സി. ജി. ശാന്തകുമാർ
ലഘു ജീവചരിത്രം (Biography)
പഴമൊഴികളും ഉപമകളും ഇല്ലാതെ ഒരു വാചകം പൂർത്തിയാക്കാൻ കഴിയാത്ത ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അത് അന്തിക്കാടുകാരുടെ സി. ജി. രാമനും കേരളക്കരയുടെ സി. ജി. ശാന്തകുമാറും. ഞങ്ങൾ സി.ജി. എന്നു വിളിക്കും.
ശാസ്ത്രസാഹിത്യപരിഷത്തിനെ ജനകീയപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായകപങ്കു വഹിച്ച പരിഷത് ജനറൽ സെകട്ടറിയാണ് സി.ജി. പരിഷത് പ്രസിഡന്റ്, തുടങ്ങി ഒട്ടനവധി ചുമതലകൾ സി.ജി. വഹിച്ചിട്ടുണ്ട്.
മികവുറ്റ പഞ്ചായത്തുപ്രസിഡന്റ്, കിഴുപ്പിള്ളിക്കരയിലെ നളന്ദ ഹൈസ്കൂളിലെ മികച്ച സയൻസ് അദ്ധ്യാപകൻ, ശാസ്ത്രസാഹിത്യകാരൻ, ബാലസാഹിത്യകാരൻ, വികസനപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ തന്റേതായ സംഭാവനകൾ നല്കാൻ സി.ജി.ക്കു കഴിഞ്ഞിട്ടുണ്ട്.
സ്കൂളുകളിൽ സയൻസ് ക്ലബ്ബുകൾ രൂപപ്പെട്ടു വരുന്ന 1970-80-കളിൽ അതിനുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ച ‘അപ്പുവിന്റെ സയൻസ് കോർണർ’ എന്ന പുസ്തകം സ്കൂൾ സയൻസ് ക്ലബ് പ്രവർത്തനത്തിനു വഴികാട്ടിയായി മാറി. നഴ്സറിവിദ്യാഭ്യാസത്തിനു വേണ്ടത്ര പരിഗണന കിട്ടാത്ത കാലത്താണ് ‘വിദ്യാഭ്യാസം അഞ്ചുവയസിനു മുൻപ്’ എന്ന പുസ്തകം സി.ജി. സംഭാവന ചെയ്തത്. സി.ജി. മികവുറ്റ വിദ്യാഭ്യാസചിന്തകനും പ്രവർത്തകനും ആയിരുന്നു. ജനങ്ങളിൽ അക്ഷരജ്ഞാനവും അക്കജ്ഞാനവും ഉണ്ടാക്കുക എന്നത് സി.ജി. ഏറ്റവും ഇഷ്ടപ്പെട്ട വികസനപ്രവർത്തനമാണ്. 1978-ൽ ജനതാസർക്കാർ കൊണ്ടുവന്ന പ്രവൃത്യുൻമുഖസാക്ഷരതാപരിപാടിയിൽ ആദ്യഘട്ടത്തിൽ പരിഷത്തും ഔദ്യോഗികമായി പങ്കാളിയായി. അന്ന് പരിഷത്ത് ആരംഭിച്ച ആദ്യസാക്ഷരതാക്ലാസിനു തുടക്കം കുറിക്കാൻ കണ്ണൂർ കാവുമ്പായിലെ തളിയൻ രാമൻ നമ്പ്യാർ ലൈബ്രറിയിൽ സി.ജി. നേരിട്ടുപോയിരുന്നു. സാക്ഷരതാപ്രസ്ഥാനത്തെ ജനകീയപ്രസ്ഥാനമാക്കുക എന്ന സമീപനം സി.ജി. തുടക്കം മുതൽ സ്വീകരിച്ചിരുന്നു.
