Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Memoirs
തിരുവനന്തപുരം

ഞങ്ങൾക്ക് ഏറെ പറയാനുണ്ട്

പ്രൊഫസർ വി മാധവൻ പിള്ള
"ഞങ്ങൾക്ക് ഏറെ പറയാനുണ്ട്" (ആവേശപൂർവം ജനങ്ങൾ പങ്കെടുത്ത വാർഡ് സഭാ സംഘാടനം) തിരുവനന്തപുരം വനിതാ കൗൺസിലർ ആയിരുന്ന ശ്രീമതി കുസുമകുമാരി, പ്രാഥമിക ആലോചനകൾക്കായി റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുകൂട്ടുമ്പോൾ ജനകീയസൂത്രണം സംബന്ധിച്ച മങ്ങിയ സങ്കല്പങ്ങളെ പകർന്നു കിട്ടിയിരുന്നുള്ളൂ. പക്ഷേ ജനങ്ങളെ ബാധിക്കുന്ന, ജനങ്ങൾ ചെയ്യുന്ന എല്ലാ ജീവിത പ്രവൃത്തികളും സംബന്ധിച്ച പ്രശ്നങ്ങൾ ജനങ്ങൾ തന്നെ പറയുകയും അവയ്ക്ക് സ്വാനുഭവങ്ങളിൽനിന്ന് പരിഹാരം നിർദ്ദേശിക്കുകയും അവയൊക്കെ പദ്ധതികളായി നടപ്പിലാക്കും എന്നും നടപ്പിലാക്കാൻ ജനങ്ങളെത്തന്നെ ഏൽപ്പിക്കും എന്നുമുള്ള പ്രതീക്ഷ അസാധാരണമായ ഒരുണർവ് ഉണ്ടാക്കി. ആദ്യമായി നടക്കേണ്ട വാർഡ് സഭ അർത്ഥപൂർണ്ണമാകണമെങ്കിൽ വളരെയേറെ മുന്നൊരുക്കങ്ങൾ നടത്തണം എന്ന് ബോധ്യമായി. കാഞ്ഞിരംപാറ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി ചെറിയ യോഗങ്ങൾ വിളിച്ചുകൂട്ടി ആളുകളെ ഈ മഹത്തായ ലക്ഷ്യം ബോധ്യപ്പെടുത്തി രംഗത്തിറക്കാൻ തീരുമാനിച്ചു. കാഞ്ഞിരംപാറ, തൊഴുവൻകോട്,കുതിരക്കാട്, മണ്ണാറക്കോണം, മണ്ണാമൂല, ഊളമ്പാറ എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കാനായി 6 ഉപസമിതികൾ രൂപീകരിച്ചു. അവയിൽ സാമൂഹ്യ പ്രവർത്തകർ വിരമിച്ച ശാസ്ത്രജ്ഞർ എൻജിനീയർമാർ സ്കൂൾ കോളേജ് സർവ്വകലാശാല അധ്യാപകർ ഡോക്ടർമാർ ഐഎഎസ് ഉദ്യോഗസ്ഥർ സമുദായ സംഘടന പ്രവർത്തകർ ആരാധനാലയ സമിതികളിലെ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ടു. തികച്ചും നൂതനമായ "അധികാരം ജനങ്ങളിലേക്ക് എന്ന സന്ദേശത്തിന്റെ" ത്രസിപ്പിൽ അവരൊന്നിച്ച് സ്ക്വാഡുകളായി വീട് വീടാന്തരം പ്രചാരണം നടത്തി വാർഡ് സഭയിലേക്ക് ആളുകളെ ഒരുക്കി. കൂടുതൽ പുതിയ ആളുകളെ ഉൾപ്പെടുത്തി, ഇടക്കിടക്ക് വാർഡുതല സംഘാടകസമിതി യോഗം ചേരുകയും വാർഡിൽ തുടരെ മൈക്ക് അനൌൺസ്മെന്റ് നടത്തുകയും ചെയ്തു. അലങ്കരിച്ച കാളവണ്ടിയിൽ ചെണ്ടമേളവും ബാനറുകളുമായി വാർഡിലൊട്ടാകെ പ്രധാന റോഡുകളിലും ഇടറോഡുകളിലും കവലകളിലും കാൽനടയായി വിളംബര ഘോഷയാത്ര നടത്തിത് ആകർഷകമായി. വാർഡ് കൺവെൻഷന്റെ തലേദിവസം തന്നെ കൺവെൻഷൻ ചേരുന്ന സ്ഥലവും പരിസരവും പ്ലാസ്റ്റിക് ഒഴിവാക്കി, ഇല ച്ചാർത്തുകളും കുരുത്തോലകളും വച്ചു മനോഹരമാക്കി. വാർഡ് കൺവെൻഷന്റെ മുന്നോടിയായി സ്കൂൾ അങ്കണത്തിൽ ജനകീയാസൂത്രണ പതാക ഉയർത്തി. 