർഡുകൾക്ക് നഗരസഭയെ അർഹമാക്കിയത് ജനകീയാസൂത്രണ പദ്ധതിയുടെ വിജയം തന്നെയാണ്. മഹത്തായ ഒരു സംരംഭത്തിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. കെ ടി ചന്ദ്രൻ , വയസ്സ് 88 ശ്രീരംഗ്, അയ്യല്ലൂർ, പി. ഓ. കോളാരി 670702 മട്ടന്നൂർ, കണ്ണൂർ ജില്ല.