Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഡോ. പി. ഷഹീന

ഡോ. പി. ഷഹീന

ലഘു ജീവചരിത്രം (Biography)

ഇന്നും സംസ്ഥാന ആസൂത്രണബോർഡ്, കില, ഇഎംഎസ് അക്കാദമി എന്നിവിടങ്ങളിൽ ചെന്നാൽ ഒരുലക്ഷത്തിലേറെ പേജുകൾവരുന്ന, തദ്ദേശഭരണസ്ഥാപനങ്ങൾ 1996-ൽ തയ്യാറാക്കിയ, വികസനറിപ്പോർട്ടുകളുടെ പൂർണ്ണവാല്യങ്ങൾ ജില്ലതിരിച്ചു ബയൻഡ് ചെയ്ത കോപ്പികൾ നിങ്ങൾക്കു വായിക്കാം. കേരളത്തിലെ ഏതു ഗ്രാമത്തെക്കുറിച്ചു പഠിക്കണമെങ്കിലും ആ ഗ്രാമത്തിന്റെ വികസനറിപ്പോർട്ട് വായിക്കാതെ ആ പഠനം പൂർത്തിയാവില്ല. അങ്ങനെ ഒട്ടേറെപ്പേർ ഗവേഷണത്തിനുംമറ്റും ഈ വികസനറിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷെ, എന്റെ അറിവിൽ ഈ വാല്യങ്ങൾ മുഴുവൻ - തെരഞ്ഞടുത്ത ഭാഗങ്ങളെങ്കിലും - വായിച്ചിട്ടുള്ള ഒരു വ്യക്തിയേയുള്ളൂ - അതാണ് ഡോ. പി. ഷഹീന.

ജനകീയാസൂത്രണം നടക്കുമ്പോൾ ഷഹീന സിഡിഎസിൽ പി‌‌എച്ഛ്‌ഡി വിദ്യാർത്ഥിയായിരുന്നു. വിഷയം തദ്ദേശഭരണസ്ഥാപനങ്ങളുടെ ധനസ്ഥിതി. ഈ പഠനത്തിന്റെ ഭാഗമായി കേരളത്തിലെ പഞ്ചായത്തുകൾക്ക് ഒരു വികസനസൂചിക ഉണ്ടാക്കാൻ തീരുമാനിച്ചു. ഈ വികസനസൂചികയ്ക്കു വേണ്ടുന്ന അച്ചടിച്ച സ്ഥിതിവിവരക്കണക്കുകൾ എങ്ങും ലഭ്യമല്ലായിരുന്നു. എന്നാൽ, ഓരോ പഞ്ചായത്തിനും മാർഗ്ഗനിർദ്ദേശങ്ങൾപ്രകാരം വികസനറിപ്പോർട്ടുകൾ തയ്യാറാക്കാൻ ദ്വിതീയവിവരശേഖരണം നടത്തി ഓരോ വികസനമേഖലയെയുംകുറിച്ചുള്ള കണക്കുകൾ ചേർക്കണമായിരുന്നു. അങ്ങനെ ഏതാണ്ട് ആറുമാസം പണിയെടുത്ത് മുഴുവൻ വികസനറിപ്പോർട്ടുകളും പരതി ഓരോ പഞ്ചായത്തിനെയുംകുറിച്ചു പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പട്ടികയാക്കി. ഇത്രയും കൃത്യമായി ഓർക്കാൻ കാരണം ഞാനായിരുന്നു പി‌‌എച്ഛ്‌ഡി ഗൈഡ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 800-ൽപ്പരം തദ്ദേശഭരണസ്ഥാപനങ്ങളെക്കുറിച്ചു താരതമ്യപ്പെടുത്താവുന്ന കണക്കുകൾ ശേഖരിക്കാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സമഗ്ര പഞ്ചായത്ത് വികസനസൂചിക തയ്യാറാക്കി.