1-12-1996 ന് വട്ടിയൂർക്കാവ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഡ് കൺവെൻഷൻ നടത്തി. ജനകീയസൂത്രണ വേദിയിൽ ഏഴു നിലവിളക്കും ഏഴു നിറപറയും ഒരുക്കി. മേയർ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത കൺവെൻഷൻ 12 ഉപസമിതികൾക്ക് നിശ്ചയിച്ച പ്രത്യേകം ബോർഡ് വെച്ച ഇടങ്ങളിൽ അക്കാര്യങ്ങൾ പറയാനായി താല്പര്യപൂർവ്വം വന്ന ജനങ്ങൾ അണിനിരന്നു. ജീവിതത്തിൽ ആദ്യമായി സർക്കാർ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും മുമ്പിൽ ഞങ്ങൾക്ക് വേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ഓരോന്നോരോന്നായി ജനങ്ങൾ വിസ്തരിച്ചു പറഞ്ഞു. അവയെല്ലാം ക്ഷമാപൂർവ്വം കുറിച്ചെടുക്കുകയും അവയെ സംബന്ധിച്ച് സാങ്കേതിക വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തത് ഞങ്ങൾക്ക് പുതിയ ഒരു അനുഭവമായി. ബിപിഎൽ കാർഡിനെ കുറിച്ച്, ഒരു തുണ്ട് ഭൂമിക്കുവേണ്ടി, ഒരു കൂരയ്ക്കു വേണ്ടി, ജോലിക്ക് വേണ്ടി വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വേണ്ടി, കുടിവെള്ളത്തിനും വൈദ്യുതിക്ക്ം വേണ്ടി, റോഡിനും പാലങ്ങൾക്കും വേണ്ടി, ആളുകൾ പിശകില്ലാതെ, അറക്കാതെ ക്ഷമയോടെ രേഖപ്പെടുത്തി, അന്ന് കേരള സമൂഹത്തിലേക്ക് കുത്തി ച്ചെലുത്താൻ തുടങ്ങിയ "വിശ്വാസത്തെക്കുറിച്ച്" ഒന്നും പറഞ്ഞില്ല. ഗ്രൂപ്പുകൾ എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങൾ തങ്ങളിലൊരാൾ പൊതുവേദിയിൽ വായിച്ച് കൈയ്യടിച്ച് അംഗീകരിക്കുമ്പോൾ ജനാധിപത്യത്തിന്റെ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. കരടു പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും പദ്ധതി നിർവഹണത്തിനും വീണ്ടും ഗ്രാമസഭകൾ നടത്തിയത് വിശദീകരിക്കുന്നില്ല. അഭിമാനകരമായ മറ്റൊരു കാര്യം ഇന്ത്യൻ സർവ്വകലാശാല അധ്യാപകർക്കായി, പൂന സർവകലാശാല 99ൽ നടത്തിയ ഇൻറർ ഡിസിപ്ലിനറി റിഫ്രഷര്‍ കോഴ്സില്‍ നടത്തിയ സെമിനാറിൽ "പീപ്പിൾസ് പ്ലാനിങ് ക്യാമ്പയിൻ ആൻഡ് എൻവിയോൺമെന്റൽ അവയർനസ്" എന്ന പേപ്പർ ലേഖകൻ അവതരിപ്പിച്ച് വിശദീകരിച്ചത് അവിശ്വസനീയതയോടെ കേട്ടിരുന്ന പങ്കെടുത്തവർക്കെല്ലാം നൂതന അനുഭവമായി എന്നതാണ്.