ശ്രീ പി. അനന്തൻ
പരിചയപ്പെടുന്ന ആരിലും സ്വാധീനം ചെലുത്തുന്ന അസാധാരണമായ വ്യക്തിത്വം. അല്പം വലിയ ശരീരമാണെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും തികഞ്ഞ ശാന്തത, സൗമ്യത, വിനയം,സ്നേഹം, മൃദുഭാഷണം നിലപാടിൽ കാർക്കശ്യം എന്നിവയിലൂടെ ആരുടെയും ഹൃദയം കവരുന്ന വ്യക്തിത്വം. അതാണ് അനന്തേട്ടൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ശ്രീ. പി അനന്തൻ.ഒമ്പതാം പദ്ധതിക്കാലത്ത് കണ്ണൂർ ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. പത്താം പദ്ധതി കാലത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി ജനകീയസൂത്രണ പ്രസ്ഥാനത്തെ നയിച്ചു.
(അനന്തേട്ടൻ 1953 ൽ മദിരാശി സർക്കാറിൻ്റെ കീഴിൽ വിദ്യാഭ്യാസവകുപ്പിൽ പ്രവേശിച്ചു. 1988 ൽ അഡ്‌മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റായി ജോലിയിൽ നിന്ന് വിരമിച്ചു. വിരമിച്ച ശേഷം തലശ്ശേരി ക്രൈസ്റ്റ് കോളജിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു).
എൻ . ജി. ഒ യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം, കെ.ജി.ഒ.എ. സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട് .
കേരള സർവ്വീസ്, ദേശാഭിമാനി ദിനപത്രം എന്നിവയിൽ സർവ്വീസ് പ്രശ്നങ്ങൾ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. "സർവ്വീസ് പ്രശ്നങ്ങൾ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർക്കാർ സർവീസിലെ അദ്ദേഹത്തിൻ്റെ ദീർഘകാല പ്രവർത്തന പരിചയം പഞ്ചായത്ത് ഭരണം കാര്യക്ഷമമമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പക്ഷപാത രഹിതമായ, അഴിമതി മുക്തമായ പ്രാദേശിക സർക്കാർ ആയി പഞ്ചായത്ത് ഭരണസമിതിയെ മാറ്റുന്നതിൽ അദ്ദേഹത്തിൻറെ പങ്ക് വളരെ വലുതാണ്. പഞ്ചായത്തിന്റെ കെട്ടിടനികുതി ഉൾപ്പെടെയുള്ള വിഭവ സമാഹരണത്തിൽ അദ്ദേഹം ശക്തമായ നിലാപാടെടുത്തു. ഗ്രാമസഭകളെ അതിൻ്റെ എല്ലാ അർത്ഥത്തിലും മികച്ചതാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അഴിമതി രഹിതവും സുതാര്യവുമായ ഗുണഭോക്തൃ സമിതി പ്രവർത്തനം, ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്, പ്രോജക്ട്കൾ യഥാസമയം പൂർത്തിയാക്കൽ എന്നിവയിൽ അദ്ദേഹം വളരെ ജാഗ്രതയോടെ പ്രവർത്തിച്ചു.
ഒമ്പതാം പദ്ധതിക്കാലത്തെ വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അനന്തേട്ടൻ്റെ ഭാവനാത്മകവും സർഗ്ഗാത്മകമായ നേതൃത്വവും ദീർഘവീക്ഷണവും എടുത്തു പറയേണ്ടതാണ്.
ജില്ലയിലെ മികച്ച പഞ്ചായത്തായി കീഴല്ലൂരിനെ മാറ്റിയെടുക്കുന്നതിൽ അനന്തേട്ടന്റെ നേതൃത്വവും നിരന്തര ശ്രദ്ധയും സഹായകമായിട്ടുണ്ട്
അനന്തേട്ടൻ്റെ സ്മരണികയാണീ കുറിപ്പ്.
ശ്രീ പി. അനന്തൻ ശ്രീ വിലാസ് , ചാലോട് പി.ഒ എടയന്നൂർ 670595.
ജനനം. 1933 ഏപ്രിൽ 4 . മരണം. 2008 നവംബർ 22.
---------
എം. വിജയകുമാർ ,
മുൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ,
ഇരിട്ടി, കണ്ണൂർ ജില്ല.