ഈ സൂചികയും പഞ്ചായത്തിന്റെ തനതു രുമാനം, മുകളിൽനിന്നുള്ള ധനവിന്യാസം, മറ്റു വിഭവസമാഹരണം, വികസനമുൻഗണനകൾ, ഇവ തമ്മിലുള്ള ബന്ധം എന്നിവ ശാസ്ത്രീയമായി അപഗ്രഥിക്കാനായിരുന്നു പരിശ്രമം. ഇത്രയും പണിയെടുത്തു കഴിഞ്ഞിട്ടും ഞെട്ടിക്കുന്ന നിഗമനങ്ങളൊന്നും ഉരുത്തിരിഞ്ഞു വന്നില്ല. എന്താണു കാരണം? ഈ കണക്കിൽ വരാത്ത ഒരു പ്രധാനപ്പെട്ട ഘടകമുണ്ട്. പഞ്ചായത്തിലെ ജനപ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രതിബദ്ധതയും പ്രാപ്തിയും പ്രവർത്തനവും. പ്രാദേശികവികസനപ്രക്രിയയിൽ ഏറ്റവും നിർണ്ണായകമായ ഘടകം ഈ ആത്മനിഷ്ടകാര്യങ്ങളാണ്. കേരളത്തിലെ പഞ്ചായത്തുകളുടെ ധനസ്ഥിതി സംബന്ധിച്ച് ഏറ്റവും സമഗ്രമായ പഠനമാണ് ഡോ. പി. ഷഹീനയുടേത്. 25-ാം വാർഷികവുമായി ബന്ധപ്പെട്ട് ഈ പഠനം കാലികമാക്കി പ്രസിദ്ധീകരിക്കുകയാണ്.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് കുറിപ്പുകളും രേഖകളും തയ്യാറാക്കാൻ ഷഹീന എന്നും സഹായിയായിരുന്നു. പ്രൊഫ. കെ. ജെ. ജോസഫ് മഞ്ചേരിയെക്കുറിച്ചു പഠിച്ചതുപോലെ കഞ്ഞിക്കുഴി പഞ്ചായത്തിനെക്കുറിച്ചു ഷഹീനയും ഒരു പഠനം നടത്തി. കാർഷികസർവ്വകലാശാലയിൽ അദ്ധ്യാപികയായിരിക്കുമ്പോഴാണ് സിഡിഎസിൽ പഠിക്കാൻ വന്നത്. അതുകൊണ്ടുകൂടിയാണ് കഞ്ഞിക്കുഴിക്കൃഷി പഠനവിഷയമായി തെരഞ്ഞെടുത്തത്. വിപുലമായ സർവ്വേയ്ക്കുശേഷം പഠനം എത്തിച്ചേർന്നത് വിചിത്രമായൊരു നിഗമനത്തിൽ ആയിരുന്നു. കഞ്ഞിക്കുഴിയിലെ കൃഷി നഷ്ടമാണ്. നല്ലൊരുപങ്ക് ആളുകളും സ്വയം വേലയെടുക്കുന്നവർ ആയിരുന്നു. അവർ ചെയ്യുന്ന സ്വയംതൊഴിലിനു കൂലി കണക്കാക്കിയാൽ കൃഷി നഷ്ടമാണ്. എന്നിട്ടും കഞ്ഞിക്കുഴിയിലെ എല്ലാവരും ഏറിയും കുറഞ്ഞും കൃഷിയിൽ ഏർപ്പെട്ടത് എന്തുകൊണ്ട്? അവിടെയാണ് കാമ്പയിൻ സൃഷ്ടിച്ച ആത്മാഭിമാനബോധം പ്രസക്തമായിത്തീരുന്നത്. കൃഷി ചെയ്യുന്നത് അഭിമാനപ്രശ്നമായി മാറ്റിയെടുക്കാൻ കഴിഞ്ഞു.

എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി സുസ്ഥിരമാക്കാൻ കഴിയില്ല. സംഘക്കൃഷി, പാട്ടത്തിന് എടുത്തുള്ള കൃഷി, പുതിയ വിപണനരീതികൾ, കാർഷികസംസ്കരണസംരംഭങ്ങൾ തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിൽ കഞ്ഞിക്കുഴിയിലെ കൃഷി തുടർന്നുള്ള വർഷങ്ങളിൽ സ്ഥായിയായി മാറിയതിന്റെ ഒട്ടേറെ കഥകൾ ഞാൻ പലയിടത്തും എഴുതിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ധനകാര്യക്കമ്മിഷനുകളുമായി ബന്ധപ്പെടു പ്രവർത്തിച്ച റെക്കോർഡും ഷഹീനയ്ക്കുണ്ട്. പ്രഭാത് പട്നായിക് കമ്മിഷനായ രണ്ടാം ധനകാര്യക്കമ്മിഷനിൽ കണക്കുകൾ ചിട്ടപ്പെടുത്താൻ സഹായിച്ചത് ഷഹീനയായിരുന്നു. എം. എ. ഉമ്മൻ അദ്ധ്യക്ഷനായ നാലാം ധനകാര്യക്കമ്മിഷനിലും ഷഹീന പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ആറാം ധനകാര്യക്കമ്മിഷന്റെ അഡ്വൈസർമാരിൽ ഒരാളായി പ്രവർത്തിക്കുന്നു.