എസ്. രവികുമാർ
ലഘു ജീവചരിത്രം (Biography)
ഒരു പഞ്ചായത്തിൽ 370 വീട്. വീടൊന്നിന് എസ്റ്റിമേറ്റ് പ്രകാരം 37,000 രൂപ. ചെലവായത് 30,000-ത്തിൽ താഴെ രൂപ മാത്രം. പദ്ധതി ആരംഭിച്ച് ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടമായി 120 വീടുകളുടെ താക്കോൽദാനം. നിർമ്മാണം പൂർണ്ണമായും തൊഴിൽസേന വഴി. നിർമ്മാണസാമഗ്രികളുടെ ഉൽപ്പാദനം കഴിവതും പഞ്ചായത്തിൽത്തന്നെ. 2000-മാണ്ടിലെ കുന്നത്തുകാൽ പഞ്ചായത്തിലെ ‘തണൽ പാർപ്പിടനിർമ്മാണപദ്ധതി’യുടെ അനുഭവമാണിത്.
ഈ വിജയത്തിന്റെ പിന്നിൽ ഒട്ടേറെ പേരുടെ പ്രയത്നമുണ്ട്. എന്നാൽ മുഖ്യപങ്ക് എസ്. രവികുമാർ അരുവിയോടിന്റേതായിരുന്നു. ആർഎംഎസ് ജീവനക്കാരനാനും പരിഷത്ത് പ്രവർത്തകനുമായിരുന്ന രവികുമാർ മാനവമൈത്രി മഹോത്സവം പാർപ്പിട സംഘാടകസമിതി കൺവീനറായിരുന്നു. ജനകീയ വികസനപ്രവർത്തനങ്ങളുടെ വികാരത്തള്ളലിൽ ഏതാണ്ട് രണ്ടുവർഷക്കാലം ശൂന്യവേതനാവധിയിലാണ് രവികുമാർ പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ മുഴുകിയത്. ‘മാനവീയം സ്മരണിക’യിൽ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
തിരുവനന്തപുരം ജില്ലാപ്പഞ്ചായത്ത് മുൻകൈയെടുത്തു നടപ്പാക്കിയ സംയോജിത പാർപ്പിടപദ്ധതി ആയിരുന്നു ‘തണൽ’. കുന്നത്തുകാൽ പഞ്ചായത്ത് 400 വീടുകളുടെ നിർമ്മാണപ്രവർത്തനത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് 310 വീടുകൾക്കു മാത്രമേ ജില്ലാപ്പഞ്ചായത്തിൽനിന്നു ധനസഹായം ലഭിക്കുകയുള്ളൂവെന്ന് അറിയുന്നത്. മാനവമൈത്രി സംഘാടകസമിതി ചെയർപേഴ്സൻ ആനാവൂർ നാഗപ്പന്റെയും ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് ചന്ദ്രമതി അമ്മയുടെയും നിരന്തരശ്രമഫലമായി ഒടുവിൽ 400 വീടുകൾക്കും അനുമതി നേടിയെടുക്കാൻ കഴിഞ്ഞു.
