Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

കെ. മാധവൻ

കെ. മാധവൻ

ലഘു ജീവചരിത്രം (Biography)

കേന്ദ്ര-സംസ്ഥാനതലങ്ങളിൽ മാത്രം ലഭ്യമാകുന്ന വൈദഗ്ദ്ധ്യം സന്നദ്ധസാങ്കേതികസേനവഴി പ്രാദേശികതലത്തിൽ ലഭ്യമാക്കിയതാണ് ജനകീയാസൂത്രണത്തിന്റെ ഒരു സുപ്രധാനനേട്ടം. ഇതിന് ഉത്തമോദാഹരണമാണ് കേന്ദ്രജലക്കമ്മിഷൻ അംഗമായിരുന്ന കെ. മാധവന്റെ പ്രവർത്തനം. പാലക്കാട് ചന്ദ്രനഗർ കോളനിയിലാണ് റിട്ടയർ ചെയ്തശേഷം അദ്ദേഹം താമസിച്ചിരുന്നത്. പാലക്കാട് ജില്ലാ ആസൂത്രണസമിതിയുടെ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. എന്തു തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് ജില്ലാ ആസൂത്രണസമിതിയുടെ മിക്കവാറും എല്ലാ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം കേവലം ഉപദേശങ്ങളിൽ ഒതുങ്ങിയില്ല. പല പ്രൊജക്ടുകളിലും പ്രായോഗികനേതൃത്വംതന്നെ നല്കി. ത്രാങ്ങാലിയിലെ അടിയണ അദ്ദേഹത്തിന്റെ ആശയമായിരുന്നു. അടിയണ നദിയുടെ അടിഭാഗത്തുള്ള മണലിനെ സംരക്ഷിക്കും. അതു ജലസംഭരണിയായി രൂപപ്പെടുകയും ചെയ്യും.

ത്രാങ്ങാലി അടിയണയുടെ നിർമ്മാണത്തിന്റെ ഓരോ സാങ്കേതികപ്രതിസന്ധിഘട്ടത്തിലും കെ. മാധവൻ ഫീൽഡിൽ ഇറങ്ങി പരിഹാരം കണ്ടു. നിർമ്മാണം തുടങ്ങുംമുമ്പ് ഗാല്‍വനൈസ്ഡ് വയർകൊണ്ട് നെറ്റുപെട്ടികൾ ഉണ്ടാക്കേണ്ടിയിരുന്നു. അമ്പലപ്പാറയിൽനിന്നു നെറ്റു മെടയാൻ വിദഗ്ദ്ധരായ 15 തൊഴിലാളികളെ അദ്ദേഹംതന്നെ സംഘടിപ്പിക്കുകയും അവരെ കൊണ്ടുവന്ന് ത്രാങ്ങാലിയിലെ തൊഴിലാളികൾക്കു പരിശീലനം നല്കുകയും ചെയ്തു. ധാരണപ്രകാരം ഒരു ബോക്സിന് 80 രൂപയായിരുന്നു കൂലി പറഞ്ഞിരുന്നത്. എന്നാൽ എസ്റ്റിമേറ്റ് പ്രകാരം 42 രൂപയേ നല്കുവാൻ കഴിയുമായിരുന്നുള്ളൂ. അതോടെ പണി സ്തംഭിച്ചു.

ഈ ഘട്ടത്തിൽ മാധവൻസാറും ടി. എൻ. എൻ. ഭട്ടതിരിപ്പാടും ഡോ. എം. പി. പരമേശ്വരനും, എം. വാമനൻ നമ്പൂതിരിയും മൈനർ ഇറിഗേഷൻ ഇഇയും പങ്കെടുത്ത യോഗം ത്രാങ്ങാലി വായനശാലയിൽ ചേർന്നു. ജനകീയകൂട്ടായ്മയുടെയും ഇച്ഛാശക്തിയുടെയും പിൻബലത്തിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 46 ദിവസംകൊണ്ട് 2012 ആളുകളുടെ അദ്ധ്വാനം ഉപയോഗിച്ച് നെറ്റ് നിർമ്മാണം പൂർത്തിയാക്കിയത്. 732 സ്ത്രീത്തൊഴിലാളികളും 400 പുരുഷതൊഴിലാളികളും 150 എൻ‌എസ്‌എസ് കോളേജ് വിദ്യാർത്ഥികളും 300 ഡിവൈഎഫ്ഐ പ്രവർത്തകരും മറ്റുള്ള 430 നാട്ടുകാരും പങ്കെടുത്തു. ചെറുതും വലുതുമായി 5966 നെറ്റുകൾ ഉണ്ടാക്കി. പണി നടന്ന 42 ദിവസവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ ഭക്ഷണം തയ്യാറാക്കി മുഴുവൻപേർക്കും നല്കി. ചിലർക്കു കൂലി നല്കി. മറ്റുള്ളവർ ശ്രമദാനം നല്കി.

