Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
കോട്ടുവള്ളി എറണാകുളം

There is some concern.

A. K. Renjan
Cover Image

എറണാകുളം ജില്ലയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ 13 വാർഡുകളും, 6665 വീടുകളും ജനസംഖ്യ 34352 ഉം ആയിരുന്നു, ഭൂവിസ്തൃതി 20.82 Sq Km ആണ്. ഇന്ന് 24 വാർഡുകളും 15331ൽ പരം വീടുകളുമുണ്ട്, ജനസംഖ്യ 42852 (censes 2011).

1995 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഭരണ സമിതിയാണ് ഒൻപതാം പഞ്ചവത്സര പദ്ധതിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചത്, അന്നത്തെ ഭരണ സമിതിയിൽ 13 അംഗങ്ങളായിരുന്നു:

കെ വി പുരുഷോത്തമൻ (Late) (പ്രസിഡണ്ട്)
വി എൻ ശർമ്മ (Late) (വൈസ് പ്രസിഡണ്ടു)
പി എൻ സന്തോഷ് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ)
മെമ്പർമാരായ ജോർജ്ജ് ചക്യത്ത്, എ ഒ ആന്റപ്പൻ, കെ വി. സത്യൻ മാസ്റ്റർ, വി എസ് പവനൻ (Late), ഗ്രാസിയ ജെയിംസ്, സി എ ഫ്രാൻസിസ്, വനജ അശോകൻ, പുഷ്പ കലാധരൻ, വിശാലാക്ഷി ശിവശങ്കരൻ (Late), ഡെൽഫിന ജോൺ അടക്കം എല്ലാവരും കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനം വിജയിപ്പിക്കുന്നതിൽ മാതൃകാപരമായി പ്രവർത്തിച്ചവരാണ്.

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ 1996 ആഗസ്റ്റ് 17 ന് (കൊല്ലവർഷം 1171 ചിങ്ങം 1) വള്ളുവള്ളി അപ്പർപ്രൈമറി സ്കൂളിൽ വച്ച് തുടക്കം കുറിച്ച, ജനകീയയാസൂത്രണത്തിലൂടെ സമാനതകളില്ലാത്ത അഭിമാനാർഹമായ നേട്ടങ്ങളാണുണ്ടായത്.

1996 സെപ്റ്റംബർ 5, 6, 7 തീയതികളിൽ ആലുവ ഫെല്ലോഷിപ്പ് ഹാളിൽ വച്ച് നടന്ന ജില്ലാതല പരിശീലനത്തിൽ:

1. ശ്രീ ഗോപിനാഥൻ പിള്ള (മണിസാർ കോട്ടുവള്ളി)
2. ശ്രീ ജോസഫ് കാനപ്പിള്ളി, കൂനമ്മാവ്
3. ശ്രീ മത്തായി മാസ്റ്റർ കോട്ടുവള്ളി
4. എ കെ രഞ്ചൻ, ആലിങ്ങപ്പൊക്കത്ത്, വള്ളുവള്ളി
5. ശ്രീ പി എ രവി (Rtd principal GHSS Paravur), ഇപ്പോൾ വൈക്കത്ത് താമസം
6. ശ്രീ എസ് രാമകൃഷ്ണൻ തത്തപ്പിള്ളി

ഇവരെ കൂടാതെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. കെ വി പുരുഷോത്തമൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീമതി ഗീത സുകുമാരൻ (1995-2000) എന്നിവരും പങ്കെടൂത്തിരുന്നു. മേൽപ്പറഞ്ഞവരിൽ ശ്രീ കെ വി പുരുഷോത്തമൻ, ശ്രീ ഗോപിനാഥൻ പിള്ള (മണിസാർ കോട്ടുവള്ളി), ശ്രീ ജോസഫ് കാനപ്പിള്ളി, കൂനമ്മാവ് എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല. എ കെ രഞ്ചൻ അന്നുമുതൽ ഇപ്പോഴും ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്, നിലവിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗവുമാണ്.

