Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
പത്തനംതിട്ട

വികേന്ദ്രീകരണ ആസൂത്രണം പത്തനംതിട്ട ജില്ലയിലെ പ്രഥമ പദ്‌ധതിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഡോ. മേരി തോമസ് മാടോലിൽ
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നമായിരുന്ന പഞ്ചായത്ത് രാജ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായുള്ള ത്രിതല പഞ്ചായത്ത് സംവിധാനം ആദ്യമായി 1995 ഒക്ടോബർ 2-ാംതീയതി നിലവിൽ വന്നു. വികേന്ദ്രീകൃത ആസൂത്രണവും വികസനവും ലക്ഷ്യമിട്ട് ത്രിതലങ്ങളിലും ആസൂത്രണ കമ്മറ്റികൾ പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടിലൂടെയുള്ള പദ്ധതികൾ അവതരിപ്പിക്കുകയുണ്ടായി. കാർഷിക മേഖലയിൽ വികസനത്തിനായി ചെറുകിട ജലസേചന പദ്ധതികളുടെ ആവശ്യകത, വിത്തുകളും വളങ്ങളും, കാർഷികോപകരണങ്ങളുടെയും ലഭ്യത എന്നിവയ്ക്കായി പദ്ധതി നിർദ്ദേശങ്ങളുണ്ടായി. അതുപോലെ ജില്ലയുടെ സാംസ്‌കാരിക പൈതൃക കലകളെ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതികളും മറ്റും നിർദ്ദേശിക്കപ്പെട്ടു. മിനി ജല വിതരണ പദ്ധതികൾ, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം, ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും മറ്റ് സമഗ്ര വികസന പദ്ധതികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഭവന പദ്ധതികൾ തുടങ്ങി എല്ലാ രംഗങ്ങളിലും ഉളള വികസന നിർദ്ദേശങ്ങൾ ഉണ്ടായി. ജില്ലാ പഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പദ്ധതികൾ ആസുത്രണം ചെയ്യുകയുണ്ടായി പല പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞു. ജില്ലാ തലത്തിൽ നടപ്പിലാക്കിയ ചില പദ്ധതികൾ വിത്തുല്‌പാദന കേന്ദ്രങ്ങളുടെ വികസനം കാർഷിക സമിതികൾക്ക് കാർഷികോപകരണങ്ങൾ വിത്ത്, വളം ഇവയുടെ വിതരണം ചെറുകിട ജലസേചന പദ്ധതികൾ ചെറുകിട വ്യവസായ സംരഭങ്ങൾക്കായി പരിശീലനവും സഹായവും ജില്ലാ ആശുപത്രിയുടെ അടിസ്ഥാന ആവശ്യങ്ങൾ ഉപകരണങ്ങൾ ഇവ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ ഓലകെട്ടിയ കെട്ടിടങ്ങൾ ഒഴിവാക്കി സ്ഥിരമായ കെട്ടിടങ്ങൾ ലഭ്യമാക്കി. വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവന രഹിതർക്ക് ഭവന പദ്ധതി നടപ്പാക്കി. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ പ്രതിനിധികൾക്കായി ആദ്യമായി വഞ്ചിപ്പാട്ട് പഠനകളരി ആരംഭിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഏറ്റവും ആകർഷകമായി അലങ്കരിച്ച് ഏറ്റവും നന്നായി വഞ്ചിപ്പാട്ട് ആലപിച്ച് ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്കായി റോളിംഗ് ട്രോഫി നൽകി. കഥകളി, പടയണി മുതലായവയുടെ പരിശീലന പരിപാടികൾ നടപ്പിലാക്കി. വനിതാ സംഘങ്ങൾക്കായി പുതിയ സംരംഭങ്ങൾക്കായി ആവശ്യമായ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുകയും വിവിധ പദ്ധതികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി സാംസ്‌കാരിക മന്ദിരങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവ ഗ്രാമീണ റോഡുകളുടെ വികസന പദ്ധതികൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ ജല വിതരണ പദ്ധതികൾ നടപ്പിലാക്കി. ജില്ലാ പഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തുകളും ചെയ്‌ത പല പദ്ധതികളുടെയും നടത്തിപ്പ് ഗ്രാമപഞ്ചായത്തുകൾക്കായിരുന്നെങ്കിലും പലതും പിന്നീട് വന്ന പഞ്ചായത്തുകൾ തുടർന്നുകൊണ്ടു പോകാതിരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തതു കാരണം പൂർണ്ണമായും ലക്ഷ്യം പ്രാപിച്ചു എന്നു കരുതാൻ കഴിയില്ല. ഡോ. മേരി തോമസ് മാടോലിൽ