"കുഞ്ഞേ, ഇതൊക്കെ നടക്കുമോ?”
സാക്ഷരതാ പ്രസ്ഥാനത്തിലെ അനുഭവവുമായാണ് തിരുവനന്തപുരത്തു നിന്നും സ്വന്തം പഞ്ചായത്തായ പന്തളം തെക്കേക്കര (പത്തനംതിട്ട ജില്ല) യിൽ 1996-ൽ ഞാൻ എത്തുന്നത്. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും കേളികൊട്ട് തുടങ്ങിയിരുന്നു. "പ്രാദേശിക വികസനത്തിൽ കക്ഷിരാഷ്ട്രീയം വേണ്ടാ"യെന്ന് 1994 ൽ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര പഠനകോൺഗ്രസിൽ EMS പറഞ്ഞ വാക്കുകൾ മനസിൽ. അനായാസം പഞ്ചായത്തിലെ ജനകീയ ആസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു.
സിപിഐ എം ലോക്കൽ സെക്രട്ടറിയായിരുന്ന എം.എൻ. ഭാസ്‌കരൻ നായർ ജനകീയാസൂത്രണം സംബന്ധിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. SKV യു.പി.സ്കൂളിലെ യോഗത്തിൽ നല്ല ജന പങ്കാളിത്തം. കെ. ആർ. പി. ആയ കെ ആർ സുകുമാരൻ നായരുടെ വിഷയാവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ഞാനും പങ്കെടുത്തു. പിന്നീട് പലരുമായും പരിചയപ്പെട്ടു. തുടർന്ന് ഡിസ്റ്റ്രിക്ട് റിസോഴ്‌സ് പേഴ്സണായി അഞ്ചു വർഷം സജീവം.
ഒമ്പതംഗ ഭരണ സമിതിയായിരുന്നു പഞ്ചായത്തിൽ. അംഗങ്ങൾ മിക്കവാറും എല്ലാവരും ചെറുപ്പക്കാർ. കുമാരി അമ്പിളി പ്രസിഡൻ്റ്. ഒറ്റയ്ക്കൊരു പാർടിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. പ്രസിഡൻ്റു സ്ഥാനം പട്ടികജാതി വനിതാസംവരണമായിരുന്നു.അതിനാൽ, സി.പി.ഐ. എം പ്രവർത്തകയായ അമ്പിളിക്ക് പ്രസിഡണ്ടാകാൻ കഴിഞ്ഞു. ഗ്രാമസഭകളും യോഗനടപടികളും നിയന്ത്രിക്കുന്നതിൽ അമ്പിളി അതിവേഗം മികവ് ആർജ്ജിച്ചു.
ഡി. സുഗതൻ (വൈസ് പ്രസിഡൻ്റ്), കെ.ജി. മോഹനൻ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ജേക്കബ് ജോർജ്, വള്ളിപ്പറമ്പിൽ കേശവൻ, കെ. ആർ. രാജൻ, മറിയാമ്മ തോമസ്, കുമാരി ജി. രാധാമണി, മത്തായി ഫിലിപ്പ് എന്നിവരായിരുന്നു ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും എല്ലാവരും ആസൂത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചു.
ആസൂത്രണത്തിൻ്റെ മുന്നൊരുക്കമായി പഞ്ചായത്തിലൂടെ നെടുകെയും കുറുകെയും കൂട്ടം ചേർന്ന് നടത്തിയ നടത്തം (Transit Walk) പഞ്ചായത്തിനെ അറിയാൻ എനിക്ക് സഹായകമായി. ഭൂവൈവിധ്യവും ജൈവ സമൃദ്ധിയും ധാരാളമുള്ളതാണ് എൻ്റെ പഞ്ചായത്ത് .