മുകളിൽ പറഞ്ഞവരെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന എ എം രാജപ്പൻ, ജനകീയാസൂത്രണ പ്രവർത്തകരായ പി പി അജിത്കുമാർ തത്തപ്പിള്ളി, അബ്ദുൾഹക്കീം കളരിപ്പറമ്പ് വാണിയക്കാട്, പി പി പുരുഷോത്തമൻ മന്നം, ടി ജെ ജോസഫ് (പിന്നീട് പ്രസിഡണ്ടു 2000-2005), ഇ ജെ ബെനഡിക്ട് (Late), കെ എ. അഗസ്റ്റിൻ (പ്രസിഡണ്ടു 2010-2015), എൻ ബി പ്രഭാകരൻ നികത്തിൽ, കൈതാരം (Late), അബ്ദുൽ സലാം കണ്ടകർണൻവെളി, ജയാനന്ദൻ സി എൻ ചെറിയപ്പിള്ളി, എ എൻ സുകുമാരൻ കണ്ടകർണൻവെളി, കെ. ബാബുരാജ് കൊളെപാടം, എ.എ അജയൻ ആലിങ്ങപ്പൊക്കം, ബനബഞ്ചേരിയൂസ് വള്ളുവള്ളി (Late), കെ കെ ബാലകൃഷ്ണൻ, കളത്തിൽ കൈതാരം, പി എം ബാലകൃഷ്ണൻ ഓളിപറമ്പ്, കണ്ടകർണൻവെളി, എം വി ബാബു മാടവന, വള്ളുവള്ളി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് കോ ഓർഡിനേറ്റർ കെ .പി സുനിൽ, ശിവശങ്കരൻ വി, എരവൂർ എന്നിവരായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന് സന്നദ്ധ പ്രവർത്തനത്തിലൂടെ നേതൃത്വം നൽകിയവർ.

സെപ്റ്റംബർ 13 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഏകദിന ശില്പശാലയിൽ 13 വാർഡിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു. ഉദ്യോഗസ്ഥരടക്കം 53 പേർ പങ്കെടുത്തു. പരിശീലനത്തിൽ ഒരു വിഷയം എടുക്കാനും എനിക്ക് ഭാഗ്യമുണ്ടായി.

22-9-1996 മുതൽ 13-10-1996 വരെയുള്ള ഒഴിവ് ദിവസങ്ങളിൽ വിശേഷാൽ ഗ്രാമസഭാ യോഗങ്ങൾ നടത്തി, 2084 പേർ 13 ഗ്രാമസഭകളിലായി പങ്കെടുത്തു. ഏറ്റവും കൂടിയ പങ്കാളിത്തം 314 ഉം കുറഞ്ഞത് 74 ഉം ആയിരുന്നു. പങ്കെടുത്തവരിൽ 33.58 ശതമാനം പേർ വനിതകളായിരുന്നു.

പതിനൊന്ന് വിഷയമേഖലകളിലായി ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും പൊതുചർച്ചയും ക്രോഡീകരണവും ഗ്രാമസഭകളിൽ നടന്നു. ആസൂത്രണ പ്രവർത്തനങ്ങളിൽ സാധാരണ മനുഷ്യർക്കും ഇടമുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ചരിത്രസംഭവത്തിനാണ് വിശേഷാൽ ഗ്രാമസഭകൾ സാക്ഷ്യം വഹിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡായിരുന്ന പതിനൊന്നാം വാർഡ് ഗ്രാമസഭയിലാണ് ഞാൻ പങ്കെടുത്തത്. ഏറ്റവും കൂടിയ പങ്കാളിത്തവും അവിടെയായിരുന്നു.

1-10-1996 ന് പഞ്ചായത്തിന്റെ 5 കേന്ദ്രങ്ങളിൽ ജനാധികാര കലാജാഥ നല്ല പങ്കാളിത്തത്തോടെ നടത്തിക്കൊണ്ടാണ് ജനകീയാസൂത്രണ സന്ദേശം ജനങ്ങളിലെത്തിച്ചത്.

രണ്ടാം ഘട്ട പരിശീലനം 1996 ഒക്ടോബർ 23, 24, 25 തീയതികളിൽ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്നു. ഒന്നാം ഘട്ടത്തിൽ പങ്കെടുത്തവരെ കൂടാതെ വൈസ് പ്രസിഡണ്ടു ശ്രീ വി എൻ ശർമ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ സന്തോഷ്, ജനപ്രതിനിധി കെ വി സത്യൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ തോമസ്, വിവിധ സ്ഥാപന മേധാകൾ എന്നിവരും പങ്കെടുത്തു.

