Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
എടവക വയനാട്

ഒരപ്പ് പാലം ഒരോർമ്മക്കുറിപ്പ്

കെ. ബാലഗോപാലൻ
Cover Image

"മഞ്ഞപ്പളുങ്കൻ മലയിലുടെ
മാനന്തവാടിപ്പുഴയിലൂടെ
അല്ലിമുളം കുഴൽ തേനുമായി നീ
ആടിവാ പാടിവാ പാണനാരേ..."

വയലാറിൻ്റെ തൂലികയിൽ പിറന്ന് ദേവരാജൻ മാഷ് ഈണം നൽകി  ശ്രീമതി പി. സുശീലയുടെ മനോഹര ശബ്ദത്തിൽ പാടിയ  'തുമ്പോലാർച്ച' സിനിമയിലെ ഈ പാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല. വയലാറിൻ്റെ  വരികളിൽ ഇടം പിടിച്ച മാനന്തവാടി പുഴയുടെ തലോടൽ ഏറ്റ് വാങ്ങി അഭിമാനത്തോടെ തലയുയർത്തി നിർക്കുന്ന 'O' വട്ടത്തിലുള്ള ഒരു ചെറിയ ഗ്രാമ പ്രദേശമാണ് ഒരപ്പ്. എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരപ്പ് ഗ്രാമത്തിൻ്റെ നടുവിലൂടെയാണ് മാനന്തവാടി പുഴയൊഴുകുന്നത്.

വയലാർ ഒരിക്കൽ പോലും ഒരപ്പ് ഗ്രാമത്തെ ക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ല. എങ്കിലും മാനന്തവാടി പുഴയുടെ ഒരപ്പ് കടവിൽ നെഞ്ചുവിരിച്ച് ജലമധ്യത്തിൽ ഉയർന്നു നിൽക്കുന്ന പാറപ്പുറത്തിരുത്താണ് ഈ പാട്ട് എഴുതിയതെന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റം പറയാനാവില്ല. അത്രയ്ക്ക് സൗന്ദര്യമാണ് ഈ ഭാഗത്ത് മാനന്തവാടി പുഴയ്ക്ക്. ഇരുകരകളിലും വളർന്നു നിൽക്കുന്ന 'ഞാറ 'ചെടികൾ കൊണ്ട് മുഖം മറയ്ക്കുന്ന, തെളിനീരൊഴുകുന്ന പുഴ നൽകുന്ന സുഖകരമായ തണുപ്പേറ്റ് നൻമ നിറഞ്ഞ മനുഷ്യരാൽ സമ്പന്നമായ ഒരപ്പ് ഗ്രാമത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.

കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ സ്വന്തം അധ്വാനം നൽകി ഗ്രാമവികസനത്തിൽ പുത്തന ധ്യായം രചിച്ച ലോകമാകെ പ്രശംസ പിടിച്ചു പറ്റിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ തിളങ്ങുന്ന ഓർമകൾ അയവിറക്കുന്ന പ്രദേശം കൂടിയാണ് ഒരപ്പ്.

എടവക - തവിഞ്ഞാൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരപ്പ് കടവിൽ ഇന്ന് കാണുന്ന പാലം ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഉജ്വല സ്മാരകമാണ്. 80 കളുടെ മധ്യം വരെ തവിഞ്ഞാൽ പഞ്ചായത്തിലെ പറയിടം വീട്ടുകാർ ഏർപ്പെടുത്തിയ തോണിയിലാണ് എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തത്. കല്ലോടി ഹൈസ്ക്കൂൾ, തോണിച്ചാലിലെ ഗവ.കോളേജ്, മാനന്തവാടിയിലെ പാരലൽ കോളേജുകൾ എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും മാനന്തവാടിയിലേക്കും, മറ്റിടങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്കും ഏക ആശ്രയം പറയിടം കുടുംബക്കാർ ഏർപ്പെടുത്തിയ തോണി മാത്രമാണ്. എടവകയിൽ ഒരപ്പിലേക്ക് 1981 മുതൽ കെ.എസ്. ആർ ടി.സി ബസ്സ് സർവീസ്  ഉണ്ടായിരുന്നതാണ് ജനങ്ങൾക്ക് കുറച്ച് ആശ്വാസം . ശക്തിയായ മഴക്കാലത്ത് വെള്ളപ്പൊക്കം അനുഭവപ്പെടുമ്പോൾ ഒരപ്പ് കടവിൽ ശക്തമായ ഒഴുക്ക് രൂപപ്പെടാറുണ്ട്. ആ സമയത്ത് തോണിയാത്ര വളരെ അപകടം പിടിച്ചതായിരുന്നു. അതിനാൽ മഴക്കാലത്ത് തവിഞ്ഞാൽ പഞ്ചായത്തിലെ ഒരപ്പ് നിവാസികൾ 8 കിലോമീറ്റർ നടന്ന് വാളാട് പോയിട്ടാണ് മാനന്തവാടിക്ക് പോകാറ്.
1986 ൽ സ . ഇ എം ശങ്കരൻ മാസ്റ്റർ പ്രസിഡണ്ടായ പഞ്ചായത്ത് ഭരണസമിതി യുടെ അഭ്യർത്ഥന പ്രകാരം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി [WSS ] ഒരപ്പ് കടവിൽ ഒരു കമ്പിപ്പാലം പണിയാൻ സന്നദ്ധരായി. കൊല്ലം ജില്ലയിലെ കല്ലടയാറിന് കുറുകെ പണിത പുനലൂർ തൂക്കുപാലത്തെ അനുസ്മരിക്കത്തക്ക വിധത്തിൽ ഒരപ്പിലെ കമ്പി പ്പാലം ജനങ്ങൾക്ക് ആശ്വാസവും ഒപ്പം  കൗതുകവുമായി.

