1996-97 വർഷം ഞാൻ എൻജിനീയറിങ് പഠന ശേഷം ഗൾഫ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതി ഒരു ജനകീയ പദ്ധതി ആക്കി മാറ്റുന്നതിനുള്ള ആഹ്വാനം പത്രദ്വാര അറിഞ്ഞപ്പോൾ ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്ന് ഒരു നിസ്സംഗ മനോഭാവമായിരുന്നു. വർഷ അവസാനം ലഭിക്കുന്ന രണ്ടുമാസ ലീവിൽ നാട്ടിലെത്തിയപ്പോൾ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ ബാലപാഠങ്ങൾ നാട്ടിൽ പ്രചരിക്കുകയായിരുന്നു. മുൻ പരിചയക്കാരായ കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ശ്രീകണ്ഠൻനായരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വിജയനും ചേർന്ന് ലീവിലുള്ള സമയത്ത് എന്നോട് പഞ്ചായത്തിലെ നിർമ്മാണ പ്രവർത്തികൾ മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെടുകയും ഞാനത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഗ്രാമസഭകളിലും വികസന സെമിനാറിലും BLEC യോഗങ്ങളിലും പങ്കെടുത്തപ്പോൾ നമ്മുടെ നാടിന് വലിയ മാറ്റങ്ങൾ വരാൻ പോകുന്നു എന്ന് പ്രതീതിയാണ് ഉണ്ടായത്. ഈ മാറ്റത്തിന് പങ്കാളിയാകാതെ മാറി നിൽക്കുന്നത് അഭികാമ്യമല്ല എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിൽ ജോലി രാജിവച്ചുകൊണ്ട് സൗദി കമ്പനിയിലേക്ക് കത്ത് നൽകുകയും ഒരു മുഴുവൻ സമയ ജനകീയ ആസൂത്രണ പ്രവർത്തകനായി മാറുകയും ചെയ്തു.
ആ വർഷം കിളിമാനൂർ പഞ്ചായത്തിലെ അപ്രന്റിസ് എൻജിനീയറായി ചേർന്നു. ഇതിനുള്ള നാല് ദിവസത്തെ ട്രെയിനിങ് സമയത്ത് പ്രൊഫ. എ ആർ വേലായുധൻ പിള്ള, ശ്രീ എൻ ജഗജീവൻ, ശ്രീ എൻ കെ പ്രകാശൻ ശ്രീ ഇ. ശിവരാമകൃഷ്ണൻ എന്നീ വിദഗ്ധരുടെ ക്ലാസുകൾ ആവേശം കൊള്ളിക്കുന്നത് തന്നെയായിരുന്നു. ട്രെയിനിങ് കഴിഞ്ഞ് പഞ്ചായത്തിൽ എത്തിയപ്പോൾ അവിടെയുള്ള കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഭേദമെന്യേ ഒരു മനസ്സോടെ വികസനത്തിന് നേതൃത്വം നൽകുന്ന ഭരണസമിതി, വികേന്ദ്രീകരണ ആസൂത്രണത്തിന്റെ DRP മാരായ ശ്രീ മനു R R, ശ്രീ ദേവദാസ് A തുടങ്ങി ഒട്ടനവധി സന്നദ്ധ പ്രവർത്തകർ അവരുടെ മുഴുവൻ സമയവും പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനത്തിന് നീക്കിവെക്കുന്ന ആവേശഭരിതമായ ആ കാഴ്ച എന്നെയും ഒരു ജനകീയ ആസൂത്രണ പ്രവർത്തകനായി മാറ്റുകയായിരുന്നു. പിന്നീട് നടന്ന അപ്രന്റിസ് എൻജിനീയർമാരുടെ പരിശീലന പരിപാടികളിൽ ഒരു പരിശീലകനായി എന്നെയും ഉൾപ്പെടുത്തിയത് ഒരു വലിയ അംഗീകാരം ആയി കരുതുന്നു.
ജനകീയ ആസൂത്രണത്തിന്റെ ആദ്യ വർഷത്തിൽ പല പ്രവൃത്തികളും ബിനാമി കരാറുകാരെ ഏൽപ്പിക്കേണ്ടിവന്നിരുന്നു. ഇതിൽ നേരിടേണ്ടി വന്ന പാളിച്ചകൾ മനസ്സിലാക്കി രണ്ടാം വർഷം മുതൽ നിർമ്മാണ പ്രവൃത്തികളുടെ നിർവഹണം ഗുണഭോക്ത സമിതികൾ വഴി അഴിമതി രഹിതമായി നിർവഹിക്കണമെന്ന് ദൃഢനിശ്ചയം പഞ്ചായത്ത് സമിതി കൈകൊണ്ടിരുന്നു. മലയാളത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുക, മൊബിലൈസേഷൻ അഡ്വാൻസ്, സെക്കുവേർഡ് അഡ്വാൻസ്, പാർട്ട് ബില്ലുകൾ എന്നിവ സമയാസമയം പൂർത്തിയാക്കി നൽകുക, അധിക വിഭവസമാഹരണത്തിന് സഹായിക്കുക, സമിതികൾക്കാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക വഴി അവരെ ശാക്തീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാൽ ഈ തീരുമാനം നടപ്പാക്കാൻ ചെറുതല്ലാത്ത ഒരു പങ്ക് എനിക്കും വഹിക്കാൻ സാധിച്ചു എന്നുള്ളത് ചാരിതാർത്ഥ്യ ജനകമാണ്.
