Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
ഇരിട്ടി

ബി. കെ. കാദർ

എം വിജയകുമാർ
ഒമ്പതാം പദ്ധതി കാലത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. ബി.കെ.കാദറിൻ്റെ ( എൻ്റെ പ്രിയപ്പെട്ട കാദർക്ക) ഒരു ജീവചരിത്ര കുറിപ്പ് ഞാൻ എഴുതേണ്ടി വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ജനകീയ ചരിത്ര രചനയെക്കുറിച്ച് ഞാൻ കാദർക്കയുമായി സംസാരിച്ചത്. അദ്ദേഹം കുറിപ്പ് തയ്യാറാക്കി എത്രയും വേഗം ഏൽപ്പിക്കാം എന്ന് ആവേശത്തോടും സന്തോഷത്തോടും കൂടി വാക്ക് തന്നതാണ്. പക്ഷെ അത് നിറവേറ്റും മുമ്പ് ഇക്കഴിഞ്ഞ 27 ന്, തൻ്റെ എൺപതാം വയസ്സിൽ അദ്ദേഹം മരണം വരിച്ചു. ബി. കെ. കാദർ (ബാണത്തുംകണ്ടി കാദർ),nവികാസ് നഗർ പി. ഓ, ഇരിട്ടി, കണ്ണൂർ ജില്ല. ചരമം 26-07-2026 സി പി.എം ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു., കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിലും ദീർഘകാലം ഇരിട്ടി മേഖലയിൽ പ്രവർത്തിച്ചിരുന്ന ബി.കെ.കാദർ മലയോര മേഖലയിൽ സി.പി.എമ്മിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്. ഇരിട്ടി ബ്ലോക്ക് ഡവലപ്പ്മെൻ്റ് കൗൺസിലിൻ്റെ ആദ്യ ചെയർമാനും ഒമ്പതാം പദ്ധതിക്കാലത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചയത്ത് പ്രസിഡണ്ടുമായിരുന്ന ബി.കെ.കാദർ ജനകീയസൂത്രണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു. ദീർഘകാലം പ്രവർത്തിച്ചുവന്ന, ജനങ്ങളുടെയൊക്കെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ ഒരു രാഷ്ട്രീയ ഭടൻ കൂടിയായിരുന്നു. മികച്ച സംഘാടകൻ കഴിവുറ്റ ഭരണാധികാരി, തത്വാധിഷ്ഠിത രാഷ്ട്രീയത്തിൻ്റെയും സംശുദ്ധ ഭരണ നിർവ്വഹണത്തിൻ്റെയും പ്രയോക്താവ് തുടങയ നിരവധി വിശേഷണങ്ങൾ അർഹിക്കുന്നു. കേവല ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജനിച്ച് അതിജീവനത്തിനു വേണ്ടി ദീർഘകാലം ചുമട്ടു തൊഴിലാളിയായി അധ്വാനിച്ച അദ്ദേഹം മാതൃകാ ഭരണാധികാരി കൂടി യായിരുന്നു. അഴിമതിക്കോ, കൈക്കൂലിക്കോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങൾക്കോ ഒട്ടും വഴങ്ങിയിരുന്നില്ല.കേവലം രണ്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഭരണ നിർവഹണത്തിൽ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി മനസ്സിലാക്കി യാതൊരു തരത്തിലുള്ള പരാതിക്കും ഇടം നല്കാതെ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വികസന പ്രവർത്തങ്ങളിൽ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണം എടുത്തു പറയേണ്ടതാണ് . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹം ആദ്യം ചെയ്തത് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഉള്ള അഴിമതികൾയ്ക്ക് എതിരെ അതിശക്തവും കർക്കശവും നിർദ്ദാക്ഷിണ്യവുമായ നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു . അടുത്ത ഊന്നൽ ബ്ലോക്ക് പഞ്ചായത്തിന് തനത് വരുമാനത്തിനുള്ള ഉൽപാദനാധിഷ്ഠിത പ്രോജക്ടുകൾ തയ്യാറാക്കുക എന്നതും. ഇരിട്ടി മലയോരമേഖലയിലെ വികസന പ്രശ്നങ്ങൾ പഠിച്ചു വന്നപ്പോൾ അവിടെ കോഴിഫാമുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടു. അതിർത്തി പട്ടണങ്ങൾ എന്ന നിലക്ക് ഇരിട്ടിയിലും സമീപത്തും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് കർണാടക ലോബിയാണ്. .കോഴി കർഷകരാകട്ടെ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയമാകുന്നു. എല്ലാ ഘടകങ്ങളും ഈ ലോബിയുടെ നിയന്ത്രണത്തിലാണ്. മാത്രമല്ല ഈ രംഗത്തേക്ക് മറ്റുള്ളവർ കടന്നുവരാൻ ഇവരോട്ടും അനുവദിക്കുകയുമില്ല. ഇതിനുള്ള പരിഹാരം എന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു ഹാച്ചറി പ്രവർത്തനമാരംഭിച്ചാലോ, ബ്ലോക്ക് പഞ്ചായത്തിന് അതൊരു വരുമാന സ്രോതസ്സുമാകും എന്ന നിർദ്ദേശം ഉയർന്നുവന്നു. അതിനനുസരിച്ച് ഈ മേഖലയിലുള്ള വിദഗ്ധരുമായി ചർച്ച ചെയ്തു പ്രോജക്ട് തയ്യാറാക്കി പദ്ധതിയിൽ ഉൾപ്പെടുത്തി. ശക്തമായ എതിർപ്പുകളാണ് പലഭാഗത്തുനിന്നും ഉയർന്നു വന്നത്. കർണാടക ലോബി ജില്ലാ ഭരണാധികാരികളെ വരെ സ്വാധീനിച്ചു. ഡി. പി. സി യിൽ ഒരു തരത്തിലും അംഗീകാരം ലഭിക്കാൻ ഇടയില്ലാത്ത വിധം സമ്മർദ്ദങ്ങൾ മുറുകി. ജില്ലാ കലക്ടർ ഈ ഹാർച്ചറി പ്രോജക്ട് മാത്രം ചർച്ച ചെയ്യുന്നതിന് വിദഗ്ധന്മാരെ പങ്കെടുപ്പിച്ചുള്ള ഒരു പ്രത്യേക ഡി. പി. സി യോഗം തന്നെ വിളിച്ചു ചേർത്തു. ഒരു ഭഗീരഥ പ്രയത്നത്തിനൊടുവിൽ ഹാച്ചറി യാഥാർത്ഥ്യമായി. അവിടെ നിന്ന് കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. അദ്ദേഹത്തിൻ്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ... എം വിജയകുമാർ, മുൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഇരിട്ടി. കണ്ണൂർ ജില്ല.