ജനകീയാസൂത്രണ പ്രസ്ഥാനം [1996-2001]

1996 ൽ ശ്രീ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചു.സംസ്ഥാന പദ്ധതി വിഹിത ത്തിൻ്റെ [ പ്ലാൻ ഫണ്ട് ] 35-40 ശതമാനം തുക ഉപാധിരഹിതമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന് ഇടതു മുന്നണി സർക്കാർ തയ്യാറായി. എന്നാൽ ഈ നടപടി പരമ്പരാഗത വികസന വിദഗ്ധർ എന്നു മേനി നടിക്കുന്ന അൽപം ചിലരുടെ നെറ്റി ചുളിയാൻ ഇടയാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ എന്തെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് ലഭിച്ചു.അങ്ങനെ  ആഗോള ശ്രദ്ധ നേടിയ ജനാധിപത്യപരീക്ഷണത്തിന് കേരളം വേദിയായി.
അധികാര വികേന്ദ്രീകരണം ശാസ്ത്രീയമായി നടപ്പാക്കാൻ കേവലം ഭരണപരമായ നടപടി കൊണ്ട് സാധ്യമല്ല. വലിയ തോതിൽ ജനങ്ങളെ അണിനിരത്തണം. ഈ സമീപനമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ പിറവിക്ക് കാരണമായത്.

1990 ൽ സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചപ്പോഴും കേരളം ഭരിച്ചത് സ: നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. സാക്ഷരതാ പ്രസ്ഥാനം നൽകിയ ആത്മവിശ്വാസം ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് കൈത്താങ്ങായി. കേവല സാക്ഷരതയിൽ നിന്ന് വികസന സാക്ഷരതയിലേക്കു ള്ള സ്വാഭാവിക പരിണാമമായി ജനകീയാസൂത്രണ പ്രസ്ഥാനം വിശേഷിപ്പിക്കപ്പെട്ടു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രണ്ടാം വർഷം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി ശ്രീ. ഇ. എം. ശങ്കരൻ മാസ്റ്റർ അധികാരമേറ്റു. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ ഗ്രാമസഭകളിൽ മാനന്തവാടി പുഴയിൽ ഒരപ്പ് കടവിൽ ഒരു കോൺക്രീറ്റ് പാലം എന്ന ആവശ്യം ശക്തമായി ഉയർന്നുവന്നു.

ഭീമമായ പദ്ധതി തുക ആവശ്യമായ ഇനമാണ് വലിയപാലം . എങ്കിലും ജനങ്ങളുടെ അഭിലാഷം വൈകാതെ നടപ്പാക്കപ്പെടുമെന്ന് പ്രസിഡൻറ് ശങ്കരൻ മാസ്റ്റർ ഗ്രാമ സഭയ്ക്ക് ഉറപ്പു നൽകി. ആ വർഷത്തെ എടവക പഞ്ചായത്തിൻ്റെ പദ്ധതി രേഖയിൽ ഒരപ്പ് പാലം സ്ഥാനം നേടി.  പ്രാഥമിക വകയിരുത്തലായി 25000/- രൂപയും നീക്കി വെച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ.ശങ്കരൻ മാസ്റ്റർ 'വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായിരുന്ന സ.ജസ്റ്റിൻ ബേബി എന്നിവർ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ പാലം നിർമ്മാണത്തിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തി. അങ്ങിനെ, എടവക, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തുകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്ത സംരംഭമായി പാലം അനുവദിക്കാനുള്ള പ്രാരംഭ നടപടികളായി.