ആദ്യകാല ജനകീയാസൂത്രണ പ്രവർത്തനത്തിൻ്റെ സവിശേഷതയായിരുന്നു സന്നദ്ധതയും കൂട്ടായ്‌മയും. ഗ്രാമസഭകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും വികസന രേഖയും പദ്ധതികളും എഴുതി തയ്യാറാക്കാനും പല പ്രാവശ്യം ഞങ്ങൾ ഒത്തു കൂടി. ഒരു തവണ എ കെ നാരായണൻ നായരും ഡി. സുഗതനും അഡ്വ. സി.ബി. രാജുവും കെ ജി മോഹനനും എൻ്റെ വീട്ടിൽ ഒരു പകൽ മുഴുവൻ ചർച്ചയും എഴുത്തും നടത്തി. പഞ്ചായത്ത് ആഫീസിൽ പല രാത്രികളിലും ഞങ്ങൾ വളരെ വൈകിയും ജോലി ചെയ്തു. കപ്പ പുഴുങ്ങിയത്, കാന്താരിച്ചമ്മന്തി, കട്ടൻ കാപ്പി എന്നിവ ഇത്ര രുചികരമാണെന്ന് അന്നാണറിഞ്ഞത്.
വികസന രേഖ തയ്യാറാക്കുന്നതു പോലെ പ്രയാസകരമായിരുന്നു പദ്ധതികൾ തയ്യാറാക്കുന്നതും. ഓരോ ചെറിയ പ്രോജക്ടും ഘടനാപരമായ കൃത്യത പാലിച്ചു കൊണ്ട് എഴുതി തയ്യാറാക്കണം. ആമുഖം, ലക്ഷ്യം, പദ്ധതി വിശദീകരണം, സാമ്പത്തിക വിശകലനം, പ്രവർത്തന കലണ്ടർ, നിർവ്വഹണം, മോണിട്ടറിംഗും വിലയിരുത്തലും എന്നിവ കൃത്യമായി എഴുതി രേഖപ്പെടുത്തേണ്ടിയിരുന്നു. അത്തരം 115 ലധികം പ്രോജക്ടുകൾ എഴുതിത്തയ്യാറാക്കി. കെ ജി നാരായണനാശാരി, കെ എസ് കൃഷ്ണൻ നായർ, ആര്യാട്ട് നാരായണൻ, പി കെ അനിൽകുമാർ, എ കെ ഗോപാലൻ, വി പി വിദ്യാധരപ്പണിക്കർ, കെ തങ്കപ്പൻ തുടങ്ങി ഒട്ടനവധി പേരുടെ ഉപദേശ നിർദ്ദേശങ്ങൾ വികസന രേഖ തയ്യാറാക്കുന്നതിൽ ലഭിച്ചിട്ടുണ്ട്.
ഉത്സവാന്തരീക്ഷത്തിൽ
1997 ഫെബ്രുവരി 22 ശനിയാഴ്ച വികസന സെമിനാർ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും പി കുമാരൻ എം എൽ എയും പങ്കെടുത്ത സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കാൻ ഭരണസമിതി എന്നെയാണ് ചുമതലപ്പെടുത്തിയത്. അടിസ്ഥാന വിവരങ്ങളും ജനങ്ങളുടെ വികസന ആവശ്യങ്ങളും ഉൾപ്പെടുന്ന ആ സാമൂഹ്യജാതകം ഒരു ചരിത്രരേഖയാണ്.