30-10-1996 ൽ രണ്ടാം ഘട്ട പഞ്ചായത്ത് തല പരിശീലനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

1996 നവംബർ 1 ന് കോട്ടുവള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് 13 ഗ്രാമസഭകളിലെയും റിപ്പോർട്ടുകളുടെ ക്രോഡീകരണം നടത്തി. പിറ്റേദിവസം രാവിലെ പഞ്ചായത്തിൽ വച്ച് വിവിധ വകുപ്പ് മേധാവികളുടെ നടപ്പു സ്കീമുകളുടെ അവലോകനവും, അന്ന് വൈകീട്ട് കൈതാരം NSS കരയോഗം ജൂബിലി ഹാളിൽ വച്ച് വികസന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണവും നടന്നു.

31-10-1996 മുതൽ 5-11-1996 വരെ വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കായി പഠന പര്യടനവും ചരിത്രപഠനവും നടത്തി റിപ്പോർട്ട് ശേഖരിച്ചു.

5-11-1996 മുതൽ 9-11-1996 വരെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് വികസന റിപ്പോർട്ട് തയ്യാറാക്കി. ഊണും ഉറക്കവും ഇല്ലാതെ പാതിരാ വരെ പഞ്ചായത്ത് ഓഫീസ് സജീവമായിരുന്ന നാളുകൾ. പഞ്ചായത്ത് പ്രസിഡണ്ടിന്റെ സജീവമായ പിന്തുണയും സാന്നിധ്യവും ഭരണസമിതിയിൽ രാഷ്ട്രീയമായ വേർതിരിവുകൾക്കിടയിലും എല്ലാവരും ഒപ്പം നിന്നിരുന്നു. വിശ്രമ രഹിതമായ പ്രവർത്തനങ്ങൾക്കാണ് അന്നത്തെ ഭരണസമിതി നേതൃത്വം നൽകിയത്. അതിന് എല്ലാവിധ സഹകരണവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

ഇന്നത്തെപോലെ DTP സെന്ററുകൾ പറവൂരിൽ ഇല്ലാതിരുന്നതിനാൽ നന്ത്യാട്ടുകുന്നം സ്വദേശിയുടെ തൃപ്പൂണിത്തറയിൽ ഉള്ള സ്ഥാപനത്തിലാണ് DTP വർക്ക് നടക്കുന്നത്. പല ദിവസങ്ങളും പ്രൂഫ് നോക്കാനായി പാതിരാത്രികൾ വരെ ഇരുന്നിട്ടുണ്ട്. വികസന സെമിനാറിന്റെ തലേ ദിവസവും രാത്രിയിലും പ്രൂഫ് നോട്ടം പൂർത്തീകരിക്കാനായില്ല. സെമിനാറിന്റെ അന്ന് 17-11-1996 രാവിലെ സെമിനാർ തുടങ്ങുന്നതിനു അല്പം മുമ്പാണ് പ്രിന്റ് ചെയ്ത "വികസന റിപ്പോർട്ട് '96" കൈതാരം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിക്കാൻ കഴിഞ്ഞത്. തിരക്കുപിടിച്ചതിന്റെ ഭാഗമായി കവർ പേജിൽ പോലും അക്ഷര തെറ്റുകൾ കടന്നു കൂടിയിരുന്നു. വികസന സെമിനാർ വിജയകരമായി നടന്നു.

സെമിനാറിന് ശേഷം അന്നത്തെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പകലെന്നോ രാത്രിയെന്നോ നോക്കാതെ പദ്ധതികൾ എഴുതിയുണ്ടാക്കുന്ന തിരക്കിലായിരുന്നു ജനപ്രതിനിധികളുടെയും, സന്നദ്ധപ്രവർത്തകരുടെയും വിശ്രമരഹിതമായ നാളുകളായിരുന്നു.

പദ്ധതികൾ പരിശോധിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് തല വിദഗ്ദ്ധ സമിതിയിൽ (ഊർജം) അംഗമായും എനിക്ക് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ആ സമിതികളെല്ലാം പിൽക്കാലത്തു ഇല്ലാതാക്കിയിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കെല്ലാം ഊർജമായി നിരവധി കൈപുസ്തകങ്ങൾ ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു, അതിൽ ഭൂരിപക്ഷവും എന്റെ സ്വകാര്യ ലൈബ്രറി ശേഖരത്തിൽ ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നുണ്ട്.

ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഒരുവർഷത്തെ അനുഭവങ്ങൾ "ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും" ആസൂത്രണ ബോർഡു പ്രസിദ്ധീകരിച്ച - ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തിന് ഇ എം എസ്സിന്റെ അവതാരികയിൽ:

“സ്വാതന്ത്ര്യ ലബ്ധിയും കേരള സംസ്ഥാന രൂപീകരണവും കഴിഞ്ഞാൽ ഈ സംസ്ഥാനത്തു നടന്ന ഏറ്റവും വിപ്ലവകരമായ ഒരു പ്രസ്ഥാനമാണ് ജനകീയാസൂത്രണം”

അതിന് കാരണമായി അദ്ദേഹം സൂചിപ്പിച്ച കാര്യങ്ങൾ:

1. ആസൂത്രണ നേതൃത്വം പഞ്ചായത്തുകളിലേക്കും, നഗര സഭകളിലേക്കും മാത്രമല്ല ഗ്രാമ സഭ - വാർഡ് സഭകളിൽ ചർച്ചകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളിലേക്കും മാറിയിരിക്കുന്നു.
2. ഗ്രാമസഭകളിലും വാർഡ് സഭകളിലും പങ്കെടുത്ത ഏതാണ്ട് 27 ലക്ഷം തൊഴിലാളി കർഷകാദി ബഹുജനങ്ങൾ ജനകീയമായ ചർച്ചാപ്രക്രിയയിലൂടെയാണ് ഒൻപതാം പദ്ധതി രൂപപ്പെടുത്തിയത്.
3. സാമൂഹ്യമേഖലയുടെ വികസനത്തിൽ ഊന്നിയ ആസൂത്രണമാണ് ഇതേവരെ ഉണ്ടായിരുന്നത്. അതുമാറ്റി ഉല്പാദന മേഖലകൾക്ക് പ്രാമുഖ്യം നൽകുന്ന പ്രസ്ഥാനമാണ് ജനകീയാസൂത്രണം.
4. തെരഞ്ഞെടുപ്പുകളിൽ ജയം നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളോരോന്നും അധികാരത്തിലിരിക്കുന്നിടത്തു പ്രതിപക്ഷ സഹകരണം തേടിയും അധികാരത്തിലില്ലാത്തേടത്തു അധികാരത്തിലിരിക്കുന്നവർക്കു സഹായം നൽകിയും വികസനത്തിന്റെതായ ഒരു പുത്തൻ രാഷ്ട്രീയം രൂപപ്പെടുത്തണം (പുത്തൻ വികസന രാഷ്ട്രീയം വളർത്തിയെടുക്കണം).

---

Table 1: സംസ്ഥാന ആഭ്യന്തര വരുമാനം മേഖലാടിസ്ഥാനത്തിൽ (As % to NSDP)

i) Source: കേരളം ചരിത്രം വർത്തമാനം ദർശനം - ഡോ. എം എ ഉമ്മൻ പേജ് 116-118
ii) Source: Economic Review, Kerala

മൂന്ന് പതിറ്റാണ്ടിന്റെ അനുഭവം ഇ എം എസ് പറഞ്ഞു വച്ച കാര്യങ്ങളിൽ എത്രമാത്രം മുന്നേറാൻ കഴിഞ്ഞു എന്നത് ഗൗരവമായ പരിശോധന ആവശ്യമാണ്. എന്നുമാത്രമല്ല ഉല്പാദന മേഖലയുടെ തകർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. സംസ്ഥാന ആഭ്യന്തര വരുമാനം മേഖലാ വളർച്ചയുടെ നിരക്കുകൾ പട്ടിക 1 ൽ നിന്നും അത് ബോധ്യമാകുകയും ചെയ്യും.

എന്റെ പഞ്ചായത്തിലും ഇതുതന്നെയാണ് അനുഭവം. ഒൻപതാം പദ്ധതിയുടെ ആദ്യവർഷത്തെ പ്രൊജക്ടുകളിൽ ഉല്പാദന മേഖലക്ക് മേൽക്കൈ കിട്ടിയതൊഴിച്ചാൽ സേവന മേഖലക്കാണ് മേൽക്കൈ ലഭിച്ചത്, അവസാന വർഷങ്ങളിൽ മേൽക്കൈ പശ്ചാത്തലത്തിനു കൈവന്നെങ്കിലും പിന്നീടങ്ങോട്ട് പതിനാലാം പദ്ധതി കാലയളവ് വരെ സേവനമേഖലക്കാണ് ഊന്നൽ നൽകിയതും നൽകുന്നതും.

