പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ 1995-2000 കാലഘട്ടത്തിൽ ഒരു ജനപ്രതിനിധിയായി ഞാനുമുണ്ടായിരുന്നു. ആദ്യപകുതിയിൽ വൈസ് പ്രസിഡന്റായും പിന്നീട് മെമ്പറായും പ്രവർത്തിച്ചു. ഒപ്പം പ്രവർത്തിച്ച പലരും ഇന്നില്ല. പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന നന്ദകുമാർ ഉൾപ്പെടെ നിരവധി പേർ. കേവലം ഒരു വീട്ടമ്മ ആയിരുന്ന എനിക്ക് പൊതു മീറ്റിംഗുകളെ അഭിസംബോധന ചെയ്യാൻ ആദ്യകാലത്ത് ബുദ്ധിമുട്ടായിരുന്നു. ജനകീയാസൂത്രണം എന്നെ യോഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സംസ്‌ഥാനതലത്തിൽ ജനപ്രതിനിധികളുമായി സംവാദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും പ്രാപ്തരാക്കി തീർത്തു. പഞ്ചായത്ത് പദ്ധതികൾ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യാനുള്ള ചുമതലകൾ ജനപ്രതിനിധികൾക്കായിരുന്നു എന്നധാരണ പൂർണമായി തിരുത്തപ്പെടുകയും താഴെത്തട്ടിൽ നിന്നും ഉയർന്നുവരുന്ന അഭിപ്രായങ്ങളും വികസന നിർദേശങ്ങളും പദ്ധതികൾ ആക്കുന്ന പുതിയ രീതി. അങ്ങനെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യമായി കരുതുന്നു.
(1) പഞ്ചായത്ത് സ്‌കൂൾ കോംപ്ലക്സ്
(2) ജനകീയ കുടിവെള്ള പദ്ധതികൾ
(3) നീരുറവകളുടെ സംരക്ഷണം
പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി നടത്തിയ ദ്വിതീയ വിവരശേഖരണം സഹായകമായിരുന്നു. ജനകീയ ആസൂത്രണത്തിൻ്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ നിരവധി പരിശീലന പരിപാടികൾ പങ്കെടുക്കുന്നതിന് കഴിഞ്ഞു. ഈ പങ്കാളിത്തം ഒരു ജനപ്രതിനിധി എന്ന നിലയിൽ അറിവും കഴിവും വർദ്ധിപ്പിക്കുന്നതിന് സഹായകരമായിരുന്നു. ജനകീയമായി പദ്ധതികൾ നടപ്പാക്കുന്നതിന് ജനപങ്കാളിത്തത്തോടുകൂടി ആസൂത്രണം നടത്തുന്ന രീതി പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആകും കൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചു. പദ്ധതിയുടെ ഭാഗമാകാതെ പഞ്ചായത്തിൽ നടന്ന ജനകീയ സന്നദ്ധ പ്രവർത്തികളുടെ ഫോട്ടോകൾ ഇതോടൊപ്പം അയക്കുന്നു. പഞ്ചായത്തിൽ നടപ്പിലാക്കിയ PLDPപദ്ധതി, ജനകീയ ആസൂത്രണ പ്രസ്ഥാനം എന്നിവ അക്കാലത്ത് എന്നെ ഒരു മുഴുവൻ സമയ സന്നദ്ധ പ്രവർത്തകയാക്കി മാറ്റി. ബീഹാറിൽ നടന്ന AIPSN യോഗത്തിൽ പങ്കെടുത്തു. അതൊരു നൂതനവും ഹൃദയസ്പർശിയുമായ അനുഭവമായിരുന്നു. ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. ഞാൻ ജനപ്രതിനിധിയായിരുന്ന കാലഘട്ടം നിരന്തരമായ ജനകീയ കൂട്ടായ്മയുടെ കാലം കൂടിയായിരുന്നു. ഈ പ്രവർത്തനങ്ങളിൽ നേതൃത്വം പരമായ പങ്കുവഹിക്കുന്നതിന് കഴിഞ്ഞത് എന്റെ കുടുംബത്തിന്റെ അകമഴിഞ്ഞ സഹകരണത്താൽ ആയിരുന്നു. പ്രത്യേകിച്ചും എൻ്റെ ഭർത്താവ് ശ്രീമാൻ സി കെ സദാനന്ദൻ്റെ പപിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഓടി നടന്ന് ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും പ്രസ്‌തുത പരിപാടികൾ സംഘടിപ്പിക്കുന്നതിന് കഴിയുമായിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് ശ്രീനന്ദകുമാറിൻ്റെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. മെഴുവേലിയെ സംബന്ധിച്ച് പറയുമ്പോൾ മുൻ പഞ്ചായത്ത് തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ തുടരാണോ വേണ്ടയോ എന്ന് ഒരുപാട് തലത്തിലെ ചർച്ചയിലും തീരുമാനങ്ങളിലും ഇടപെടാനും പഞ്ചായത്തിന്റെ ഭാവി വികസനം മുൻനിർത്തി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയാസൂത്രണം കാണ്ടു പോകാൻ ആത്മാർത്ഥമായി ശ്രമിച്ചു. ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും ഒരു പുതിയ വികസന സംരംഭത്തിന് തുടക്കം കുറിക്കുവാനും അതിൽ നിറസാന്നിധ്യമായി മാറാനും കഴിഞ്ഞതിന് ഭാഗ്യമായി കരുതുന്നു.
സ്നേഹാദരങ്ങളോടെ ഓമന കുഞ്ഞമ്മ.