Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പി. വി. ഉണ്ണിക്കൃഷ്ണൻ
പി. വി. ഉണ്ണിക്കൃഷ്ണൻ

പി. വി. ഉണ്ണിക്കൃഷ്ണൻ

ലഘു ജീവചരിത്രം (Biography)

കേരളത്തിലെ സർക്കാരിൽ കമ്പ്യൂട്ടർവൽക്കരത്തിൽ ഏറ്റവും മുന്നിട്ടു നില്ക്കുന്നതു തദ്ദേശഭരണസ്ഥാപനങ്ങളാണ്. പല സേവനങ്ങളും ഇപ്പോൾ ഓൺലൈനായി ഗുണഭോക്താക്കൾക്കു ലഭ്യമാണ്. കേരളത്തിൽത്തന്നെ ജനന - മരണ - വിവാഹ രജിസ്ട്രേഷൻ, സേവന - സിവിൽ രജിസ്ട്രേഷൻ, സാമൂഹികസുരക്ഷാപെൻഷനുകൾക്ക് സേവന, പെൻഷൻ പദ്ധതി നടത്തിപ്പിന് സുലേഖ, റവന്യു പിരിവിന് സഞ്ചയ, അക്കൗണ്ട്‌സിനു സാംഖ്യ, കെട്ടിടപെർമിറ്റിനു സങ്കേതം, ഫയർ മാനേജ്മെന്റിനു സൂചിക, മീറ്റിങ് നടത്തിപ്പിനു സകർമ്മ, ആസ്തിവിവരങ്ങൾക്ക് സചിത്ര, ജീവനക്കാരുടെ ശമ്പളവിവരങ്ങൾക്കു സ്ഥാപന എന്നിങ്ങനെ വ്യത്യസ്ത സോഫ്റ്റ്‌വെയർ മോഡ്യൂളുകൾ വഴിയാണ് തദ്ദേശഭരണസ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തിക്കുന്നത്.

ഇതിന്റെ അടുത്തപടിയായി വിവിധങ്ങളായ സോഫ്റ്റ്‌വെയറുകൾ ഏകോപിപ്പിച്ച് ഒറ്റ വിവരവ്യൂഹമായി പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇങ്ങനെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെയാണ് Enterprise Resource Planning അഥവാ ERP എന്നു വിളിക്കുന്നത്. ഒരൊറ്റ വിവരവ്യൂഹം അടിസ്ഥാനമാക്കി സ്ഥാപനത്തിന്റെ സകലമാനവിഭാഗങ്ങളും പരസ്പരം ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ERP-യുടെ സവിശേഷത. ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമേ ഏതെങ്കിലും ഒരു സർക്കാർസംവിധാനത്തിൽ ഇത്ര സമഗ്രമായ കമ്പ്യൂട്ടർവൽക്കരണം നടന്നിട്ടുള്ളൂ. IKM (Information Kerala Mission) -ന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനം നടന്നത്. പി. വി. ഉണ്ണിക്കൃഷ്ണനായിരുന്നു ഐകെഎം-ന്റെ ആദ്യമേധാവി. സ്റ്റ്രാ

പി. വി. ഉണ്ണിക്കൃഷ്ണൻ സംസ്ഥാനശ്രദ്ധയിൽ വരുന്നത് പ്രീ-ഡിഗ്രി പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ മിടുക്കനായ വിദ്യാർത്ഥിയെന്ന നിലയിലാണ്. തിരുവനന്തപുരം എൻജിനീയറിങ് കോളെജിൽ ശക്തമായ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിനു രൂപം നല്കാൻ നേതൃത്വം നല്കി. ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മെയിന്റനൻസ് എൻജിനീയറായി കുറച്ചുനാൾ ജോലി ചെയ്തശേഷം 1990-ൽ സി-ഡിറ്റിന്റെ രജിസ്റ്റ്രാറായി. 1991-മുതൽ അഞ്ചുവർഷം പാലക്കാട്ട് ഐആർറ്റിസിയുടെ രജിസ്റ്റ്രാറായാണു പ്രവർത്തിച്ചത്. കല്യാശ്ശേരി പരീക്ഷണത്തിൽ സജീവപങ്കുവഹിച്ചു. പ്രാദേശിക ഊർജ്ജാസൂത്രണത്തിനുള്ള പദ്ധതി തയ്യാറാക്കി. ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ കെആർപിയും സംസ്ഥാനതലപരിശീലനകനുമായി. 1996-ൽ സി-ഡിറ്റിൽ വീണ്ടും രജിസ്റ്റ്രാറായി ചുമതലയേറ്റു. ഐആർറ്റിസി പോലെതന്നെ സി-ഡിറ്റും ജനകീയാസൂത്രണവുമായി അടുത്തു ബന്ധപ്പെടു പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്.

അധികാരവികേന്ദ്രീകരണത്തിൽ കമ്പ്യൂട്ടറൈസേഷനുള്ള പ്രാധാന്യത്തെക്കുറിച്ചു ഞങ്ങൾക്കു നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രാദേശികതലത്തിൽ പ്രകൃതി-സാമൂഹിക-പഞ്ചായത്തുഭരണവിവരസഞ്ചയം ഫലപ്രദമായി സംയോജിപ്പിക്കാനും വിവിധ തട്ടുകളിലെയും സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ മോനിറ്റർ ചെയ്യാനും ജനങ്ങൾക്കു മെച്ചപ്പെട്ട സേവനങ്ങൾ നല്കാനും കമ്പ്യൂട്ടറൈസേഷൻ അനിവാര്യമായിരുന്നു. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിന് ഒരു പരിധിവരെ പ്രതിവിധിയും ഇതുതന്നെ ആയിരുന്നു.