1996 -2001 കാലത്ത് റിസോഴ്‌സ് പേഴ്സൺ എന്നതിനു പുറമേ പഞ്ചായത്ത് വിദ്യാഭ്യാസ വിഷയസമിതിയുടെ ഉപാധ്യക്ഷനായും ഞാൻ പ്രവർത്തിച്ചു. 'ശിശുസൗഹൃദ വിദ്യാഭ്യാസം' പ്രമേയമാക്കി ദ്വിദിന ക്യാമ്പ് പഞ്ചായത്തിലെ അധ്യാപകർക്കായി നടത്തി. തിരുവല്ല DIET ലെ അധ്യാപകരായ ടി.പി കലാധരൻ, രവീന്ദ്രൻ നായർ എന്നിവരായിരുന്നു നേതൃത്വം നൽകിയ പരിശീലകർ. 'ഒരു കുട്ടി, ഒരു മരം' എന്ന പ്രോജക്ടിലൂടെ പഞ്ചായത്തിലെ എല്ലാ എൽ പി, യു പി സ്‌കൂളുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു. അന്ന് നട്ട തൈകൾ വളർന്ന് ഓരോ വിദ്യാലയത്തേയും ഇന്ന് ഹരിതാഭമാക്കുന്നു. കുട്ടികളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 'യുറീക്ക', 'ശാസ്ത്ര കേരളം' മാസികകളുടെ 2-3 കോപ്പികൾ വീതം പഞ്ചായത്തിലെ ഓരോ സ്ക്കൂളിലും നൽകുന്നതിനുള്ള പ്രോജക്ടും അന്ന് നടപ്പാക്കി. ഇപ്പോഴും എല്ലാ വർഷവും ആ പ്രോജക്ട് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ജനകീയാസൂത്രണത്തിൻ്റെ ആദ്യ നാളുകളിൽ ഗ്രാമസഭകളിൽ പ്രതീക്ഷകൾ നിറഞ്ഞു തുളുമ്പിയിരുന്നു. രണ്ടു മൂന്നു ഗ്രാമസഭകളിൽ ജനകീയാസൂത്രണം സംബന്ധിച്ച അവതരണം നടത്തിയ ഞാൻ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
എൻ്റെ വാർഡായ ഭഗവതിക്കും പടിഞ്ഞാറിലെ അനുഭവം ഇപ്പോഴും ഓർമ്മയിലുണ്ട്. കീരുകുഴിയിലെ നോമ്പിഴി ഗവ എൽ പി സ്‌കൂളിലായിരുന്നു ഗ്രാമസഭ. മുറ്റത്തെ പന്തൽ നിറയെ ജനങ്ങൾ. വരാന്തയിലും. കൂട്ടത്തിൽ ഒരാൾ വളരെ വിശാലമായി എന്നെ നോക്കി ചിരിക്കുന്നു. നടുവത്രക്കിഴക്കേതിലെ അമ്മ, ലക്ഷ്‌മിയമ്മ!
ജനകീയാസൂത്രണത്തിൻ്റെ ദർശനവും പ്രയോഗവും ഞാൻ വിശദീകരിച്ചത് അമ്മ ശ്രദ്ധാപൂർവ്വം കേൾക്കുകയായിരുന്നു.
ഗ്രാമസഭ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാൻ നേരത്ത് ആരോ എൻ്റെ കൈ പിടിച്ചു വലിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കി. അമ്മ, ലക്ഷ്‌മിയമ്മ.
എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു: "കുഞ്ഞേ, ഇതൊക്കെ നടക്കുമോടാ?"
ഞാൻ പറഞ്ഞു:"നടക്കും!"
അതിനു ശേഷം മുപ്പതുവർഷം കഴിഞ്ഞിരിക്കുന്നു. ലക്ഷ്മിയമ്മ ഇന്ന് ജീവിച്ചിരിപ്പില്ല.
ഞാൻ കൊടുത്ത വാക്ക് തെറ്റിയില്ലെന്ന് ഉറപ്പിച്ചു പറയാം. കഴിഞ്ഞ മുപ്പതു വർഷത്തെ സാമൂഹ്യ പുരോഗതി സാക്ഷ്യം!
ഡോ. കെ.പി. കൃഷ്ണൻ കുട്ടി
റ്രിട്ട. പ്രിൻസിപ്പൽ , ഗവ. കോളേജ്, കോട്ടയം)
കുന്നംപള്ളിൽ, ഭഗവതിക്കും പടിഞ്ഞാറ്, കീരുകുഴി P.O.
തുമ്പമൺ -689502
9447112737
kpkrishnankutty@gmail.com