ശ്രമദാനമായി പണിയെടുത്തിരുന്ന നാട്ടുകാരിലൊരാളായ ദീപേഷ് എന്ന 14 വയസുകാരന്റെ കണ്ണിൽ കമ്പി കൊണ്ടു. ഉടനടി തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയി വിദഗ്ദ്ധചികിത്സ തുടർന്നെങ്കിലും കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഇത് എല്ലാവർക്കും വലിയ മാനസികസംഘർഷം ഉണ്ടാക്കി. എന്നാൽ, പണിക്കു മുടക്കം വരുത്തിയില്ല.

ഭാരതപ്പുഴയുടെ വലതുകരയിലൂടെ റയിൽ‌വേലൈൻ കടന്നുപോകുന്നതിനാൽ പണിസ്ഥലത്തേക്കു കല്ലുകൊണ്ടുവരാൻ പ്രത്യേക ലെവൽക്രോസ് ഉണ്ടാക്കണമെന്നും അതിന് ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും റെയിൽവേ ശഠിച്ചു. പല ക്വാറി ഉടമകളും ആദ്യം കല്ലു തരാമെന്നു പറഞ്ഞിരുന്നെങ്കിലും പല നിക്ഷിപ്തതാൽപ്പര്യക്കാരും സൃഷ്ടിച്ച തടസ്സങ്ങൾമൂലം പിന്നീടു പിൻ‌വലിയുന്ന അവസ്ഥയുണ്ടായി. അവസാനം കിള്ളിമംഗലത്തുനിന്നു ട്രാക്ടറിൽ കല്ലുകയറ്റി പുഴവഴി കൊണ്ടുവന്നു! പുഴയിൽ ഉടനീളം മൂന്നുമീറ്റർ വീതിയിൽ തെങ്ങോലയും മട്ടിക്കല്ലും ഉപയോഗിച്ച് ട്രാക്ക് ഉണ്ടാക്കേണ്ടിവന്നു. ലോഡ് കയറ്റിവന്ന ട്രാക്ടറുകൾ പലപ്പോഴും മണലിൽ താഴ്ന്നു. ഈ പ്രതിബന്ധങ്ങളൊക്കെ മറികടന്നാണ് 9,000 ലോഡ് കല്ല് കൊണ്ടുവന്നത്!

ബെൻറോനൈറ്റ്, സിമന്റ്, കളിമണ്ണ് എന്നിവ ചേർത്തുള്ള അടിയണയുടെ പണി വളരെ ശ്രമകരമാണ്. നഗ്നപാദങ്ങളാൽ പണി ചെയ്താൽ ദേഹം മുഴുവൻ വ്രണങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഗംബൂട്ട്, ഗ്ലൗസ് തുടങ്ങിയവ തൊഴിലാളികൾക്കു നല്കേണ്ടിവന്നു. പല തൊഴിലാളികളും ഇടയ്ക്കുവച്ചു പണി നിർത്തി പേകേണ്ട അവസ്ഥയുണ്ടായി. ഇതിനെത്തുടർന്ന്, പ്രശ്നപരിഹാരത്തിനായി തൊഴിലാളികളെ രണ്ടു ഗ്രൂപ്പുകളാക്കി ഷിഫ്റ്റിൽ ജോലി ചെയ്യിച്ചു. മണൽ ലെവലിങ്ങും കല്ല് എടുപ്പിക്കലും കൂടുതലും ശ്രമദാനമായാണു നടന്നത്. കോളെജിൽനിന്നുള്ള കുട്ടികളും ജീവനക്കാരും യുവജനങ്ങളും വലിയതോതിൽ സന്നദ്ധപ്രവർത്തനത്തിനു തയ്യാറായി. സ്ഥിരമായി ഭക്ഷണം നല്കാൻ പാടശേഖരസമിതികൾ, കച്ചവടക്കാർ, വ്യക്തികൾ എന്നിവരിൽനിന്നു സഹായം ലഭ്യമായി. പാചകത്തിനുള്ള വിറക് വിവിധ മരക്കമ്പനികൾ നല്കി.

യഥാസമയത്തു ബില്ലു മാറി കിടാത്തതിനാൽ പലിശയ്ക്കു കടം വാങ്ങേണ്ട അവസ്ഥ ഉണ്ടായി. പണി പലപ്പോഴും സ്തംഭിച്ചു. ജലസേചനവകുപ്പിലെ വി. കെ. മഹാനുദേവന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമാണ് പലപ്പോഴും ബില്ലു പാസായിട്ടുള്ളത്. ഇതുസംബന്ധിച്ച് മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ ഉദ്യോഗസ്ഥരുമായി ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വി. വിജയദാസിന്റെ സാന്നിദ്ധ്യത്തിൽ തുറന്ന ചർച്ചകൾ നടത്തേണ്ടിവന്നു.

ഈ വെല്ലുവിളികളെയെല്ലാം മറികടന്നു ജനകീയയജ്ഞത്തിലൂടെ ത്രാങ്ങാലി തടയണ പൂർത്തീകരിച്ചു. ഇതിന്റെ നിർമ്മാണത്തിനു മേൽനോട്ടവുമായി ഇന്ത്യയിലെ പ്രാമാണികജലവിദഗ്ദ്ധൻ മണപ്പുറത്ത് ഉണ്ടായിരുന്നു; നെറ്റ് മെടയുന്നതടക്കം എല്ലാം പരിശോധിച്ചുകൊണ്ട്.