അങ്ങനെയാണ് 1997-ൽ ആസൂത്രണബോർഡ് കുമരകം പഞ്ചായത്തിൽ സ്ലൈഡ് (Stale Level Informatics system for strengthening the people`s planning process and Decentralised plan implementation) എന്ന ഒരു പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. സി-ഡിറ്റായിരുന്നു ഇതിനായി തെരഞ്ഞെടുത്ത ഏജൻസി. ഭാവികമ്പ്യൂട്ടർവൽക്കരണത്തിനു വേണ്ടുന്ന ഒട്ടേറെ ഉൾക്കാഴ്ചകൾ കുമരകം പഞ്ചായത്തിലെ അനുഭവത്തിലൂടെയാണു രൂപംകൊണ്ടത്.

അപ്പോഴേയ്ക്കും 1998-ൽ പ്ലാനിങ് കമ്മിഷൻ വികേന്ദ്രീകൃതാസൂത്രണം ശക്തിപ്പെടുത്താൻ Kerala Information Network for Local Bodies എന്നൊരു പ്രൊജക്റ്റ് അംഗീകരിച്ചു. ഇതു നടപ്പാക്കാൻ സി-ഡിറ്റിനുകീഴിൽ IKM-നു രൂപം നല്കി. എല്ലാ പഞ്ചായത്തിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയറും സ്റ്റാൻഡേർഡ് സോഫ്റ്റ്‌വെയറും നല്കാനും കസ്റ്റമൈസ്ഡ് ആപ്ലിക്കേഷൻസ് ഉണ്ടാക്കാനും പരിശീലനത്തിനും വേണ്ടി സംസ്ഥാനതലത്തിൽ ഒരു ടീമിനും എല്ലാ തദ്ദേശഭരണസ്ഥാപനത്തിലും ഒരു ഡാറ്റാ മെക്കാനിക്കിനും ഉള്ള ഫണ്ട് ഉണ്ടായിരുന്നു.

കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നതോടൊപ്പം അതിവിപുലമായൊരു പരിശീലനപരിപാടി നടപ്പിലാക്കുകയാണ് ആദ്യം ചെയ്തത്.

• എല്ലാ ജനപ്രതിനിധികൾക്കുമുള്ള ജില്ലാതല ഏകദിനബോധവൽക്കരണം.

• ഒരു തദ്ദേശഭരണസ്ഥാപനത്തിൽനിന്നു രണ്ടുവീതം ഉദ്യോഗസ്ഥർക്ക് 25 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനം.

• ഡാറ്റാ മെക്കാനിക്കുകളുടെയും പരിശീലനം.

• പ്രസിഡന്റ്, സെക്രട്ടറി, ഒരു സന്നദ്ധപ്രവർത്തക/ൻ എന്നിവർക്കു 10 ദിവസത്തെ പരിശീലനം.

• താൽപ്പര്യമുള്ള ഏതു ജനപ്രതിനിധിക്കും ജില്ലാതലത്തിൽ കമ്പ്യൂട്ടർപരിശീലനം.

1999-മുതൽ 2006-വരെ ഉണ്ണിക്കൃഷ്ണനായിരുന്നു ഐകെഎം-ന്റെ എക്സിക്യുട്ടീവ് ഡയറക്റ്റർ. പഞ്ചായത്തുതല കമ്പ്യൂട്ടർവൽക്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദേശീയ-അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുകയുണ്ടായി.

ഉണ്ണിക്കൃഷ്ണൻ 2006-11 കാലത്ത് പ്ലാനിങ് ബോർഡ് അംഗമായി പ്രവർത്തിച്ചു. ഈ കാലത്തും മുഖ്യപ്രവർത്തനം പഞ്ചായത്ത് കമ്പ്യൂട്ടർവൽക്കരണമായിരുന്നു. ഐകെഎം 2009-10-ലെ ഇ-ഗവേണൻസിനുള്ള ദേശീയ അവർഡ് നേടി.

നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷനിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർട്ട് ഗവേൺമെന്റിലും കൺസട്ടന്റായി പ്രവർത്തിച്ചു. 2013-മുതൽ രണ്ടുവർഷക്കാലം റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഓണററി ഫെലോയായി. ഇന്ത്യയിലെ സംസ്ഥാനങ്ങളെ തരതമ്യപ്പടുത്താൻ കഴിയുന്ന ഡെവല്യൂഷൻ ഇൻഡക്സ് പ്രൊജക്ടിനു നേതൃത്വം നല്കി. ഇപ്പോൾ കെ-ഡിസ്കിന്റെ സെക്രട്ടറിയായി ജോലിചെയ്യുന്നു.

ഉണ്ണിക്കൃഷ്ണൻ ഒരു ജോലിഭ്രാന്തനാണ്. ഒരു പെർഫക്‌ഷനിസ്റ്റും. ഏതു പ്രശ്നവും സമഗ്രമായി പഠിച്ചു ഡോക്യുമെന്റ് ചെയ്തിട്ടേ പ്രവർത്തനത്തിന് ഇറങ്ങൂ.