മെഴുവേലിയിൽ ജനപങ്കാളിത്ത വികസന പ്രവർത്തനങ്ങൾ 1990-ലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തോടെയാണ് പുതിയ മാനം നേടിയത്. സാക്ഷരത പ്രവർത്തനത്തിലൂടെ ലഭിച്ച സന്നദ്ധ പ്രവർത്തകരും പ്രാദേശിക വികസനത്തിൽ ഇടപെടുവാനുള്ള അവസരവും അനുഭവസമ്പത്തും തുടർ വികസന പരിപാടികൾ ആവിഷ്കരിക്കുന്നതിന് പ്രചോദനമാവുകയും ചെയ്‌തു. സൂക്ഷ്‌മതല സംഘടന സംവിധാനത്തിന്റെയും സന്നദ്ധ പ്രവർത്തനത്തിൻ്റെയും സാധ്യതകൾ സാക്ഷരത പ്രവർത്തനത്തിലൂടെ ബോധ്യപ്പെട്ട് 1991-ൽ വിഭവ ഭൂപട നിർമ്മാണം നടത്തി. 1995-ൽ അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് വികസനസമിതി രജിസ്‌റ്റർ ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡ് ജനകീയ ആസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജനകീയ ആസൂത്രണ പരിപാടി മെഴുവേലിയിൽ ആരംഭിച്ചിരുന്നു. പഞ്ചായത്ത് ഭരണഘടന ഭേദഗതിക്ക് ശേഷമുള്ള ആദ്യത്തെ പ്രസിഡന്റ്റ് മാന്താനത്ത് നന്ദകുമാർ ആയിരുന്നു ജനകീയ ആസൂത്രണത്തിന് ആരംഭം കുറിച്ചത്. 1996 സെപ്റ്റംബർ ഏഴിന് സംസ്‌ഥാനത്തെ ആദ്യത്തെ ഗ്രാമസഭ അന്നത്തെ ജില്ലാ കളക്ടർ ഇന്ദ്രജിത്ത് സിംഗ് ഇലവുംതിട്ടയിൽ (വാർഡ് 8) ഉദ്ഘാടനം ചെയ്തു. 1998-ൽ സന്നദ്ധസാങ്കേതിക സംഘം രൂപീകരിച്ചു. 1999-ൽ 15 വർഷത്തെ ദീർഘകാല പരിപ്രക്ഷ്യം രൂപപ്പെടുത്തി. ഇവയൊക്കെ അടിസ്ഥാനമാക്കി ജനകീയ ആസൂത്രണ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടത്തിയതിന് 1998- 99 നിർവഹരണ പ്രക്രിയയിൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 5 ലക്ഷം രൂപ ക്യാഷ് അവാർഡും അന്നത്തെ പ്രസിഡൻ്റ് കെ എൻ രാധാചന്ദ്രൻ നിയമസഭാ സ്‌പീക്കർ വിജയകുമാറിൽ നിന്നും ഏറ്റുവാങ്ങി. ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ സമഗ്ര ആരോഗ്യ ശുചിത്വ വിദ്യാഭ്യാസ പരിപാടി:ഹെൽത്ത് സ്‌റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കൽ, വാർഡ് സാനിറ്റേഷൻ സമിതി, സമ്പൂർണ്ണ ക്ലോറിനേഷൻ, പ്രീ മൺസൂൺ ക്ലീനിംങ്, കൊതുകു നശീകരണ പദ്ധതികൾ, വൃദ്ധരുടെ ആരോഗ്യപരിവാലനം, തിമിര രഹിത പഞ്ചായത്ത്, ക്യാൻസർ രോഗനിർണയവും ബോധവൽക്കരണവും, മെച്ചപ്പെട്ട നേത്ര ദന്ത സംരക്ഷണം തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര ഇടപെടൽ നടത്തൽ സാധ്യമായി. സമഗ്ര പച്ചക്കറി വികസനം:സ്വന്തം ആവശ്യത്തിനുള്ള വിഷരഹിത പച്ചക്കറികൾ, സ്വയം ഉല്പാദിപ്പിക്കണമെന്ന് ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ ഒരു മാതൃക പ്രവർത്തനം. സ്കൂൾ കോംപ്ലക്സ്:ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, പഠന നിലവാരം ഉയർത്തൽ, അധ്യാപകരെ ആദരിക്കൽ, മാതൃസമിതികൾ, സ്‌കൂൾ പി.റ്റി.എകൾ ശാക്തീകരണം, വിനോദയാത്രകൾ, പഠന വിനോദയാത്രകൾ. സമ്പൂർണ്ണ ഊർജ്ജ ഗ്രാമം:പവർ ലൈൻ മാലിംഗ്, പുകയില്ലാത്ത അടുപ്പുകളുടെ വ്യാപനം, വൈദ്യുതി ഉപഭോഗം ബോധവൽക്കരണം. പട്ടികജാതി ക്ഷേമം:നാടൻ കലാമേളയും പഠനകളരിയും, പന്തിരുകുലം നാടൻ കലാസമിതി രൂപീകരണം. വ്യവസായം:മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മെഴുവേലിയിൽ ഇന്ന് കാണുന്ന എല്ലാ വികസനവും ജനകീയ ആസൂത്രണത്തിലൂടെ സാധ്യമായതാണ്. ജനങ്ങളിൽ ഒരു വികസന സംസ്കാരം വളർത്തിയെടുക്കുവാനും ഓരോ തലങ്ങളിലും സജീവ ഇടപെടലുകൾ ഉണ്ടാകുവാനും ജനകീയ ആസൂത്രണ പ്രസ്‌ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ മുന്നേറ്റം ശ്രദ്ധേയമാണ്. ഭരണതലങ്ങളിലും ഇതര മേഖലകളും സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും എത്തിപ്പെടലിനും വളർച്ചയ്ക്കും മെഴുവേലിയിൽ ജനകീയ ആസൂത്രണം നിർണായക സംഭാവനകൾ ആണ് നൽകിയിട്ടുള്ളത്.
കെ സുരേഷ് കുമാർ, പൊട്ടന്മല, ജില്ലാ റിസോഴ്‌സ് പേഴ്‌സൺ (DRP), മെഴുവേലി