ഈ പദ്ധതി അനുസരിച്ചുള്ള എല്ലാ വീടുകളുടെയും നിർമ്മാണം ഒരേസമയം നടക്കേണ്ടതിനാൽ ഒരുമിച്ച് ആവശ്യമായി വരുന്ന നിർമ്മാണവസ്തുക്കളുടെ സമാഹരണം, നിർമ്മാണത്തൊഴിലാളികളുടെ ലഭ്യത, നിർമ്മാണത്തിനു മേൽനോട്ടം വഹിക്കാനും നിർദ്ദേശം നൽകാനും വേണ്ടുന്ന സാങ്കേതികവിദഗ്ദ്ധർ എന്നിവയെല്ലാം ഉറപ്പാക്കേണ്ടത് ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമായിരുന്നു. ഇത്രയും നിർമ്മാണത്തിനുള്ള സാധനസാഗ്രികൾ ആവശ്യം വരുമ്പോൾ സ്വാഭാവികമായും വിലക്കയറ്റമുണ്ടാകാം. ഇതൊക്കെ മനസ്സിൽവച്ചുകൊണ്ട് പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന തൊഴിൽസേനയെ പാർപ്പിടനിർമ്മാണപദ്ധതിയുടെ നിർവ്വഹണയേജൻസിയായി ഗ്രാമപ്പഞ്ചായത്ത് പ്രഖ്യാപിച്ചു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്തുതലത്തിൽ ഒരു പൊതുസംഘാടകസമിതി രൂപവത്ക്കരിച്ചു. പാർപ്പിടനിർമ്മാണപരിപാടി ‘മാനവമൈത്രി മഹോത്സവ’മായി ആഘോഷിക്കാനും തീരുമാനിച്ചു. ഈ പരിപാടിയുടെ നടത്തിപ്പു വിശകലനം ചെയ്യാൻ 1999 ഒക്ടോബർ 22-നു കാരക്കോണം പിപിഎം ഹൈസ്കൂളിൽ ചേർന്ന പൊതുയോഗത്തിലാണ് 1000 പേർ ഉൾക്കൊള്ളുന്ന സംഘാടകസമിതിക്കു രൂപം നൽകിയത്. മാനവീയം സാംസ്കാരിക മിഷൻ സ്റ്റാൻഡിങ് കമ്മിറ്റിയംഗവും സംസ്ഥാന സംഘാടകസമിതി അദ്ധ്യക്ഷനുമായി എം. എ. ബേബി സന്നിഹിതനായിരുന്നു.
കൂടാതെ ഓരോ വാർഡിലും വാർഡുതലസംഘാടകസമിതി രൂപവൽക്കരിച്ചു പ്രവർത്തനം വികേന്ദ്രീകരിച്ചു. കർശനമായ നിഷ്കർഷയോടെയാണ് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പ്രാഥമികലിസ്റ്റിന്മേൽ ഉണ്ടായ പരാതികൾ അന്വേഷിക്കാനും വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കാനും അന്വേഷണസമിതികളെ നിയമിക്കുകയും ഈ സമിതികളുടെ നിർദ്ദേശമനുസരിച്ചു മാറ്റങ്ങൾ വരുത്തുകയും ചെയ്തശേഷമാണ് ലിസ്റ്റ് അന്തിമമായി അംഗീകരിച്ചത്.
ഗുണഭോക്താക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി സംഘാടനരീതി വിശദീകരിച്ചു. പൊതുവായി തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും അവരെ ബോധ്യപ്പെടുത്തി. സ്വന്തമായി നിർമ്മാണവസ്തുക്കൾ സംഘടിപ്പിച്ച് വീടു പണിയാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുവാദവും നൽകി.
ക്വട്ടേഷനുകൾ സ്വീകരിക്കുകയും ഗുണഭോക്താക്കളുടെ പ്രതിനിധികളും സംഘാടകസമിതിയംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത പൊതുവേദിയിൽ പരിശോധിച്ച് യോഗ്യമായവ അംഗീകരിക്കുകയും ചെയ്തു. അംഗീകരിച്ച വിലയ്ക്കോ അതിലും കുറഞ്ഞ നിരക്കിലോ സാധനസാമഗ്രികൾ ശേഖരിക്കാൻ ഗുണഭോക്താക്കൾക്കും വാർഡുതലസമിതികൾക്കും പൂർണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. വാർഡുതലത്തിൽ ഗുണഭോക്താക്കളുടെ പ്രതിവാരയോഗങ്ങളിൽ പ്രവർത്തനപുരോഗതിയും കണക്കുകളും പരിശോധിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരം നൽകിയത് സുതാര്യതയും വിശ്വാസവും സൃഷ്ടിച്ചു.