ജനകീയ ആസൂത്രണ പദ്ധതിയുടെ കിളിമാനൂർ ബ്ലോക്ക് കോഡിനേറ്റർ ആയ ശ്രീ എം സത്യശീലൻ ആവശ്യപ്പെട്ടതനുസരിച്ച് BLEC യിലും ബ്ലോക്കിൽ KRP ആയും ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. കേവലം മരാമത്ത് പ്രവൃത്തികളുടെ നിർവഹണസഹായി എന്നതിനപ്പുറം വികേന്ദ്രീകരണ ആസൂത്രണത്തിന്റെ വിവിധ തലങ്ങൾ മനസ്സിലാക്കാനും പ്രവർത്തിക്കാനും ഇതിലൂടെ സാധ്യമായി. BLEC ചെയർമാൻ ആയിരുന്ന ശ്രീ എ കെ രാമചന്ദ്രൻ നായർ, കോഡിനേറ്റർ ആയ ശ്രീ എം സത്യശീലൻ എന്നിവരുടെ മാർഗനിർദ്ദേശം അനുസരിച്ച് ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. BLEC യിലെ സാങ്കേതിക വിദഗ്ധരായ ശ്രീ രാജൻ AEE(Retd.), ശ്രീ പ്രീതി മോഹൻ എൻ വി, ശ്രീ രാജ്മോഹൻ, ശ്രീ സജീവ് എസ് എന്നിവരും ബ്ലോക്കിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി ഗുണഭോക്തൃ കമ്മിറ്റി കളെക്കൊണ്ട് നിർവഹിക്കാൻ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
കിളിമാനൂർ ബ്ലോക്കിലെ ആദ്യ കെ ആർ പി ആയിരുന്ന യശ:ശരീരനായ ശ്രീ സി എൻ ദേവദാസ് അതുല്യനായ ഒരു സംഘാടകനായിരുന്നു. ബ്ലോക്കിലെ ജനകീയാസൂത്രണ പരിപാടിയിൽ അദ്ദേഹത്തിൻറെ പങ്ക് സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു. മറ്റ് കെ ആർ പി മാരായ യശ:ശരീരനായ ശ്രീ എം ദേവദാസ്, യശ:ശരീരനായ ശ്രീ എ കെ രാമചന്ദ്രൻ നായർ, യശ:ശരീരനായ ശ്രീ ആർ ബാലകൃഷ്ണപിള്ള, ശ്രീമതി വിജയശ്രീ എന്നിവരുടെ സന്നദ്ധ സേവനവും അഭിനന്ദനം അർഹിക്കുന്നു. ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ജി അനിതകുമാരിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ഭരണസമിതിയുടെയും, ഒപ്പം ബ്ളോക് സെക്രട്ടറി ശ്രീ ബി പ്രേമാനന്ദിന്റെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ബ്ലോക്കിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ ഗതി നിയന്ത്രിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഒരു ചെറിയ പങ്കുവഹിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുമംഗല കൊച്ചുകൃഷ്ണൻ, ശ്രീമതി ശ്രീജ ഷൈജുദേവ് എന്നിവരുടെ ഈ രംഗത്തെ പ്രവർത്തന മികവ് നേരിട്ട് മനസ്സിലാക്കാൻ ഈ അവസരത്തിൽ സാധിച്ചിട്ടുണ്ട്.
ജനകീയ ആസൂത്രണ പ്രസ്ഥാനത്തിൻറെ അന്തസത്ത പൂർണ്ണമായി ഉൾക്കൊണ്ട് വളരെ സുതാര്യമായി അഴിമതി രഹിതമായി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കി കാര്യക്ഷമതയോടു കൂടി പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച ഗുണഭോക്തൃ കമ്മിറ്റികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ജനപ്രതിനിധികൾ, ജനകീയ ആസൂത്രണ സന്നദ്ധ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ ഗുണഭോക്തൃ സമിതികൾ തുടങ്ങിയ എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സും നാടിൻറെ വികസനം എന്ന ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് കിളിമാനൂർ ബ്ലോക്കിന്റെ വികസന മുന്നേറ്റം. ഈ ടീമിൻറെ ഭാഗമായി എല്ലാ ഘട്ടങ്ങളിലും പ്രവർത്തിച്ചത് വഴി എനിക്ക് കിട്ടിയ പ്രവർത്തി പരിചയവും തൊഴിൽ സംതൃപ്തിയും വിലമതിക്കാനാകാത്തതാണ്. പിൽക്കാലത്ത് സർക്കാർ സർവീസിൽ പ്രവേശിച്ച എനിക്ക് ഈ പരിചയം ഒരു മുതൽക്കൂട്ട് ആയിട്ടുണ്ട് എന്നുള്ളത് നന്ദിയോടെ സ്മരിക്കുന്നു.
Back to Memoirs
തിരുവനന്തപുരം
തിരുവനന്തപുരം
ജനകീയ ആസൂത്രണത്തിന്റെ ചില ഓർമ്മകൾ - കിളിമാനൂർ ബ്ളോക്ക്
ചന്ദ്രകുമാർ സി ആർ