Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ടി. എൻ. എൻ. ഭട്ടതിരിപ്പാട്
ടി. എൻ. എൻ. ഭട്ടതിരിപ്പാട്

ടി. എൻ. എൻ. ഭട്ടതിരിപ്പാട്

ലഘു ജീവചരിത്രം (Biography)

ടി. എൻ. എൻ. ഭട്ടതിരിപ്പാട് അറിയപ്പെട്ടിരുന്നത് തടയണകളുടെ തമ്പുരാൻ എന്നായിരുന്നു. തടയണകളിൽ അദ്ദേഹത്തിന് ഒരു ഭൂതാവേശമായിരുന്നു. കേരള വാട്ടർ അതോറിറ്റിയിലെ ചീഫ് എൻ‌ജിനീയറായിരുന്ന അദ്ദേഹം ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ചത് ജലസംരക്ഷണത്തിനായിരുന്നു. ജലക്ഷാമത്തിനു പരിഹാരമായി അദ്ദേഹം കണ്ടത് തടയണകളാണ്. പരമാവധി ജലം ഓരോ പ്രദേശത്തും കെട്ടിനിർത്തുക, ഭൂഗർഭത്തിലേയ്ക്കു താഴാൻ അനുവദിക്കുക - ഇതായിരുന്നു തന്ത്രം. അതോടൊപ്പം മണൽഖനനത്തെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു.

ജനകീയാസൂത്രണകാലത്ത് ഒട്ടനവധിതവണ തടയണകളുടെ സന്ദേശവുമായി അദ്ദേഹം ആസൂത്രണബോർഡിൽ വന്നിട്ടുണ്ട്. ഇഎംഎസിന്റെ ഭാര്യാസഹോദരന്റെ മകനായിരുന്ന അദ്ദേഹം ഇ. എം. ശ്രീധരനെ ബോധവൽക്കരിക്കാനാണു കൂടുതൽ സമയം ചെലവഴിക്കുക. അധികാരവികേന്ദ്രീകരണം തടയണകൾ നിർമ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സംവിധാനമായാണ് അദ്ദേഹം വിലയിരുത്തിയത്. അദ്ദേഹം ഒട്ടനവധി തടയണകളും കുടിവെള്ളപ്പദ്ധതികളും യാഥാർത്ഥ്യമാക്കി. ജലപുരുഷൻ പുരസ്കാരം, ജലശ്രീ അവാർഡ് എന്നിവ ലഭിച്ചു.

ജനകീയാസൂത്രണത്തിൽ ടി. എൻ. എൻ. ഭട്ടതിരിപ്പാടിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് വാണിയംകുളം ഗ്രാമപ്പഞ്ചായത്തിന്റെ ത്രാങ്ങാലി തടയണയാണ്. 1997-ൽ ഇവിടെ പണിത മണൽച്ചാക്കുകൊണ്ടുള്ള താല്ക്കാലികതടയണയുടെ കഥ കെ. മാധവനെക്കുറിച്ചുള്ള കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇതിന്റെ സൂത്രധാരൻ ടി. എൻ. എൻ. ഭട്ടതിരിപ്പാട് ആയിരുന്നു.

ഈ താൽക്കാലിക തടയണയുടെ വിജയം സ്ഥിരം തടയണയുടെ നിർദ്ദേശത്തിലേക്കു നയിച്ചു. ജലക്കമ്മിഷൻ മുൻഅംഗവും പാലക്കാട് ജില്ലാ ആസൂത്രണസമിതി വൈസ് ചെയർമാനും ആയിരുന്ന കെ. മാധവനും ടി. എൻ. എൻ. ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള വിദഗ്ദ്ധർ തടയണ നിർമ്മിക്കാൻ നിലവിലുള്ള സാങ്കേതികരീതി ഉപയോഗിച്ച് ഉദ്ദേശം നാലുകോടി രൂപ വേണ്ടിവരുമെന്നു കണ്ടു. ഇത്രയും തുക പ്രാദേശികമായി കണ്ടെത്താൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ, രാജസ്ഥാനിൽ പരീക്ഷിച്ച നൂതനസാങ്കേതികരീതി ഉപയോഗിച്ചുള്ള അടിയണ കെ. മാധവൻ നിർദ്ദേശിച്ചു.

