Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ആർ. ഹേലി

ആർ. ഹേലി

ലഘു ജീവചരിത്രം (Biography)

ആർ. ഹേലി ഓർമ്മയായിട്ട് ഒരു വർഷം പിന്നിട്ട ദിവസമാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. ജനകീയാസൂത്രണത്തിൽ കാർഷികസമീപനത്തിന്റെ മുഖ്യോപദേശകൻ ആർ. ഹേലി ആയിരുന്നു. പ്രാദേശിക കാർഷികപരീക്ഷണങ്ങളുടെ നാട്ടറിവിൽ അദ്ദേഹത്തെ വെല്ലാൻ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ജനകീയാസൂത്രണത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട ഒരു പരീക്ഷണം ആയിരുന്നു കഞ്ഞിക്കുഴിയിലെ പച്ചക്കറി ക്യാമ്പയിൻ. ഇതു തിരിച്ചറിഞ്ഞു ജനശ്രദ്ധയിൽ കൊണ്ടവുന്നത് ആർ. ഹേലിയാണ്. ആ ജനകീയപരീക്ഷണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ അദ്ദേഹം നിരന്തരം ഇടപെടുകയും ചെയ്തു. ജനകീയാസൂത്രണത്തിനുശേഷം ദൂരദർശൻ ‘ഗ്രീൻ കേരള എക്സ്‌പ്രസ്’ എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ചപ്പോൾ അതിലും സുപ്രധാനപങ്ക് ഹേലി വഹിക്കുകയുണ്ടായി. അതിനു മുമ്പുതന്നെ ദൂരദർശനിൽ ‘നാട്ടിൻപുറം’, ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ തുടങ്ങിയ കാർഷികപരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

കേരളത്തിലെ കൃഷിവകുപ്പിന്റെ ഡയറക്റ്റർ സ്ഥാനത്ത് അദ്ദേഹം ഒരു വർഷമേ ഉണ്ടായിരുന്നുള്ളൂ (1988-89). അതിനു മുമ്പുതന്നെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ തലവനെന്ന നിലയിൽ 1967-1983 കാലത്തെ പ്രവർത്തനങ്ങളിലൂടെ കൃഷിയുടെ പ്രചാരകനും വിജ്ഞാദാതാവുമായി പ്രസിദ്ധി നേടിരുന്നു. 500-ലധികം ലഘുലേഖകൾ പുറത്തിറക്കി. ‘കേരളകർഷക’നിൽ കൃഷിവിജ്ഞാനോപദേശലേഖനങ്ങൾക്ക് അപ്പുറം യഥാർത്ഥ കൃഷിക്കാരുടെ അനുഭവങ്ങൾ അണിനിരത്തി.

ആകാശവാണിയിൽ ‘വയലും വീടും’ പരിപാടി ജനകീയമാക്കിയത് അദ്ദേഹമാണ്. ആകാശവാണിയുടെ ഉപദേശകസമിതിയംഗമായി 50 വർഷത്തിലേറെ പ്രവർത്തിച്ചു. ഇത്രയേറെ പരിചയസമ്പത്തുള്ള മറ്റൊരു വ്യക്തിയെ കൃഷിവിജ്ഞാനപ്രചാരണത്തിനു ജനകീയാസൂത്രണത്തിനു ലഭിക്കുമായിരുന്നില്ല.

സംസ്ഥാനഫാക്കൽറ്റികളുടെ പരിശീലനപരിപാടികളിൽ, കൈപ്പുസ്തകം തയ്യാറാക്കുന്നതിൽ, നല്ല മാതൃകകൾ കണ്ടെത്തി പ്രചരിപ്പിക്കുന്നതിൽ എല്ലാം അദ്ദേഹം മുന്നിൽ നിന്നിരുന്നു.

ശ്രീനാരയണശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമചെയർമാനും ആയിരുന്ന പി. എൻ. രാമന്റെ മക്കളാണ് ആർ. പ്രസന്നനും ആർ. പ്രകാശവും ആർ. ഹേലിയും. ജ്യേഷ്ഠസഹോദരങ്ങളെ പോലെതന്നെ സ്വന്തം കർമ്മപഥത്തിൽ സ്വീകാര്യതയും അഗ്രഗണ്യത്വവും ആർ. ഹേലി കൈവരിച്ചു.