അപ്പോഴേക്കും കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു. ഇടതു മുന്നണിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായി സൃഷ്ടിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തെ പാടെ അവഗണിച്ച് മുന്നോട്ട് പോകാൻ പുതുതായി വന്ന സർക്കാരുകൾക്കും കഴിഞ്ഞില്ല. പകരം ജനകീയാസൂത്രണം എന്ന പേര് മാറ്റി കേരള വികസന പദ്ധതി എന്നാക്കി. അക്കാലത്ത് എടവക, മാനന്തവാടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം വയനാട് ജില്ലാ പഞ്ചായത്ത് മാനന്തവാടി ഡിവിഷനയിലായിരുന്നു. മാനന്തവാടി ഡിവിഷനെ പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ സ .ജസ്റ്റിൻ ബേബി ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തവിഞ്ഞാൽ ഡിവിഷൻ മെമ്പറുമായ ശ്രീമതി ഗ്രേസി വിൻസെൻ്റ് എന്നിവർ  ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഒരപ്പ് പാലം നിർമ്മാണം ഉൾപ്പെടുത്താൻ കഠിന പരിശ്രമം നടത്തി.അതിൻ്റെ ഫലമായി . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ .എൽ .പൗലോസ് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഒരപ്പ് പാലം നിർമ്മാണം ഉൾപ്പെടുത്താൻ താൽപര്യമെടുത്തു.

'മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ.കെ.അമ്മു ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ. എച്ച്.ബി. പ്രദീപ് മാസ്റ്റർ, എടവക ഡിവിഷൻ മെമ്പർ ശ്രീമതി കാതറിൻ ടീച്ചർ എന്നിവരുടെ ശ്രമഫലമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി രേഖയിലും ഒരപ്പ് പാലം സ്ഥാനം പിടിച്ചു . അങ്ങനെ വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തവിഞ്ഞാൽ, എടവക ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് സംയുക്ത സംരംഭമായി ഒരപ്പ് കടവിൽ പാലം നിർമ്മിക്കാൻ ധാരണയായി. 4 തദ്ദേശ ഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ തുക നീക്കി വെച്ചു. ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകി. അങ്ങനെ ജനകീയാസൂത്രണ കാലത്ത് മുള പൊട്ടിയ വികസന സ്വപ്നം യാഥാർത്ഥ്യമായി. അധികം താമസിയാതെ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി.  2003 ൽ വടക്കെ വയനാട് എം.എൽ.എ. ശ്രീമതി രാ ധാ രാഘവൻ പാലത്തിൻ്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചു. പാലം നിർമ്മാണം കരാർ ഏറ്റെടുത്ത  മീനങ്ങാടി സ്വദേശി ശ്രീ.ബിനോയി   റിക്കാർഡ് വേഗത്തിൽ പണി പൂർത്തിയാക്കി.

2005 ൽ ജില്ലാ പഞ്ചായത്ത് മെമ്പർ സ.എ.ജോണി ,എ ടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ. ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ. കെ.വി. ബഷീർ  എന്നിവർ പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടി. ആ വർഷം ഡിസംബർ മാസത്തിൽ  ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ അഭിമാനമായ ഒരപ്പ് പാലം  പ്രതിപക്ഷ നേതാവ് സ.വി.എസ്. അച്ചുതാനന്ദൻ ജനങ്ങൾക്കായി സമർപ്പിച്ചു. പാലം യാഥാർത്യമായതോടെ ഒരപ്പ് പ്രദേശത്തിൻ്റെ മുഖച്ഛായ മാറി. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത്  ഒന്നിൽ കൂടുതൽ പഞ്ചായത്ത് ഭരണസമിതികൾ ചേർന്ന് സൃഷ്ടിച്ച അപൂർവ്വ സംയുക്ത സംരംഭം എന്ന ബഹുമതിയും ഒരപ്പ് പാലത്തിനർഹതപ്പെട്ടതാണ്.

ഒരപ്പ് പാലം നിർമാണത്തെ തുടർന്ന് പിന്നീട് മറ്റ് ചില സംയുക്ത സംരംഭങ്ങൾക്കും തുടക്കമായി. എടവക, മാനന്തവാടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവിൽ സംയുക്ത സംരംഭമായി പാലം നിർമ്മിക്കുന്നതിനും ഒരപ്പ് പാലത്തിൻ്റെ നിർമ്മാണനുഭവം ഏറെ സഹായകമായി. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച അധികാരം മൂലം ഗ്രാമവികസന രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടം നടത്താൻ കഴിഞ്ഞത് ജനകീയാസൂത്രണ പ്രസ്ഥാനം നൽകിയ ആത്മവിശ്വാസവും, കരുത്തുമാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കേവലം നിർവഹണ ഏജൻസികൾ എന്നതിൽ നിന്നും സ്വന്തമായി പദ്ധതികൾ തയ്യാറാക്കാനും പ്രയോഗത്തിൽ വരുത്താനും പ്രാപ്തരാക്കിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണ്

--
കെ. ബാലഗോപാലൻ