പ്ലാനും എസ്റ്റിമേറ്റും തയ്യറാക്കിയത് രാധാകൃഷ്ണനാണ്. നിർവ്വഹണോദ്യോസ്ഥൻ എം. തങ്കമണി, സാങ്കേതികസഹായം ജി. ബിനുകുമാർ, ലേബർ ബാങ്ക് പ്രസിഡന്റ് വിജയൻ ഇവരൊക്കെയാണു പദ്ധതിക്കു നേതൃത്വം നൽകിയത്.
കെട്ടിടനിർമ്മാണത്തിന് ആവശ്യമായ സിമന്റുകട്ടകൾ പ്രാദേശികമായി നിർമ്മിക്കാനുള്ള ഒരു സംരംഭം കേരളപ്പിറവിദിനമായ 1999 നവംബർ 1-ന് മേര്യാംകോട്ടു നടന്ന സമ്മേളനത്തിൽ കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ സംരംഭം സന്ദർശിച്ചിരുന്നു.
പാർപ്പിടപദ്ധതിയിൽ മാത്രമല്ല വെള്ളനാട് ബ്ലോക്കിന്റെ വാഴക്കൃഷിയിലും രവികുമാർ സജീവമായി ഉണ്ടായിരുന്നു. പ്രവർത്തനത്തിന്റെ ഹരത്തിൽ ജോലിയിൽനിന്നു ദീർഘകാലാവധി എടുത്തത് വലിയ സാമ്പത്തികപ്രതിസന്ധിക്ക് ഇടനൽകി. ബാധ്യതകൾ തീർക്കാൻ അവസാനം സ്വന്തം ഭൂമി വിൽക്കേണ്ടിവന്നു എന്നു പറഞ്ഞാൽ ഒരുപക്ഷെ അധികംപേരും വിശ്വസിക്കില്ല. കുന്നത്തുകാൽ പരീക്ഷണത്തിനു തുടർന്നുള്ള ഭരണസമിതിക്കാലത്തു തുടർച്ചയുണ്ടായില്ലായെന്നത് രവികുമാറിനെപ്പോലുള്ളവർക്കു തീരാദുഖമായി.
കെ. ചന്ദ്രമതി അമ്മ, പ്രസിഡന്റ്
കുന്നത്തുകാൽ പഞ്ചായത്തിലെ വികസനാനുഭവത്തെക്കുറിച്ചുള്ള വിവരണം അന്നത്തെ പഞ്ചായത്തുപ്രസിഡന്റ് കെ. ചന്ദ്രമതി അമ്മയെക്കുറിച്ചു പറയാതെ അവസാനിപ്പിക്കുന്നത് എങ്ങനെ? ചന്ദ്രമതി അമ്മ ജനപ്രതിനിധിയായപ്പോൾ സജീവരാഷ്ട്രീയപ്രവർത്തനാനുഭവം ഏറെയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകരിൽനിന്നുംമറ്റും ഉയർന്നുവന്ന നൂതനാശയങ്ങളെ ഉൾക്കൊള്ളാനും അവരോടൊപ്പം ഉറച്ചുനിൽക്കാനും വലിയ നിശ്ചയദാർഢ്യമാണു പ്രദർശിപ്പിച്ചത്. എല്ലാ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. തൊഴിൽസേനയെക്കുറിച്ചുള്ള അവരുടെ കുറിപ്പിന് ഒരു പ്രത്യേകതയുണ്ട്. അവരുടെ ലേഖനത്തിൽ മാത്രമാണ് ഈ പുതിയ മുൻകൈകൾക്കെതിരെയുണ്ടായ എതിർപ്പുകളെക്കുറിച്ച് വിശദീകരണമുള്ളത്. അതുകൂടി മനസ്സിലാക്കുമ്പോഴെ കുന്നത്തുകാൽ പഞ്ചായത്തിന്റെ നേട്ടങ്ങളുടെ പൂർണ്ണമാനം തിരിച്ചറിയൂ.
തൊഴിൽസേനാരൂപവത്ക്കരണം മുതൽ എതിർപ്പുകളും വെല്ലുവിളികളും സംശയങ്ങളും ധാരാളം ഉണ്ടായി.
