തിരുവനന്തപുരം നഗരസഭയിൽ, തയ്യൽ മെഷീനോ, ചെറുകിട സംരംഭങ്ങൾക്കോ, വീട് നവീകരണത്തിനോ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ, മാതൃകാപരമായി നടത്താൻ കാര്യമായ ശ്രമം നടന്നു. ചിലയിടങ്ങളിൽ കൗൺസിലർമാരുടെ ഇഷ്ടത്തിന് കുറേ പേരുകൾ എഴുതി നൽകിയിട്ടുണ്ട്, എന്നാൽ ജനകീയസൂത്രണത്തിന്റെ സത്ത മനസ്സിലാക്കിയ നിരവധി കൗൺസിലർമാർ തികച്ചും നൂതനമായ തെരഞ്ഞെടുപ്പ് രീതി നടത്താൻ തയ്യാറായി. വാർഡ് സഭ വിളിച്ചുകൂട്ടി അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച്, വാർഡ് കമ്മിറ്റി തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്ന നൂതന രീതിയാണ്. വാർഡ് സഭയിൽ തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് മുന്നിൽ വലിയ ബ്ലാക്ക് ബോർഡിൽ ഇടതുഭാഗത്ത് ഗുണഭോക്താവിന്റെ പേരും വലതുഭാഗത്ത് പത്തു കോളങ്ങളിൽ ഓരോ ഗുണഭോക്താവിന്റെയും പേരിനു നേരെ, ദുരിതവും കഷ്ടപ്പാടും സഭയിൽ ചോദിച്ച്, നേരിട്ടറിയാവുന്ന നാട്ടുകാർ ഏറ്റവുംവിഷമംപിടിച്ച അവസ്ഥക്ക് മാർക്കിടുകയും ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവരെ തെരഞ്ഞടുക്കുകയും ചെയ്യുന്ന പ്രക്രിയ വിശദീകരിച്ചപ്പോൾ അതസാദ്ധ്യമെന്ന നിലപാടായിരുന്നു പലർക്കും. നാട്ടുകാരുടെ രീതി നന്നായറിയാമോ നിങ്ങൾക്ക് എന്ന ഭാഗമായിരുന്നു അവർക്ക്. എന്നാൽ ജനകീയാസൂത്രണ പ്രക്രീയ പരമാവധി ജനകീയമാക്കി പൊലിപ്പിക്കാൻ , നാട്ടുകാർക്കായി വിശിഷ്യാ തന്നോടൊപ്പം വളരെ സജീവമായി രഗത്തുള്ള ഉശിരേറിയ വനിതാ പ്രവർത്തകരുടെ ശക്തിയിൽ ഊർജസ്വലയായ കൌൺസിലർ പുഷ്പലത, ഏതുവെല്ലുവിളിയും ഏറ്റെടുക്കാൻ സന്നദ്ധയായിരുന്നു.
നെടുങ്കാട് വാർഡിൽ ഗുണഭോകൃതൃതെരഞ്ഞെടുപ്പ് കാണാൻ വലിയ ജനാവലിയെത്തിയിരുന്നു ചിലനേതാക്കൾ ചേരിതിരിവും കലാപവും വെടിവയ്പും വരെ പ്രവചിച്ചു. കൌൺസിലറുടെയും ജനകീയാസൂത്രണ പ്രവർത്തകരുടെയും വിശ്വാസ്യതയിൽ ഉറപ്പുള്ളവരായിരുന്നു അവരെ നല്ല മുൻപരിചയമുള്ള ജനങ്ങൾ.
വാർഡ് കമ്മിറ്റി അർഹതാ മാനദണ്ഡപ്രകാരം മാർക്കിട്ട് തെരഞ്ഞടുക്കപ്പെട്ടവരിൽ നിന്ന് മുൻഗണനാ മാനദണ്ഡപ്രകാരം പത്തു പേരെയാണ് തെരഞ്ഞെടുക്കേണ്ടത് . വാർഡ് സഭയിൽ തിങ്ങി നിറഞ്ഞ ജനങ്ങൾക്ക് മുന്നിൽ വലിയ ബ്ലാക്ക് ബോർഡിൽ ഇടതുഭാഗത്ത് ഗുണഭോക്താവിന്റെ പേരും വലതുഭാഗത്ത് പത്തു കോളങ്ങളിൽ ഓരോ ഗുണഭോക്താവിന്റെയും പേരിനു നേരെ, വിധവയാണോ വീടുണ്ടോ, വീടിൻറെ അവസ്ഥ, ശാരീരിക മാനസിക വൈകല്യങ്ങൾ, തുടങ്ങിയ പത്തു മാനദണ്ഡങ്ങൾക്ക് സഭയിൽ ചോദിച്ചു മാർക്കിടുകയും ഏറ്റവും അർഹതയ്ക്ക് കൂടുതൽ മാർക്ക് നൽകാൻ, ആളുകൾ മാർക്കിടലിൽ പങ്കെടുക്കുകയും ചെയ്യുന്ന പ്രക്രിയഭംഗിയായി നടന്നു. മാർക്കിട്ടപ്പോൾ ഒരേമാർക്ക് വന്ന രണ്ടുപേരിൽ കാഴ്ചയിൽ വിഷമംകുറഞ്ഞ ഒരാളെ ഒഴിവാക്കാൻ സഭ നിർദ്ദേശിച്ചെങ്കിലും മറ്റേയാൾ പറഞ്ഞു, "വേണ്ട സാർ അവളെ ചേർക്കു, അവൾ ഉടുത്തിരിക്കുന്നത് എന്റെ ഇരവ് (ഞാൻ കടം കൊടുത്ത) സാരിയാണ്" എന്ന്. ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്ന് നന്മ തുളുമ്പുന്ന പുതിയ അർഹതാമാനദണ്ഡം ഉറവയെടുക്കുകയും പരിഗണിക്കപ്പെടുകയും മനുഷ്യത്വം പൂത്തുലയുകയും ചെയ്ത അപ്രതീക്ഷിത, അസുലഭ സന്ദർഭമായിരുന്നു അത്.
Back to Memoirs
തിരുവനന്തപുരം
തിരുവനന്തപുരം
ജനകീയാസൂത്രണത്തിലെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ്
എസ് എൻ സദാനന്ദൻ