Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs

ജനകീയാസൂത്രണ ജനകീയ ചരിത്രത്തിലേക്ക് ഒരു കുറിപ്പ്

പ്രൊഫ. (ഡോ.) വി. മാത്യു കുര്യൻ
1996-ൽ ഞാൻ ബസേലിയസ് കോളേജിൽ സാമ്പത്തികശാസ്ത്രവിഭാഗത്തിൽ അദ്ധ്യക്ഷനായിരിക്കുമ്പോൾ, എന്റെ സുഹൃത്തും കോട്ടയം സെന്റർ ഫോർ മാനേജ്മെന്റിന്റെ ഡയറക്ടറുമായ ഡോ. ജോസ് ചാത്തുക്കുളം ഇൻഡ്യയുടെ ഒൻപതാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേരളം ആസൂത്രണത്തിൽ ഒരു നൂതനാദ്ധ്യായം കുറിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അതിൽ ഒരു അക്കാദമിക പങ്കാളിയാകാനും അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശം ഞാൻ സദയം സ്വീകരിച്ചു. ഇപ്പോൾ മൂന്നു ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ ആ പ്രസ്ഥാനത്തിന്റെ ആരംഭഘട്ടത്തിൽ സജീവമായി പങ്കെടുത്ത ഒരാളെന്ന നിലയിൽ, ആ കാലഘട്ടത്തിൽ അതുമായുള്ള എന്റെ ആത്മബന്ധം ഒന്നയവിറക്കുന്നത് സന്തോഷകരമാണ്. സ്വാതന്ത്ര്യാനന്തരകേരളം മറ്റ് ഇൻഡ്യൻ സംസ്ഥാനങ്ങളെക്കാൾ സാമൂഹ്യ വികസനത്തിൽ കൈവരിച്ച നേട്ടം ലോകശ്രദ്ധയാകർഷിക്കുകയും 'കേരളാ മോഡൽ ഓഫ് ഡവലപ്‌മെന്റ്' എന്ന വാക്ക് ലോകതലത്തിൽതന്നെ പ്രചരിക്കുകയും ചെയ്തു. എന്നാൽ എൺപതുകൾ മുതൽ കേരളാ വികസനത്തിന്റെ പരിമിതികളെകുറിച്ച് നമുക്ക് ബോധ്യം വരികയും അതിനെ അതിജീവിക്കാൻ 73, 74 ഭരണഘടന ഭേദഗതികളിൽകൂടി വന്ന രാഷ്ട്രീയവികേന്ദ്രീകരണം കേരളം സാമ്പത്തികാസൂത്രണപരമായും നടപ്പിലാക്കിയാൽ കേരളത്തിന്റെ പൊതുകടബാധ്യത കുറക്കാമെന്നും സമ്പദ്ഘടനയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാമെന്നും ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പ്രൊഫ (ഡോ.) ഐ.എസ്. ഗുലാത്തി, ഡോ. തോമസ് ഐസക്ക് തുടങ്ങിയവർ ഒരു നിഗമനത്തിലെത്തി. ആ നിർദ്ദേശം അന്നത്തെ ഇ.കെ. നായനാർ സർക്കാർ പോളിസിപരമായി അംഗീകരിച്ചതോടെ ജനകീയാസൂത്രണം എന്ന മഹത്തായ വികേന്ദ്രീകരണ ആസൂത്രണ പ്രസ്ഥാനം രൂപപ്പെട്ടു. ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടി നടത്തുന്ന ആസൂത്രണം എന്ന് ജനകീയാസൂത്രണത്തെ ലളിതമായി വിശേഷിപ്പിക്കാം. ജനകീയാസൂത്രണത്തിന്റെ വീക്ഷണം ജനങ്ങളെ 'കർമ്മ'സ്ഥാനത്തുനിന്നും 'കർത്തൃ'സ്ഥാനത്തേക്ക് ഉയർത്തുന്നു എന്നതാണ്. ജനകീയാസൂത്രണ കാംപെയിനി(campaign)ൽ പ്രതീകാത്മകമായി ഒരു 'സിംഹാസനം' കാണിച്ചിരുന്നു. ജനങ്ങളുടെ പരമാധികാരത്തെ സൂചിപ്പിക്കുന്നതിനായിരുന്നു അത്. വ്യക്തിപരമായി ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചു. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച 'ഫാക്കൽട്ടി'യിൽ ഒരംഗമായിരുന്നു. ആ നിലയിൽ കേരളത്തിൽ പല സ്ഥലങ്ങളിലും നടന്ന കാംപെയിനിന്റെ ഭാഗമാകാൻ കഴിഞ്ഞു. കൂടാതെ, കോട്ടയം ജില്ലയിലെ Key Resource Persons (K.R.Ps)ൽ ഒരാളായി ജില്ലാതലത്തിലും പ്രവർത്തിക്കാൻ കഴിഞ്ഞു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഒരംഗം എന്ന നിലയിൽ ഗ്രാമതലത്തിലും സജീവമായി പ്രവർത്തിച്ചു. ഒൻപതാം പദ്ധതിക്കുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച 'വികസനരേഖ'യുടെ എഡിറ്ററും ആയിരുന്നു. ദ്വിതീയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം കുറിച്ചിയിൽ വച്ചാണ് നടന്നത് എന്ന കാര്യം ഈ സമയത്ത് പ്രത്യേകമായി ഓർക്കുന്നു. ഒരു സാമ്പത്തികശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും, ജനാധിപത്യ രാജ്യമായ ഇൻഡ്യയിലെ ഒരു പൗരൻ എന്നതിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ പ്രവർത്തനങ്ങൾ വളരെ വിലയേറിയതായി കാണുന്നു. നോബൽ സമ്മാനജേതാവായ അമർത്യാസെന്നിന്റെ 'മനുഷ്യവികസന' ദർശനത്തിന് ഒരു പ്രായോഗിക പാഠമാണ് കേരളത്തിന്റെ ജനകീയാസൂത്രണം. ഇതിന്റെ അർത്ഥം ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ, കുറവുകൾ ഇല്ലെന്നല്ല. എന്നാൽ ഈ ചട്ടക്കൂട് ജനാധിപത്യത്തിന്റെ ആത്മസാക്ഷാത്കാരത്തിന് അനിവാര്യമാണ്. പുതിയ തലമുറയ്ക്ക് ഇതിൽ വന്നിട്ടുള്ള കുറവുകൾ നീക്കി കൂടുതൽ ശക്തിയോടെ കേരളത്തിന്റെ ജനകീയശക്തിയെ ചലിപ്പിക്കാൻ കഴിയട്ടെ. പ്രൊഫ. (ഡോ.) വി. മാത്യൂ കുര്യൻ ജോയിന്റ് ഡയറക്ടർ കെ.എൻ. രാജ് സ്കൂൾ ഓഫ് എക്കണോമിക്സ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രിയദർശിനി ഹിൽസ് പി.ഒ. കോട്ടയം-686560