ആരംഭത്തിൽ കർഷകർക്കായിരുന്നു സംശയം. ഭാവിയിൽ ഇതു തൊഴിലാളിസംഘടനപോലെയായി അവകാശസമരങ്ങൾ നടത്തി തങ്ങളെ ബുദ്ധിമുട്ടിക്കുമോ എന്നതായിരുന്നു അവരുടെ സംശയം. മരാമത്തുപണികളും തൊഴിൽസേന ചെയ്യുന്നു എന്നുള്ളതുകൊണ്ട് കോൺട്രാക്ടർമാർ, ബിനാമി ഇടപാടുകാർ എന്നിവരും ഈ സംരംഭത്തെ അട്ടിമറിക്കാൻ പരാമവധി ശ്രമിച്ചു. അപൂർവ്വമായി ചില രാഷ്ട്രീയപ്രവർത്തകരും ഇതിനു പിൻബലം നൽകി.
തൊഴിൽസേനയ്ക്കും അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും പൊതുവിൽ പഞ്ചായത്തിനും എതിരെ പ്രചണ്ഡമായ പ്രചാരണങ്ങൾ അഴിച്ചുവിട്ടു. ലേബർ ബാങ്ക് അംഗീകാരമില്ലാത്ത സ്ഥാപനമാണ്, രജിസ്ട്രേഷൻ ഇല്ല, രാഷ്ട്രീയമായ ഉന്നമുണ്ട് എന്നൊക്കെയായിരുന്നു ദുഷ്പ്രചാരണങ്ങൾ. എന്നാൽ അതുകൊണ്ടൊന്നും തൊഴിൽസേനയിൽ ഭിന്നിപ്പുണ്ടായില്ല. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലോ പാനലടിസ്ഥാനത്തിലോ ആയിരുന്നില്ല ലേബർ ബാങ്കിൽ തെരഞ്ഞെടുപ്പു നടന്നത്. തൊഴിലാളികൾക്കിടയിലെ സമ്മതിയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭവനനിർമ്മാണപദ്ധതിയെക്കുറിച്ചും വ്യാപകമായ കുപ്രചരണം ഉണ്ടായി. വളരെ ചെറിയ വീടാണ്, ഇത്ര കുറച്ചു കമ്പി ഉപയോഗിച്ചാൽ ഇടിഞ്ഞുവീഴും, ഈ പണത്തിനു പണി തീരില്ല, ഗുണഭോക്താക്കൾ 2500 രൂപയെങ്കിലും അടയ്ക്കേണ്ടി വരും, കട്ടനിർമ്മാണത്തിൽ ക്രമക്കേടുണ്ട് തുടങ്ങിയവയൊക്കെയായിരുന്നു ആക്ഷേപങ്ങൾ. ചില പത്രങ്ങളും അവരുടെ ഏജന്റുമാരും സത്യവിരുദ്ധവാർത്തകൾകൊണ്ട് തൊഴിൽസേനയുടെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുകയും അഴിമതിയുടെയും നാശനഷ്ടത്തിന്റെയും കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു.
തൊഴിൽസേന കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ എതിർപ്രചാരണങ്ങളെ ചെറുത്തുതോൽപ്പിച്ചു. കുപ്രചാരണക്കാർക്കു താക്കീതു നൽകിക്കൊണ്ടു തൊഴിൽസേനക്കാർ വ്യാപകമായി പോസ്റ്ററിങ് നടത്തിയത് പലരുടെയും ഉറക്കം കെടുത്തി. ഒരു ഘട്ടത്തിൽ, 2000 മാർച്ച് 31-ന്, മുഴുവൻ തൊഴിൽസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അയൽക്കൂട്ടാംഗങ്ങളും ചേർന്ന് കാനക്കോട്ടുനിന്നു കാരക്കോണം വരെ മാർച്ച് സംഘടിപ്പിക്കുകപോലുമുണ്ടായി.