ഒൻപതാം പദ്ധതികാലയളവിലെ വിവരങ്ങളാണ് ഗ്രാഫിലും പട്ടിക 2 ലും ഉള്ളത്. *(NB: വിശദാംശങ്ങൾ പതിനാലാം പഞ്ചവത്സര കാലയളവിലേത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻകൈയിൽ ജന പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ "നാളത്തെ കോട്ടുവള്ളി ജനകീയവികസന പത്രിക 2025" ൽ നിന്നും ലഭ്യമാണ്.)*

മുൻതൂക്കം സേവനമേഖലക്കോ ?

ഉല്പാദന മേഖലയിൽ മുൻഗണന നൽകുന്ന സമീപനത്തിൽ നിന്നും വഴിമാറി സേവന, പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകുന്ന സ്ഥിതി ഒൻപതാം പഞ്ചവത്സര പദ്ധതിയും തുടന്നിങ്ങോട്ടുള്ള പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വകയിരുത്തലുകളും പരിശോധിച്ചാൽ വ്യക്തമാവും. മുകളിലെ ചാർട്ടുകളിൽ നിന്നും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതൽ മേൽക്കൈ സേവനമേഖല കൈയടക്കുന്ന നിലയാണ് കാണാനാകുന്നത്.

Table - 2: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഒൻപതാം പദ്ധതി കാലയളവിലെ പദ്ധതി അടങ്കൽ രൂപ ലക്ഷത്തിൽ

Source: Economic Review, Kerala

Graph (Sourse: Plan documents)

ആസൂത്രണ മുൻഗണനകൾ ഉല്പാദന മേഖലകൾക്ക് കൂടി പരിഗണിച്ചില്ലെങ്കിൽ നിലവിലുള്ള പൊക്കാളികൃഷിയടക്കം നാമാവശേഷമാകുന്ന സ്ഥിതിയിലേക്കെത്തും. ഒൻപതാം പദ്ധതിയുടെ തുടക്കത്തിൽ 336 ഹെക്ടർ പൊക്കാളി കൃഷിയുണ്ടായിരുന്നത് ഇപ്പോൾ 30 ഹെക്ടർ പോലുമില്ല എന്നത് ഗൗരവമായി കാണണം. പൊക്കാളി നിലങ്ങളുടെ തരം മാറ്റലുകളും കൃഷിയുടെ നാശത്തിനു കാരണമായിട്ടുണ്ട്. കാർഷിക മേഖലയുടെ പ്രാധാന്യം പരിഗണിക്കാതെപോകുന്നു എന്നത് ഗൗരവ പൂർവ്വം ചർച്ചക്ക് വിധേയമാക്കണം.

ഒൻപതാം പദ്ധതികാലയളവിൽ ആദ്യ വർഷം 59.8 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ലഭിച്ചത്, തനതു ഫണ്ടും മറ്റു വിഹിതങ്ങളും അടക്കം 145.3 ലക്ഷം രൂപയുടെ അടങ്കലുള്ള പദ്ധതിക്കാണ് രൂപം നൽകിയത്. ഒന്നാം വർഷത്തെ പ്രതീക്ഷിത വരവിനങ്ങളിൽ സന്നദ്ധ സേവനം സംഭാവന, ഗുണഭോക്തൃ വിഹിതം എന്നിവ പ്രതീക്ഷിച്ച നിലയിൽ ലഭിക്കാത്തതിനാൽ, അനുഭവത്തെ മുൻനിർത്തി പിന്നീട് യാഥാർഥ്യ ബോധത്തോടെ യുള്ള സമീപനം അടങ്കലിന്റെ കാര്യത്തിൽ സ്വീകരിച്ചു. അതുകൊണ്ടു രണ്ടാം വർഷത്തെ പദ്ധതി അടങ്കൽ 95 ലക്ഷമായി കുറവ് വരുത്തുകയും ചെയ്തു (പട്ടിക -2 കാണുക).