തുടർന്ന്, ടി.എൻ.എൻ. ഭട്ടതിരിപ്പാട് ഈ അടിയണയുടെ നിർമ്മാണത്തിന് ഏതാണ്ട് 87 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന ഒരു പ്ലാൻ ജില്ലാപ്പഞ്ചായത്തിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. ഇതിൽ ഗ്രാമപ്പഞ്ചായത്തുവിഹിതമായി 3.5 ലക്ഷം രൂപയും ഒറ്റപ്പാലം ബ്ലോക്കുപഞ്ചായത്ത് വിഹിതമായി ഒൻ‌പതുലക്ഷവും നീക്കിവച്ചു. കരിങ്കല്ലും സിമന്റുംകൊണ്ടു നിർമ്മിക്കുന്ന രീതിക്കു പകരം കളിമണ്ണ്, ബെന്റനൈറ്റ്, സിമന്റ് തുടങ്ങിയവ ചേർത്ത മിശ്രിതംകൊണ്ട് റിവർ ബെഡ്ഡിൽനിന്ന് ഉയർത്തിക്കൊണ്ടുവരുന്ന നൂതനസാങ്കേതികവിദ്യ മാധവൻസാർ മുന്നോട്ടുവച്ചു. ഇതിനു പ്രൊട്ടക്‌ഷൻ നല്കാൻ ഗാൽ‌വനൈസ്ഡ് വയർ മണലിൽ മെടഞ്ഞ് അതിൽ കരിങ്കൽച്ചീളുകൾ നിറച്ച് ഈ അടിയണയുടെ പാർശ്വങ്ങളിൽ കൂട്ടിക്കെട്ടിവയ്ക്കാമെന്നു സൂചിപ്പിച്ചു. ഇന്ത്യയിൽത്തന്നെ ഇത്തരമൊരു നിർമ്മാണരീതി ആദ്യത്തേതായിരുന്നു. തുടർന്നു നടന്ന ചർച്ചകൾക്കുശേഷം പാലക്കാട് ജില്ലാപ്പഞ്ചായത്ത് ഈ പ്രൊജക്റ്റ് അംഗീകരിച്ചു. അന്നത്തെ ഒറ്റപ്പാലം എം.പി. അജയകുമാർ പത്തുലക്ഷം രൂപ ഇതിലേക്കു നീക്കിവച്ചു. ബാക്കിത്തുക ജില്ലാപ്പഞ്ചായത്തും നീക്കിവച്ചു. ഈ പ്രൊജക്റ്റിന്റെ നിർവ്വഹണച്ചുമതല അന്നത്തെ മൈനർ ഇറിഗേഷൻ എക്സി. എൻ‌ജിനീയർ ആയിരുന്ന ഇ. മഹാനുദേവനു നല്കി.

1998 ഏപ്രിൽ 18-നു പഞ്ചായത്തുപ്രസിഡന്റ് ഒ. കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. എൻ. രാമചന്ദ്രൻ ചെയർമാനും ടി. വിശ്വനാഥൻ കൺ‌വീനറുമായ ഗുണഭോക്തൃക്കമ്മിറ്റിക്കു രൂപംനല്കി. 1998 മെയ് 7-ാം തീയതി സ്ഥിരംഅടിയണയുടെ ഔപചാരിക ഉദ്ഘാടനം അന്നത്തെ ധനമന്ത്രി ടി. ശിവദാസമേനോൻ ത്രാങ്ങാലിയിൽ നിർവ്വഹിച്ചു. എന്നാൽ കാലവർഷം കഴിഞ്ഞേ യഥാർത്ഥത്തിൽ പണി ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. നിർമ്മാണപ്രവൃത്തികളുടെ സങ്കീർണ്ണതകൊണ്ട് ഗുണഭോക്തൃസമിതി ഒരു കരാറുകാരൻവഴി നിർമ്മാണം നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ജനകീയാസൂത്രണകാഴ്ചപ്പാടിനു വിരുദ്ധമായ ഈ സമീപനം ജില്ലാപ്പഞ്ചായത്തിനു സ്വീകാര്യമല്ലെന്നു വൈസ് പ്രസിഡന്റെ കെ.വി. രാമകൃഷ്ണൻ വ്യക്തമാക്കി. അങ്ങനെ ജനകീയാസൂത്രണത്തിലെ നൂതനവും സങ്കീർണ്ണവുമായ ഒരു നിർമ്മാണപ്രവൃത്തി ഗുണഭോക്തൃസമിതി ഏറ്റെടുത്തു.

ഇത്തരമൊരു നിർമ്മാണം ഗുണഭോക്തൃസമിതിക്ക് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞത് ഏതാണ്ട് ദൈനംദിനപ്രവർത്തനങ്ങൾക്കുവരെ മേൽനോട്ടം വഹിക്കാനും സഹായിക്കാനും ടി. എൻ. എൻ. ഭട്ടതിരിപ്പാടും കെ. മാധവനും മുന്നിട്ടിറങ്ങിയതുകൊണ്ടാണ്. ഈ നിർമ്മാണാനുഭവം കെ. മാധവനെക്കുറിച്ചുള്ള കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.