അക്കമിട്ടു നിരത്താൻ പോരുന്നതലത്തിൽ വളരെ വലുതായിരുന്നു തൊഴിൽസേനയിലൂടെ ഉണ്ടാക്കിയ നേട്ടങ്ങൾ. അന്യംനിന്ന നെൽക്കൃഷി വീണ്ടും കൊണ്ടുവന്നത്, തരിശുഭൂമികൾ കണ്ടെത്തി കൃഷി ഇറക്കിയത്, മാതൃകാകൃഷിത്തോട്ടങ്ങൾ സ്ഥാപിച്ചത്, കുളങ്ങൾ, തോടുകൾ, റോഡുകൾ, കെട്ടിടങ്ങൾ ഇവയുടെ നിർമ്മാണപുനരുദ്ധാരണപണികൾ കുറഞ്ഞ ചെലവിൽ മെച്ചമായി ചെയ്തത് തുടങ്ങി ഗ്രാമത്തിന്റെ ഉൽപ്പാദന, വികസന മേഖലകൾക്കു പുത്തൻ ഉണർവ്വ് ഉണ്ടാക്കാൻ തൊഴിൽസേനയ്ക്കു സാധിച്ചിട്ടുണ്ട്. എല്ലാറ്റിനുമുപരി, കരാറുകാരും ബിനാമി ഏർപ്പാടുകളും ഇല്ലാത്ത, ജനങ്ങൾ ഒന്നായി കൈ കോർത്തുകൊണ്ടുള്ള, സുതാര്യമായ വികസനപാതയാണ് തൊഴിൽസേനയിലൂടെ കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിനുണ്ടായ കാതലായ നേട്ടം.
ചന്ദ്രമതി അമ്മ പിന്നീടു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുണ്ടായില്ല. അവരുടെ കുടുംബം പാർട്ടിയിൽനിന്ന് അകന്നതോടെ രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്നു പിൻവാങ്ങി. ഒരു ദശാബ്ദംമുമ്പു മരണമടഞ്ഞു. കുന്നത്തുകാൽ പഞ്ചായത്തിലെ ജനകീയാസൂത്രണനേട്ടങ്ങളെ വിലയിരുത്തുമ്പോൾ ഓർക്കേണ്ടുന്ന ഒരു നാമധേയമാണ് ചന്ദ്രമതി അമ്മ.
എസ്. ജ്യോതി, ചെയർപേഴ്സൺ
കാവിനു ജൈവവേലി, കണ്ടൽക്കാടു വച്ചുപിടിപ്പിക്കൽ, കൈത വച്ചുപിടിപ്പിക്കൽ, കുളങ്ങളുടെ പുനരുദ്ധാരണം, മണ്ണു-ജലസംരക്ഷണം തുടങ്ങി ഒരുപറ്റം പരിസ്ഥിതിസംരക്ഷണപ്രോജക്ടുകൾ. പയ്യന്നൂർ നഗരസഭയുടെ ജനകീയാസൂത്രണപദ്ധതിയുടെ സവിശേഷത പരിസ്ഥിതിക്കു നൽകിയ ഊന്നലാണ്.
തെക്കും വടക്കും ജലസമൃദ്ധമായ രണ്ടു പുഴകളും പടിഞ്ഞാറ് ഈ പുഴകളുടെ സംഗമസ്ഥാനമായ കവ്വായി കായലും പയ്യന്നൂരിന്റെ അതിരുകളാണ്. കിഴക്കെ അതിരാവട്ടെ ചെമ്മൺകുന്നുകളാണ്. രണ്ടു പുഴകളുടെയും ഉത്ഭവസ്ഥാനം ഈ കുന്നുകളാണ്. ഈ ജലസമൃദ്ധിയെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ആയിരുന്നു പരിസ്ഥിതിപ്രവർത്തനങ്ങളുടെ കാതൽ.