Table-3

Source:Plan Doccument

Table-4: പദ്ധതി വിഹിതം വരവ് ചെലവുകൾ 1997-98 മുതൽ 2001-2002 വരെ (തുക ലക്ഷത്തിൽ)

Source:Plan Doccument

1996-97 സാമ്പത്തിക വർഷത്തെ ശരാശരി 12 ലക്ഷം രൂപയുടെ പഞ്ചായത്ത് ബഡ്ജറ്റിന്റെ സ്ഥാനത്തുനിന്നും 145.3 ലക്ഷം അടങ്കലുള്ള പദ്ധതി ജനകീയാസൂത്രണം വഴി രൂപപ്പെടുത്താനായത് വികസനരംഗത്തു കുതിച്ചുചാട്ടത്തിന് വഴിവച്ചു. 25 കോടി രൂപ അടങ്കലുള്ള പദ്ധതികൾ വരെ ഇന്നത് എത്തിനിൽക്കുന്നു.

ഒൻപതാം പദ്ധതി കാലയളവിൽ 284.55 ലക്ഷം രൂപ പദ്ധതി വിഹിതമായി മാത്രം ലഭിക്കുന്ന സ്ഥിതിയുണ്ടായി, മറ്റിനങ്ങൾ വേറെയും. ഒൻപതാം പദ്ധതി കാലയളവിൽ ആദ്യവർഷം പദ്ധതിപ്പണം വിനിയോഗകാര്യക്ഷമത (Table-3) പിന്നീട് ഒരുകാലയളവിലും പഞ്ചായത്ത് കൈവരിച്ചിട്ടില്ല, 2001-02ൽ പദ്ധതിച്ചെലവ് 29.83% ൽ ഒതുങ്ങി (Table -4), ഇത്ര മോശമായ നില പിന്നീട് ഒരു ഘട്ടത്തിലും പഞ്ചായത്തിൽ ഉണ്ടായിട്ടുമില്ല. അന്ന് പഞ്ചായത്ത് അധികൃതരുമായി പണം നഷ്ടപ്പെടുത്തുന്ന സമീപനത്തെ വിമർശിച്ചതിനാൽ പിറ്റേ വർഷത്തെ വികസന സെമിനാറിൽ എന്നെ പങ്കെടുപ്പിച്ചുമില്ല (ഫണ്ട് ലാപ്സാക്കുന്ന കാര്യത്തിൽ ഇന്നും ഒരു കുറവുമില്ല).

ആവശ്യമായ ഡാറ്റകളുടെ അഭാവവും, ശരിയായ രീതിയിൽ സ്റ്റാറ്റസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലെ പോരായ്മകളും പദ്ധതിരൂപീകരണത്തെയും നിർവ്വഹണത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. അത് വിഭവങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാണ്. ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ മുപ്പതാം പിറന്നാളിലും കഴിയാത്തത് ഗൗരവമായി കാണണം - പരിഹാരങ്ങൾ ഉണ്ടാവേണ്ടതുമാണ്.

ഒൻപതാം പദ്ധതികാലയളവിൽ ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിൽ 29 പദ്ധതികൾ ഏറ്റെടുത്തിരുന്നു. അതിൽ ചെറിയപ്പിള്ളി തുരുത്ത് പാലത്തിന്റെ നിർമാണം മാതൃകാപരമായിരുന്നു. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അന്നത്തെ കോട്ടുവള്ളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 തൊഴിൽ ദിനങ്ങളാണ് അതിനു വേണ്ടി സംഭാവന ചെയ്തത്. തുരുത്തുനിവാസികളുടെ മാത്രമല്ല സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നിസീമമായ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു. ചെറിയപ്പിള്ളിയിലെ ഒ എം ജോബിയാണ് ഇതിന്റെ സ്റ്റേജ് സർട്ടിഫിക്കറ്റുമായി ജില്ലാ ഓഫീസ് കയറിയിറങ്ങിയത് - ചുമതലക്കാരനായ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടിട്ട് അതുകൊടുക്കാതെ തന്നെ ജോബി കാര്യങ്ങൾ നടത്തിയതും കാണാതെ പോകരുത്. അത്തരം പുഴുക്കുത്തുകൾ ഇപ്പോഴും സർക്കാർ സർവീസ് അടക്കിവാഴുകയാണ്.