എറണാകുളം സാക്ഷരതാനുഭവത്ത തുടർന്നാണ് സാക്ഷരതാപ്രസ്ഥാനം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത്. അക്ഷരകേരളം - സംസ്ഥാന സാക്ഷരതാപദ്ധതിയുടേയും മുഖ്യചുമതലക്കാരിൽ ഒരാൾ സി.ജി. ആയിരുന്നു. സാക്ഷരതാപ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട സംഘടനാസംവിധാനം, ക്യാമ്പയിൻ രീതികൾ, സംഘാടനശൈലി തുടങ്ങിയവ ജനകീയാസൂത്രണസ്ഥാനത്തിന്റെ പ്രവർത്തനരീതിയും സംഘടനാസംവിധാനവും രൂപകല്പന ചെയ്യാൻ പ്രയോജനപ്പെട്ടു. ജനകീയാസൂത്രണപ്രസ്ഥാനത്തിനു സി.ജി. നല്കിയ സംഭാവനയുടെ സവിശേഷതയും വലിപ്പവും ഇതിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേവലസാക്ഷരതാപ്രവർത്തനത്തിൽനിന്നു പ്രവൃത്യുന്മുഖസാക്ഷരതയിലേക്കാണു സി.ജി. പിന്നീടു നീങ്ങിയത്. അങ്ങനെയാണ് തൊഴിലാളികൾക്കു പ്രത്യേകമായി വിദ്യാഭ്യാസവും പരിശീലനവും നല്കാൻ രൂപവത്ക്കരിക്കപ്പെട്ട ശ്രമിക് വിദ്യാപീഠത്തിന്റെ ഡയറക്റ്റർ ആയത്. നിരവധി പുതിയ തൊഴിൽപ്പരിശീലനപരിപാടികൾക്കു രൂപം നല്കാനും അവ തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനും സി.ജി. ശ്രമിച്ചു. 1996-ലെ അസംബ്ലി ഇലക്‌ഷനിൽ മണലൂർ നിയമസഭാമണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ജനകീയാസൂത്രണകാലഘട്ടത്തിൽ സി.ജി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ ആയിരുന്നു. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ജില്ലാതലങ്ങളിലും മറ്റും നടന്ന ആദ്യപൊതുമീറ്റിങ്ങുകളിൽ ‘വികസനത്തിൽ ജനപങ്കാളിത്തം’ എന്ന വിഷയത്തിൽ പ്രഭാഷകനായി പ്രസ്ഥാനത്തിനൊപ്പം സി.ജിയും സഞ്ചരിച്ചു.
ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ സാദ്ധ്യതകൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയ്ക്കു പ്രയോജനപ്പെടുത്താനും സി.ജി.ക്കു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറികൾ വികസിപ്പിക്കാൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എൻബിറ്റിയുടെയും പുസ്തകങ്ങൾ വാങ്ങാനുള്ള പ്രൊജക്ടായി അതു മാറി. ഇതിനുള്ള സർക്കാർമാർഗ്ഗരേഖയും കൊണ്ടുവന്നു. സി.ജി. അങ്ങനെയാണ്. ഏറ്റെടുക്കുന്ന ഏതു പ്രവർത്തനവും നടത്തിപ്പിൽ ജനകീയശൈലിയും ബഹുജനപങ്കാളിത്തവുംകൊണ്ടു വിപുലമാക്കും. മാത്രമല്ല, ഗുണകരമാകേണ്ട ജനവിഭാഗങ്ങൾക്കു പ്രയോജനപ്പെട്ടു എന്നത് സി.ജി. ഉറപ്പാക്കുകയും ചെയ്യും.
പലപ്പോഴും പ്രവർത്തകർ അവരവരിലേക്കു ചുരുങ്ങാൻ ശ്രമിക്കുമ്പോൾ സി.ജി. പരമാവധിപേരെ തന്റെ പ്രവർത്തനത്തിലേക്കു കൊണ്ടുവരും. എറണാകുളം സാക്ഷരതയിലേക്കു സി.ജി.യെയും പി. കെ. രവീന്ദ്രനെയുമാണ് പൂർണ്ണസമയപ്രവർത്തകരായി പരിഷത് നിശ്ചയിച്ചുനല്കിയത്. എന്നാൽ പ്രവർത്തനം തുടങ്ങി രണ്ടുമാസം കഴിയുമ്പോഴേക്കും പരിഷത്തിലെ ഒരു വലിയ നിരയെ എറണാകുളം സാക്ഷരതയുടെ പൂർണ്ണസമയപ്രവർത്തനത്തിലേക്കു സി.ജി. കൊണ്ടുപോയി. ഇതുതന്നെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലും ശ്രമിക് വിദ്യാപീഠത്തിലും കാണാം.
തൃശൂരിൽനിന്ന് ആരംഭിച്ച പുതിയ പ്രസിദ്ധീകരണസംരംഭമായ ഗ്രീൻ ബുക്സിന്റെ പ്രധാനിയും സി.ജി. ആയിരുന്നു. വിദ്യാഭ്യാസം, സാക്ഷരത, ബാലശാസ്ത്രസാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ 35-ഓളം പുസ്തകങ്ങൾ സി.ജി. രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാഡമി അവാർഡും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡും സി.ജി.ക്കു ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സി.ജി.യുടെ പേരിലാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഇന്നു നല്കുന്നത്. സി.ജി.യുടെ ദേഹവിയോഗം തികച്ചും അകാലത്തായിരുന്നു.