സ്വാതന്ത്ര്യസമരസേനാനിയും എംഎൽഎയുമായിരുന്ന സുബ്രഹ്മണ്യഷേണായിയുടെ മകൾ എസ്. ജ്യോതി ആയിരുന്നു ചെയർപേഴ്സൺ. സിപിഐ(എം) ജില്ലാക്കമ്മിറ്റിയംഗമായ വി. നാരായണൻ ആയിരുന്നു വൈസ് ചെയർപേഴ്സൺ. ജില്ലാ കൗൺസിലിലേക്കാണ് ജ്യോതി ആദ്യമായി മത്സരിച്ചുവിജയിച്ചത്. 2000-ത്തിലും ഒരുവട്ടംകൂടി മുനിസിപ്പൽ ചെയർപേഴ്സണായി ജ്യോതി തുടർന്നു. ജനകീയാസൂത്രണപരിശീലനങ്ങൾ പരിസ്ഥിതിസന്തുലനാവസ്ഥയ്ക്കു നൽകിയിരുന്ന ഊന്നൽ നഗരസഭയെ നാടിനും പ്രകൃതിക്കും ഗുണകരമായ സമീപനം ആവിഷ്കരിക്കാൻ പ്രചോദനമായി.
അത്യപൂർവ്വമായ ഔഷധച്ചെടികളും കൂറ്റൻ വൻമരങ്ങളും ജൈവവൈവിദ്ധ്യവും നിറഞ്ഞ, മറ്റെങ്ങുമില്ലാത്ത പക്ഷികളുടെയും പൂമ്പാറ്റകളുടെയും ജീവജാലങ്ങളുടെയും താവളമായിരുന്നു ചാമക്കാവ്. എന്നാൽ കളിസ്ഥലങ്ങൾക്കും വിറകിനും മറ്റുമായുള്ള കൈയ്യേറ്റങ്ങൾമൂലം കാവിനു പഴയ വിസ്തൃതിയുടെ ഗണ്യമായ ഭാഗം നഷ്ടപ്പെട്ടു. സൂക്ഷ്മകാലാവസ്ഥയിലും ജൈവവൈവിദ്ധ്യത്തിലും കാവിനുള്ള പ്രാധാന്യത്തെക്കുറിച്ച് വലിയൊരു ബോധവൽക്കരണകാമ്പയിൻ നടത്തി. ഗ്രാമമൂലകൾതോറും സ്ലൈഡുകളും മറ്റും കാണിച്ചു 150 ക്ലാസുകൾ നടത്തി. പരിസ്ഥിതിപ്രവർത്തകരും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരും നഗരസഭയോടൊപ്പം ചേർന്നു. ഗ്രാമവാസികളും സ്കൂൾക്കുട്ടികളും ഒന്നടങ്കം അണിനിരന്നു. ജൈവവേലികൊണ്ടു കാവിനെ സംരക്ഷിക്കാനായിരുന്നു പരിപാടി. മുളപൊട്ടാൻ കഴിവുള്ള മരക്കൊമ്പുകൾ ഉപയോഗിച്ചാണ് നൂറുകണക്കിനാളുകൾ വിശാലമായ കാവിനുചുറ്റും വേലി തീർത്തത്. ഇതൊരു ഗ്രാമോത്സവമായി.
മറ്റൊരു പ്രവർത്തനം കവ്വായി പുഴയോരത്ത് തായിനേരിയിൽ ഒരു കിലോമീറ്റർ നീളത്തിൽ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കലായിരുന്നു. ചെമ്മീനിനും മറ്റു മത്സ്യങ്ങൾക്കും കടന്നുവന്നു മുട്ടയിട്ടു പെരുകാനുതകുന്ന, പ്രകൃതി കനിഞ്ഞു നൽകിയ, ഈ കാവൽക്കാടുകളെപ്പറ്റി വിശദമായ ബോധവൽക്കരണം നടത്തി. വീഡിയോക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു. ഇതിനു നേതൃത്വം നൽകാൻ പുഴയും പുഴയോരവും തമ്മിൽ ആത്മബന്ധം സ്ഥാപിച്ച കല്ലൻ പൊക്കുടനെത്തന്നെ കൊണ്ടുവന്നു. തായിനേരി ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി നാട്ടുകാരും കുട്ടികളും പരിസ്ഥിതിപ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം ഒറ്റദിവസംകൊണ്ട് ഒരുകിലോമീറ്റർ നീളത്തിൽ കണ്ടൽ ഒരുക്കി.