Cheriappilly Thuruth Bridge

പറവൂർ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തും, കോട്ടുവള്ളി ഗ്രാമ പഞ്ചായത്തും സംയുക്തമായി 8 ലക്ഷം അടങ്കൽ ഉള്ള പദ്ധതിയിൽ 2 ലക്ഷം പഞ്ചായത്ത് വിഹിതമായിരുന്നു. സന്നദ്ധ പ്രവർത്തനത്തിന്റെ ഫലമായി ഒരു ലക്ഷം രൂപ മിച്ചം വന്നത് അധികൃതർക്ക് തിരികെ ലഭിക്കുകയും ചെയ്തു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് നടന്ന അന്തർ ദേശീയ പഠന കോൺഗ്രസിൽ തുരുത്ത് പാലം പണിയുടെ അവതരണം അതിന്റെ കൺവീനറായിരുന്ന ശ്രീ പി എ രവിസാറിന് നടത്താൻ അവസരം ഉണ്ടായ അഭിമാനകരമായ അനുഭവവും ഉണ്ടായിട്ടുണ്ട്.

ഗുണഭോക്തൃ സമിതി നേതൃത്വം നൽകിയ മറ്റു പ്രവർത്തികൾ:

1. ചെറിയപ്പിള്ളിയിലെ മാവേലി സ്റ്റോർ
2. കൊപ്പറമ്പ് റോഡ്
3. പാവന തുരുത്ത് റോഡ്
4. കൺഠകർണൻ വെളി - മണമേൽ - വഴിക്കുളങ്ങര റോഡ്
5. കൊച്ചാൽ പനക്കപ്പറമ്പു റോഡ്

ടെൻഡർ നൽകിയ പ്രവർത്തികൾ:

1. ആയുർവേദ ആശുപത്രി കാട്ടിക്കുളം
2. കൂനമ്മാവ് ഷോപ്പിംഗ് കോംപ്ലക്സ്
3. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തൃക്കപുരം
4. കേശവതുരുത്ത് പാലം (ജലസേചന വകുപ്പ് ഫണ്ട്)

സ്ത്രീകൾക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ വനിതാ സഹകരണ സംഘമായി രജിസ്റ്റർ ചെയ്തു പ്രവർത്തനം നടത്തിയ വനിതാ ചെറുകിട സംരംഭങ്ങൾ:

1. വനിത ബുക്ക് നിർമാണ യൂണിറ്റ്
2. ഇലക്ട്രോണിക്സ് ആൻഡ് കെമിക്കൽസ്
3. പട്ടിക ജാതി വനിതാ പേപ്പർ കവർ നിർമാണ യൂണിറ്റ്
4. പട്ടിക വർഗ്ഗ വനിത ഇലക്ട്രോണിക്സ് ചോക്ക് നിർമാണ യൂണിറ്റ്

മോസ്കിറ്റോ റിപ്പില്ലെന്റ് ഉല്പാദനമായിരുന്നു ഇലക്ട്രോണിക്സ് ആൻഡ് കെമിക്കൽസിൽ തുടക്കം കുറിച്ചത്. അതിനെ പരിപോഷിപ്പിക്കാൻ CFL ലാമ്പ് നിർമ്മാണം നടത്തി, പഞ്ചായത്ത് സബ്സിഡി നൽകി വിപണനത്തിനു പിന്തുണ നൽകിയാൽ, വൈദ്യുതി ഉപഭോഗത്തിൽ കുറവ്വരുത്താനും വനിതാ സംരംഭത്തിന് മികച്ച വളർച്ചയും ഉണ്ടാകുന്ന തരത്തിൽ അന്ന് നൽകിയ പ്രൊജക്റ്റ് പ്രൊപ്പോസൽ ഭരണസമിതി അംഗീകരിക്കാത്തതിനാൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിക്ക് അയച്ചുകൊടുത്തത് - തുടർ നടപടികൾക്കായി പഞ്ചായത്തിന് അയച്ചു കൊടുക്കുകയും പഞ്ചായത്ത് അത് ചവറ്റുകുട്ടയിൽ ഇടുകയും ചെയ്ത ദൗർഭാഗ്യകരമായ അനുഭവങ്ങളും ഇല്ലാതില്ല.

വനിതാ സംരംഭങ്ങൾക്ക് വേണ്ടി പണിതീർത്ത തൃക്കപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇന്ന് കടകൾക്കും മറ്റും വാടകക്ക് നൽകിയിരിക്കുകയാണ്. അന്നത്തെ വനിതാ സംരംഭങ്ങൾ എല്ലാം ഭരണസമിതിയുടെ പിന്തുണയില്ലാതെ അധികം താമസിയാതെ പ്രവർത്തനം നിലക്കുകയും ചെയ്തു. വനിതാ സംരംഭങ്ങൾ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിൽ ഇന്നും ബാക്കിപണം അവശേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.

ഗുണഭോക്തൃ പ്രവർത്തികളിൽ ജനപങ്കാളിത്തമില്ലാതെ ടെൻഡർ ചെയ്ത അനുഭവവും, ഗുണഭോക്തൃ പ്രവൃത്തി യഥാസമയം എഞ്ചിനീയർ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകാതെ തത്തപ്പിള്ളിയിൽ അണ്ടിവളപ്പൻ കാവ് കുളം സംരക്ഷണം, വെട്ടിക്കേറ്റിയ മണ്ണ് പെയ്ത മഴയെ തുടർന്ന് ഒലിച്ചു ഇറങ്ങിയത് മൂലം തുടർ പ്രവർത്തനങ്ങൾ നടന്നില്ല - അതിന്റെ കൺവീനറായിരുന്ന ശ്രീ. പി പി അജിത്കുമാറിന് നിയമനടപടികൾ വരെ നേരിടേണ്ടി വരികയും ചെയ്ത ദുരനുഭവവും ഉണ്ടായിരുന്നു.

5 അയൽക്കൂട്ടങ്ങളിൽ 71 അംഗങ്ങളുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലാണ് സ്ത്രീ ശാക്തീകരണത്തിനു അടിത്തറപാകിയ കുടുംബശ്രീക്ക് തുടക്കം കുറിച്ചത്.

22/02/2000 ൽ പഴയ വാർഡ് 10 ൽ 13 അംഗങ്ങളുമായി സ്വരാജ് കുടുംബശ്രീ യാണ് പഞ്ചായത്തിൽ ആദ്യമായി രൂപം നൽകിയ അയൽക്കൂട്ടം. കുടുംബശ്രീ പഞ്ചായത്ത് തല ഉൽഘാടനം നിർവഹിച്ചത് കുടുംബശ്രീ റിസോഴ്സ് പേഴ്സണും ജനകീയാസൂത്രണം കീ റിസോഴ്സ് പേഴ്സണുമായ ശ്രീ കെ വി വേണുഗോപാലായിരുന്നു. നിലവിൽ സജീവമായ 370 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യ ചെയർപേഴ്സൺ ശ്രീമതി സിൽവി വർഗീസ് ആയിരുന്നു.

ഇത്തരം അനുഭവങ്ങൾ ഏറെയുണ്ട് വിവരിക്കാൻ അതിനു തത്കാലം തുനിയുന്നില്ല. കേരളത്തിൽ മാത്രമാണ് അധികാര വികേന്ദ്രീകരണം ശക്തിപ്പെട്ട് മുന്നോട്ട് പോകുന്നത്. അതിന് കാരണം അത് യാഥാർഥ്യമാക്കാൻ സ്വീകരിച്ച ജനകീയാസൂത്രണ തന്ത്രത്തിന്റെ വിജയമാണ്.

ഈ കുറിപ്പ് എഴുതാൻ തുടങ്ങുമ്പോൾ പദ്ധതിപ്പണം ഒരു നയാപൈസയും കിട്ടിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ അവസാന ഗഡു ഇതുവരെ നൽകിയിട്ടില്ല, ഇപ്പോൾ ആദ്യ ഗഡു കിട്ടിയിട്ടുണ്ട്, എന്നുമാത്രമല്ല പദ്ധതിവിഹിതവും വെട്ടിക്കുറച്ചു, ഇത്തരം ഒരു സ്ഥിതി ഒരുകാലത്തും ഉണ്ടായിട്ടുമില്ല, പദ്ധതിപ്പണത്തിന്റെ സമയബന്ധിതമായ ലഭ്യതയും, അവശേഷിക്കുന്ന ജനകീയ പങ്കാളിത്തവും ഇല്ലാതാകുമോ? അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ ഭാവിയിൽ ആശങ്ക ഇല്ലാതില്ല.

---

എ കെ രഞ്ചൻ, ആലിങ്ങപ്പൊക്കത്ത്, വള്ളുവള്ളി, കൂനമ്മാവ് പി. ഒ