ജനങ്ങൾ വളർത്തിക്കൊണ്ടുവന്ന ഈ കണ്ടൽ കണ്ട് ഒരുസംഘം ചെറുപ്പക്കാർ പുഴയോരങ്ങളിലും മറ്റും കണ്ടൽ വച്ചുപിടിപ്പിക്കാൻ തയ്യാറായി. മാലിന്യങ്ങൾ ശുചീകരിക്കാനും ഓരുകയറ്റം തടയാനും ഉപകരിക്കുന്ന പ്രകൃതിയുടെ കാവലാളാണു കണ്ടലെന്ന വസ്തുത പയ്യന്നൂർ പൗരാവലിക്കു ഹൃദിസ്ഥമായി.
ഒരുകാലത്തു തോട്ടുവക്കത്തും പുഴയോരത്തും സമൃദ്ധമായിരുന്നു കൈതച്ചെടി. ഇവ നശിപ്പിക്കപ്പെട്ടത് പട്ടികജാതികുടുംബങ്ങളുടെ ഉപജീവനം മുട്ടിച്ചു. മാത്രമല്ല പുഴയോരത്തു കരയിടിച്ചിലും വർദ്ധിച്ചു. ഇതിനുള്ള പരിഹാരമായി തോട്ടുവരമ്പുകളിൽ കൈത വച്ചുപിടിപ്പിക്കാൻ പ്രോജക്ട് ഉണ്ടാക്കി. രണ്ടുവർഷംകൊണ്ട് കൈത പുഴയോരങ്ങളിൽ വീണ്ടും സമൃദ്ധമായി.
കുളങ്ങൾ ജലസംഭരണികളായി. ജനകീയാസൂത്രണപദ്ധതിയിൽ നിരവധി പുതിയ കുളങ്ങൾ നിർമ്മിക്കാനും പഴയവ പുതുക്കിനിർമ്മിക്കാനും പ്രോജക്ടുകൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനം അന്നൂർ പടിഞ്ഞാറേ പാടിവയൽ കുളമാണ്. ഇവിടെയുള്ള പ്രത്യേകത, വിസ്തൃതമായ നെൽവയലുകൾ തട്ടുകളായാണു സ്ഥിതി ചെയ്യുന്നത് എന്നതാണ്. രണ്ടാംവിളനെൽക്കൃഷിക്കായി കൃഷിക്കാർ പാടങ്ങളിൽ വലിയ കുഴികളുണ്ടാക്കി വെള്ളം തേകി നനയ്ക്കുകയാണു പതിവ്. ഇവിടെ കുളം നിർമ്മിക്കുകയാണെങ്കിൽ വിസ്തൃതമായ നെൽവയലിലെ കൃഷി അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കുളം നിർമ്മിക്കാൻ ആവശ്യമായ അഞ്ചുസെന്റ് സ്ഥലം കൃഷിക്കാർ സംഭാവന നൽകുകയും കൃഷിക്കാരുടെ കമ്മിറ്റി രൂപവത്ക്കരിച്ചു കുളം നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
കുന്നിൻപ്രദേശമായ കോറോം വില്ലേജിലുള്ള സസ്യാവരണങ്ങളും പുൽമേടുകളും സംരക്ഷിക്കാൻ പ്രദർശനങ്ങളും ക്ലാസുകളും നടത്തി. നീർക്കുഴികളും കയ്യാലകളും നിർമ്മിച്ചു മണ്ണു-ജലസംരക്ഷണം നടത്തി. ഈ പരിസ്ഥിതിപ്രോജക്ടുകളെല്ലാം വലിയതോതിലുള്ള സന്നദ്ധപ്രവർത്തനാടിസ്ഥാനത്തിലാണു സംഘടിപ്പിച്ചത്.